ഓം ശാന്തി ഓശാന – 4 3

“പ്രശ്നം റോഷൻ ആണ് അല്ലെ അങ്കിൾ?”
റോഷനോ…ഇതാരാ ഈ പുതിയ കഥാപാത്രം…എല്ലാവരും അന്തം വിട്ടു എബിന്റെ വായിലേക്ക് നോക്ക നിൽപ്പ് ആണ്.. ചേച്ചി ആണെങ്കിൽ മുട്ടൻ ചിരി…ഇവിടെ ഇപ്പൊ എന്താ സംഭവിച്ചേ എന്ന് ഞാൻ തല പുകഞ്ഞു ആലോചിക്കുമ്പോ എഎബിൻ പൊരിഞ്ഞ ഡയലോഗ് ഡെലിവറി ആയിരുന്നു.

“ഇവളോട് രാവിലെ കാര്യം അവതരിപ്പിക്കാൻ പറഞ്ഞത് ഞാൻ ആണ്..ഇവൾ ആയിട്ടു പറഞ്ഞില്ലെങ്കിൽ ഞാൻ ഉറപ്പായും പറഞ്ഞേനെ…ഇത് ഒരു നിമിത്തം ആയെന്നു കരുതിയാൽ മതി..മാത്രം അല്ല ഇവളെ..ഇവളെ ഞാൻ ഒരിക്കലും ആ മൈൻഡിൽ കണ്ടിട്ടില്ല..ഇനി ഒരിക്കലും കാണാൻ പറ്റുകയും ഇല്ല..നിങ്ങൾ എല്ലാവരും ഓടി നടന്നു തീരുമാനിച്ചപ്പോൾ ഞങ്ങളുടെ അഭിപ്രായം ചോദിക്കാൻ വിട്ടു..”

“അതല്ല മോനെ നിന്റെ വീട്ടിൽ ഒക്കെ പറഞ്ഞിട്ട്…”

ഓഹ് എന്റെ പൊന്നു പപ്പാ അവൻ ഒന്നു പറയട്ടെ ഇടക്ക് കേറി കൊളം ആക്കല്ലേ…ഞാൻ നല്ല ഫ്ലോയിൽ കെട്ടു വരുവാരുന്നു…

“ഇത് ഡാഡിയോട് ഞാൻ അന്നേ പറഞ്ഞത് ആണ്…
പിന്നെ എല്ലാവരും ആഗ്രഹിച്ചതു കൊണ്ട് ആവാം ഡാഡി പറയാതെ ഇരുന്നത്…ഇത് ഇന്ന് അല്ലെങ്കിൽ നാളെ ഞാൻ ആയിട്ട് പറയാൻ ഇരിക്കുക ആയിരുന്നു..”
അടിപൊളി….ഇവന് പെങ്ങളെ പോലെ ആണ് ചേച്ചി….സന്തോഷായി…ചേച്ചിയുടെ എക്സപ്രഷൻ കണ്ടിട്ട് നല്ല സന്തോഷം ഉള്ള മട്ടിൽ ആണ്…ദൈവമെ ഇനി എന്നെയും പെങ്ങൾ ആയിട്ട് ആയിരിക്കോ കണ്ടിട്ടുണ്ടാവുക..

“എന്നാലും ഇവൾക്ക് ഇത് നേരത്തെ പറഞ്ഞു കൂടായിരുന്നോ…ഇപ്പൊ ആണോ പറയാൻ തോന്നിയത്” ഇവർ എന്തിനെ പറ്റി ആണ് ഘോരമായി ചർച്ച ചെയ്തു കൊണ്ടിരിക്കുന്നതു എന്ന് ഇപ്പോഴും ഒരു ഐഡിയയും കിട്ടുന്നില്ല…

“ഞാൻ അഞ്ചു കൊല്ലം ആയിട്ട് പ്രേമിക്കുവാ…എന്നെകൊണ്ട് മേല ചതിക്കാൻ”

ഒന്നല്ല അഞ്ചു കിളി ഒന്നിച്ചു പറന്നു…. ചേച്ചിക്ക് പ്രേമമോ…അതും 5 കൊല്ലം.

“പ്രേമമോ നിനക്കോ ” ചേട്ടൻ വാ പൊളിച്ചു നിൽക്കുവാണ്…

“അതെ ചേട്ടാ,+2 പഠിക്കുമ്പോ തൊട്ടു ഉണ്ട്…നിങ്ങളോട് പറയാഞ്ഞത് പേടി കൊണ്ടാ.”

“എന്നാലും നീ, ” ക്രിസ്റ്റി രോഷം കൊണ്ട് പുളയുക ആണ്…

അമ്പടി കള്ളി ചേച്ചി… ഇതിനു വേണ്ടീട്ട് ആണോ പി ജി എന്നും പറഞ്ഞു കുറ്റീം പറിച്ചു പോയത്..ഞാൻ ഒരു 1000 വട്ടം ചോദിച്ചിട്ടുണ്ട് റോഷൻ ആയിട്ട് കല്യാണം ആലോചിക്കാൻ പറയട്ടെ എന്ന്…അപ്പൊ ഒക്കെ ബെസ്റ്റ് ഫ്രണ്ട് ആണ് എന്നും പറഞ്ഞു ഒഴിഞ്ഞു ആള് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്..കാണാനും മൊഞ്ചൻ…
ഒരു പക്കാ തൃശൂർക്കാരൻ ഗഡി…ശ്ശെടാ.. എന്നാലും ഇത്രേം നാൾ സംശയാസ്പദമായി ഒരു മെസ്സേജ് പോലും കണ്ടു പിടിക്കാൻ എന്നെ കൊണ്ട് പറ്റിയില്ലല്ലോ എന്നോർത്ത് എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നുന്നു…ഈ പെണ്ണ് നേരത്തെ ഇത് പറഞ്ഞിരുന്നു എങ്കിൽ…വെറുതെ കൊറേ കണ്ണീരു വേസ്റ്റ് ആക്കി…അല്ലെങ്കിലും ദൈവം ഉണ്ട്….ഇപ്പൊ അങ്ങേരു എന്റെ മുൻപിൽ നില്കുന്നത് റോഷൻ .. അല്ല റോഷൻ ചേട്ടൻ എന്റെ സ്വന്തം അളിയന്റെ രൂപത്തിൽ ആണ്….അക്ഷരം തെറ്റാതെ ചേട്ടാ എന്ന് വിളിക്കാൻ തോന്നുന്നു…ഇന്ന് തന്നെ ചേട്ടൻ വേണ്ടി ഒരു കുർബാന ചൊല്ലിക്കണം….അല്ല ഇനി ഇവന് ഞാനും പെങ്ങളെ പോലെ ആയിരിക്കോ എന്നാൽ ഇവനെ കൊന്നു ഞാൻ ജയിലിൽ പോയി കിടക്കും അല്ല പിന്നെ…

ഏതായാലും എന്റെ സങ്കടത്തിനു വിരാമം ഇട്ടുകൊണ്ട് ചേച്ചിയുടെ കല്യാണം ഉറപ്പിച്ചു…അതിൽ ഏറ്റവും സന്തോഷം എനിക്ക് ആയിരുന്നു എന്ന് പ്രീതിയേകിച്ചു പറയേണ്ടല്ലോ…ഡ്രസ്സ്‌ എടുക്കാൻ തൊട്ടു പ്ലേറ്റ് കഴുകാൻ വരെ ഞാൻ ആയിരുന്നു മുന്നിൽ…ഏതായാലും കല്യാണം ഒക്കെ കഴിഞ്ഞു ചേച്ചിയെ പാക്ക് ചെയ്തിട്ടു നാളു കൊറേ അങ്ങ് കഴിഞ്ഞു…

ഇപ്പൊ വർഷം 2017.. ഞാൻ ചേച്ചിയുടെ കൊച്ചിന്റെ മാമോദീസ കൂടാൻ ബാംഗ്ലൂർന്നു വരുവാണ്.. ഞാൻ ഇപ്പൊ ബാംഗ്ലൂർ ആണ് കേട്ടോ…പി ജി കഴിഞ്ഞു വെറും ഒരു വെഷമത്തിന്റെ പുറത്തു ഒരു പി എച് ഡി യും കൂടെ വാങ്ങിച്ചു എടുക്കാൻ ഉള്ള തത്രപാടിലാണ്…വർഷം 3 കഴിഞ്ഞു എങ്കിലും എനിക്ക് ബാംഗ്ലൂർ ഒരുപാട് ഒരുപാട് മാറ്റം വരുത്തി എങ്കിലും എബിൻ മാത്രം മാറിയില്ല..അവിടെ വെച്ച് പ്രൊപ്പോസ് ചെയ്ത സകല തെണ്ടികളോടും എനിക്ക് ഒരു കാമുകൻ ഉണ്ടെന്നും പറഞ്ഞു ഇങ്ങേരുടെ ഫോട്ടോയും കാണിച്ചു കൊടുപ്പ് ആയിരുനനു പ്രധാന പണി.
നമ്മുടെ കഥാനായകനെ അവസാനം ആയിട്ട് കണ്ടത് ഏകദേശം ഒരു രണ്ടു കൊല്ലം മുൻപ് ആണ്…ആള് ഇപ്പൊ വല്യ പുള്ളി ആണ് കേട്ടോ..ചേട്ടന്റെ കൂടെ ആ ഇപ്പ്പോ വാസം.. അവനു ലീവ് ഉള്ളപ്പോൾ എനിക്ക് എക്സാം ആയിരിക്കും. എന്റെ എക്സാം കഴിയുമ്പോ അവൻ പെട്ടി പാക്ക് ചെയ്തു പോയിട്ടു ഉണ്ടാകും എന്നതാണ് ഞങ്ങളുടെ കണ്ടുമുട്ടൽ നീണ്ടു നീണ്ടു പോവാൻ ഉള്ള പ്രധാന കാരണം രാത്രി 3 മണിക്ക് ഒക്കെ അലാറം വെച്ച് അവനോടു ചാറ്റ് ചെയ്യാൻ മാത്രം എണീറ്റു ചെല്ലുമ്പോ ആ പൊട്ടൻ അവിടെ ഇപ്പൊ രാത്രി അല്ലെ നീ ഉറങ്ങിക്കോ എന്നും പറഞ്ഞു പോവും ഞാൻ മൂഞ്ചും അത് കണ്ടു എന്റെ റൂം മേറ്റ്‌ ഡൽഹിക്കാരി അങ്കിത എപ്പോഴും പറയും അവൻ വല്ല മദാമ്മയെം കെട്ടി പിടിച്ചു കെടപ്പ് ആയിരിക്കും എന്ന്…ഞാൻ പച്ച മലയാളത്തിൽ അവളെ ചില സാംസ്‌കാരിക പദങ്ങൾ അപ്പോൾ പഠിപ്പിച്ചു കൊടുക്കും എങ്കിലും പറഞ്ഞത് ശെരി ആണോ എന്ന് ഒരു സംശയം ഇല്ലാതില്ല ..അപ്പൊ പറഞ്ഞു വന്നത് ലാസ്റ്റ് ആയിട്ട് കണ്ട കഥ.. അത് ഒരു വലിയ കഥ ആണ്..

Leave a Reply

Your email address will not be published. Required fields are marked *