അടുത്ത രണ്ടു ദിവസം അവധിയായിരുന്നതിനാൽ അവർ തമ്മിൽ കണ്ടില്ല. നടന്ന സംഭവത്തിൽ നിഖിലിന് കുറ്റബോധം തോന്നി. പക്ഷേ അവളെ ഇനി എങ്ങനെ മുഖം കാണിക്കും എന്നും മറ്റും ഓർത്ത് അവൻ കാര്യമായി ആശങ്കപ്പെട്ടില്ല. കാരണം അവൻ്റെ ഉദ്ദേശ്യം തന്നെ ഇതായിരുന്നല്ലോ. അത് നടക്കാതെ പോയതിൽ ആയിരുന്നു അവന് കാര്യമായ വിഷമം. ആൾ ലിൻഡ ആയതുകൊണ്ട് ആരോടെങ്കിലും പോയി പറഞ്ഞേക്കുമെന്നോ അഥവാ അവൾ പറഞ്ഞാൽത്തന്നെ അത് ആരെങ്കിലും വിശ്വസിക്കുമെന്നോ പേടിക്കേണ്ട.
തിങ്കളാഴ്ച ലിൻഡ നിഖിലിനെ ഒറ്റയ്ക്ക് സംസാരിക്കാൻ വിളിച്ചു. അവൻ ചെന്നു.
“ഐ ആം സോറി.”
ലിൻഡയാണ് അതു പറഞ്ഞത്. നിഖിലിന് അമ്പരപ്പു തോന്നി. മോശമായി പെരുമാറിയത് താനാണല്ലോ. അവൾ എന്തിന് ഇങ്ങോട്ട് മാപ്പ് പറയണം? അവൻ ഒന്നും മിണ്ടിയില്ല.
“എടാ ഞാൻ നീ വിചാരിക്കുന്ന ടൈപ്പ് പെണ്ണല്ല. എന്നെ പലരും മോശപ്പെട്ട രീതിക്ക് തൊട്ടിടും പിടിച്ചിട്ടും ഒക്കെയുണ്ട്. സ്കൂളിലെ ടീച്ചറും കസിൻസും വരെ. വിഷമം കാരണം ഞാൻ കരഞ്ഞു കരഞ്ഞ് ഉറങ്ങാതെ കിടന്നിട്ടുണ്ട്. അതെല്ലാം പോട്ടെന്നു വെക്കാം. പക്ഷേ നിന്നെ ഞാനൊരു നല്ല ഫ്രൻഡ് ആയിട്ടാ കണ്ടിരുന്നത്. ആ നീയും അങ്ങനെ പെരുമാറിയപ്പം എനിക്ക് വന്ന സങ്കടം എന്തായിരുന്നെന്ന് അറിയാമോ? അതിൻ്റെ റിയാക്‌ഷനിൽ പെട്ടെന്ന് എൻ്റെ കൈ പൊങ്ങിപ്പോയി. ഇനി മേലാൽ നീയെന്നോട് അങ്ങനെയെങ്ങാനും കാണിച്ചാൽ നമ്മുടെ ഫ്രൻഡ്ഷിപ് അവിടെ തീർന്നു. മനസ്സിലായോ?”
ലിൻഡ കൈ കൊണ്ട് കൺകോണിൽ ഉരുണ്ടുകൂടി വന്ന നീർത്തുള്ളി തുടച്ചു.
നിഖിലിന് അന്നത്തെ തൻ്റെ പെരുമാറ്റത്തിൽ അതു വരെ തോന്നിയത് ഒരു നേരിയ കുറ്റബോധം മാത്രമായിരുന്നെങ്കിൽ ഇപ്പോൾ അത് കടുത്ത ആത്മനിന്ദയായി മാറി. അച്ഛനില്ലാത്ത പെൺകുട്ടി. തനിക്ക് അറിയാവുന്നതും അല്ലാത്തതുമായ എന്തെല്ലാം വേദനകളായിരിക്കാം അവൾ അനുഭവിച്ചതും ഇപ്പോഴും അനുഭവിക്കുന്നതും. അവളുടെ ഒറ്റപ്പെടൽ മുതലെടുത്ത് അവളെ തൻ്റെ ആവശ്യത്തിന് ഉപയോഗിക്കാമെന്നു കരുതിയ താൻ എന്തൊരു നീചനാണ്! തൻ്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടും ഇപ്പോഴും അവൾ അതിനോടുള്ള പ്രതികരണം ഒരു ശാസനയിൽ ഒതുക്കുന്നത് തൻ്റെ സൗഹൃദം അവൾ അത്രക്ക് ആഗ്രഹിക്കുന്നതുകൊണ്ടാണല്ലോ. ഒന്നും വേണ്ടായിരുന്നു. അവൻ്റെ ശിരസ്സ് താഴ്ന്നു.
“എന്താ?” അവൾ ചോദിച്ചു.
“സോറി പറയേണ്ടത് ഞാനല്ലേ?” നിഖിൽ മുഖം ഉയർത്തി. അവൻ്റെ കൺകോണിലും ഒരു പൊടി നനവ് ഉണ്ടായിരുന്നു.
“ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?”
“ഉം?”
“നീ ശരിക്കും എന്നോട് കൂട്ടുകൂടിയത് ഇതിനായിരുന്നോ?”
നിഖിലിന് മറുപടിയില്ലായിരുന്നു. നിമിഷങ്ങളോളം നീണ്ട മൗനത്തിന് ഒടുവിൽ അവൻ ലിൻഡയുടെ മുഖത്തു നോക്കാതെ പറഞ്ഞു, “നീ പറഞ്ഞത് ശരിയാ. ആദ്യമൊക്കെ എനിക്ക് അങ്ങനെ ഒരുദ്ദേശ്യം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ എൻ്റെ മനസ്സിൽ നിനക്കൊരു സ്ഥാനമുണ്ട്. ഒരു നല്ല ഫ്രൻഡിൻ്റെ സ്ഥാനം. ഞാൻ ചെയ്തതു തെറ്റാണ്. ഐ ആം സോറി.”
“എനിക്ക് തോന്നിയാരുന്നു.” നൊമ്പരത്തിൽ കുതിർന്ന ഒരു പുഞ്ചിരിയോടെ ലിൻഡ പറഞ്ഞു.
എനിക്ക് ഒരവസരം കൂടി തരൂ എന്ന് നിഖിലിന് പറയണമെന്നുണ്ടായിരുന്നു. ഇനി ഞാൻ നിന്നെ നോവിക്കില്ല എന്നും. പക്ഷേ പശ്ചാത്താപം അവനെ അതിന് അനുവദിച്ചില്ല. ലിൻഡ നടന്നകലുന്നത് വേദനയോടെ നോക്കിക്കൊണ്ട് അവൻ നിശ്ചലനായി നിന്നു.
ആ ഒരാഴ്ച പിന്നെ അവർ തമ്മിൽ സംസാരിച്ചില്ല. അടുത്ത തിങ്കളാഴ്ച ഒരു അദ്ഭുതം സംഭവിച്ചു. ലിൻഡ ഒന്നും സംഭവിക്കാത്തതു പോലെ നിഖിലിനോട് ആ സംഭവത്തിനു മുൻപ് എങ്ങനെയായിരുന്നോ അങ്ങനെ ഇടപഴകാൻ തുടങ്ങി. അത് നിഖിലിന് ഒരേ സമയം സന്തോഷവും അദ്ഭുതവും സമ്മാനിച്ചു. അല്ലെങ്കിലും ഈ പെണ്ണുങ്ങളുടെ സ്വഭാവം മനസ്സിലാക്കാൻ വലിയ പ്രയാസം തന്നെ — അവൻ ഉറപ്പിച്ചു.
വാസ്തവത്തിൽ ആ ഒരാഴ്ചക്കാലം മുഴുവൻ ലിൻഡയുടെ മനസ്സിൽ ഒരു വടംവലി നടക്കുകയായിരുന്നു. നിഖിൽ ദുരുദ്ദേശ്യം മനസ്സിൽ വെച്ച് തന്നോട് അടുപ്പം സ്ഥാപിച്ചതും മോശമായി പെരുമാറിയതും ഒരു വശത്ത്. അവൻ്റെ സൗഹൃദവും പശ്ചാത്താപവും മറുവശത്ത്. ഒടുവിൽ തനിക്ക് അവനില്ലാതെ പറ്റില്ല എന്ന് അവൾ തിരിച്ചറിഞ്ഞു. അവളുടെ മനസ്സിൽ ഒരായിരം ചിന്തകളുടെ കൊടുങ്കാറ്റു വീശി. ഒരു പക്ഷേ എല്ലാ ആണുങ്ങളും ഇങ്ങനെ തന്നെ ആയിരിക്കും. അവനു വേണ്ടത് സെക്സ് ആണെങ്കിൽ തനിക്ക് അത് കൊടുത്തു കൂടേ? മണ്ണിൽ വെച്ചാൽ പുഴുവരിച്ച് പോകുന്ന ശരീരമല്ലേ? ഛെ! ഭ്രാന്ത്! ഒരിക്കലുമില്ല. കണ്ണിൽ കണ്ടവന്മാരുടെ ഒക്കെ കൂടെ ശരീരം പങ്കിടുന്ന പിഴച്ചവളല്ല താൻ. ഒരിക്കലും ആകുകയുമില്ല. മേലിൽ അവൻ അതിരു കടക്കുകയില്ലായിരിക്കും എന്ന് അവൾ സ്വയം സമാധാനിപ്പിച്ചു. അങ്ങനെയാണ് തത്കാലത്തേക്ക് എങ്കിലും അവർക്കിടയിൽ കാര്യങ്ങൾ പഴയപടി ആയിത്തീർന്നത്.
