അച്ഛമ്മ മൊട്ടയെ നോക്കി ചോദിച്ചു…
“ഉവ്വാ… മൂത്തതു ബാങ്ക് ഉദ്യോഗസ്ഥനാ, അവന്റെ കേട്ടു കഴിഞ്ഞ ചിങ്ങത്തിലാരുന്നു… ഇവിടുന്നെല്ലാരും വന്നതല്ലേ… പിന്നുള്ള രണ്ടെണ്ണമാ ഇപ്പോൾ കൂടെ വന്നത്…”
അയാൾ അച്ഛമ്മയോടു പറഞ്ഞു…
“രണ്ടാണും ഒരു പെണ്ണും… അല്ലേ…”
അച്ഛമ്മ വീണ്ടും തിരക്കി…
“അതേ… ഏറ്റവും ഇളയതാ പെണ്ണ്… അവളിപ്പോൾ സംഗീതം പഠിക്കുവാ.. അതിനു മൂത്ത ചെറുക്കൻ വിദ്യാഭ്യാസമൊക്കെ നിർത്തി എന്നെ സഹായിക്കാൻ കൂടി…”
മൊട്ട തലയൻ അതു പറഞ്ഞു തീർത്തപ്പോൾ ഒരു പാത്രത്തിൽ നിറയെ ചായ ഗ്ലാസുമായി ഉഷാമ്മ വന്നു, അവരുടെ കൂടെ എനിക്കു പരിചയമില്ലാത്തൊരു സ്ത്രീയും…
“ഭാമേ… ഹർഷ മോളെവിടെ…”
മൊട്ട തലയൻ ഉഷാമ്മയുടെ കൂടെ വന്ന സ്ത്രീയെ നോക്കി ചോദിച്ചു… ഉഷാമ്മ ചായ എല്ലാവർക്കും നൽകി മടങ്ങി….
“അവളു ഹരിയുടെ കൂടെ നടക്കാൻ ഇറങ്ങിയതാ… ഞാൻ വിളിക്കാം…”
അവരു മറുപടി പറഞ്ഞു പുറത്തേക്കു ഇറങ്ങാനൊരുങ്ങി..
“ഭാമ ഇവിടെ നിൽക്കു… മക്കളെ വിളിക്കാൻ ഞാനാരെയെങ്കിലും പറഞ്ഞു വിടാം… മീരാ… എടി മീരേ… എടി മിനാക്ഷി… എവിടെ പോയി കിടക്കുവാണോ അസത്തുകളു.. ഒരാവിസത്തിനു വിളിച്ചാൽ ഒന്നിനേം കാണില്ലാ…“
സന്ധ്യ വല്യമ്മ ഉറക്കെ വിളിച്ചു കൂവി… മയിരു തള്ള, എന്റെ മീരയെ അല്ലേ അസത്തു എന്ന് വിളിച്ചതു…
”എന്താ വല്യമ്മേ…“
അകത്തു നിന്നും മീനാക്ഷി ചോദിച്ചുകൊണ്ടു വന്നു…
”നീ പോയി ഹരി മോനെയും ഹർഷ മോളേയും വിളിച്ചു കൊണ്ടു വാ… അവരു പടിപ്പുരയുടെ അവിടോട്ടു നടക്കാൻ പോയതാ…“
വല്യമ്മ പറഞ്ഞപ്പോൾ മിനാക്ഷി തലയാട്ടി അവിടേക്കു നടന്നു…
”ശ്രീഹരിക്കു കൊച്ചിയിലുള്ള വീട്ടിലിപ്പോൾ ആരാ ഉള്ളതു…“
നടന്നു മായുന്ന മിനാക്ഷിയെ നോക്കി നിന്ന എന്നോടു മൊട്ട ചോദിച്ചു…
”അടിച്ചു വാരിയിടാൻ ഒരു ചേച്ചിയോടു പറഞ്ഞിട്ടുണ്ട്…“
”നന്നായി… അമ്മയുടെ തറവാട് വീട് ഇപ്പോഴുമുണ്ടോ..“
”ഉണ്ട്… വാടകയ്ക്കു കൊടുത്തേക്കുവാ…“
ഞാൻ അയാൾക്കു ഉത്തരം കൊടുത്തു…
”വാടകയൊക്കെ ശ്രീഹരിക്കു ആവും അല്ലേ കിട്ടുക…“
മൊട്ട തലയൻ വീണ്ടും തിരക്കി… എന്തൊക്കെ വിവരങ്ങളാ ഇയാൾക്കു അറിയേണ്ടതു…
”പിന്നല്ലാതെ ആർക്കാ ദീപാ… അതു മാത്രമല്ലാ ശ്രീടെ അമ്മ വീടിനു ചുറ്റും കുറച്ചിമ്മിണി സ്ഥലവും അതിലായി രണ്ടു കാടമുറിയുമുണ്ടു…. അതിന്റെ വാടകയും, പാട്ട കാശുമെല്ലാം ശ്രീക്കു തന്നെയാ കിട്ടുന്നെ…“
വല്യമ്മ അയാളോടു പറഞ്ഞപ്പോൾ ഞാൻ ഞെട്ടി പോയി… ഇതൊക്കെയി പെണ്ണുംപിള്ള എവിടുന്നറിയുന്നു…. അതിലും കൂടുതലെന്നെ ഞെട്ടിച്ചതു ഈ വാർത്ത കേട്ടു മൊട്ട തലയൻ പുഞ്ചിരിക്കുന്നതു കണ്ടപ്പോളാണ്… ഇനി ഇയാളുടെ മോളെ എന്നെ കൊണ്ടു കെട്ടിക്കുന്ന കാര്യമാകുമോ വല്യമ്മയും ചിറ്റയും കൂടെ കഴിഞ്ഞ ദിവസം പറഞ്ഞത്…..
ഉമ്മറത്തു നിന്നും അകത്തേക്കൊരു യുവാവ് കടന്നു വന്നു…. ഇളം നീല മുഴുവൻ കൈ ഷർട്ടും, കറുത്ത ബെൽ ബോട്ടം പാന്റുമിട്ട സുമുഖനായൊരാൾ… അയാൾക്കു പുറകിലായി ഒരു പെൺകുട്ടിയും അവിടേക്കു വന്നു…. എന്റെ അടുത്തു തന്നെ ഉയരമുള്ളൊരു മെലിഞ്ഞ പെൺകുട്ടി… ഇരു നിറത്തിൽ കുറച്ചു പരിഷ്കൃതയയൊരു പെണ്ണ്, അവളുടെ വസ്ത്രമൊരു കറുപ്പിൽ വെള്ള പുള്ളികളുള്ള സാരിയായിരുന്നു…. കൺമഷി കൊണ്ടു കണ്ണിൽ നിന്നും വാലു വരച്ചിട്ടുണ്ട്, ചുണ്ടിൽ ചുമന്ന ഛായവും പൂശിയിരുന്നു..
“മോനെ… ഹരി, ഇതാ ശ്രീ…”
ആദ്യം വന്ന യുവാവിനോട് മൊട്ട തലയൻ എന്നെ ചൂണ്ടി കാണിച്ചു പറഞ്ഞു..
“ഹലോ… ഞാൻ ഹരി… ഹരികൃഷ്ണൻ…”
ആ യുവാവ് എനിക്കു നേരെ കൈ നീട്ടി പറഞ്ഞു…
“ഞാൻ ശ്രീഹരി…”
അയാളുടെ കൈ പിടിച്ചു കുലുക്കി ഞാൻ പറഞ്ഞു…
“ഇതാണ് ഹർഷാ…. ഞങ്ങളുടെ ഒരേ ഒരു പെങ്ങൾ.. ആ ലാളനയുടെ വഷളതരമെല്ലാം പെണ്ണിനു ഉണ്ടു കേട്ടോ…”
ആ യുവാവ് പുറകെ വന്ന പെൺകുട്ടിയെ കാണിച്ചു എന്നോടു പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു… ഞാൻ തിരിച്ചും… ഇവളാവും അവരു പറഞ്ഞ പെണ്ണ് എന്നു ഞാൻ മനസ്സിലോർത്തു.. കാണാനൊരു ചന്തമൊക്കെയുണ്ട്, പക്ഷെ എന്റെ മനസ്സിൽ നിന്നുമിപ്പോൾ മീരയെ ഇള്ളക്കാനാരു വന്നാലും നടക്കില്ല…
