താഴ് വാരത്തിലെ പനിനീർപൂവ് – 8 Like

“എന്തിനാടാ എന്റെ കൊച്ചിനോട് ഈ ചതി ചെയ്തത് ?”

അതു വായിച്ചു കഴിഞ്ഞു നിൽക്കുന്ന എന്നോട് അച്ചായൻ ദേഷ്യത്തോടെ ചോദിച്ചു.

“അച്ചായാ ഞാൻ അല്ല അവളെ… “

ഞാൻ നിറ മിഴികളോടെ പറഞ്ഞു.
എനിക്ക് ഏറ്റവും വിഷമം ആയതു അച്ചായൻ എന്നെ തെറ്റുധരിച്ചതിൽ ആയിരുന്നു.

“നീയല്ലേങ്കിൽ പിന്നെ ആരു ?.”

അച്ചായൻ ദേഷ്യം കലർന്ന സ്വരത്തിൽ ചോദിച്ചു.
“അതു… എനിക്ക് പറയാൻ പറ്റില്ല അച്ചായാ.അതിനുള്ള അനുവാദം എനിക്ക് ഇല്ല .. “

ഞാൻ പറഞ്ഞു.

“അങ്ങനെ ഒരു ആള് ഉണ്ടെങ്കിൽ അല്ലെ നിനക്ക് പറയാൻ പറ്റു. “

“അച്ചായൻ എന്നെ വിശ്വസിക്കണം. ഞാൻ അല്ല എന്റെ കുഞ്ഞോളെ .. “

“ഇനിയും നിന്നെ വിശ്വസിക്കാൻ ഞാൻ പൊട്ടൻ ഒന്നും അല്ല. എനിക്ക് ഒരു കാര്യം കൂടി നിന്റെ വായിൽ നിന്നും അറിയാൻ ഉണ്ട് “

അച്ചായൻ പറഞ്ഞു.

ഞാൻ അതെന്താണ് എന്ന അർത്ഥത്തിൽ അച്ചായന്റെ മുഖത്തു നോക്കി.

“നീയും അവളും കൂടി ഗൈനക്കോളജിസ്റ്റ് ഷീബജേക്കബ് നെ കാണാൻ പോയിരുന്നോ ?”

അച്ചായൻ ചോദിച്ചു.

“ഉം “

ഞാൻ അതെ എന്ന അർത്ഥത്തിൽ ഒന്നു മൂളി.

“അവർ പറഞ്ഞു എന്നോട് എല്ലാം. “

“അതു അച്ചായാ അന്ന് അവരോടു അങ്ങനെ ഒക്കെ പറയേണ്ടി വന്നു. എല്ലാം സെലിൻ ന്റെ നല്ല ഭാവിക്ക്‌ വേണ്ടി ആയിരുന്നു . “

ഞാൻ പറഞ്ഞു.

“എന്നിട്ട് അവൾക്കു നല്ല ഭാവി കിട്ടിയോ.ഡാ “

അച്ചായൻ ദേഷ്യത്തോടെ എന്റെ കഴുത്തിൽ പിടിച്ചു ഭിത്തിയിൽ ചേർത്ത് നിർത്തി കൊണ്ട് ചോദിച്ചു.
“അച്ചായാ അച്ചായാ.. ഞാൻ പറയുന്നത് കേൾക്കു.ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. “

കഴുത്തിൽ അച്ചായന്റെ കൈ ഉള്ളത് കൊണ്ട് വിട്ടു വിട്ടു ആണു ഞാൻ പറഞ്ഞത് പുറത്ത് വന്നത്.

അതൊന്നും ചെവി കൊളളതെ അച്ചായൻ എന്റെ കഴുത്തിലേ പിടുത്തം മുറുക്കി . എനിക്ക് ശ്വാസം കിട്ടാതെ ആയി എന്റെ കണ്ണിൽ നിന്നും വെള്ളം വരാനും കാലുകൾ കിടന്നു പിടക്കാനും. ഞാൻ എന്റെ കൈകൾ കൊണ്ട് അച്ചായനെ തള്ളി മാറ്റാൻ ശ്രമിച്ചു എന്നാൽ അച്ചായൻ എന്നെക്കാൾ നല്ല ഉയരവും നല്ല ആരോഗ്യവും ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് ആ കൈകളെ ചെറുക്കാൻ കഴിഞ്ഞില്ല. അച്ചായന്റെ പിടുത്തം മുറുകുന്നതോടെ എന്റെ കണ്ണിൽ ഇരുട്ട് കയറാനും ഒപ്പം കൈകളുടെ ബലവും നഷ്ടപ്പെട്ടു കൊണ്ടിരുന്നു.

പെട്ടന്ന് അച്ചായൻ എന്റെ മേലുള്ള കൈ വിട്ടു . ഞാൻ ചുമച്ചു കൊണ്ട് താഴേക്കു ഇരുന്നു പോയി. ഇരുട്ട് വീണ എന്റെ കണ്ണിൽ വീണ്ടും വെളിച്ചം കടന്നു വന്നു.

“അച്ചായാ എന്താ ഇത് ”
എന്ന അർത്ഥത്തിൽ ഞാൻ അച്ചായന്റെ മുഖത്തേക്ക്‌ നോക്കി.

“നിന്നെ എനിക്ക് കൊല്ലാൻ ആവില്ല കുറച്ചു നാൾ ഞാൻ നിന്നെ എന്റെ മോനെ പോലെ സ്നേഹിച്ചത് അല്ലെ അതുകൊണ്ട് മാത്രം. പക്ഷെ നിന്നെ ഞാൻ വെറുതെ വിടും എന്നു കരുതേണ്ട . “

അതു പറഞ്ഞപ്പോൾ അച്ചായന്റെ കണ്ണ് നിറഞ്ഞിരുന്നു .
“അച്ചായാ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.. അച്ചായൻ എന്നെ തെറ്റുധരിച്ചതാണ്. “

ഞാൻ ആ ഇരുപ്പിൽ ചുമച്ചു കൊണ്ട് പറഞ്ഞു.

“നീ ഇനി ഒന്നും പറയണ്ട . ശെരിക്കും നിന്നെ പോലീസിൽ എല്പ്പിക്കേണ്ടതാ. പക്ഷെ ഞാൻ അതു ചെയ്യുന്നില്ല ഞാൻ അങ്ങനെ ചെയ്താൽ എന്റെ കുട്ടിയുടെ മരണം ആത്മഹത്യ ആവും അതെനിക്ക് സഹിക്കാൻ പറ്റില്ല . അവൾ കാലുതെന്നി വീണു മരിച്ചത് ആണെന്ന് എല്ലാവരും അറിഞ്ഞാൽ മതി.പക്ഷെ നീ രക്ഷപെട്ടു എന്നു കരുതേണ്ട നീ എന്റെ മോളെ നശിപ്പിച്ചിട്ട് നീ ലക്ഷ്മിയെം കെട്ടി സുഖം ആയി ജീവിക്കാം എന്നു കരുതേണ്ട. ഞാൻ അതിനു സമ്മതിക്കില്ല. ഈ മുറി വിട്ടു പോകുന്നതോടെ നിന്റെ ജീവിതത്തിൽ നിന്നും എല്ലാം ഓരോന്നായി നഷ്ടപ്പെടും. “

ഞാൻ നിസാഹയാവസ്ഥയോടെ അച്ചായനെ നോക്കി ,

“ഇറങ്ങി പോ.ഇനി എന്റെ കണ്മുന്നിൽ കണ്ടുപോകരുത് നിന്നെ?.”

അച്ചായൻ അതും പറഞ്ഞ് അവിടെ നിന്നു.

ഞാൻ ഒന്നും പറയാതെ അവിടെനിന്നും എഴുന്നേറ്റു വാതിലിലേക്ക്‌ നടന്നു.

എന്നാലും അച്ചായൻ എന്നെ തെറ്റുധരിച്ചല്ലോ അതെന്റെ മനസ്സിൽ കിടന്നു നീറി. എന്റെ ധൈര്യവും എല്ലാം എന്നിൽ നിന്ന് ചോർന്നു പോയി ഞാൻ ഒരു പ്രത്യേക അവസ്ഥ യിൽ ആയിരുന്നു. സെലിൻ എനിക്ക് എഴുതിയ ആ കത്തിലേ വാചകങ്ങൾ എല്ലാം അച്ചായൻ വേറൊരു രീതിയിൽ കണ്ടു. അവൾ ഒരു ഏട്ടനോടുള്ള സ്നേഹം ആണു ഉദ്ദേശിച്ചത് എങ്കിൽ അച്ചായൻ അതു മനസ്സിൽ ആക്കിയില്ല . എല്ലാം എനിക്ക് എതിരെ ആയിരുന്നു അച്ചായന്റെ കണ്ണിൽ.
ഞാൻ എല്ലാം നഷ്ടപ്പെട്ടവനെ പോലെ വാതിൽ തുറന്നു പുറത്തേക്ക് കടന്നു. പുറത്ത് എന്നെ കാത്തിരുന്നത് ഇതിനേക്കാൾ വലിയ ഒരു വിപത്ത് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *