ദേവസുന്ദരി – 12അടിപൊളി  

 

ഞാൻ അഭിരാമിയോട് പറഞ്ഞതും അവൾ ‘പോടാ..!’ എന്ന് ശബ്ദമില്ലാതെ ചുണ്ടനക്കി.

 

ഞങ്ങൾ വീറിനെയും ഇഷയെയും കാറിൽ കയറ്റി ഓർഫനേജ് ലക്ഷ്യമാക്കി നീങ്ങി.

ജിൻസിയുടെ കോൾ ഇടക്ക് വരുന്നുണ്ടെങ്കിലും ഞാനത് കാര്യമാക്കിയില്ല. മിക്കവാറും അവര് ഒരുക്കങ്ങളൊക്കെ കഴിഞ്ഞ് കാത്തിരിക്കുകയാവും.

 

ഓർഫനേജിൽ എത്തി അവിടുത്തെ കാര്യങ്ങൾ ഓക്കെ തീർത്ത് ഞങ്ങൾ ഇഷയെ അടുത്തേക്ക് വിളിച്ചു. വീർ അപ്പോഴേക്കും അവിടുള്ള മറ്റുകുട്ടികളോടൊപ്പം കളി തുടങ്ങിയിരുന്നു.

 

ഇഷ അത് കണ്ട് കണ്ണ് നിറച്ചു.

 

“” ഹേയ്…! എന്താടോ… ഇനി കരയാൻ പാടില്ലാട്ടോ. നന്നായി പഠിക്കണം. ഞങ്ങൾ എന്നാൽ പോയിട്ട് പിന്നേ വരാട്ടോ…! “”

 

അവളുടെ കണ്ണുനീർ തുടച്ചു മാറ്റി തലയിലൊന്ന് തഴുകി ഞാൻ പറഞ്ഞു.

 

അവളുടെ സങ്കടം അണപ്പൊട്ടി. ഒരു എക്കിക്കരച്ചിലോടെ അവളെന്റെ നെഞ്ചിലേക്ക് വീണു.

 

“” അച്ഛനും അമ്മേം പോയെല്പിന്നെ ആരേലും ഒപ്പമുണ്ട് എന്ന് തോന്നിയത് ഏട്ടനെക്കണ്ടേൽ പിന്നെയാ… ഞാൻ എങ്ങനാ ഇതിനൊക്കെ നന്ദി പറയണ്ടേ…! “”

 

അവൾ കരച്ചിലിനിടക്ക് പറഞ്ഞൊപ്പിച്ചു. അവളുടെ വാക്കുകൾ ഇടറിയിരുന്നു. കരച്ചിലിനിടയിൽ പലപ്പോഴായി അത് മുറിഞ്ഞു.

 

“” നന്നായി പഠിച്ച് ഒരു ജോലി വാങ്ങിയാൽ മതി…! എനിക്ക് അതിലും വലുതായി ഒന്നും വേണ്ട…! “”

 

“” ഞാൻ വാക്ക് തരുന്നു.! ഞാൻ നന്നായി പഠിച്ച് ഒരു ജോലി വാങ്ങിയിരിക്കും… ഓഫർ ലെറ്റർ ആദ്യം ഏട്ടനെത്തന്നെ ഞാൻ കാണിക്കും…! “”

 

ഇപ്രാവിശ്യമവളുടെ ശബ്ദത്തിനിടർച്ച ഇല്ലായിരുന്നു. അത് അവളുടെ ഉറച്ച തീരുമാനമായിരുന്നു.

 

അവരോട് യാത്ര പറഞ്ഞ് ഞങ്ങൾ ഫ്ലാറ്റിലേക്ക് ചെന്നു.

 

പാർക്കിങ്ങിൽ കാർ ഇട്ട് ഞങ്ങൾ ഇറങ്ങി.

 

“” താൻ നടന്നോ…! എനിക്കൊരു കാൾ ചെയ്യാനുണ്ട്. “”

 

അഭിരാമിയോട് പറഞ്ഞിട്ട് ഞാൻ ഫോൺ കയ്യിൽ എടുത്തു.

 

അവളതിന് തലയിളക്കി സ്റ്റെയർ കയറിത്തുടങ്ങി. ഞാൻ വേഗം തന്നെ ജിൻസിയെ വിളിച്ച് ഞങ്ങൾ എത്തി എന്ന് പറഞ്ഞ് കാൾ കട്ട് ആക്കി.

 

എന്നിട്ട് ഞാനും മുകളിലേക്ക് കയറി.

 

അഭിരാമി ഞങ്ങളുടെ ഫ്ലാറ്റിന്റെ ഡോർ തുറന്നതും രണ്ട് സൈഡിൽ നിന്നും പാർട്ടി പോപ്പർ പൊട്ടിക്കുകയും ലൈറ്റ് തെളിയുകയും ചെയ്തു. ഒപ്പം കൊറസ് പോലെ ‘ഹാപ്പി ബർത്ഡേ ടു യൂ…’ എന്ന പാട്ടും.

 

പോപ്പർ പൊട്ടിയതിന്റെ ഞെട്ടലിൽ താടക മലർന്നടിച്ച് പുറകോട്ട് വീഴെങ്കൂടെ ചെയ്തതോടെ പൂർത്തിയായി.

 

” അയ്യോന്ന് ” വിളിച്ചു അമ്മു വേഗം തന്നെ അഭിരാമിയെ വലിച്ചെണീപ്പിച്ചെങ്കിലും പിന്നീടങ്ങോട്ട് കൂട്ടച്ചിരിയായിരുന്നു.

 

ഒന്ന് നിലം ടെസ്റ്റ്‌ ചെയ്തേന് ഇത്രേം ചിരിക്കാനെന്തിരിക്കണു എന്നൊരു ഭാവത്തോടെ താടക ഞങ്ങളെ മൂന്നിനേം നോക്കി കണ്ണുരുട്ടി.!

 

“” സർപ്രൈസ് സർപ്രൈസ് എന്ന് പറഞ്ഞപ്പോ ഞാനിത്രേം കരുതീല….! ഇത് വല്ലാത്ത സർപ്രൈസ് ആയിപ്പോയീ ലേ ചേച്ചി…! “”

 

അമ്മു ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് അഭിയോട് ചോദിച്ചപ്പോൾ അവളുടെയൊരു ഇളിഞ്ഞ ചിരിയുണ്ടായിരുന്നു. അത് കണ്ടതും ചിരിയൊന്നൂടെ മുറുകി.

 

കുറച്ച് നേരം ജിൻസിയും അമ്മുവും താടകയെ അതുമ്പറഞ്ഞ് താറ്റിയെങ്കിലും അതും ഒരു രസമായിരുന്നു.

 

ഞാൻ ഫ്ലാറ്റ് ഒന്ന് വീക്ഷിച്ചു. ഹാളിലേ ഒരു ഭാഗം രണ്ടുപേരും ചേർന്ന് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. അവിടെ ഒരു ടേബിളിൽ വലിയ ഒരു കേക്കും രണ്ടും സെറ്റ് ആക്കീട്ടുണ്ട്.

 

ഒരുക്കങ്ങൾ കണ്ട് അഭിരാമിയെപ്പോലെ തന്നെ ഞാനും ഞെട്ടിയിരിക്കുകയാണ്. സർപ്രൈസ് ഫങ്ക്ഷൻ എന്നൊക്കെ പറഞ്ഞെങ്കിലും ഞാനും ഇത്രക്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അത് കൂടാതെ വിഭവ സമൃതമായ സദ്യ തന്നെ ജിൻസി ബർത്ഡേ പ്രമാണിച്ച് ഒരുക്കീട്ടുമുണ്ട്.

 

കേക്ക് കട്ട്‌ ചെയ്യുന്നതിന് മുന്നേ തന്നെ ജിൻസി എന്റെ അമ്മയെ വീഡിയോ കാൾ ചെയ്തു. അമ്മയുടെയും അല്ലിയുടെയും ഒക്കെ ബർത്ഡേ വിഷ് കൂടെ കിട്ടിയ ശേഷമാണ് അവൾ കേക്ക് കട്ട്‌ ചെയ്തത്.

 

അവരോട് വിശേഷങ്ങൾ ഒക്കെ പറഞ്ഞ് കുറച്ചുനേരമിരുന്നു. പിന്നേ ഞങ്ങൾ കഴിക്കാനായി ഇരുന്നു.

 

“” ഇവളേങ്കൂട്ടി എവിടേലുങ്കറങ്ങാൻ പോണോന്ന് പറഞ്ഞപ്പോ എന്തൊരു ജാടയായിരുന്നവന്…! ന്നിട്ട് നോക്ക്യേ…! അവസാനം കാണാഞ്ഞിട്ട് വിളിക്കേണ്ടി വന്നു. “”

 

കഴിക്കണേനിടെ ജിൻസി എനിക്കിട്ടൊന്ന് കൊട്ടിയപ്പോൾ അഭിരാമി സംശയത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.

 

ഒരുപക്ഷെ ഇന്ന് അവളോട് നല്ല രീതിയിൽ പെരുമാറിയത് ജിൻസിയുടെ നിർദേശപ്രകാരമുള്ള അഭിനയമായിരുന്നോ എന്നാവണം അവളപ്പോൾ ചിന്തിച്ചത്.

 

 

“” കറങ്ങാനോ…! അതിനിവളെന്നേം വലിച്ച് ഏതോ ഓർഫനേജിലേക്കാണ് കൊണ്ടോയെ…! “”

 

അഭീടെ നോട്ടം കണ്ട് അവൾക്കൊരു പുഞ്ചിരി സമ്മാനിച്ച് ഞാൻ പറഞ്ഞു.

 

ജിൻസീം അമ്മുവും അന്തം വിട്ട് ഞങ്ങളെ നോക്കിയപ്പോൾ ഇന്നുണ്ടായ കാര്യങ്ങളൊക്കെ ഞാൻ വിവരിച്ച് കൊടുത്തു.

 

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ രണ്ടിനും ഇഷയെയും വീറിനെയും കാണണം എന്ന്.

 

പിന്നീടൊരു ദിവസം പോവാന്ന് പറഞ്ഞ് ഒരു കണക്കിന് ഒതുക്കി രണ്ടിനേം ജിൻസീടെ ഫ്ലാറ്റിലേക്ക് ഉന്തിത്തള്ളി വിട്ടു. അതിന് മുന്നേ തൊട്ടടുത്തുള്ള ഫ്ലാറ്റിൽ ഒക്കെ അമ്മുവും അഭിരാമിയും ചെന്ന് കേക്ക് കൊടുത്തിട്ട് വന്നിരുന്നു.

 

ആ ഗ്യാപ്പിൽ ഞാൻ ഒന്ന് പോയി കുളിച്ചു. റെയിൻ ഷവറിലൂടെ പെയ്തിറങ്ങുന്ന ജലധാര എന്നിൽ അവശേഷിച്ചിരുന്ന ക്ഷീണത്തെയും അലിയിച്ചു കളഞ്ഞു.

 

ഫ്രഷ് ആയി ഇറങ്ങുമ്പോഴേക്ക് അഭിരാമി തിരിച്ചെത്തിയിരുന്നു.

 

“” രാഹുൽ..! ഞാങ്കിടക്കുവാട്ടോ. ചെറിയൊരു തലവേദനപോലെ.! “”

 

ഹാളിൽ എന്നെയും കാത്തെന്നോണം ഇരുന്ന അവൾ എന്നെക്കണ്ടതും പതിയെ എണീറ്റ് കൊണ്ട് പറഞ്ഞു.

 

“” കൂടുതലാണോ…! ടാബ്ലെറ്റ് വല്ലോമിരിപ്പുണ്ടാവും.! “”

 

എനിക്ക് ഇടയ്ക്കിടെ തലവേദന വരുമ്പോൾ കഴിക്കുന്ന മരുന്ന് ഓർത്ത് ഞാൻ പറഞ്ഞു.

 

” ഹേയ് അത്രക്കൊന്നുമില്ലടോ…! ഇതൊന്നുറങ്ങിയാ മാറിക്കോളും. എന്ന ശരി! ഗുഡ് നൈറ്റ്‌..! “”

 

“” ശരി…! ഗുഡ് നൈറ്റ്‌..! “”

 

അവളോടൊരു ഗുഡ് നൈറ്റും പറഞ്ഞ് ഞാനും കയറിക്കിടന്നു.

 

 

പിന്നീട് കുറച്ച് ദിവസം ഓഫീസിലെ തിരക്ക് കാരണം പ്രാന്തെടുത്തു നിക്കുവായിരുന്നു ഞാനും അഭിരാമിയും. ഓഡിറ്റിംഗ് ഉണ്ടായിരിക്കും എന്ന അറിയിപ്പിന്റെ ഭാഗമായിട്ടുള്ള കണക്കെടുപ്പും റെക്കോർഡ്സ് റീ-ചെക്ക് ചെയ്യുന്നതിന്റെയും ഒക്കെ തിരക്കിൽ സമയം പോയത് പോലും അറിഞ്ഞിരുന്നില്ല.

 

പക്ഷേ ഈ ദിവസങ്ങളിൽ ആയിരുന്നു ഞാനും അഭിരാമിയും കൂടുതലായി അടുത്തിടപഴകിയതും കുറേ കൂടെ പരസ്പരം മനസിലാക്കിയതും.

Leave a Reply

Your email address will not be published. Required fields are marked *