“ദിവസം പത്ത് അഞ്ഞൂറ് സുന്ദരികളോട് സംസാരിക്കുന്ന നിനക്ക് ഇത് ചെറിയ കാര്യം ആയിരിക്കും, പക്ഷേ നമ്മളെ പോലുള്ള പാവങ്ങൾക്ക് ഇത് വലിയ കാര്യമാണ്!!!” ഒരു കുസൃതി ചിരിയോടെ അർച്ചന പറഞ്ഞു. അപ്പോഴും അവളുടെ വാക്കുകൾ അഖിലിന്റെ ചങ്ക് തുളയ്ക്കുന്നത് പോലെ അവന് തോന്നി!
“നീ പറഞ്ഞ ഈ അഞ്ഞൂറ് സുന്ദരികളെക്കാൾ എന്റെ ശാന്തി കഴിഞ്ഞാൽ എനിക്ക് ഇഷ്ടം നിന്നോടും അനാമികയോടും ആണ്.” കുറച്ച് നേരം മൗനം പാലിച്ചു നിന്നിട്ടാണ് അഖിൽ അത് പറഞ്ഞത്.
“ശാന്തി കഴിഞ്ഞാൽ എന്നോടും അനാമികയോടും ഇഷ്ടം! സന്തോഷമായി, പക്ഷേ വൈകിട്ട് അനാമിക വേണ്ട കേട്ടോ?” അർച്ചന സന്തോഷത്തോടെ പറഞ്ഞു.
“അതെന്താടാ?”
“അവൾക്ക് ഞാൻ നിന്നോട് മിണ്ടുന്നത് ഇഷ്ടപ്പെടില്ല അതാണ്. എനിക്ക് നിന്നോടും ശാന്തിയോടും കൂട്ട്കൂടാൻ ആണ് താല്പര്യം അല്ലാതെ അനാമികയോട് അല്ല.”
“എന്നാൽ ശെരി. വൈകിട്ട് കാണാം.” അഖിൽ ചിരിച്ചു കൊണ്ട് പറഞ്ഞു. മൈബൈൽ നമ്പർ കൈ മാറിയ ശേഷം ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു.
ശാന്തിയുടെയും അനാമികയുടെയും അടുത്തേക്ക് നടന്ന അഖിലിന്റെ മനസ്സിൽ അർച്ചന ഇടയ്ക്കിടെ കയറി വന്നു. അവളുടെ കുത്ത് വാക്കുകൾ അറിയാതെ തന്റെ മനസ്സിനെ വിഷമിപ്പിക്കുന്നതിന്റെ കാരണം അവന് മനസ്സിലായില്ല.
ആരേലും ഉടക്കിയാൽ അവർ ഇങ്ങോട്ട് വന്ന് മിണ്ടാതെ അങ്ങോട്ട് മിണ്ടാത്തത് ആണ് അഖിലിന്റെ ശീലം. ഒരു പെണ്ണ് പിണങ്ങി കളിയാക്കി എന്ന് പറഞ്ഞ് അവന് വിഷമം തോന്നാറില്ല. തുണ്ട് സംസാരിക്കാൻ വേണ്ടി ശാന്തിയെ ഇട്ട് വട്ടം ചുറ്റിച്ച ഒരു സംഭവത്തിന് മാത്രമാണ് അവന് കുറ്റബോധം ഉണ്ടായിട്ടുള്ളത്. അതും അവളെ ജീവന് തുല്യം സ്നേഹിക്കുന്നത് കൊണ്ട്!!! എന്നാലും അർച്ചനയോട് വശ്യമായ ഒരാകർഷണം ഉള്ളത് പോലെ അവന് തോന്നി.
“അർച്ചന ചേച്ചി എന്ത് പറഞ്ഞു അഖിലേ?” ശാന്തി അവനെ കണ്ടപാടെ വിളിച്ചു ചോദിച്ചു.
“ഒന്നും പറഞ്ഞില്ല ആ പെണ്ണ് ചുമ്മാ എന്തൊക്കെയോ പറഞ്ഞ് സമയം കളഞ്ഞു.” ശാന്തിയുടെ അരികിലേക്ക് ഇരുന്നു കൊണ്ട് അവൻ പറഞ്ഞു.
“നീ കൈ കഴുകുന്നില്ലേ?” അനാമിക അഖിലിനോട് ചോദിച്ചു.
“എനിക്ക് വാരി തിന്നാൻ വയ്യ. നല്ല വിശപ്പും ഉണ്ട്, സാരമില്ല ഞാൻ കഴിക്കുന്നില്ല!” ഏറ് കണ്ണിട്ട് ശാന്തിയെ നോക്കിക്കൊണ്ട് അഖിൽ പറഞ്ഞു.
“ചെക്കൻ ഇന്ന് റൊമാൻസ് മൂഡിൽ ആണല്ലോ? സത്യം പറയെടാ അർച്ചന നിന്നെ പ്രൊപ്പോസ് ചെയ്തോ?” അനാമിക അർച്ചനയുടെ കാര്യം വിടാൻ ഒരുക്കമല്ലായിരുന്നു!
“ആഹാരം കഴിക്കുന്നില്ല വിശന്ന് ഇരിക്കാൻ പോകുന്നു എന്ന് പറയുന്നതാണോ റൊമാൻസ് മൂഡ്?” കാര്യം മനസ്സിലാകാതെ ശാന്തി അനാമികയോട് ചോദിച്ചു.
“നീ എന്ത് പെണ്ണാ, അവൾക്ക് അർച്ചന പ്രൊപ്പോസ് ചെയ്തോ എന്ന് ചോദിച്ചതിൽ പരിഭവം ഇല്ല. റൊമാൻസ് മൂഡ് ആണോ എന്ന് അറിയാനാണ് അത്യാവശ്യം!” അനാമിക ചെറിയ ദേഷ്യത്തിലാണ് അത് പറഞ്ഞത്.
“അതിന് അർച്ചന ഒന്നും പറഞ്ഞില്ല എന്നല്ലേ ഇവൻ പറഞ്ഞത്, പിന്നെന്നാ? ഇതിപ്പോൾ ഞാൻ എന്തോ കുറ്റം ചെയ്തത് പോലെ ആണല്ലോ? നിങ്ങൾ അല്ലേ ഒരുമിച്ചു വന്നത് ഞാൻ എന്ത് ചെയ്യാൻ!” ശാന്തിക്ക് ഒന്നും മനസ്സിലാകാതെ അവൾ ചോദിച്ചു.
“നീ ഇങ്ങനെ ഇരുന്നോടീ… അവസാനം ഏതേലും പെൺപിള്ളേർ ഇവനെയും കൊണ്ടങ്ങ് പോകും!!” അനാമിക കുറച്ച് ഹാർഷായി.
“അനാമിക, എന്റെ കൊച്ചിനെ ടീ എന്ന് വിളിക്കരുത്. ടാ എന്നോ പേരോ വിളിച്ചാൽ മതി. അല്ലാതെ അവളെ ടീ എന്ന് സംബോധന ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല!!” അഖിൽ ഇടയ്ക്ക് കയറി പറഞ്ഞു.
“ഓഹ്! നിനക്ക് അതാണല്ലേ അത്യാവശ്യം. ടാ സത്യം പറ അർച്ചന എന്താ പറഞ്ഞത്? പ്രൊപ്പോസ് ചെയ്തത് ആണോ? പറയെടാ പ്ലീസ്.” അനാമികയ്ക്ക് അഖിലിന്റെ എല്ലാ കാര്യങ്ങളും അറിയണം എന്നുള്ള അതിയായ ആഗ്രഹം അവളറിയാതെ വെളിയിൽ വന്നു.
“പ്രൊപ്പോസ് ചെയ്തോടാ?” അവനെ നോക്കി ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് ശാന്തി ചോദിച്ചു.
“ഇവൾക്ക് ഭ്രാന്താ പെണ്ണേ… അവൾ എന്നോട് എന്തൊക്കെയോ സംസാരിച്ചു. ഞാൻ അവളോട് മിണ്ടില്ല സുന്ദരികളോട് മാത്രമേ മിണ്ടുള്ളൂ എന്ന്!” അഖിൽ ചിരിച്ചു കൊണ്ട് പറഞ്ഞു.
