തുടക്കവും ഒടുക്കവും – 1അടിപൊളി  

തൊഴിലാളികൾക്കുള്ള ലയത്തിൽ ആണ് രാഘവനും ലീലയും താമസം.. അവർക്ക് രണ്ടു മക്കൾ.. മൂത്തത് മകൻ ശിവൻ.. പിന്നെ ഒരു പെണ്ണ്.. ശ്രുതി.. മകൻ കോയമ്പത്തൂരിൽ ഒരു കമ്പനിയിലാണ് ജോലിചെയ്യുന്നത്.. ശ്രുതി ടൗണിൽ കോളേജിൽ ഡിഗ്രി രണ്ടാം വർഷം പഠിക്കുന്നു.. ഹോസ്റ്റലിൽ നിന്നാണ് പഠനം…

നാലു മാസമേ ആയിട്ടുള്ളു രാഘവൻ ഭാർഗവൻ മുതലാളിയുടെ തോട്ടത്തിൽ ജോലിക്ക് കയറിയിട്ട്…

ഇവിടുന്നു അമ്പതോളം കിലോമീറ്റർ അകലെയാണ് വീട്…

വീടിനടുത്തുള്ള ഒരു തോട്ടത്തിലായിരുന്നു ആദ്യം ടാപ്പിങ്..

ആ തോട്ടം റീ പ്ലാന്റ് ചെയ്തപ്പോൾ പണി ഇല്ലാതെ ആയി.. അങ്ങിനെയാണ് ഇവിടെ വന്നു കൂടിയത്…

ഈ നാട്ടിൽ വന്നപ്പോൾ തന്നെ ഭാർഗവൻ മുതലാളിയെ പറ്റി കേട്ടത് അത്ര നല്ല കാര്യങ്ങൾ ആയിരുന്നില്ല..

അങ്ങേര് എങ്ങിനെ ആണെങ്കിലും നമുക്ക് എന്താ.. ജോലി ചെയ്യുന്ന കൂലി കറക്ട് ആയി തരുന്നുണ്ട്.. നമ്മൾ നമ്മുടെ കാര്യം നോക്കി ജീവിച്ചാൽ നമ്മളെയും ആരും ശല്യം ചെയ്യില്ല എന്നൊക്കെയാണ് രാഘവൻ കരുതിയിരുന്നത്…

ഭാര്യക്ക് എന്തോ സംഭവിച്ചുണ്ടന്നു മനസിലാക്കിയ രാഘവന്റെ നിർബന്ധ പൂർവമുള്ള ചോദ്യങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ ലീല നടന്നതൊക്കെ ഭർത്താവിനോട് പറഞ്ഞു…

അവൾ പറഞ്ഞത് കേട്ട് അയാൾ കോപം കൊണ്ട് വിറച്ചു..

എന്റെ ഭാര്യയുടെ മേൽ കൈവച്ചവനെ ജീവനോടെ വിട്ടിട്ട് ഞാൻ ജീവിച്ചിട്ട് കാര്യമില്ല.. അവൻ ഏതു കൊമ്പത്തെ മുതലാളിയാണെങ്കിലും ഞാൻ വിടില്ല..

കോപം കൊണ്ട് വിറച്ച് ടാപ്പിംഗ് കത്തി എളിയിൽ തിരുകി മുതലാളിയെ കാണാൻ ഇറങ്ങിയ രാഘവനെ ലീല തടഞ്ഞു…

നിങ്ങൾ എന്ത് ഓർത്തുകൊണ്ടാണ് അയാളുടെ അടുത്തേക്ക് പോകുന്നത്.. നിങ്ങൾക്ക് പഴയ പ്രായമല്ല.. അയാൾക്ക് ഒരുപാട് ഗുണ്ടകളും പിടിപാടുമൊക്കെയുണ്ട്..

കൊന്ന് പുകപ്പുരയിൽ ഇട്ട് കത്തിക്കും എന്നാണ് എന്നോട് പറഞ്ഞത്…

ഒരു രീതിയിലും അവരെയൊന്നും എതിർക്കാനുള്ള ശക്തി നമ്മൾക്കില്ല.. ഇവിടുത്തെ ജോലിയും കൂലിയുമൊന്നും നമ്മൾക്ക് വേണ്ട.. പോകാം.. നാട്ടിലേക്ക് തിരിച്ചു പോകാം…

നമ്മൾക്ക് ഒരു പെൺകുട്ടിയുണ്ട്.. അവളുടെ ഭാവി നോക്കണ്ടേ.. ശിവൻ ഇതൊന്നും ഒരിക്കലും അറിയരുത്.. അവൻ വരുന്നതിനു മുൻപ് ഇവിടുന്നു നമുക്ക് പോകണം…

ലീല പറയുന്നതാണ് ശരി എന്ന് രാഘവന് തോന്നി.. താൻ ഒറ്റക്ക് അയാളെ എന്തു ചെയ്യാനാണ്…

ഞാൻ അയാളെ കൊന്നാലും അയാൾ എന്നെ കൊന്നാലും നഷ്ടം എന്റെ ഭാര്യക്കും മക്കൾക്കും തന്നെ…

അന്ന് രാത്രി മുഴുവൻ രാഘവന് ഉറങ്ങാൻ കഴിഞ്ഞില്ല.. പിറ്റേന്ന് തന്നെ അവർ ആരോടും പറയാതെ അത്യാവശ്യ സാധനങ്ങൾ എടുത്തുകൊണ്ട് സ്വന്തം നാട്ടിലേക്ക് പോയി…

അവിടെ ചെന്നിട്ടും പഴയപോലെ സന്തോഷത്തോടെ ജീവിക്കാൻ അവർക്കായില്ല.. എല്ലാ കാര്യത്തിലും ഒരു നിർവികാരത.. രണ്ടാൾക്കും ഒരു ഉന്മേഷക്കുറവ്…

കോളേജിൽ ഒരാഴ്ച അവധി ആയപ്പോൾ വീട്ടിലേക്ക് വന്ന ശ്രുതിയാണ് അച്ഛനും അമ്മയ്ക്കും ഉണ്ടായ മാറ്റം ആദ്യം ശ്രദ്ധിച്ചത്..

കാര്യം എന്താണെന്ന് അവൾ എത്ര ചോദിച്ചിട്ടും രാഘവനോ ലീലയോ മകളോട് പറഞ്ഞില്ല..പാവം അവൾ കൊച്ചു പെണ്ണല്ലേ.. അറിഞ്ഞാൽ അവളും കൂടി വേദനിക്കും എന്നല്ലാതെ എന്തു ഫലം..

പക്ഷേ വീട്ടിൽ എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് അവൾക്ക് മനസിലായി.. തിരിച്ചു പോകുന്നതിനു മുൻപ് ഇക്കാര്യം അവൾ തന്റെ ഏട്ടനോട് വിളിച്ചു പറയുകയും ചെയ്തു…

അനിയത്തി പറഞ്ഞത് കേട്ട് ടെൻഷനായ ശിവൻ അച്ഛനെയും അമ്മയെയും വിളിച്ച് കാര്യം ചോദിച്ചിട്ടും അവർ ഒന്നും പറഞ്ഞില്ല..

ശിവൻ കോയമ്പത്തൂരിൽ ഒരു പളനിസ്വാമി എന്ന ആളുടെ കൂടെയാണ് ജോലി ചെയ്യുന്നത്..

അവൻ പത്താം ക്ലാസ്സിൽ തോറ്റപ്പോൾ രാഘവൻ വഴക്കു പറഞ്ഞതിൽ പ്രതിഷേധിച്ച് നാടു വിട്ടതാണ്..

ചെന്ന് പെട്ടത് കോയമ്പത്തൂരിലെ പളനി സ്വാമിയുടെ ക്യാമ്പിലും..

ഇപ്പോൾ അയാളുടെ വിശ്വസ്ഥനായ ജോലിക്കാരനാണ് ശിവൻ.. അയാളുടെ നൂറുകണക്കിന് ഏക്കർ വരുന്ന കൃഷി സ്ഥലങ്ങളുടെ നോട്ടക്കാരൻ…

വീട്ടിൽ നിന്നുംപോയ മകനെ കുറിച്ച് വിവരമൊന്നും കിട്ടാതെ വേദനിച്ചിരുന്ന രാഘവനെ പളനിസ്വാമി നേരിട്ട് വിളിച്ച് മകൻ തന്റെ കൂടെ ഉണ്ടന്നും സുരക്ഷിതൻ ആണ് എന്നും അറിയിക്കുകയായിരുന്നു…

അതോടെ രാഘവൻ മകൻ അവിടെ തന്നെ നിൽക്കട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു…

കുറച്ചു നാളുകൾ കൊണ്ടുതന്നെ പളനി സ്വാമിയുടെ വിശ്വസ്തനായി ശിവൻ മാറി… ഇപ്പോൾ നാടുവിട്ടുപോയ പത്താം ക്‌ളാസുകാരൻ അല്ല ശിവൻ..

മണ്ണിൽ പണിയെടുത്ത് ഉറച്ച ശരീരവും അതിനൊത്ത ഗാഭീരവും നിറഞ്ഞ ചെറുപ്പക്കാരൻ..

അനുജത്തി ശ്രുതിയെ പഠിപ്പിക്കാവുന്നഅത്രയും പഠിപ്പിച്ച് ഉന്നത നിലയിൽ എത്തിക്കുവാണ് അവന്റെ ലക്ഷ്യം…

മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും വീട്ടിൽ വരും.. അമ്മയ്ക്കും അനിയത്തിക്കും ആവശ്യമുള്ളതൊക്കെ വാങ്ങി കൊടുക്കും.. അനിയത്തിയുടെ പഠിപ്പിന്റെ ചിലവുകൾ എല്ലാം അവനാണ് നോക്കുന്നത്..

ഭാർഗവൻ മുതലാളിയുടെ എസ്റ്റേറ്റിൽ രാഘവൻ ജോലിക്ക് വരുന്നതിൽ അവൻ എതിർപ്പ് പറഞ്ഞതാണ്…

നാട്ടിൽ കിട്ടുന്ന പണിയൊക്കെ ചെയ്‌താൽ പോരെ അച്ഛാ.. വീട്ടിലെ കാര്യങ്ങൾ ഞാൻ നോക്കികോളാം ..

മകൻ അങ്ങിനെ പറഞ്ഞതിൽ രാഘവന് സന്തോഷം തോന്നിയെങ്കിലും തനിക്ക് ആരോഗ്യം ഉള്ള കാലത്തോളം ജോലി ചെയ്യണം.. മോൾക്ക്‌ വിവാഹ ആവശ്യം വരുമ്പോൾ വേണ്ട പണം ഉണ്ടാക്കണം.. ഇങ്ങനെയൊക്കെ ചിന്തിച്ചു കൊണ്ടാണ് അയാൾ ഭാർഗവന്റെ എസ്റ്റേറ്റിൽ ജോലിക്ക് കയറിയത്…

ഫോണിൽ സംസാരിച്ചിട്ട് അമ്മയും അച്ഛനും ഒന്നും വിട്ടു പറയുന്നില്ലന്ന് തോന്നിയ ശിവൻ ഉടൻ തന്നെ നാട്ടിലേക്ക് വണ്ടി കയറി…

എസ്റ്റേറ്റിലെ പണി വേണ്ടാന്ന് തീരുമാനിച്ചു എങ്കിൽ അവിടെ വെച്ചാണ് എന്തോ സംഭവിച്ചിരിക്കുന്നത്…

ശിവൻ വീട്ടിൽ വന്ന് നേരിട്ട് ചോദിച്ചു എങ്കിലും അവർ ഒന്നും വിട്ടു പറഞ്ഞില്ല…

നീ എന്തിനാ ശിവാ ശ്രുതിയുടെ വാക്ക് കേട്ട് ഓടി വന്നത്.. എല്ലാം അവളുടെ തോന്നലാണ്.. ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ല..ലീല മകനോട് പറഞ്ഞു…

പിന്നെ എന്തിനാണ് അമ്മേ നിങ്ങൾ എസ്റ്റെറ്റിൽ നിന്നും ഇത്രവേഗം തിരിച്ചു പോന്നത്..അച്ഛൻ കുറേ നാൾ അവിടെ ജോലിചെയ്യണം എന്ന് ആഗ്രഹിച്ചു പോയതല്ലേ..

മകന്റെ ചോദ്യങ്ങൾക്കൊക്കെ ഒരുവിധത്തിൽ മറുപടി പറഞ്ഞ് ലീല ഒഴിവായി…

അന്ന് വൈകിട്ട് നാട്ടിലെ തന്റെ ചില സുഹൃത്തുക്കളെ കണ്ട ശേഷം തിരിച്ചു വരുമ്പോൾ ശിവൻ അച്ഛൻ എതിരെ വരുന്നത് കണ്ടു…

കണ്ടപ്പോഴേ അവനു മനസിലായി.. അച്ഛൻ കുടിച്ചിട്ടുണ്ട്..

അച്ഛൻ ഈ സമയത്ത് എവിടേക്കാണ്..

ആഹ്.. നീയോ.. നീ വീട്ടിലേക്ക് പൊയ്ക്കോ.. ഞാൻ കവല വരെ പോയിട്ട് വരാം…

ഷാപ്പിലേക്ക് ആയിരിക്കും.. ഇപ്പോൾ തന്നെ ആവശ്യത്തിന് കുടിച്ചിട്ടുണ്ട്.. ഇനി അച്ഛൻ ഷാപ്പിൽ പോകേണ്ട.. എന്റെ കൂടെ വീട്ടിലേക്ക് പോന്നാൽ മതി…

Leave a Reply

Your email address will not be published. Required fields are marked *