ദേവസുന്ദരി – 4

അമ്മുവും അവളുടെ രണ്ട് കോളീഗ്സ് കൂടെ ഒരു വീട് വാടകക്കെടുത്താണ് താമസം.

ഞാൻ അവിടെയെത്തുമ്പോൾ ഗേറ്റടഞ്ഞുകിടപ്പാണ്.

ഞാനവളെയും കാത്ത് കാറിൽത്തന്നെയിരുന്നു. ഒരുപത്തുമിനുട്ട് കഴിഞ്ഞുകാണും… അവളുമവളുടെ ഫ്രണ്ട്സും നടന്നുവരുന്നത് ഞാൻ കണ്ടു.

അവളുടെ മുഖം കണ്ടാലറിയാം എന്തോ സങ്കടമുണ്ടെന്ന്. അതിന് കാരണം ഞാനാണോ എന്ന് ചിന്തിച്ചപ്പോഴെനിക്ക് ആകെസങ്കടായി.

അവരടുത്തെത്തിയതും ഞാൻ കാറിൽനിന്നിറങ്ങി. എന്നെക്കണ്ടമ്മു ഒന്ന് ചിരിച്ചിട്ട് നടത്തം തുടർന്നു. പെട്ടന്നവൾ വെട്ടിത്തിരിഞ്ഞെന്നെ നോക്കി. അവളുടെയുണ്ടക്കണ്ണുകൾ അമ്പരപ്പോടെ എന്നിൽ തറഞ്ഞുനിന്നു. അവളുടെ നോട്ടങ്കണ്ടെനിക്ക് സത്യത്തില് ചിരിവന്നുപോയി. പക്ഷേ അവളുടെയടുത്ത നീക്കമെന്നെഞെട്ടിച്ചുകളഞ്ഞു. ചീറിപ്പാഞ്ഞുവന്നവളെന്നെ ഇറുക്കിയണച്ചു.

ഒന്ന് പകച്ചുപോയെങ്കിലും ഞാനുമതുമായി പൊരുത്തപ്പെട്ടു. അവളുടെ കണ്ണുനീർവീണെന്റെ ഷർട്ടിൽ നനവ് പടരുന്നതറിഞ്ഞാണ് ഞാനവളെ എന്നിൽനിന്നടർത്തിമാറ്റിയത്.

” അയ്യേ… അമ്മൂസേ കരയാണോനീ… ”

” ഞാൻ… ഞാനിന്നലെ… സോറി… എനിക്കറിയില്ലായിരുന്നു… ഞാൻ… ”

അവള് പിച്ചമ്പേയും പറയുമ്പോലെ ഓരോന്ന് പറയാന്തുടങ്ങിയപ്പോ ഞാനവളെയാശ്വസിപ്പിച്ചു.

” എന്തോന്നാടി കൊച്ചുപിള്ളേരെപ്പോലെ…. അന്നേരത്തെ ദേഷ്യത്തിന്ഞാനെന്തോ പറഞ്ഞെന്നുമ്മച്ച്…. അതൊക്കെ ഞാനപ്പോഴേ വിട്ടതാ… അതെങ്ങനാ… പറയാമ്മേണ്ടിവിളിച്ചാ ഫോണെടുക്കൂല്ലല്ലോ… ”

അതുകെട്ടവളൊന്ന് ചിണുങ്ങി.

കുറേനേരമെന്തൊക്കെയോ സംസാരിച്ച് പിണക്കവും പരിഭവവുമൊക്കെ പറഞ്ഞവസാനിപ്പിച്ച് ഞാനവിടന്നിറങ്ങി. തിരിച്ചുഫ്ളാറ്റിലെത്തുമ്പോ എട്ടുമണിയാകാറായിട്ടുണ്ട്. പെട്ടന്നുതന്നെയൊന്ന് കുളിച്ചു.

വരുന്നവഴി ഫുഡ്‌ ഒക്കെ കഴിച്ചതുകാരണം വേറെപ്പണിയൊന്നുമില്ലായിരുന്നു. പാചകം പഠിക്കണമെന്ന മോഹം നീണ്ടുപോയ്ക്കൊണ്ടിരിക്കുവാണ്. നാളെ നാളെ നീളെ നീളെ എന്നാണല്ലോ.

ഞാൻ ചെറിയമ്മയുടെ ഫോണിലേക്ക് വിളിച്ചുകുറച്ചുനേരം സംസാരിച്ചു. അവരോട് സംസാരിക്കുന്നയത്രയുന്നേരം ഫോണിനുവേണ്ടിയുള്ള അല്ലിയുടെ മുറവിളി ഞാൻ കേൾക്കുന്നുണ്ടായിരുന്നു. അവസാനമവളുടെ ശല്യം സഹിക്കവയ്യാണ്ടാണെന്ന് തോന്നുന്നു ചെറിയമ്മയവൾക്ക് ഫോൺ കൊടുത്തു.

” ഹാലോയേട്ടാ… ബാംഗ്ലൂരൊക്കെ എങ്ങനെയുണ്ട് … അവിടെയടിച്ചുപൊളിക്ക്യായിരിക്കുവല്ലേ… ”

” എന്റെയല്ലീ… ഞാനിവിടെ ടൂറിനുവന്നതല്ല… ജോലിചെയ്യാമ്മന്നതാ… അത്കഴിഞ്ഞെവിടുന്നാ സ
മയം… ”

” ഞങ്ങളെല്ലാരുമടുത്തയാഴ്ച അങ്ങോട്ട് വരണുണ്ട്. ആരുടെയോ കല്യാണമുണ്ടെന്ന്… ഞാനാകെ ത്രില്ലിലായേട്ടാ… ”

അവളുടെ ആകാംഷ അവളുടെ വാക്കുകളിലൂടെത്തന്നെയെനിക്ക് മനസിലാക്കാൻ പറ്റുന്നുണ്ടായിരുന്നു.

” സത്യാണോ അല്ലീ….ആരുടെ കല്യാണാ..! ”

” ആഹ്ന്ന്നേ…. കുറച്ചുമുന്നേ അമ്മവിളിച്ചപ്പോ പറഞ്ഞതാ…ആരുടേയാന്നൊന്നും ഞാഞ്ചോയ്ച്ചില്ല…. നിന്നോട് പറഞ്ഞില്ലേ… ”

” ഞാനമ്മയെ വിളിക്കണത്രെ… പെട്ടന്നിങ്ങുവാ… നമുക്കിവിടെമൊത്തം കറങ്ങാൻ പോവാം… ”

അവരിവിടേക്ക് വരുന്നു എന്നുകേട്ടപ്പോഴെനിക്കും വല്ലാണ്ട് സന്തോഷമായി.

അല്ലിയോട് കുറച്ചുനേരം കൂടെ സംസാരിച്ചിട്ട് ഞാനച്ഛനെ വീഡിയോക്കോൾ ചെയ്തു.

അമ്മയും ഒപ്പന്തന്നെയുണ്ടായിരുന്നു. അമ്മയുടെ ഫ്രണ്ടിന്റെ മോൾടെ കല്യാണമാണെന്നാണ് അമ്മയെന്നോട് പറഞ്ഞത്. അവരുടെ വിശേഷമൊക്കെ ചോദിച്ച് ഞാൻ കാൾ കട്ട്‌ ചെയ്തു.

ഇന്നത്തെയലച്ചിലിന്റെ ക്ഷീണം നല്ലപോലെയുണ്ട്. വല്ലാണ്ട് തലവേദനയുമുണ്ടായിരുന്നു. ഞാൻ ഫോൺ ഓഫ്‌ ചെയ്ത് ഉറങ്ങാങ്കിടന്നു.

രാത്രിയിലെപ്പോഴോ മാറിപ്പോയ പുതപ്പിനുള്ളിലൂടെ തണുപ്പിന്റെ കുന്തമുനകൾ ശരീരന്തുളച്ചപ്പോൾ ഞാനുറക്കഞ്ഞെട്ടി. വെള്ളമെടുക്കാനായി എണീക്കാന്നോക്കിയപ്പോൾ ശരീരമാസകലം ഇടിച്ചുപിഴിഞ്ഞതുപോലുള്ള വേദനയായിരുന്നു. ശരീരം വല്ലാണ്ട് തളർന്നുപോകുന്നു. കൂടാതെ ശരീരത്തിന് നല്ല ചൂടുമുണ്ട്. ബെഡ്‌ഡിനോട് ചേർന്നുള്ള ടീപോയിൽ നിന്ന് എസിയുടെ റിമോട്ടിലേക് കയ്യെത്തിച്ചത് ഓഫ്‌ ചെയ്തു. വല്ലാണ്ട് ദാഹന്തോന്നുന്നുണ്ടെങ്കിലും

അവസാനമെണീക്കാൻ മടിച്ച് പുതപ്പുവലിച്ചു തലവഴിമൂടി ഞാനുറങ്ങാൻ കിടന്നു.

അലാറം കേട്ടുറക്കമുണർന്നപ്പോഴേക്കും എനിക്ക് ഒട്ടും വയ്യാതെയായിരുന്നു. പറസെറ്റമോൾ വാങ്ങിക്കഴിക്കാമെന്നോർത്ത് ഞാൻ ഫ്ലാറ്റിന്റെ ഡോർ തുറന്നു. ശരീരത്തിന് നല്ല തളർച്ച തോന്നുന്നുണ്ടായിരുന്നു. അപ്പോഴാണെന്റെ ഫോൺ റിങ് ചെയ്യുന്നത്.

Unknown നമ്പറിൽനിന്നുള്ള കാൾ ആയിരുന്നു. ഒന്ന് സംശയിച്ചുനിന്നെങ്കിലും ഞാൻ കാൾ അറ്റൻഡ് ചെയ്തു.
” ഡോ… ഇന്ന് സബ്‌മിറ്റെയ്യേണ്ട ഫയൽ ഒരു അരമണിക്കൂറിനുള്ളിലെന്റെ മെയിലിലേക്ക് അയക്കണം… മീറ്റിങ്ങിന്റെ സമയമ്മാറ്റി… ”

താടകയായായിരുന്നു അതെന്ന് ശബ്ദങ്കെട്ടു ഞാൻ മനസിലാക്കി. എന്നെ തിരിച്ചൊന്നും പറയാൻ സമ്മതിക്കാതെ അവൾ ഫോൺ കട്ടെയ്തു. മനപ്പൂർവമെന്നേ ഉപദ്രവിക്കാൻ ചെയ്യുന്നതാണെന്ന തോന്നൽവന്നുവെങ്കിലും അത് അയച്ചുകൊടുക്കാമെന്നോർത്ത് ഞാൻ തിരിച്ച് ഹാളിലേക്ക് തന്നെ ചെന്നു.

ലാപ്പിൽ ഓഫീസിന്റെ വെബ്സൈറ്റിൽ കയറി എന്റെ ഐഡിയിൽ ലോഗിൻ ചെയ്ത് അതിന്റെ ബാക്കി ചെയ്യാൻ തുടങ്ങി. അരമണിക്കൂറിൽ അത് തീർക്കുക എന്നത് ശ്രെകരമായ ജോലിയാണ്. അതുമീ വയ്യാത്ത അവസ്ഥയിൽ. സമയം കഴിയുന്തോറും ബോഡി വല്ലാതെ വീക്കാവുന്നത് എനിക്കറിയുന്നുണ്ടായിരുന്നു. ഒപ്പം വെട്ടിപ്പൊളിക്കണപോലുള്ള തലവേദനയും.

ഒരുകണക്കിന് അത് ചെയ്‌തുതീർത്ത് തടകയുടെ മെയിലിലേക്ക് അയച്ചുകൊടുത്തു. അവിടന്ന് എണീക്കാൻ ശ്രെമിച്ചതുമെന്റെ കണ്ണിലേക്കിരുട്ടുകയറി. ഇരുന്നിരുന്ന കസേരയോടെ പിന്നിലേക്ക് മലർന്നടിച്ചുവീഴുന്നത് ഒരുസ്വപ്നത്തിലെന്നപ്പോൾ ഞാനറിയുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *