“ അമ്മാവനറിയും.. അമ്മായിയും അറിയും… നിങ്ങളെല്ലാരും അറിയും അവനെ…””
പ്രശാന്തിന്റെ മുഖത്തേക്ക് കോപം ഇരച്ച് കയറുന്നത് ശിവരാജൻ കണ്ടു..
അയാൾക്കെത്ര ആലോചിച്ചിട്ടും അതാരാണെന്ന് മനസിലായില്ല..
“” ഒരു മൂന്ന് വർഷം മുൻപ് ഐശ്വര്യ ഒരുത്തന്റെ കൂടെ ഒളിച്ചോടിയത് അമ്മാവനറിയോ… ?.
അവനാണ് ഷഫീഖ്..ഇപ്പോ മനസിലായോ.. ?”
പരിഹാസത്തോടെയുള്ള പ്രശാന്തിന്റെ ചോദ്യം കേട്ട് ശിവരാജൻ വിറച്ച് പോയി..
“ അവനെ തല്ലി പരിപ്പെടുത്ത് അവളെ നിങ്ങൾ തിരിച്ച് കൊണ്ടുവന്നു…
എന്നിട്ടെന്റെ തലയിൽ കെട്ടിവെക്കുകയും ചെയ്തു… ശരിയല്ലേ… ?”
മിണ്ടാനായില്ല ശിവരാജനും, സുശീലക്കും..
ഇതെങ്ങിനെ ഇവനറിഞ്ഞു..
അവൾ പറഞ്ഞോ… ?.
എന്തിന്… മൂന്ന് വർഷമായി അവരുടെ വിവാഹം കഴിഞ്ഞിട്ട്… ഒരു കൊച്ചുമായി… ഇപ്പഴെന്തിനാണ് അവളിത് പറഞ്ഞത്… ?.
ശിവരാജൻ ഒന്നും മനസിലാവാതെ കിതച്ച് കൊണ്ട് പ്രശാന്തിനെ നോക്കി..
“” അന്ന് നിങ്ങളവളെ പിടിച്ചോണ്ട് പോന്നെങ്കിലും അവർ തമ്മിലുള്ള ബന്ധം വിട്ടിരുന്നില്ല… ഇപ്പഴും അവർ തമ്മിൽ ബന്ധമുണ്ട്….”
പ്രശാന്ത് പറഞ്ഞത് സുശീലക്ക് തീരെ വിശ്വാസം വന്നില്ല.. ഒരിക്കലുമതിന് സാധ്യതയില്ല..
അവനൊന്നുമില്ലാത്ത ഒരു തെണ്ടിയാണെന്നും, തന്നെ പറ്റിച്ചതാണെന്നും, ഇനിയവനെ കാണുന്നത് പോലും തനിക്ക് വെറുപ്പാണെന്നും ഐശു തന്നോട് പറഞ്ഞതാണ്…
“” മോനേ… അങ്ങിനെയൊന്നുണ്ടായി എന്നത് സത്യം തന്നെയാണ്… പക്ഷേ, അതിന് ശേഷംഅവര് തമ്മിൽ യാതൊരു ബന്ധവുമുണ്ടായിട്ടില്ല…
എനിക്കറിയാം മോനേ… അവളല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്… “”
സുശീല അവനെ കാര്യം പറഞ്ഞ് മനസിലാക്കാൻ നോക്കി..
“ അവള് നുണ പറഞ്ഞതാ അമ്മായീ… അവരിപ്പഴും ബന്ധമുണ്ട്…”
പ്രശാന്തിന്റെ മുഖം വലിഞ്ഞ് മുറുകിയത് ശിവരാജൻ ശ്രദ്ധിച്ചു..
“” മോനേ… അതൊരിക്കലുമുണ്ടാവില്ലെടാ…
നിന്നെയാരോ പറഞ്ഞ് പറ്റിച്ചതാവും..
എന്റെ കുട്ടിക്കൊരു അബദ്ധം പറ്റി എന്നത് സത്യമാണ്… പക്ഷേ, പിന്നെ അവനുമായി അവൾക്ക് യാതൊരു ബന്ധവും ഇല്ലായിരുന്നു…
ആ പേരും പറഞ്ഞ് ഇനിയൊരു പ്രശ്നമുണ്ടാക്കരുത് മോനേ…””
ശിവരാജൻ അങ്ങേയറ്റം താഴ്ന്ന് പറഞ്ഞു..
“” അതൊന്നും പ്രശ്നമില്ല അമ്മാവാ…
പഠിക്കുന്ന പ്രായത്തിൽ പ്രേമമൊക്കെ ഉണ്ടാവും… ചിലപ്പോ ഒളിച്ചോടിയെന്നും വരും…
പക്ഷേ, എന്റെ ബെഡ്റൂമിലിട്ട് അവനെ പിടിച്ചാ ഞാനെന്ത് ചെയ്യണം…?.
പോയി നോക്ക്… അനന്തരവളും കാമുകനും എന്റെ ബെഡ്റൂമിലുണ്ട്…
ശ്രദ്ധിച്ച് പോയാ മതി… ചെലപ്പോ രണ്ടിനും ഉടുതുണിയുണ്ടാവില്ല… “
ഞെട്ടി വിറച്ച് പോയി ശിവരാജൻ..
എന്താണീ കേട്ടത്…?.
ഐശുവും ആ ചെക്കനും ഇവരുടെ ബെഡ്റൂമിലുണ്ടെന്നോ… ?.
എങ്ങിനെ..? അവര് തമ്മിൽ ഇപ്പഴും ബന്ധമുണ്ടെന്നോ…?.
സുശീലയും കേട്ടത് വിശ്വസിക്കാനാവാതെ തകർന്ന് പോയി..
“” അമ്മാവാ… കുറേ നാളായി എനിക്ക് സംശയം തോന്നിയിട്ട്…
ഒരിക്കൽ ഞാൻ നേരിട്ട് കണ്ടതുമാണ്… പക്ഷേ പിടിക്കാൻ പറ്റിയില്ല…
ഇന്ന് പക്ഷേ കയ്യോടെ പിടിച്ച് മുറിയിൽ പൂട്ടിയിട്ടിട്ടുണ്ട്… വാ… കാണിച്ച് തരാം…”
പ്രശാന്ത് എണീറ്റു..
കൂടെ എണീറ്റ ശിവരാജൻ വേച്ച് പോയി..
സുശീല താങ്ങിയില്ലേൽ അയാൾ വീണേനെ…
പതറിപ്പതറി രണ്ടാളും പരസ്പരം താങ്ങിപ്പിടിച്ച് പ്രശാന്തിന്റെ പിന്നാലെ നടന്നു..
“ ഞാനിതാരോടും പറഞ്ഞിട്ടില്ല… അവരെ മുറിയിലിട്ട് പൂട്ടിയപ്പോ തന്നെ അമ്മാവനെയാ വിളിച്ചത്… അമ്മാവൻ കണ്ടിട്ട് വേണം എനിക്കെന്റെ വീട്ടിൽ വിളിച്ച് പറയാൻ… ”
വാതിലിനടുത്തെത്തി നിന്ന് പ്രശാന്ത് പറഞ്ഞു..
“” എടീ… നീ ചത്തിട്ടൊന്നുമില്ലല്ലോ… ഞാനീ വാതില് തുറക്കുകയാ… നിന്റെ കാമുകനോട് പറഞ്ഞേര്, ചാടിയോടാൻ വല്ല പ്ലാനുമുണ്ടേൽ വേണ്ടാന്ന്…
എന്തേലും വേണ്ടാതീനം കാണിച്ചാ അവനിവിടുന്ന് ഇഴയേണ്ടിവരും…
നിനക്ക് രണ്ട് വിരുന്ന്കാരുണ്ട്…
ആദ്യം അവരെയൊന്ന് കാണ് നീ… “
പ്രശാന്ത് പോക്കറ്റിൽ നിന്ന് ചാവിയെടുത്ത് വാതിൽ തുറന്നു..
ഒരാന്തലോടെയാണ് ശിവരാജൻ അകത്തേക്ക് നോക്കിയത്..
