പോലീസ് സ്റ്റേഷന്റെ വാടക കെട്ടിടം ഓട് മേഞ്ഞതാണ്…. അതിന്റെ പ്രധാന വാതിലിനു മുൻപിൽ ഒരു ഫൈബർ ചെയറിൽ ഇരുന്നു നല്ല ഉറക്കം ആയി കഴിഞ്ഞു പാറാവിനുള്ള അയ്യപ്പൻ….
അയാളുടെ ഭാരം കാരണം ഫൈബർ കസേരയുടെ കാലുകൾ നാലു വശത്തേക്കും പരന്നു പോയി തുടങ്ങിയിട്ടുണ്ട്… തന്റെ കയ്യിലെ പഴഞ്ചൻ തോക്ക് നിലത്തൂന്നി അതിനു കൂടി ഭാരം നൽകിയാണ് അയാളുടെ ഉറക്കം….
ആ തോക്ക് ഉറക്കത്തിൽ നിരങ്ങുന്ന പോലെ…. തോക്ക് ഒരു വശത്ത് ചാരി മൂരി നിവർത്തിയ ശേഷം അടുത്തിരുന്ന വെള്ളം ഒരു കവിൾ കുടിച്ച് തണുപ്പ് അരിച്ചു കയറുന്നതിനാൽ കരിമ്പടം ഒന്നുകൂടെ പുതച്ചു അയാൾ വീണ്ടും ഉറക്കം തുടങ്ങി…
ഇത്തവണ തോക്കിൽ ഭാരം നൽകാതെ ചുവരിലേക്ക് കസേര തിരിച്ചിട്ട് ആയി ഇരിപ്പ്… തണുപ്പടിക്കാതിരിക്കാൻ മുന്പിലെ തിണ്ണയിൽ പേപ്പർ വച്ചു അതിന് മുകളിൽ കാലും കയറ്റി വച്ച് അല്പം കൂടി വിശാലമായി….
സമയം ഒന്നേ പത്ത്….
ഉള്ളിലേക്ക് തിരക്കടിച്ചു നടന്ന് കയറിയ ആരുടെയോ കാല് തന്റെ ദേഹത്തു കൊണ്ടപ്പോൾ ആണ് അയാൾ എണീക്കുന്നത്…
പാതി ഉറക്കത്തിൽ തന്നെ ഉള്ളിലേക്ക് നോക്കിയപ്പോൾ കാക്കി വേഷധാരി…. എണീറ്റ് നിന്ന് ആദ്യം തന്നെ ഒരു സല്യൂട്ട് അങ്ങ് നൽകി….
അത് കഴിഞ്ഞാണ് അയാൾക്ക് മനസ്സിൽ ആയത്… അതൊരു പോലീസ് യൂണിഫോം അല്ലായെന്ന്….
വേഗം അല്പം പരിഭ്രമത്തോടെ അയാൾ പോലീസ് സ്റ്റേഷന് ഉള്ളിലേക്ക് കടന്നു….
അവിടെ എല്ലാ പോലീസ്കാരും എണീറ്റ് നില്പുണ്ട്… പരിഭ്രാന്തി നിറഞ്ഞ മുഖത്തോടെ…
“നീ ആരാ??? എന്ത് വേണം….”
അങ്ങനെ ചോദിച്ചു കൊണ്ട് പാറാവ് കാരൻ അയാളെ ഷോൾഡറിൽ പിടിച്ചു ബലമായി തന്റെ നേരെ തിരിച്ചു….
“ചെ…. ചെ… ചെമ്പരത്ത്… കാട്ട് ചെമ്പരത്തി…”
ആ രൂപം കണ്ട് വയസൻ പാറാവുകാരൻ കൂടി ഭയന്നു വാക്കുകൾ പുറത്തേക്ക് വരാതെയായി…
അവിടെ നിന്നത് ഒരു പെണ്ണായിരുന്നു…. ഇരുപത്തി അഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം….. ആളെ തിരിച്ചറിയാതെ ഇരിക്കാനോ ഇരുട്ടിൽ ഒളിച്ചിരിക്കാനോ അതോ ആളുകളെ ഭയപ്പെടുത്താണോ വേണ്ടിയാവണം കറുത്ത വരകൾ മുഖത്ത് ആകമാനം… അത് ഒരു ഭീകരത അവൾക്ക് സമ്മാനിക്കുന്നുവെങ്കിലും അവളുടെ സൗന്ദര്യം അതിലും തെളിഞ്ഞു കാണാം…
അവളുടെ കയ്യിൽ ഒരു പിസ്റ്റൾ ഉണ്ട്… അരയിൽ തിരുകിയ കത്തിയുടെ പിടിയും തെളിഞ്ഞു കാണാം…
“എനിക്ക് ദേ ദവനെ വേണം…. സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിൽക്കുന്നവർ ജീവിച്ചു ഇരിക്കാൻ പാടുണ്ടോ???”
അവളുടെ വാക്കുകൾ കേട്ട് പാറാവുകാരന്റെ ഉള്ളിലും ഭീതി നിറഞ്ഞതോടെ അയാൾ ബാക്കി പോലീസുകാരുടെ മുഖത്തേക്ക് നോക്കി…
ASI ‘തോക്ക് തോക്ക്’ എന്ന് ചുണ്ടനക്കി ആഗതയുടെ ശ്രദ്ധയിൽ പെടാതെ പാറാവ് കാരൻ അയ്യപ്പനോട് പറയുന്നുണ്ട്… പക്ഷേ അവളുടെ കയ്യിൽ ഇരിക്കുന്ന തോക്ക് പിടിച്ചു വാങ്ങാനുള്ള ധൈര്യം ഒന്നും അയാൾക്ക് ഇല്ല..
പെട്ടന്ന് ആണ് അയാൾ തന്റെ തോക്കിനെ കുറിച്ച് ആലോചിച്ചത്… പക്ഷേ നിന്നിടത്ത് നിന്ന് അനങ്ങാൻ പറ്റിയാൽ അല്ലേ പുറത്തു ചാരി വച്ച തോക്ക് എടുക്കാൻ പറ്റൂ….
അപ്പോളേക്കും പാറാവുകാരനോട് ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലാക്കിയ ആ സ്ത്രീ ASI യുടെ അടുത്തേക്ക് തിരിഞ്ഞു ചോദിച്ചു….
“എവിടെ സെല്ലിന്റെ താക്കോൽ???”
“അത്….”
ASI ഹെഡ് കോൺസ്റ്റബിൾ മാരെയും ബാക്കി പോലീസ്കാരേയും ഒക്കെ ആംഗ്യം കാണിച്ചു സംസാരിച്ച ശേഷം പൂട്ടി കിടക്കുന്ന CI യുടെ റൂം ചൂണ്ടി പറഞ്ഞു..
“അത് CI യുടെ റൂമിൽ ആണ്…. ചാവി സാറിന്റെ കയ്യിൽ തന്നെ ആണ്….”
ഇതിനിടെ ആഗതയുടെ ശ്രദ്ധ തിരിഞ്ഞത് കണ്ടപ്പോൾ പാറാവ് കാരൻ പുറത്തേക് ഓടി,.. അയാൾക്ക് ചെറിയ പേടി ഉണ്ടായിരുന്നു… കാട്ടുചെമ്പരത്തിയുടെ കൂട്ടാളികളിൽ ആരെങ്കിലും ഒപ്പം ഉണ്ടെങ്കിൽ റൈഫിൾ അടിച്ച് മാറ്റിക്കാണുമോ എന്ന്….
പക്ഷേ താൻ വച്ചത് പോലെ തന്നെ റൈഫിൾ കണ്ടപ്പോൾ അയാൾക്ക് സമാധാനം ആയി… എങ്കിലും അവിടവിടെ ആളനക്കം പോലെ അയാൾക്ക് തോന്നിയപ്പോൾ ഭയന്നു ഉള്ളിലേക്ക് തന്നെ കയറി…
ബുള്ളറ്റ് ലോഡ് ചെയ്യാൻ നോക്കിയപ്പോൾ വെയിറ്റ് അനുഭവപ്പെട്ടില്ല എങ്കിലും ആ സമയത്തെ ടെൻഷനിൽ അത് അയാൾക്ക് മനസിലായില്ല….
