പിന്നെയും പത്ത് മിനിറ്റു സമയം കടന്നുപോയി.. അപ്പോളേക്കും ഒരു പിസി കട്ടൻചായ അനത്തി കൊണ്ട് വന്നു എല്ലാവർക്കും നൽകി….
ആ ചായ കുടിക്കുമ്പോൾ എല്ലാവരുടെ മുഖത്തും ആശ്വാസം തെളിഞ്ഞിരുന്നു… അത്ര ഭയപ്പെടേണ്ട ആളാണ് വന്നു പോയത്…. കാട്ട് ചെമ്പരത്തി…. കർണാടകയിൽ അടിയാത്തിയെ നഗ്നയാക്കി നടത്തി എന്ന പേരും പറഞ്ഞു ഒരു ജന്മിയുടെ തല വീട്ടിയെടുത്തു പരസ്യമായി പ്രദർശിപ്പിച്ച ഭീകരസംഘത്തിന്റെ തലവി……
അങ്ങനെ ഒട്ടനവധി കഥകൾ ഉണ്ട്…. പിന്നെ എല്ലാ സമാന കേസുകളിലും എന്ന പോലെ ഇവിടെയും നാട്ടുകാരുടെ സപ്പോർട്ട് അവർക്ക് കിട്ടുന്നുണ്ട്…. സാധാരണ ജനങ്ങൾക്ക് സാമ്പത്തികമായോ ആവശ്യവസ്തുക്കളുടെ രൂപത്തിലോ സഹായം നൽകി അവരുടെ പ്രീതി പിടിച്ചു പറ്റാൻ അവർക്ക് കഴിയുന്നു….
പക്ഷേ ഒരാൾ മാത്രം അപ്പോളും ടെൻഷൻ നിറഞ്ഞ മുഖഭാവത്തോടെ ആണ് ഇരിക്കുന്നത് പാറാവ് കാരൻ…. മോഷണം പോയ വെടിത്തിരകൾക്ക് അയാൾ വേണം സമാധാനം പറയാൻ….
ASI ആണെങ്കിൽ അമർഷവും അവജ്ഞയും കലർന്ന ഭാവത്തോടെ അയാളെ ഇടക്ക് നോക്കുന്നുമുണ്ട്….
ആ സമയം ASI യുടെ ഫോൺ ശബ്ദിച്ചു… എല്ലാവരും നിശബ്ദർ ആണെങ്കിൽ കൂടി മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു കൊണ്ട് അദ്ദേഹം ഫോൺ അറ്റൻഡ് ചെയ്തു….
പക്ഷേ ഉപചാരവാക്കുകൾ അല്ലാതെ കൂടുതൽ ഒന്നും ASI പറയുന്നത് അവർ കേട്ടില്ല…. അല്പം കഴിഞ്ഞു ഫോൺ കട്ട് ചെയ്തു അയാൾ എല്ലാവരോടും ആയി പറഞ്ഞു….
“ദേവൻ സാർ വരുന്നുണ്ട്… എല്ലാവരും ഒന്ന് ചൊടി ആയി നിന്നേക്ക്….”
എല്ലാവരും എഴുനേറ്റ് അല്പം ഉഷാറോടെ മുഖം ഒക്കെ കഴുകി വന്നു… പാറാവ് കാരന്റെ മുഖത്ത് മാത്രം അപ്പോളും തെളിച്ചം ഉണ്ടായിരുന്നില്ല….
പത്തു മിനിറ്റുകൾക്ക് അകം CI വന്നു… അതും യൂണിഫോമിൽ…. പാറാവ് കാരന്റെ സല്യൂട്ട് കണ്ട് ദേഷ്യത്തോടെ ചോദിച്ചു….
“എവിടെ പോയി തന്റെ വെടി തിരകൾ???”
“അത്… അറിയില്ല… സാർ എങ്ങനെയോ….”
“മ്മ്മ്….”
ഒന്ന് അമർത്തി മൂളിക്കൊണ്ട് അയാൾ അകത്തേക്ക് കയറി… എല്ലാവരുടെയും സല്യൂട്ടിനു കൈ കാണിച്ച ശേഷം തന്റെ ക്യാബിന്റെ വാതിൽ താക്കോൽ വച്ചു തുറന്നു കൊണ്ട് ASI യെ വിളിച്ചു….
“ഹമീദേ വന്നേ…. ”
“സാർ…”
അയാൾക്ക് പിറകെ ആ ക്യാബിനിലേക്ക് ഹമീദും കയറി…..
“ആ വാതിൽ അടക്കെടോ…”
വാതിൽ അടച്ചു ഹമീദ് CI യുടെ മുന്നിലെ സീറ്റിൽ ഇരുന്നു….
“ഇത്രേം തടിമാടൻമാരായ പോലീസ് കാർ ഉണ്ടായിട്ട്…. 2ഒരു പെണ്ണ് ഒറ്റക്ക്…”
“അപ്രതീക്ഷിതമായ ആക്രമണം ആയിരുന്നു സർ… പിന്നെ ഉള്ളിൽ കയറിയില്ലെന്ന് ഒള്ളു ചുറ്റിലും കുറെയേറെ പേരുണ്ടായിരുന്നു…. എല്ലാവരുടെയും കയ്യിൽ തോക്കും അതുപോലുള്ള ഭീകര ആയുധങ്ങളും…”
മുൻപേ പറയാൻ മനസ്സിൽ കരുതി വച്ച മറുപടി പൊടിപ്പും തൊങ്ങലും വച്ചു ASI ഹമീദ് കാച്ചി വിട്ടു….
“ഒന്നും പോയിട്ടില്ല എന്ന് ഉറപ്പാണോ….”
“അല്ല സർ…. ഞാൻ പറഞ്ഞല്ലോ… പാറാവിനുള്ള ശശിയുടെ തോക്കിലെ വെടിയുണ്ടകൾ കാണുന്നില്ല….”
“ആ… അയാളോട് അയാളുടെ സാധനം ഉണ്ടൊ എന്ന് അണ്ടർവെയറിൽ തപ്പി നോക്കാൻ പറയാരുന്നില്ലേ….”
അതിനു ASI മറുപടി നൽകിയില്ല… അല്പ നേരം കണ്ണടച്ചു ഇരുന്ന് എന്തോ ചിന്തിച്ച ശേഷം കണ്ണുകൾ തുറക്കാതെ തന്നെ CI പറഞ്ഞു…
“വേറെ എന്തെങ്കിലും??? ഏന്തെങ്കിലും മോഷണം പോയിട്ടുണ്ടോ???”
“പിന്നെ അവൾ കയറിയത് ഈ മുറിയിലാണ് ആ ചുവരിനും ഓടിനും ഇടയിലൂടെ….. പക്ഷേ താക്കോൽ ഇല്ലാത്തത് കൊണ്ട് ഞങ്ങൾ കയറി
നോക്കിയില്ല…. തിരിച്ചു ഇറങ്ങുമ്പോളും അവരുടെ കയ്യിൽ ഒന്നും ഇല്ലായിരുന്നു…. ആകെ ആ അലമാര തുറക്കാൻ വേണ്ടി അതിൽ ശക്തിയായി അടിക്കുന്ന ശബ്ദം മാത്രം കേൾക്കാമായിരുന്നു…”
“മ്മ്മ്മ്… എനിക്കാണെങ്കിൽ ഒരു അബദ്ധവും പറ്റി…. ഞാൻ എല്ലാം SP യോട് എഴുന്നള്ളിച്ചു…. അത് ഇങ്ങനെ ഒരു പൊന്തൻ മാട ആണെന്ന് എനിക്കറിയോ???”
“അതിനെന്താ സാർ….”
“അതല്ലടോ… അവസരം മൊതലെടുക്കണമത്രെ…. മാവോയിസ്റ്റ് ആക്രമണം ഉണ്ടായി എന്നും നമ്മൾ അതി ശക്തമായി തിരിച്ചടിച്ചെന്നും അവർ വിരണ്ടോടി എന്നും ആകണം നാളെ വാർത്ത…”
