ദേവസുന്ദരി – 12അടിപൊളി  

കൂടെ ഞാനും ചെന്നു. അവിടെ CCTV ചെക്ക് ചെയ്യുകയായിരുന്നു അവർ.

 

അതിൽ ഇഷ താഴെ നിന്ന് മല എടുക്കുന്നത് വ്യക്തമായിരുന്നു. എനിക്കത് കണ്ടപ്പോഴെന്തോ വല്ലാത്ത ആശ്വാസം തോന്നി.

പോലീസുകാർ മറ്റേ പുള്ളിയെ ഒന്ന് വിരട്ടിയതും മലയുടെ കൊളുത്ത് പൊട്ടാറായി ഇരുന്നതാണെന്ന് പുള്ളിക്കാരി അവരോട് പറഞ്ഞു.

 

പോലീസുകാരോട് അനുവാദവും വാങ്ങി ഞാൻ ഇഷയെയും വീറിനെയും കൂട്ടി ഇന്നലെ ഇരുന്ന മരച്ചുവട്ടിലേക്ക് ചെന്നിരുന്നു.

 

“” പേടിച്ചുപോയോ…! “”

 

ഞാൻ ഇഷയോട് തിരക്കി.

 

“” മ്മ്…!! പറഞ്ഞതാ ഞാനല്ലാന്ന്…! ആരും കേൾക്കാൻ കൂട്ടാക്കിയില്ല.!””

 

“” പോട്ടെ സാരമില്ല… എന്തേലും കഴിച്ചോ നിങ്ങള്. ”

 

“” ഇന്നലെ വാങ്ങിത്തന്ന ബ്രഡ് ഉച്ചക്ക് കഴിച്ചു. “”

 

ഇഷ ഒരു ചിരിയോടെ പറഞ്ഞപ്പോൾ സത്യത്തിലെന്റെ ഉള്ള് വിങ്ങി. നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാരാണ്.

 

“” നിങ്ങളുടെ അച്ഛനും അമ്മേം…!””

 

“” ഒരു ആക്സിഡന്റിൽ മരിച്ചു. അച്ഛൻ സ്കൂൾ ടീച്ചർ ആയിരുന്നു. അവര് പോയപ്പോ അമ്മേടെ അകന്ന ബന്ധത്തിൽ ഉള്ള ഒരു അങ്കിളാണ് ഇവിടേക്ക് കൂട്ടിക്കൊണ്ട് വന്നത്. അയാൾ ഞങ്ങളെ ഒരു മാർവാടിക്ക് വിൽക്കാൻ നോക്കിയപ്പോൾ അവിടന്ന് ഇറങ്ങി ഓടിയതാ….!! “”

 

അവള് പറഞ്ഞതൊക്കെ ഒരു ഞെട്ടലോടെയായിരുന്നു ഞാൻ കേട്ടത്. എങ്ങനെ ജീവിക്കേണ്ടിയിരുന്നവരാണ്. ഈ ചെറുപ്രായത്തിൽ അവളെന്തോരം അനുഭവിച്ചു.

അവളുടെയും കണ്ണ് നിറയുന്നുണ്ടായിരുന്നു.

 

“” വണ്ടീല് ബിരിയാണിയുണ്ട്… ഞാനതെടു…!!! “”

 

ഈശ്വരാ…! താടക. അവളെന്നോടൊപ്പമുണ്ടായിരുന്നെന്നത് ഞാനപ്പാടെ മറന്നു.!

 

ഞാനൊരു ഞെട്ടലോടെ കാറിന് നേർക്ക് ഓടി. എന്റെ പെരുമാറ്റം കണ്ട് ഇഷ ഞെട്ടലോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.

 

ഞാൻ കാറിനടുത്തെത്തി. എന്നാൽ അവിടെയവളുണ്ടായിരുന്നില്ല. എന്റെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരുന്നു.

ഇന്ന് രാവിലെ അമ്പലത്തിൽ വച്ച് നടന്ന സംഭവം കൂടെ മനസിലേക്ക് വന്നതും എന്റെ കണ്ണിലേക്ക് ഇരുട്ട് കേറുന്നതുപോലെ തോന്നി.

 

ഈശ്വരാ…! ഇവളിതെവിടെപ്പോയി…!.

കൂടെ വന്ന അവളെ പൂർണമായും മറന്നുപോയതിലെനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. എന്ത് ചെയ്യണമെന്ന് ഒരൂഹവുമില്ലാതെ ഞാൻ അവിടെ നിന്നു. എന്തോ മനസ് കിടന്ന് പിടക്കണു.

 

പക്ഷേ അതിന് നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. ഞാൻ നിന്നിടത്തുനിന്ന് കുറച്ച് മാറിയുള്ള ചായക്കടേടെ മുന്നിൽ നിൽപ്പുണ്ട് കക്ഷി.

 

അവളെ കണ്ടപ്പോൾ തോന്നിയ ആശ്വാസം…! ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും ഉപരിയായിരുന്നു.

 

ഞാൻ വേഗം തന്നെ അവളുടെയെടുത്തേക്ക് നടന്നു. അവളൊരു ഡിസ്പോസിബിൽ ഗ്ലാസിൽ ചായ ഊതിക്കുടിക്കുകയായിരുന്നു. അവളുടെയെടുത്തേക്ക് വരുന്ന എന്നെക്കണ്ട് ചായക്കപ്പ് ചുണ്ടോട് ചേർത്ത് തന്നെ ചായവേണോ എന്ന അർത്ഥത്തിൽ അവൾ എന്നോട് ചായക്കടയ്ക്ക് നേരെ കണ്ണ് കാണിച്ചു. ഞാനത് കാര്യമാക്കാതെ അവളുടെ അടുത്തെത്തി.

 

“” പേടിപ്പിച്ച് കളഞ്ഞല്ലോടി തെണ്ടി…! “”

 

ഞാനവളുടെ അടുത്ത് നിന്നിട്ടവളോടായി പറഞ്ഞു.

 

“” ഇത് നല്ലകൂത്ത്…! ഒന്നുമ്പറയാണ്ട് വണ്ടീന്നിറങ്ങിയോടിയിട്ട് ഞാൻ പേടിപ്പിച്ചെന്നോ…! അല്ല എന്തിനാ സാറ് പേടിച്ചേ…! “”

 

ഞങ്ങൾ കാറിന് നേർക്ക് നടക്കണേനിടക്ക് അവൾ ചോദിച്ചു .

 

“” അത്…! അത് നിന്നെയവിടെ കാണാഞ്ഞപ്പോ..! “”

 

“” ഹ്മ്മ്…. ഇങ്ങനൊരാളു കൂടെയുള്ളകാര്യം ഇറങ്ങിയോടിയപ്പോൾ ഓർത്തില്ലല്ലോ…! അല്ല എന്തുവാ പ്ലാൻ…! ആ ചായക്കടേലെ ചേട്ടൻ സംഭവമൊക്കെ അവിടന്ന് വിവരിക്കണുണ്ടായി…!. തിരിച്ച് വന്നിട്ട് രണ്ട് തരണോന്നും കരുതിയാ ഞാൻ നിന്നേ… പിന്നേ ഒരു നല്ലകാര്യത്തിനായോണ്ട് ഞാൻ ചുമ്മാവിടുന്നു..!! “”

 

“” നീ വാ…! “”

 

ഞാൻ കാറിൽനിന്ന് ബിരിയാണിപ്പൊതിയും എടുത്ത് പിള്ളേരുടെയടുത്തേക്ക് നടന്നു. എനിക്ക് പിന്നാലെ അഭിരാമിയും.

 

ഞാൻ ആ പൊത്തി ഇഷയുടെ കയ്യിൽ കൊടുത്തിട്ട് അഭിരാമിയെ അവൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. അവൾ അഭിരാമിയോട് വിശേഷങ്ങളൊക്കെ തിരക്കുന്നുമുണ്ടായിരുന്നു.

 

അവരെ കഴിക്കാൻ വിട്ട് ഞാനും അഭിരാമിയും അല്പം മാറിനിന്നു.

 

“” എടൊ…! ഒരു ഹെല്പ് ചെയ്യാവോ…! തനിക്ക് ആ ഓർഫനേജിൽ നല്ല പരിചയമൊക്കെ ഉള്ളതല്ലേ…! ഇവരെ എവിടെയാക്കിയാ ആ പിള്ളേർക്കതൊരു അനുഗ്രഹമാവും. നീയൊന്ന് അവിടുത്തെ അക്കയെ വിളിച്ച് സംസാരിക്കാവോ…! “”

 

ഞാൻ ചോദിച്ചത് കേട്ട് അവളെന്നെ ആശ്ചര്യത്തോടെ നോക്കി.

 

“” അതൊക്കെ സംസാരിക്കാം… എന്നാലുവാ പിള്ളേരോടെന്താ ഒരു വല്ലാത്ത സെന്റിമെന്റ്സ്…! “”

 

അവളൊരു ചിരിയോടെ എന്നോട് തിരക്കി.

 

കുറച്ച് മുന്നേ ഇഷ എന്നോട് പറഞ്ഞ കാര്യങ്ങൾ അവളോട് പറഞ്ഞപ്പോൾ അവളൊന്ന് വല്ലാണ്ടായി. അവൾ പിന്നൊന്നുമാലോചിക്കാതെ വേഗം തന്നെ ഓർഫനേജിലേക്ക് ഫോൺ ചെയ്തു.

 

“” ഹലോ…! ആക്കാ… ഇത് ഞാനാ അഭിരാമി. അവിടെ രണ്ട് പിള്ളേർക്ക് അഡ്മിഷൻ എടുക്കാനായിരുന്നു. “”

 

അവിടന്ന് പറയണതിനൊക്കെ അഭിരാമി മൂളിക്കൊണ്ട് മറുപടി കൊടുക്കണുണ്ടായി.

 

“” ഞാൻ രാഹുലിന് കൊടുക്കാം…! “”

 

അവളെനിക്ക് നേരെ ഫോൺ നീട്ടി.

ഞാനത് വാങ്ങി കാര്യങ്ങളൊക്കെ അവരോട് സംസാരിച്ചു.

 

“” അവരുടെ ചിലവിനുള്ള എമൗണ്ട് ഞാൻ മാസത്തിൽ അടച്ചോളാം..! ഇവരെ അവിടെ ആക്കുന്നതിനു വേറെ ബുദ്ധിമുട്ടൊന്നുമില്ലല്ലോ…! “”

 

“” വേറെ കുഴപ്പമൊന്നുമില്ല. നിങ്ങൾ എന്നാൽ ഇന്ന് തന്നെ വന്നോളൂ..! “”

 

അവരോടോക്കെ പറഞ്ഞിട്ട് ഞാൻ കാൾ കട്ട്‌ ചെയ്തു.

 

“” താൻ വാ…! നമുക്ക് അവരോടൊന്നുസംസാരിക്കാം. “”

 

ഇഷയോട് കാര്യങ്ങൾ പറയുന്നത് ഉദ്ദേശിച്ച് ഞാൻ പറഞ്ഞു.

 

ഇഷയോട് കാര്യങ്ങളൊക്കെ പറഞ്ഞെങ്കിലും ആദ്യമവൾ എതിർത്തു.

 

“” വേണ്ട ഏട്ടാ…! ഞങ്ങൾ എങ്ങനേലും ജീവിച്ചോളാം.. “”

 

“” എങ്ങനെ ജീവികൂന്നാ മോളേ നീ പറയുന്നേ… നീ വീറിന്റെ കാര്യം കൂടെ ചിന്തിക്ക്. അവിടെ സ്കൂളിൽ രണ്ടാൾക്കും പഠിക്കാം. പഠിച്ച് നല്ല ജോലിയൊക്കെ ആയാൽ സ്വർഗത്തിലിരുന്ന് നിങ്ങളുടെ അച്ഛനും അമ്മേം എത്രമാത്രം സന്തോഷിക്കും. “”

 

ഞാൻ വീണ്ടും പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.

 

“” ഏട്ടാ…!!”” എന്ന് വിളിച്ചവൾ എന്നെ ഇറുക്കിപ്പുണർന്നു. വീർ കാര്യം മനസിലാവാതെ ഞങ്ങളെ നോക്കിയിരിപ്പുണ്ട്.

 

താടകയെ നോക്കിയപ്പോൾ എനിക്ക് ചിരിവന്നു. അവിടിരുന്ന് കണ്ണീർ വാർക്കുകയായിരുന്നു അവൾ.

ഇവളിത്രേം ലോല ഹൃദയയായിരുന്നോ.!!

 

 

“” ഇരുന്നുമോങ്ങാണ്ട് ഇങ്ങ് വാഡോ….! നമുക്ക് പോയേക്കാം… “”

Leave a Reply

Your email address will not be published. Required fields are marked *