“ദേഷ്യം ഒന്നും ഇല്ല പറഞ്ഞു എന്നേ ഉള്ളൂ.”
“ഒ! അല്ലെടാ നീയും ശാന്തിയും ലൈൻ ആണാ?”
“ലൈൻ ഒന്നും അല്ലെടാ. നമ്മൾ നല്ല ഫ്രണ്ട്സ് ആണ് .”
“പക്ഷേ നിനക്ക് അവൾ നല്ല ചേരും കേട്ടോ?ഫ്രണ്ട്സ് ആണേലും നീ അവളെ പ്രൊപ്പോസ് ചെയ്തോ, നല്ലൊരു പെണ്ണാ അത്.” അർച്ചന ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“പോ പെണ്ണേ അവൾ നല്ലൊരു ഫ്രണ്ട് ആണ്. അതും കൂടി നീ നശിപ്പിച്ചു തരുമോ? ഒന്ന് എഴുന്നേറ്റു പോയേ.” അവൻ കൈ കൊണ്ട് പോകാൻ ആക്ഷൻ കാണിച്ചു.
“അല്ലേൽ നിന്നെ ചുറ്റി സുന്ദരികൾ ആയിരിക്കും! നമ്മളൊക്കെ വന്നാൽ നീ അടുപ്പിക്കില്ല. ഇന്ന് ആരും ഇല്ലാത്തപ്പോൾ വന്ന് മിണ്ടിയപ്പോൾ ആട്ടിയോടിക്കുന്നോ ചെക്കാ. എന്ത് മനുഷ്യൻ ആണെടാ നീ? നിനക്ക് സുന്ദരികളോട് മിണ്ടുന്നത് ആണല്ലേ ഇഷ്ടം?” പോകാനായി ബഞ്ചിൽ നിന്നും എഴുന്നേറ്റു കൊണ്ട് അവൾ പറഞ്ഞു.
“ഒന്നവിടെ നിന്നേ. ഞാൻ എപ്പോഴാ അങ്ങനെ നിന്നോടൊക്കെ വേർതിരിവ് കാണിച്ചത്?” അവളുടെ കൈയിൽ പിടിച്ചു വലിച്ച് ബെഞ്ചിലേക്ക് ഇരുത്തിക്കൊണ്ട് അഖിൽ ചോദിച്ചു.
” നീ നമ്മളോട് ഒന്നും മിണ്ടില്ലല്ലോ? വെളുത്ത സുന്ദരികളോട് മാത്രമല്ലേ നീ മിണ്ടുള്ളൂ. ഇപ്പോൾ തന്നെ ഞാൻ വന്ന് മിണ്ടിയിട്ട് പോലും നീ മിണ്ടുന്നില്ലല്ലോ.?” അർച്ചനയുടെ വാക്കുകൾ എവിടെയൊക്കെയോ കൊള്ളുന്നത് പോലെ അഖിലിന് തോന്നി.
“പെണ്ണേ നീ പറയുന്നത് പോലെ ഒന്നും അല്ല ഞാൻ എന്നോട് മിണ്ടുന്ന എല്ലാരോടും മിണ്ടും. വെളുത്ത സുന്ദരികൾ എന്ന് നീ പറയാൻ വെളുത്ത കുട്ടികൾ മാത്രമേ സുന്ദരികൾ ആയിട്ടുള്ളോ? കറുത്ത എത്രയോ സുന്ദരികൾ ഉണ്ട്. സുന്ദരി എന്നുള്ളത് മുഖത്തിന്റെ ഐശ്വര്യം വെച്ചാണ് എന്നാണ് എന്റെ വിശ്വാസം.”
“ഇതൊക്കെ പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ട് എന്നാൽ നമ്മളെ പോലുള്ള കറുമ്പികളെ ഒന്നും ആരും മൈൻഡ് ചെയ്യില്ല.”
“അതിന് നീ കറുമ്പി ആണെന്ന് ആരാ പറഞ്ഞെ? നീ തേനിന്റെ കളർ ആണ്. ചുമപ്പ് കലർന്ന കറുപ്പ്. സത്യത്തിൽ ഈ കളർ ആണ് നിന്റെ ഐശ്വര്യം! നീ ഒരു വെളുത്ത കുട്ടി ആയിരുന്നെങ്കിൽ ബോർ ആയേനെ.”
“അതൊക്കെ പോട്ടേ, നീ ശാന്തിയെ കെട്ടുമോ?നിന്റെ കല്യാണം എന്നെ അറിയിക്കണം കേട്ടോ? എനിക്ക് കാണണം നിന്റെ പെണ്ണിനെ.”
“കല്യാണം കാണും എങ്കിൽ വിളിക്കാം.”
“ശാന്തിയെ വിളിച്ച് കൊണ്ട് പോയാലും അറിയിക്കണം.”
“നീയെന്താ വന്നത് മുതൽ ശാന്തി ശാന്തി എന്ന് പറഞ്ഞ് ഇരിക്കുന്നെ? അവളെക്കൊണ്ട് എന്നെ കെട്ടിച്ചിട്ടേ അടങ്ങുള്ളോ?”
“ഹഹ അവൾ നിനക്ക് നല്ല ചേരും ടാ! നിനക്ക് അവളെ തന്നെ കിട്ടാൻ ഞാൻ പ്രാർത്ഥിക്കും.” അർച്ചന ചിരിച്ചുകൊണ്ട് പറഞ്ഞു. പെട്ടെന്ന് ക്ലാസ്സിലേക്ക് രാജശ്രീ മിസ്സ് കയറി വന്നു.
“എപ്പോൾ സംസാരിക്കാൻ വന്നാലും ആരേലും വന്ന് അത് തടസ്സപ്പെടുത്തും. നാശം!!” പിറുപിറുത്തുകൊണ്ട് അർച്ചന എഴുന്നേറ്റ് അവളുടെ സീറ്റിലേക്ക് പോയി.
ഉച്ചയ്ക്ക് ഫുഡ് കഴിക്കാനായി അഖിലും അനാമികയും ക്ലാസ്സിൽ നിന്നും ഇറങ്ങി ലൈബ്രറിയുടെ അടുത്തുള്ള പുൽമൈദാനിയിലേക്ക് നടന്നു.
“ടാ, ഒന്ന് നിന്നേ…” അർച്ചന പുറകെ ഓടി വന്ന് അഖിലിനെ വിളിച്ചു.
“എന്താടാ?” ആകാംഷയോടെ അഖിൽ ചോദിച്ചു. അവളുടെ വിളി കേട്ട് തിരിഞ്ഞ അനാമികയും അർച്ചനയുടെ മുഖത്തേക്ക് നോക്കി.
അനാമിക നോക്കുന്നത് കണ്ട അർച്ചന എന്ത് പറയണം എന്നറിയാതെ ഒന്നറച്ചു.
” അല്ല, എനിക്ക് പേഴ്‌സണലായി ഒരു കാര്യം പറയണമായിരുന്നു.” ഒരു ചമ്മലോടെ വിളറിയ മുഖവുമായി അർച്ചന പറഞ്ഞു.
“നീ പറയ്യ് അതിനിവിടെ നമ്മൾ മാത്രമല്ലേ ഉള്ളൂ?” അഖിൽ അവളുടെ മുഖത്ത് നോക്കിക്കൊണ്ട് ചോദിച്ചു.
“അനാമിക നടന്നോ ഞാൻ ഇവനോട് ഒരു കാര്യം പറഞ്ഞിട്ട് വിട്ടേക്കാം.” അർച്ചന അനാമികയോട് പറഞ്ഞു.
“ശെരി, ടാ വേഗം വന്നേക്കണേ, നീ വന്നാലേ അവൾ കഴിക്കുകയുള്ളൂ!” അനാമിക അഖിലിനോട് പറഞ്ഞു. അത് പറയുമ്പോൾ അനാമികയിൽ ഒരു അസ്വസ്ഥത തെളിഞ്ഞു നിന്നു.
“ഒരഞ്ച് മിനിറ്റ് അനാമികേ, അത് കഴിയുമ്പോൾ അവനെ വിടാം. നീ പൊയ്ക്കോ.” കുറച്ച് കടുത്ത സ്വരത്തിൽ അർച്ചന പറഞ്ഞു.
