കൊളുക്കുമലയിലെ സൂര്യോദയംഅടിപൊളി  

അർച്ചന ടെന്റിൽ നിന്നിറങ്ങി ഞാൻ ചൂണ്ടിക്കാട്ടിയ സ്ഥലത്തേക്ക് നോക്കി…. പക്ഷെ അവിടെ അയാളെ കണ്ടില്ല….

“എവിടെ…. ആ തമിഴൻ കിളവനാണോ…?? നീ നോക്കിക്കോ… നല്ല മാച്ചാ…!!” അവിടെ ഉണ്ടായിരുന്ന വയസൻ സെക്യൂരിറ്റിയെ കണ്ട് അർച്ചന എന്നോട് പറഞ്ഞു…

“ഹ.. പോടി… അതല്ല… നീ വന്നേ അവിടെ കാണും നമുക്ക് പോയിനോക്കാം… എന്തായാലും ട്രക്കിങ്ങിന് സമയമായി… വാ…!!” ഞാനവളുടെ കയ്യിൽ പിടിച്ച് വലിച്ചു….

“നിക്കടി പോത്തേ… ടെന്റ് അടച്ചില്ല….!!”

“ന്നാ അടച്ചിട്ട് വാ….!!” ഞാൻ ഒച്ചവെച്ചു…

“അവസാനം അന്ന് ഗോവയിൽ കണ്ട പാണ്ട് പിടിച്ച ഹിപ്പി ചെക്കനെ പോലെ എങ്ങാനും ആണേൽ മോളെ നിന്നെ ടെൻടിലിട്ട് കത്തിക്കും ഞാൻ… ബാക്കിയുള്ളോന്റെ ഉറക്കവും പോയി…!!” അർച്ചന എന്തൊക്കെയോ പിറുപിറുത്തു….

ഞാൻ അവളുടെ കൈപിടിച്ച് ഓടി മുകളിൽ എൻട്രൻസ്‌ ഏരിയയിൽ ചെന്നു…. അവിടെ ട്രക്കിങ്ങിന് പോവാൻ എല്ലാവരും വന്നുകൊണ്ടിരിക്കുകയായിരുന്നു… ഒരുപാട് ആളുകളുണ്ട്…. അതിനിടയിൽ ഞാനാ മുഖം തിരഞ്ഞുകൊണ്ടിരുന്നു…. പക്ഷെ കണ്ടില്ല….

“എവിടെ….?? കിട്ടിയാ..??” ഇതിനിടയിൽ അവിടെ ഒരുക്കിയ ചായ രണ്ട് ഗ്ലാസ്സ് എടുത്തുകൊണ്ടുവന്ന് ഒരെണ്ണം എനിക്ക് തന്നുകൊണ്ട് അർച്ചന ചോദിച്ചു….

ഇല്ലെന്ന് ഞാൻ തലയാട്ടി….

“മോളെ മരുഭൂമിയിലെ യാത്രയാവുമ്പോ ഇടക്ക് ഒരു മരുപ്പച്ച ഒക്കെ സ്വപ്നം കാണാം കുഴപ്പമില്ല…. പക്ഷെ ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കരുത്… നിനക്ക് ഓരോന്ന് തോന്നിയതാ…. ചുമ്മാ….!!” അവൾ എന്നോട് പറഞ്ഞു….

“ഹലോ….. ഇവിടെ ശ്രദ്ധിക്കണേ…. ഹലോ… എല്ലാരും….. ഇവിടെ….!!” ക്യാമ്പിൽ ഉള്ള ഒരാൾ എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കാൻ ഉച്ചത്തിൽ എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ട്….

പക്ഷെ ആരും ശ്രദ്ധിക്കുന്നില്ല…. ചിലർ വരുന്നതേയുള്ളു… ചിലർ ചായ കുടിക്കുന്നു… ചിലർ പാർക്ക്‌ ചെയ്ത അവരുടെ വണ്ടികളിൽ നിന്ന് സാധനങ്ങൾ എടുക്കുന്നു…. ഞങ്ങളാണേൽ അയാളെ അന്വേഷിക്കുന്നു…അങ്ങനെ അങ്ങനെ ആരും അയാളെ ശ്രദ്ധിക്കുന്നില്ല….

“എയ്……!!” പെട്ടന്ന് മുന്നിൽ നിന്ന് മുഴക്കമുള്ള ഒരു ശബ്ദം കേട്ടു…. ഉച്ചത്തിലുള്ള ശബ്ദം… പിന്നാലെ വലിയ ശബ്ദത്തിലുള്ള ഒരു കയ്യടിയും… എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് മാത്രമായി…..

“എല്ലാവരും ഒരു മിനിറ്റ് ഇവിടെ ശ്രദ്ധിക്കണേ പ്ലീസ്…. നമുക്ക് സമയം അധികം കളയാനില്ല…!!” വീണ്ടും പൌരുഷം നിറഞ്ഞു നിൽക്കുന്ന ആ ശബ്ദം അവിടെ മുഴങ്ങി…. എല്ലാവരും അവിടെ മാത്രം ശ്രദ്ധിച്ചു….

അത് അയാളായിരുന്നു…. മുൻപ് കണ്ട ആ ചുള്ളൻ പയ്യൻ…. ഒരു ചെറുചിരിയോടെ എല്ലാവരെയും നോക്കി അയാൾ മുൻപ് സംസാരിച്ച ആളോട് തുടങ്ങിക്കോളാൻ ആഗ്യം കാട്ടി….. അയാൾ എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി….

“ആരാടി അത്….??” ഒരു വശത്ത് കൈകെട്ടി ചിരിച്ചുകൊണ്ട് നിൽക്കുന്ന ആ സുന്ദരനെ അന്തംവിട്ട് നോക്കിക്കൊണ്ട് അർച്ചന ചോദിച്ചു…

“ഇതാണ് ഞാൻ പറഞ്ഞ ചുള്ളൻ…!!” ഞാൻ എന്തിനെന്നറിയാതെ അഭിമാനിച്ചുകൊണ്ട് അവളോട് പറഞ്ഞു…

“വൗ….!! Handsome….!!” അർച്ചന അവൾപോലും അറിയാതെ പറഞ്ഞു….

അപ്പോഴേക്കും മുന്നിൽ നിന്നയാൾ എന്തൊക്കെയോ പറഞ്ഞ് അവസാനിപ്പിച്ചിരുന്നു… ഇപ്പൊ പോവാൻ പോവുന്ന ട്രെകിങ്ങിന്റെ നിർദ്ദേശങ്ങൾ ആണെന്ന് തോന്നുന്നു… ഞാനൊന്നും കേട്ടില്ല….

“സോ…. നമുക്ക് ഒരു ടീം ആയിട്ട് വേണം പോവാൻ… ആവശ്യത്തിന് സമയമെടുത്ത് പതിയെ വന്നാമതി.. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ കൂടെ ഞങ്ങളുണ്ടാവും എന്തായാലും ധൈര്യമായിട്ട് പറയാം…. ഓക്കേ..??” ചുള്ളൻ പയ്യൻ ഘനഗംഭീര്യശബ്ദത്തോടെ ചോദിച്ചു…. എല്ലാവരും ഓക്കേ തിരിച്ച് പറഞ്ഞു…. ഞാനപ്പോഴും അയാളെ വായിനോക്കി നിൽപ്പായിരുന്നു….

എല്ലാവരും ചായകുടിച്ച് കഴിഞ്ഞപ്പോൾ അയാൾ മുന്നിൽ നടന്നു…. പിന്നാലെ ചെറുതും വലുതുമായ കൂട്ടമായി മറ്റുള്ളവരും ഒപ്പം ഞങ്ങളും നടന്നു….

5km നടപ്പുണ്ട് ഇപ്പൊ പോവുന്ന ട്രെക്കിങ്ങിന്…. അതിൽ 4 km കയറ്റമാണ്…. സത്യം പറഞ്ഞാൽ ആദ്യം സംസാരിച്ച ആൾ പറഞ്ഞത് വ്യക്തമായി കേട്ടിരുന്നെങ്കിൽ ഞങ്ങൾ ഇതിന് ഇറങ്ങിപ്പുറപ്പെടില്ലായിരുന്നു…..

ആദ്യ ഒരു കിലോമീറ്റർ നിരപ്പായ റോഡിൽ നടന്ന് പിന്നെ തേയിലതോട്ടങ്ങൾക്ക് ഇടയിലൂടെ കയറിപ്പോവുന്ന ഒരു വഴിയാണ് അത്…. മലയുടെ മുകളിൽ നിന്നൊരു സൂര്യസ്തമയ വ്യൂ… അത് പൊളിയായിരിക്കും….

കയറ്റം കയറിത്തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴേ ഞങ്ങളുടെ ഊപ്പാട് വന്നു…. അതേ സമയം മുന്നിൽ പോയ ചുള്ളൻ ചെക്കനും ടീമും നിർത്താതെ കയറിക്കൊണ്ടിരിക്കുകയാണ്… ഒരു സ്റ്റെപ് കേറുന്ന ലാഘവത്തോടെ അവർ പെട്ടന്ന് കേറിപ്പോയി…. കാറിലും ലിഫ്റ്റിലും മാത്രം സഞ്ചരിച്ച് ശീലിച്ച വെറുതെ കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്ന ഞങ്ങൾ പത തുപ്പാൻ തുടങ്ങി….

ഏകദേശം 3 കിലോമീറ്റർ ആയപ്പോ ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ടായി ഞാൻ അവിടെ കണ്ട ഒരു കല്ലിൽ ഇരുന്നു….. അർച്ചന കിതക്കുന്നുണ്ടെങ്കിലും അവൾ ഇരുന്നില്ല….

‘എയ്… ഇരുന്നാ പിന്നെയും ക്ഷീണിക്കും… ഒറ്റ നടപ്പിന് കേറണം….!!” ആ ശബ്ദം വീണ്ടും….

കിതച്ചുകൊണ്ട് ഞാൻ മുകളിലേക്ക് നോക്കി…. അതേ… അയാൾ തന്നെ…. ഞാൻ അങ്ങ് ഇല്ലാണ്ടായിപ്പോയി… ആദ്യ കൂടിക്കാഴ്ചയിൽ ഇതായിരിക്കും എന്റെ അവസ്ഥയെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല…

“വെള്ളം വേണോ….??” അയാൾ വെള്ളംകുപ്പി നീട്ടിക്കൊണ്ട് ചോദിച്ചു…

ഞാൻ മറുപടി പറയാതെ അത് വാങ്ങി വായിലേക്ക് കമിഴ്ത്തി…

“ഹായ്… ഞാൻ ജീവ…!!” അയാൾ അർച്ചനക്ക് നേരെ കൈനീട്ടി…. അവൾ ഒട്ടും ആലോചിക്കാതെ തിരികെ കൈകൊടുത്ത് പേര് പറഞ്ഞു….. എനിക്കത് കണ്ട് അസൂയ തോന്നി…

“ഇത് വർഷ…..!!” അർച്ചന എന്നെ പരിചയപ്പെടുത്തി…. വേണ്ടായിരുന്നു… ഞാൻ പറഞ്ഞേനെ…

“ഓക്കേ ആയോ…?? കേറാം…??” ജീവ ചെറു ചിരിയോടെ ചോദിച്ചു…. ചിരിക്കുമ്പോ ഒടുക്കത്തെ ലുക്ക്‌ പഹയന്…. ഞാൻ ചിരിച്ചുകൊണ്ട് പോവാമെന്ന് തലയാട്ടി…

ജീവ എനിക്ക് നേരെ കൈനീട്ടി…. ഞാൻ ആ കയ്യിൽ പിടിച്ചു…. പഞ്ഞിക്കെട്ട് പോലുള്ള എന്റെ കൈ വെളുത്ത് പരുക്കനായ ആ കയ്യുടെ ശക്തി ആദ്യമായി അറിഞ്ഞു…. ഒടുക്കത്തെ ബലം….

ഞാൻ എഴുന്നേറ്റു… ജീവ മുന്നേ നടന്നു…. ഞങ്ങൾ പിന്നാലെയും… തേയില തോട്ടങ്ങൾക്ക് ഇടയിലൂടെ ഹെയർപിൻ വളവുകൾ പോലുള്ള വഴിയിലൂടെ ഞങ്ങൾ പതിയെ മലകയറി…. കുറച്ച് നടന്നപ്പോ വീണ്ടും എനിക്ക് വയ്യാതായി… ഇപ്പ്രാവശ്യം അർച്ചനയും ഇരുന്നുപോയി…. അപ്പോഴും കൊടിമരം പോലെ നിൽക്കുവാണ് ആ ചെക്കൻ…. ഇവൻ മനുഷ്യൻ തന്നെയാണോ എന്ന് ഞാനാലോചിച്ചു….

പെട്ടന്ന് ആ നേരം വരെ ഞങ്ങളെ നോക്കി ചിരിച്ചു വർത്താനം പറഞ്ഞ് നിന്ന ജീവ, താഴെ എന്തോ കണ്ടപോലെ അങ്ങോട്ട് നടക്കാൻ തുടങ്ങി….

Leave a Reply

Your email address will not be published. Required fields are marked *