ചങ്ങലകൾ – 1 6

“എന്താ?” അവൻ ഒരു ഭയത്തോടെ ചോദിച്ചു.

“നല്ല പ്രായത്തിൽ ഈ കെളവനും ഇതുപോലെ കടപ്പുറത്തിരുന്ന് ഒറ്റക്ക് കൊറേ മഴയും വെയിലും കൊണ്ടിട്ടുള്ളതാ. പക്ഷെ കാലം മായ്ക്കാത്ത മുറിവില്ല. എട്ട് വർഷത്തെ ആത്മാർത്ഥ പ്രണയം..”

മൗനം പാലിച്ചാൽ അയാൾ വേറെ ഇരയെത്തപ്പി പൊയ്ക്കോളുമെന്നു അവൻ കരുതി. മനുവിന്റെ ഫോണിൽ നോട്ടിഫിക്കേഷൻ മിന്നി, വോൾപേപ്പറിൽ ചേച്ചിയുമായി നിൽക്കുന്ന ഫോട്ടോ വൃദ്ധൻ കണ്ടു. “ഇതാണോ ആള്? തമ്പുരാനെ.. വാട്ട് എ ബ്യൂട്ടി. ഈ മുറിവ് ഉണങ്ങാൻ കുറച്ച് അധികം സമയം പിടിക്കും.” അയാളുടെ ദീർഘശ്വാസം പോലും പുകമയമായിരുന്നു. “ഞാൻ പറഞ്ഞതൊക്കെ സത്യമല്ലേ മോനെ? എത്ര വർഷത്തെ പ്രണയമാ?”

അവൻ തലയാട്ടികൊണ്ട് പറഞ്ഞു “പത്തിരുപത് ആയിക്കാണും”

വൃദ്ധൻ അന്ധംവിട്ടു, പത്തുവിരലും ചുരുട്ടിയും നിവർത്തിയും കണക്കുകൂട്ടി “അതിന് നിനക്ക് ഇരുപത് വയസ്സല്ലേ കാണൂ? പിന്നെങ്ങനെ!”

അവൻ മറുപടി നൽകാൻ മടിച്ചു, വൃദ്ധൻ വിരലുകളുടെ ലോകത്തേക്ക് മടങ്ങി. ചെവി പുകയുമാറ് ഒരു അടി ബാലുവിന്റെ മുഖത്ത് പതിഞ്ഞു. ട്യൂബ്ലൈറ്റിന്റെ വെളിച്ചത്തിൽ ആകെ നനഞ്ഞൊലിച്ച ഒരു സ്ത്രീയുടെ നിഴൽചിത്രം അവനുമുന്നിൽ പ്രത്യക്ഷമായി. “ചേച്ചി..” അവൻ മന്ത്രിച്ചു. അടിയുടെ ശബ്ദം ഇടിമുഴക്കവുമായി സമന്വയിച്ചതിനാൽ വൃദ്ധൻ അല്ലാതെ മറ്റാരും അത് ശ്രദ്ധിച്ചില്ല.

“നിന്റെ ആരേലും ചത്തോ? നീ എന്താടാ വിളിച്ചിട്ട് ഫോൺ എടുക്കത്തെ? മെസ്സേജിനും റിപ്ലൈ ഇല്ല..” അവൾക്ക് ദേഷ്യം അടക്കാൻ സാധിച്ചില്ല. അവൻ മനസ്സിൽ ക്ഷമാപണം നടത്തി പക്ഷെ പുറത്തേക്ക് വാക്കുകൾ ഒന്നും വന്നില്ല. സന്തോഷവും സങ്കടവും ദേഷ്യവും എല്ലാം അവന് ഒന്നിച്ചുവന്നു. അവൻ അവളെ വാരിപ്പുണർന്നു.

“ഫ്ലൈറ്റ്.. നീ പോയില്ലേ?” വിറക്കുന്ന ചുണ്ടുകളുമായി അവൻ ചോദിച്ച.

“നീ ചെന്ന് വണ്ടിയിൽ കേറ്” അവൾ ഉത്തരവിട്ടു.

“ആ പാവത്തിനെ വലിച്ചെറിഞ്ഞു പോയിട്ടല്ലേ മോളെ. ആരോടും ഇങ്ങനെ ചതി ചെയ്യരുത്” വൃദ്ധൻ അവളെ ശകാരിച്ചു. മനു അയാളോട് നിശബ്ദത പാലിക്കുവാൻ ആംഗ്യം കാട്ടി.

“ഇട്ടിട്ട് പോയോ? ഇവനല്ലേ ഞാൻ കല്യാണം കഴിക്കാഞ്ഞിട്ട് മുട്ടി ഇരുന്നത്. അല്ലെങ്കിലും ജീവിതകാലം മുഴുവൻ ഇവനെ കെട്ടിപ്പിടിച്ച് എനിക്ക് ഇരിക്കാൻ പറ്റോ?”

“നേരാണോ മോനെ? മാമൻ എന്തൊക്കെയാ ഈ കേക്കണേ?” അയാൾ അതിശയോക്തിപരമായ ഭാവങ്ങളോടുകൂടി ചോദിച്ചു. “ഇനിയിപ്പോ നിങ്ങൾ എല്ലാം മറന്ന് ഒന്നിച്ച് ജീവിക്ക്. കല്യാണോം കഴിഞ്ഞ് ഒരു കൊച്ച് ഉണ്ടാവുമ്പോ എല്ലാം ശരിയാവും”

ക്ഷുഭിതയായ അവൾ അയാളുടെ നേരെ കൈ ഓങ്ങി “ഒരെണ്ണം ഇട്ടു തന്നാൽ പടമാവും കേളവാ താൻ. തന്റെ നാട്ടിൽ പെങ്ങൾ ആങ്ങളയെ കെട്ടാറുണ്ടോ? അല്ലേലും ഇതൊക്കെ ചോദിക്കാൻ താൻ ആരാ?”

ബാലുവും ദിവ്യയും ഇരുട്ടിലേക്ക് മറഞ്ഞു, വൃദ്ധൻ തന്റെ കൈയിൽ പുകയുന്ന ബീഡിക്കുറ്റിയെ ഒരു സംശയത്തോടെ നോക്കി. “ഇവിടിപ്പോ എന്താ സംഭവിച്ചേ..”ആരോടെന്നില്ലാതെ അയാൾ പുലമ്പി.

[തുടരും..]

Updated: April 19, 2025 — 10:44 pm

Leave a Reply

Your email address will not be published. Required fields are marked *