നവവധു – 15 1

ഒട്ടൊന്നു പണിപ്പെടേണ്ടി വന്നൂ ആ കരച്ചിലടക്കാൻ. ഇനിയും ഇടപെടാതിരുന്നാൽ സംഗതി കൈവിട്ടു പോകുമെന്ന് കരുതിയാണോന്നറിയില്ല അച്ഛൻ പെട്ടെന്ന് ഇടപെട്ടു.

ജോക്കുട്ടാ… നീയവളേം കൂട്ടി അകത്തേക്ക് ചെല്ല്… ഒന്നുകൊണ്ടുപോയി കിടത്ത്. ഒന്നു കിടക്കട്ടെ….പാവം…. തികച്ചും ശാന്തതയോടെയാണ് അച്ഛൻ അത് പറഞ്ഞതെങ്കിലും ആ ഉള്ളിലൊരു അഗ്നിപർവതം പുകയുന്നത് ഞാൻ അറിഞ്ഞു. ചേച്ചിയെ രംഗത്ത് നിന്ന് ഒഴിവാക്കാനാണോ??? അറിയില്ല….

എന്തായാലും ഞാൻ ആ ഉപദേശം സ്വീകരിച്ചു ചേച്ചിയെയും കൊണ്ട് അകത്തേയ്ക്ക് നടന്നു. ആശുപത്രിയിൽ നിന്ന് വരുംപോലെ എന്റെ ചുമലിലേക്ക് തല താങ്ങി എന്റെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചായിരുന്നു ചേച്ചി നടന്നത്.

ഞാൻ ആ ഹാളിലേക്ക് കാലുവെച്ചതെ ഒന്നു പകച്ചു… ഭൂകമ്പം നടന്ന ഗുജറാത്ത് പോലെ…………പൊട്ടാത്ത യാതൊന്നും ആ മുറിയിലില്ല. ടിവി ഉൾപ്പെടെ പൊട്ടുന്നവയും പൊട്ടാത്തവയും എന്നില്ലാതെ സർവ സാധനങ്ങളും നിലത്ത്…… കാലുകുത്താനുള്ള ഇടം പോലുമില്ല. കർട്ടനും ചെയർ കവറുകളും ഉൾപ്പെടെ കുറെ തുണികളും നിലത്തുണ്ട്.

ഞാൻ അതിലേക്ക് നോക്കുമെന്നു ഓർത്തിട്ടാണോ അതോ എന്തെലും ചോദിക്കുമെന്നു ചിന്തിച്ചാണോ എന്നറിയില്ല ചേച്ചി മുഖമുയർത്തി എന്നെയൊന്നു നോക്കി. ആ നിഷ്കളങ്കമായ ഭാവത്തോട് പ്രതികരിക്കാൻ എനിക്ക് തോന്നിയില്ല എന്നതാണ് സത്യം. ഒരുവേള ചോദിച്ചിരുന്നു എങ്കിൽ കിലുക്കം സിനിമയിൽ രേവതി പറയുന്നത് പോലൊരു ഡയലോഗ് കെട്ടേനെ… ഞാൻ വേറൊന്നും ചെയ്തില്ല എന്ന മട്ട്.
അവരങ്ങനെ പറഞ്ഞോണ്ടാ….ഞാനൊന്നും ചോദിച്ചില്ലങ്കിലും മറുപടി വന്നു.

ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. പകരം ഒന്നുകൂടി ചേർത്തുപിടിച്ചു മുറിയിലേക്ക് നടന്നു.

മുറിയിലെത്തി ആ കട്ടിലിലേക്ക് ഞാൻ ചേച്ചിയെ ഇരുത്തി. എന്നിട്ട് ഞാനും ചേർന്നിരുന്നു. ചേച്ചി അപ്പോഴും എന്റെ തോളിൽ ചാരിക്കിടക്കുകയാണ്. കുറച്ചുസമയം ഞാനങ്ങനെ ഇരുന്നുകൊടുത്തു.

ചേച്ചിപ്പെണ്ണെ….

ഉം…. മുഖം ഉയർത്താതെ വിളികേട്ടു.

ഞാനിപ്പോ വരാവേ….

എവിടെപ്പോവാ…. ചേച്ചി പെട്ടെന്ന് മുഖമുയർത്തി എന്റെ നേർക്ക് നോക്കി.

അച്ഛന്റെ അടുത്തൊന്നു പോയിട്ട് വരാമെന്നേ….

ഞാനും വരും… ചേച്ചി കൊച്ചുകുട്ടികളെപ്പോലെ ചാടിയെണീറ്റു.

എന്നിട്ട് വേണം അവരോട് വഴക്ക് കൂടാൻ….

ചേച്ചി പെട്ടെന്ന് മൂഡൊഫായി. കൊച്ചുകുട്ടികൾ പിണങ്ങുംപോലെ കട്ടിലിലേക്ക് ഇരുന്നു. മുഖം ഇപ്പൊ കരയും എന്നപോലെ. എനിക്കാകെ ഒന്നുംമേലാ എന്ന അവസ്ഥ. പെട്ടെന്നുണ്ടാകുന്ന ഭാവമാറ്റം കുറച്ചൊന്നുമല്ല കുഴപ്പിക്കുന്നത്. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നത് സങ്കൽപ്പിക്കാൻ പോലുമാവാത്ത അവസ്ഥ.

ഛേ… അപ്പോഴേക്കും പിണങ്ങിയോ എന്റെ ചേച്ചിക്കുട്ടി…??? ഞാൻ ചേച്ചിയെ വീണ്ടും കെട്ടിപ്പിടിച്ചു.

വേണ്ട പിടിക്കണ്ട… വിട്…. പൊക്കോ…. പോ ഇവിടുന്ന്…. ചേച്ചി കുതറിമാറിയിട്ട് എന്നെ തള്ളി എണീപ്പിക്കാൻ നോക്കി. കൊച്ചുകുട്ടികൾ പിണങ്ങുംപോലെ.
അയ്യേ… ഞാനിപ്പോ വരില്ലേ…. അച്ഛനോട് എനിക്കീ ചേച്ചിപ്പെണ്ണിനെ കെട്ടിച്ചുതരാൻ പറയാൻ പോകുവല്ലേ ഞാൻ…..

സത്യായിട്ടും….???? ചേച്ചിയുടെ കണ്ണിൽ പൂത്തിരി കത്തുന്നത് ഞാൻ കണ്ടു. മുഖത്ത് പെട്ടന്നൊരു സൂര്യൻ ഉദിച്ചത്പോലെ.

പിന്നല്ലാതെ…..

എന്നാ ഞാനും വരാം….. ചേച്ചി വീണ്ടും ചാടിയെണീറ്റു.

അയ്യോ…. എന്റെ ചേച്ചിക്കുട്ടിയല്ലേ…. ആ മറ്റവള് അവിടെ നിക്കുവല്ലേ…. എന്റെ ചേച്ചിപ്പെണ്ണിനെ അവരിപ്പൊ കാണണ്ട….

അതെന്നാ…. ചേച്ചി ചിണുങ്ങി.

അതൊക്കെയുണ്ട്. എന്റെ പെണ്ണിനെ അവരൊക്കെയിനി കല്യാണത്തിന്റെ അന്ന് കണ്ടാ മതി.

ഉം…. ചേച്ചിയൊന്നു അമർത്തി മൂളി. സമ്മതിക്കുന്ന മട്ടിൽ തലയാട്ടികൊണ്ട്.

അപ്പൊ ഞാൻ പോയിട്ട് വരാവേ…. അതിവരെ എന്റെ പെണ്ണിവിടെ അടങ്ങി ഇരിക്കുവോ???

ആം….. സ്വർഗം കിട്ടിയ സന്തോഷത്തോടെ ചേച്ചി പറയുമ്പോൾ എനിക്ക് നെഞ്ചിൽ ഒരു കത്തലായിരുന്നു. പാവം…..

എന്നാലേ മുറിയടച്ചിരുന്നോ…. ഞാനിപ്പോ വരാം കേട്ടോ….

Leave a Reply

Your email address will not be published. Required fields are marked *