“ദാ എത്തിയെടാ മോനെ..” ഉള്ളില്‍ നിന്നും ഗ്രേസി പറഞ്ഞു. ദുബായ് കാര്യം ഏതാണ്ട് നടക്കും എന്നറിഞ്ഞതോടെ ഗ്രേസി സന്തോഷവതി ആയിരുന്നു. മകന്‍ ജോലിയൊന്നുമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നതില്‍ ആ അമ്മയ്ക്ക് നല്ല ദുഃഖം ഉണ്ടായിരുന്നു.
“ഇന്നാടി പെണ്ണെ..ഈ ചായ അങ്ങോട്ട് കൊണ്ടുക്കൊടുക്ക്” ഗ്രേസി റീനയോട് പറയുന്നത് അവര്‍ കേട്ടു.
അവള്‍ രണ്ടു കൈകളിലും ഓരോ ഗ്ലാസുകളുമായി എത്തി അവര്‍ക്ക് നീട്ടി. കടന്നല്‍ കുത്തേറ്റത് പോലെ അവള്‍ മുഖം വീര്‍പ്പിച്ചിരുന്നു. ശിവന്‍ അത് ശ്രദ്ധിച്ചു.
“എന്താടി മോന്ത വീര്‍പ്പിച്ചു നടക്കുന്നത്” ശിവന്‍ ശബ്ദം താഴ്ത്തി ചോദിച്ചു. അവളുടെ കണ്ണുകള്‍ നിറയുന്നത് അവന്‍ കണ്ടു.
“ഛെ..കരയാതെടി പെണ്ണെ..അമ്മാമ്മ കാണരുത്….” ശിവന്‍ അടക്കം പറഞ്ഞിട്ട് ഉള്ളിലേക്ക് നോക്കിയ ശേഷം തുടര്‍ന്നു: “ഇന്ന് നിന്നെ അവന്‍ കാണാന്‍ വന്നപ്പോള്‍ ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നു…”
റീനയുടെ കണ്ണുകള്‍ വിടര്‍ന്നു. അവളുടെ മുഖത്ത് ആശ്വാസം നിഴലിക്കുന്നത് ഇരുവരും കണ്ടു.
“എന്നിട്ടെന്താ അവനോടു സംസാരിക്കാഞ്ഞത്?” അവള്‍ ചോദിച്ചു.
“അതൊക്കെ ഞങ്ങള്‍ ഡീല്‍ ചെയ്തോളാം..നീ അവന്‍ ഇനി സംസാരിക്കാന്‍ വരുമ്പോള്‍ ദേഷ്യപ്പെടുകയോ മോശമായി സംസാരിക്കുകയോ ചെയ്യരുത്…എന്നെ വെറുതെ വിടണം എന്ന് സൌമ്യമായി പറയുക മാത്രമേ ചെയ്യാവൂ…” റോയ് അവളെ ഉപദേശിച്ചു.
“പിന്നെ..ആ അലവലാതിയോട് അങ്ങനെയൊന്നും സംസാരിക്കാന്‍ എനിക്ക് പറ്റില്ല…ഹും…” അവള്‍ മുഖം വെട്ടിച്ചു. ശിവന്‍ റോയിയെ നോക്കി.
“നീ പറേന്നത് കേള്‍ക്ക്…ഓരോ കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടത് പക്വമായിട്ടാണ്…അവനു നിന്നോട് ദേഷ്യം തോന്നുന്ന രീതിയില്‍ പെരുമാറരുത്..ബാക്കി ഞങ്ങള്‍ നോക്കിക്കോളാം..” ശിവന്‍ പറഞ്ഞു.
“ഹും..” അവള്‍ വെട്ടിത്തിരിഞ്ഞ് ഉള്ളിലേക്ക് പോയി. ആ പോക്ക് കണ്ടപ്പോള്‍ ശിവന് കലിപ്പ് കയറി.
“ഈ പണ്ടാരം പിടിച്ച പെണ്ണുങ്ങളോട് പറഞ്ഞാല്‍ തലേല്‍ കേറത്തില്ലല്ലോ ഭഗവാനെ…അവള്‍ടെ പോക്ക് കണ്ടില്ലേ….” അവന്‍ കോപത്തോടെ പറഞ്ഞു.
“എടാ പെണ്ണുങ്ങള്‍ക്ക് ഒരാളെ ഇഷ്ടമല്ല എങ്കില്‍ അവര്‍ക്ക് പിന്നെ അഭിനയിക്കാന്‍ ഒന്നും പറ്റില്ല..ഈ ജാതി അങ്ങനാ…സാരമില്ല..ഞാന്‍ പിന്നെ അവളോട് ഒന്ന് സംസാരിക്കാം…നീ ചായ കുടി…”
ഇരുവരും ചായ മെല്ലെ മൊത്തിക്കുടിച്ചു. ഒരു വാഹനത്തിന്റെ ഇരമ്പല്‍ കേട്ട് അവര്‍ നോക്കി. വീടിന്റെ മുന്നിലുള്ള റോഡിലൂടെ വരുന്ന കറുത്ത എന്‍ഡവര്‍…
ശിവന്‍ ഞെട്ടലോടെ റോയിയെ നോക്കി. ആ വണ്ടി അവരുടെ മുന്‍പിലൂടെ സാവധാനം കടന്നു പോയി. അതിന്റെ ഉള്ളില്‍ നിന്നും രാജീവിന്റെ കണ്ണുകള്‍ തങ്ങള്‍ക്ക് നേരെ നീളുന്നത് അവര്‍ കണ്ടു…(തുടരും)…….
