“മോനെ ശ്രീ… ഇതു രാജൻ ചേട്ടന്റെ അനിയൻ ദീപൻ… അതു ദീപന്റെ ഭാര്യ ഭാമ… അതു ഇളയ രണ്ടു മക്കൾ…”
വല്യമ്മ എന്നോടു പറഞ്ഞു… ഞാൻ എല്ലാവരെയും നോക്കിയിട്ടു വല്യമ്മയെ തലയാട്ടി കാണിച്ചു. എനിക്കു ഇപ്പോഴും രാവിലെ വല്യമ്മ മീരയെ വഴക്കു പറഞ്ഞതിന്റെ നല്ല ദേഷ്യമുണ്ടായിരുന്നു… ഞാൻ അവിടെ നിന്നും പെട്ടന്നു തന്നെ നാലുകെട്ടിനെ ചുറ്റി അകത്തേക്കു നടക്കാൻ തുടങ്ങി, ഞാൻ അവിടെനിന്നും പോയതു വല്യമ്മക്കു ഇഷ്ടമായില്ലാ എന്നുറപ്പ്… കോവണി ഇരുന്ന മുറി താണ്ടി രണ്ടാമത്തെ നാലുകെട്ടിൽ എത്തിയപ്പോൾ അടുത്ത മുറിയിൽ നിന്നും സംസാരം കേട്ടു… ഞാൻ അവിടേക്കു നടന്നു ചെന്നപ്പോൾ ഉഷാമ്മയും, ചിറ്റയും, അമ്മു മോളും, ലളിത ചേച്ചിയും, മീനാക്ഷിയും അവിടെ നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ അവരുടെ സംസാരം നിലച്ചു…
“ശ്രീക്കു ഹർഷ മോളെ കണ്ടിട്ടു ഇഷ്ടപ്പെട്ടോ…”
ശോഭന ചിറ്റയാണതു ചോദിച്ചത്…
“ഞാനിന്തിനാ അവരെ ഇഷ്ടപെടുന്നതു…”
ഒന്നും അറിയാത്ത ഭാവത്തിൽ ഞാൻ മറുപടി പറഞ്ഞു… ശോഭന ചിറ്റയെ കണ്ടപ്പോൾ കുറച്ചു മുൻപു കുളി കടവിൽ നടന്ന കാര്യമാണ് എനിക്കോർമ്മ വന്നത്…
“അതൊക്കെ ഓപ്പോള് നിനക്കു പറഞ്ഞു തരും…”
ചിറ്റ ചിരിച്ചുകൊണ്ടു പറഞ്ഞു…
“മീനാക്ഷി… മീനാക്ഷി….”
വല്യമ്മയുടെ ശബ്ദം കേട്ടപ്പോൾ മീനാക്ഷി അവിടേക്കു എന്റെ അരികിലൂടെ നടന്നു പോയി…
“നമ്മുടെ ശ്രീയുടെ അത്ര തന്നെ പൊക്കമുണ്ടോ ആ ഹർഷക്കു…”
ഉഷാമ്മ എന്നെ അടി മുടി നോക്കിയിട്ടു ചോദിച്ചു…
“ഏയ്… ഇല്ലാ… പെൺപിള്ളാർക്ക് കുറച്ചു പൊക്കം കൂടുതൽ തോനിക്കും…”
ചിറ്റ നിസാര ഭാവത്തിൽ പറഞ്ഞു…. ഞാൻ വല്യമ്മ വന്നു എന്നോടു സംസാരിക്കുമ്പോൾ എങ്ങനെയെല്ലം ഞാനീ കല്യാണത്തിനു പറ്റില്ല എന്നു പറയാൻ പറ്റുമെന്നു ആലോചിച്ചു കൊണ്ടു നിന്നു… വല്യമ്മയുടെയും ചിറ്റയുടെയും ഗൂഢ പദ്ധതി ഞാൻ പൊളിക്കുന്നതിനുള്ള മാർഗങ്ങളും അപ്പോൾ അവരുടെ മുഖത്തെ ഭാവമാറ്റങ്ങളും മനസ്സിൽ ആലോചിച്ചു….
“അമ്മ മീരയെ കണ്ടോ…”
എന്റെ തൊട്ടു പുറകിലായി വന്നു നിന്നു അവിടെ ഇരിക്കുന്ന ലളിത ചേച്ചിയോടു മിനാക്ഷി ചോദിച്ചു…
“ഞാൻ കണ്ടാരുന്നു… എന്തെ…”
ഞാൻ മീനാക്ഷിയോടു ചോദിച്ചു…
“വല്യമ്മ വിളിച്ചു കൊണ്ടു വരാൻ പറഞ്ഞു… അതാ…”
മീനാക്ഷി നിലത്തേക്കു നോക്കി മറുപടി പറഞ്ഞു….
“ഞാൻ പോയി വിളിച്ചുകൊണ്ടു വരാം…”
അതും പറഞ്ഞു ഞാൻ കുളി കടവിലേക്കുള്ള നട വഴിയെ ലക്ഷ്യമാക്കി വേഗത്തിൽ നീങ്ങി…
“അയ്യോ…. വേണ്ടാ… എവിടെ ആണു പറഞ്ഞാൽ ഞാൻ പോയി…..”
മീനാക്ഷിയുടെ ശബ്ദം കേട്ടങ്കിലും ഞാൻ ചാടി പുറത്തിറങ്ങിയിരുന്നു…. മീരയോടു സംസാരിക്കാൻ കിട്ടുന്ന ഒരവസരവും വെറുതെ കളയാൻ എനിക്കു പറ്റില്ലല്ലോ…
നടവഴിയിൽ നിന്നും ഞാൻ മുറ്റത്തു ചാടി കടന്നു മീരയെ കണ്ട ദിശയിലേക്കു നടന്നു… നേരെത്തെ ഇരുന്ന സ്ഥലത്തു തന്നെ ഇരിപ്പുണ്ടായിരുന്നു മീര…. അല്ല…. എന്റെ സ്വന്തം മീര…
“മാഷേ… ഇവിടെയിരുന്നു ഉറങ്ങി പോയോ…”
ഞാൻ വിളിച്ചപ്പോൾ അവൾ തല പൊക്കി നോക്കി…
“ഇയാൾക്കു എന്താ വേണ്ടേ…”
മീര എന്നെ നോക്കി ചോദിച്ചപ്പോൾ, നിന്നെ എന്നു പറയാനാണ് തോന്നിയതു….
“തന്നെ വിളിച്ചോണ്ടു ചെല്ലാൻ പറഞ്ഞു…”
“ആരു പറഞ്ഞു…”
“തനിക്കു ഏറ്റവും പ്രിയപ്പെട്ട സന്ധ്യ വല്യമ്മ…”
ഞാൻ പറഞ്ഞപ്പോൾ അവൾ സംശയത്തോടെ എന്നെ ഒന്നു നോക്കി എഴുന്നേറ്റു… ഞാൻ നടക്കുന്നതിനു തൊട്ടു പിന്നിലായി അവളും വന്നു.. ഞങ്ങൾ നട പാത എത്തിയപ്പോൾ വാതിലിന്റെ അവിടെ വന്നു മീനാക്ഷി നിൽപ്പുണ്ടായിരുന്നു…
“കുഞ്ഞു… നിന്നെ വല്യമ്മ വിളിക്കുന്നു…”
വാതിലിന്റെ മുന്നിൽ നിന്നും മാറി കൊടുത്തു മീനാക്ഷി എന്തെ പുറകിലായി വന്ന മീരയോടു പറഞ്ഞു… കുഞ്ഞുവോ.., ഇവളെ മീനാക്ഷി വിളിക്കുന്നതു അങ്ങനെയാണോ…
“എന്തിനു….”
കടുത്ത ശബ്ദത്തിൽ തന്നെ മീര ചോദിച്ചു… ഇനി ഇപ്പോൾ വന്നവരുടെ മുന്നിൽ വെച്ചും മീരയെ വഴക്കു പറയാൻ ആണെങ്കിൽ തള്ള വിവരമറിയും എന്നു ഞാൻ മനസ്സിൽ തീർച്ച പെടുത്തി…
“പാട്ടു പാടാൻ….”
മീനാക്ഷി പറഞ്ഞപ്പോൾ ഞാനും മീരയും ഞെട്ടി… അങ്ങനെ ഞങ്ങൾ ആദ്യമായി ഒരുമിച്ചു ഒരു കാര്യം ചെയ്തു… ഒരുമിച്ചുള്ള ജീവിതതിന്റെ തുടക്കമാവട്ടെ ഇതു…
