“അത്രയ്ക്കായോ ….”
പിന്നൊന്നും നോക്കീല കയ്യിലിരുന്ന ചട്ടുകം കാലമാടന്റെ ചന്തിയിൽ തന്നെ വച്ച് കൊടുത്തു. എന്നിട്ട് ക്രൂരമായൊരു നോട്ടം പാസ്സാക്കി. എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും. ഗോവിന്ദേട്ടൻ ചന്തിയും പൊത്തി ചാടുന്ന കണ്ടപ്പോഴെ ചിരി വന്നു. പക്ഷെ പവറ് വിടാതെ പിച്ച് നിന്നു.
“ദേ നിന്നെ ഞാൻ … ” .
ഏട്ടൻ അടിക്കാനെന്നോണം കൈ ഓങ്ങിയതും ഞാൻ ചട്ടുകം പൊക്കി കാണിച്ചു. പാവം ചട്ടുകം കണ്ടതും പന്തം കണ്ട പെരുച്ചാഴിയെ പോലെ ആയി. അല്ലെങ്കിലും എന്നെ അടിക്കേന്നുമില്ല. ഈ ഓങ്ങലെ ഒള്ളു. പാവം .
പാവോ , പാവോന്നുമല്ല പൊട്ടൻ എന്റെ പാല് കുടിച്ചിട്ട് കട്ടി ഇല്ലാന്ന് പറഞ്ഞതല്ലേ .പോങ്ങൻ .. … മ്ഹും ….
ചട്ടുകം കണ്ടതും ആള് പയ്യെ അടുക്കളയ്ക്ക് പുറത്തോട്ട് പോയിട്ടുണ്ട്. പക്ഷെ ദോശ ചുട്ട് കൊണ്ടിരുന്നപ്പോളാണ് തോളിൽ വന്ന് തോണ്ടിയത്. എനിക്കാണെങ്കിൽ ദേഷ്യം ഇരച്ച് കയറി.. ചട്ടുകം എടുത്ത് തിരിയാനൊരുങ്ങിയതും ദേ ഇടത്തേ തോളിൽ തോണ്ടുന്ന് …
“ദേ ഞാൻ ഒരു വട്ടം പറ ……’
” എല്ലാമെല്ലാമല്ലെ …….”
ഏട്ടന്റെ കാളരാഗം കൂടി കേട്ടപ്പൊ കലി വന്നു. കാളരാഗോന്നുമല്ല കേട്ടോ . ആള് സൈലന്റ് ആണെങ്കിലും നന്നായിട്ട് പാടും. എന്റെ അവസ്ഥ വച്ചാണ് അത് കാള രാഗമായ് മാറിയത്.
“പോ അങ്ങോട്ട് …”
ദേഷ്യത്തിൽ പിടിച്ച് തള്ളിയതും ആള് പിറകോട്ട് വീണു.എന്നിട്ടും ചിരിച്ചോണ്ട് എണീറ്റ് വരുവാണ് .മൈൻഡ് ചെയ്തില്ല.
“എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ….”
” പരുന്ത് തന്റെ ……..”
കയ്യില് കിട്ടിയത് സവാളയാണ്. ഒരൊറ്റ ഏറ് കൊടുത്തു. ശക്തിയിൽ എറിയുമ്പോഴും കൈ ആരോ പിന്നോട്ട് വലിക്കുന്ന പോലെ തോന്നി. ഭാഗ്യത്തിന് കൊണ്ടില്ല. ഭാഗ്യോ …? ബുദ്ധൂസ് കുനിഞ്ഞോണ്ട് രക്ഷപ്പെട്ട് ഇല്ലേൽ ഈ ഗീതൂന്റെ ശക്തി അറിഞ്ഞേനെ.
“നിന്റെ കാലിലെ കാണാ പാദസ്വരം ഞാനല്ലേ ഞാനല്ലേ….”
മ് മ്ഹും ഇത് സാവാളേലോന്നും ഒതുങ്ങുല്ല തേങ്ങ തന്നെ വേണം.
പാദസ്വരോന്നും പറഞ്ഞ് പിറകിൽ വന്ന് നിന്ന് കാതിലെ കമ്മലിലാണ് തട്ടുന്നത് പൊട്ടൻ 😆. എന്നാലും ആ ശ്വാസവും സ്വരം കാതിനു പുറകിലടിച്ചപ്പൊ എന്തോ പോലെ . ഈശ്വരാ ഇത്രേം പവറിട്ടിട്ട് ഇനി കയ്യീന്ന് പോവോ .
സ്വയം നിയന്ത്രിക്കാനെന്നവണ്ണം കൈമുട്ട് വച്ച് വയറിനിട്ട് ഒരു ഇടി കൊടുത്തു.
“മ് മ്ഹ് മ്……. മ് ഹ്മ് ഹ് …..”
എന്റെ ഇടിയിൽ നിന്നു മൊഴിഞ്ഞ് മാറി വലത് സൈഡ് വന്ന് ബാക്കി വരി മൂളിയപ്പോൾ ശരിക്ക് പറഞ്ഞാൽ ആസ്വാദിച്ച് നിന്ന് പോയി. അല്ലേലും കനം നിറഞ്ഞ സ്വരത്തിൽ ഗോവിന്ദേട്ടൻ മൂളുന്നത് കേൾക്കാൻ തന്നെ സുഖമാണ്. പക്ഷെ ഞാനുമൊരു സ്ത്രീയല്ലേ. സ്ത്രീകൾ അങ്ങനെ പെട്ടെന്നൊന്നും വഴങ്ങി കൊടുക്കൂല . തക്കം നോക്കി തന്നെ കൈ പിടിച്ച് ഒരു കടി വച്ച് കൊടുത്തു…
“ആ…………..! ”
പാവം സ്വൽപ്പം വേദനിച്ചെന്ന് തോന്നുന്ന് . എന്നാലും വീണ്ടും ചാടി വരുന്നുണ്ട്. നേരിട്ട് നോക്കിയില്ലെങ്കിലും ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്തോ സന്തോഷം തോന്നി. കഴിഞ്ഞ കൊറേ വർഷങ്ങളായ് ഞാൻ ആഗ്രഹിച്ചതും ഇത് തന്നെയല്ലേ …ഞാനെന്നൊരു വ്യക്തി വീട്ടിലുണ്ടെന്ന ബോധം പോലുമില്ലായിരുന്നു. ഇപ്പൊ ഓടിച്ച് വിട്ടിട്ടും വരുന്നു.
“കിണുങ്ങാ കിങ്ങിണിച്ചെപ്പേ , ചിരിക്കാ ചെമ്പക മുത്തേ…..”
ഇത്തവണ പിറകിലൂടെ വന്ന് വയറിൽ കെട്ടിപിടിച്ചാണ് പാടിയത്. കൈ പിടിച്ച് മാറ്റാൻ നോക്കിയതും കൈകൾക്ക് ശക്തി കുറയുന്ന പോലെ ,എന്തോ അങ്ങനെ ചേർന്ന് നിക്കാൻ മനസ്സും ശരീരവും ഒരുപാട് ആഗ്രഹിച്ച പോലെ .
“പിണങ്ങാനെന്താണെന്താണു ഹോയ് ഹോയ് ഹോയ് ഹോയ്
മിനുങ്ങാനെന്താണെന്താണു എന്താണ്
മയങ്ങാനെന്താണെന്താണ് എന്താണ് ”
എന്റെ മൂക്കിൻ തുമ്പത്ത് പിടിച്ച് അത് പാടുമ്പോൾ ശരിക്കും പറഞ്ഞാൽ പിണക്കമൊക്കെ എവിടെയോ മാഞ്ഞ് ഇല്ലാതായിരുന്നു. കപട ദേഷ്യം മാഞ്ഞ് ഞാൻ സന്തോഷം കൊണ്ട് ചിരിച്ച് പോയി. ഏറെ ആഗ്രഹിച്ച കുറച്ച് നിമിഷങ്ങൾ. ഇതു പോലെയുള്ള കൊച്ച് കൊച്ച് സന്തോഷങ്ങളെ ഞാനഗ്രഹിച്ചിരുന്നുള്ളൂ…
