നവവധു – 15

ആ… ആ കൊച്ചിനെ നമുക്ക് ഏതേലും ഡോക്ടറെ കാണിക്കണം…. പ്രാഞ്ചി പെട്ടെന്ന് പറഞ്ഞു.

എന്തിനാ..?? എന്റെ കൊച്ചിന് പ്രാന്താണെന്നു നാട്ടുകാരെ മൊത്തം അറിയിക്കാനോ..??? അമ്മ പെട്ടെന്ന് പൊട്ടിത്തെറിച്ചു.

ഇല്ല…അവൾക്കൊരു പ്രശ്‌നോം ഇല്ല…എന്റെ കൊച്ചിന് ഒന്നുവില്ല…ഏവടേം കൊണ്ടൊവണ്ട… ഞാൻ…ഞാൻ നോക്കിക്കൊളാം…. അമ്മ കിടന്നലമുറയിട്ടു.

ഫ്രാൻസിസേ… ഞാൻ… ഞാനെന്നാ പറയാനാടോ??? അച്ഛൻ കരയുന്നത് പോലെയാണ് ചോദിച്ചത്.

പ്രാഞ്ചി ഒന്നും പറഞ്ഞില്ല.

ഉം… ഇവൻ… ഇവൻ ഈ കൊച്ചിന്റെ ദേഹത്ത് തൊട്ടിട്ടുണ്ടെങ്കിൽ… ഒണ്ടെങ്കി… ഇവൻ ഇവനവളെ കെട്ടും…. അച്ഛന്റെ തീരുമാനം വന്നത് പെട്ടന്നായിരുന്നു.

എന്റെ ഉള്ളിലൊരു കിടുക്കമുണ്ടായി. എല്ലാരും കൂടി ചേച്ചിയെ മനപ്പൂർവം മറക്കുന്നു. ഞാൻ ഉമ്മവെച്ചു നശിപ്പിച്ച പെണ്ണിനെ സ്വന്തനിപ്പിക്കാൻ മാത്രമാണ് ശ്രമം. ഞാൻ…ഞാൻ ആദ്യം നശിപ്പിച്ചത്… എന്നെ ഏറ്റവും അർഹിക്കുന്നത് ചേച്ചിക്കാണെന്നു ഞാൻ…ഞാനെങ്ങനെ പറയും???

ശിവേട്ടാ… ഞാനൊരു അവസാന ആശ്രയത്തിനായി ശിവേട്ടനെ നോക്കി.

പക്ഷേ… പക്ഷേ അവിടെയും എന്നെ ചതിച്ചു. ദൈവം പോലും.

ക്ലാസ്സ്… ക്ലാസ്സ് കഴിയട്ടെ…. അതുകഴിഞ്ഞ്… അച്ഛൻ പൂർത്തിയാക്കാതെ ഒന്നു നിർത്തി.

അവള്… അവള് സമ്മതിക്കും…. ഞാൻ പറഞ്ഞോളാം അവളോട്… പറഞ്ഞതും അച്ഛൻ തിരിഞ്ഞു നടന്നതും ഒന്നിച്ചായിരുന്നു. കണ്ണു നിറഞ്ഞത് ആരും കാണാതിരിക്കാനായിരിക്കാം. പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മമാരും അകത്തേക്കോടി.

ഒരു പരാജിതനായി ഞാൻ മുറ്റത്ത് നിന്നു. ആരുമില്ല എനിക്കായി സംസാരിക്കാൻ. ചേച്ചിക്കായി സംസാരിക്കാൻ….
ചേച്ചിയെ കാണാൻ കഴിയില്ല എന്നുറപ്പുള്ളത് കൊണ്ടാണ് ഞാൻ വീട്ടിലേക്ക് പോന്നത്. മുറിയിൽ വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാൻ. ആത്മഹത്യ ചെയ്യാനാണ് തോന്നിയത്. എല്ലാരേയും ചതിച്ചവൻ…. രണ്ടു പെണ്ണുങ്ങളുടെ ജീവിതം നശിപ്പിച്ചവൻ… ആരൊക്കെയോ ചുറ്റും കൂടിനിന്ന് എന്നെ വഞ്ചകൻ… വഞ്ചകൻ എന്നു വിളിക്കുന്നത് പോലെ… കണ്ണടച്ചാൽ ചങ്ങലയിൽ കിടക്കുന്ന ചേച്ചി… ഫാനിൽ തൂങ്ങിനിൽക്കുന്ന റോസ്…ഭ്രാന്ത്…. അതേ ഭ്രാന്തിലേക്ക് ഞാൻ കൂപ്പുകുത്തുന്നത് പോലെ… തല പെരുകുന്നു…. വെളിച്ചത്തെ അന്നാദ്യമായി ഞാൻ വെറുത്തു.. കണ്ണാടിയേയും… തലയുടെ പെരുപ്പ് മാറ്റാനായി ഞാൻ തലമുടി വലിച്ചുപറിച്ചു…. ആ ഇരിപ്പിൽ എപ്പോഴൊ ഞാൻ ഉറങ്ങിപ്പോയി…

പിറ്റേന്ന്… പിറ്റേന്ന് ഞാനുണർന്നത് എപ്പോഴാണെന്നു ഞാൻ നോക്കിയില്ല… ആരെയും എനിക്ക് കാണാനുണ്ടായിരുന്നില്ല. ആരും എന്നെത്തിരക്കി വന്നില്ല… വെളിച്ചത്തിലേക്ക് നോക്കാനാവാതെ…., ആരെയും കാണാനാവാതെ…, നേരാംവണ്ണം ഒന്നുറങ്ങാനാവാതെ അന്ന് മുഴുവൻ ഞാനാ മുറിയിൽ കഴിച്ചുകൂട്ടി. ആത്മഹത്യ ചെയ്യാനുള്ള പേടികൊണ്ടാവണം ഞാനതിന് മുതിരാതിരുന്നത്. ഒരുതരത്തിൽ മരണത്തിന് പോലും എന്നെ വേണ്ടാത്തത് പോലെ….

പകൽ മുഴുവൻ പഞ്ഞം കിടന്നത് കൊണ്ടാവും എപ്പഴോ ഞാനുറങ്ങി. പിറ്റേന്ന്… അന്നൊരു ഒന്നൊന്നൊര ദിവസമായിരുന്നു. ജീവിതത്തിൽ ഞാൻ വീണ്ടും തോറ്റ ദിവസം…!!!

രാവിലെ ആരോ വാതിലിൽ മുട്ടുന്നത് കെട്ടാണ് ഞാനുണർന്നത്. മുട്ടുകയായിരുന്നില്ല. തല്ലിപ്പൊളിക്കുന്ന പോലെ ആഞ്ഞടിക്കുകയായിരുന്നു.

ഒരുവേള വാതിൽ തുറക്കണോ എന്നു ഞാൻ സംശയിച്ചു. ആരേയും കാണാനില്ല…

എങ്കിലും ബഹളം അസാധ്യമായപ്പോൾ ഞാൻ വാതിൽ തുറന്നു. ശിവേട്ടൻ…!!! ഞാൻ ഒന്നും ചോദിച്ചില്ല… ചത്തൊന്നറിയാൻ വന്നേക്കുന്നു… ഞാൻ തിരിഞ്ഞു ബെഡിലേക്ക് നടന്നു.
ജോക്കുട്ടാ….

ഞാനത് ശ്രെദ്ധിച്ചില്ല… എന്തിന് ശ്രെദ്ധിക്കണം???

ജോക്കുട്ടാ… ടാ… ശിവേട്ടന്റെ വിളിയിൽ പഴയ ആ ഇഷ്ടം ഉള്ളപോലെ.

എന്നിട്ടും ഞാൻ നോക്കിയില്ല.

ടാ… ടാ…. ഇങ്ങോട്ട് നോക്ക്…. ടാ അച്ഛൻ സമ്മതിച്ചു….

ഞാൻ ഞെട്ടലോടെ ശിവവട്ടനെ നോക്കി.

അതേടാ… സമ്മതിച്ചു….

തികച്ചും അവിശ്വസനീയമായ ആ വാക്കുകൾ ഞാൻ വിശ്വസിച്ചില്ലന്നല്ല…. എനിക്ക് അത് സത്യമായി തോന്നിയില്ല എന്നതാണ് സത്യം….

സത്യവാടാ… നിങ്ങളെ പിരിക്കാൻ പറ്റുവോടാ ഞങ്ങക്ക്???

ഞാൻ അവിശ്വസനീയതയോടെ ശിവേട്ടനെ നോക്കി.

അപ്പൊ റോസോ??? ഞാൻ ചോദിച്ചുപോയി.

അവള്… അവൾക്ക് പറ്റുവോടാ നിന്നെയിങ്ങനെ കാണാൻ??? ചേച്ചിയുടെ ആ അവസ്ഥ കണ്ട അവള് ആ ചേച്ചിയെ ഒഴിവാക്കി നിന്റെ ജീവിതത്തിലോട്ടു വരുവെന്നു തോന്നുന്നുണ്ടോടാ നിനക്ക്???

എനിക്കൊരു മറുപടി പറയാനുണ്ടായിരുന്നില്ല.

വന്നേ…. നിന്റെ പെണ്ണവടെ കയറു പൊട്ടിക്കുവാ…. ശിവേട്ടന്റെ മുഖത്തൊരു വാത്സല്യ ഭാവമാണ്. ഒരു നിമിഷം ഞാനെല്ലാം മറന്നു. ശിവേട്ടന്റെ കവിലൊരു ഉമ്മ കൊടുത്താണ് ഞാനാ സന്തോഷം പ്രകടിപ്പിച്ചത്. കൊടുത്തു കഴിഞ്ഞാണ് അബദ്ധമായെന്നു മനസ്സിലായത്.

ഛീ… വൃത്തികേട്ടവനെ… കവിളിൽ തിരുമ്മിക്കൊണ്ടു ശിവേട്ടൻ ചാടിയെണീറ്റു.
എന്നാലെന്റെ ചമ്മല് കണ്ടതും അതൊരു പൊട്ടിച്ചിരിയായി മാറി.

ഇത്രയൊക്കെ ആയിട്ടും നീ പഠിച്ചില്ലേ??? ഒരുമ്മ ഉണ്ടാക്കിയ ബഹളം അറിയാവല്ലോ അല്ലെ???

ഞാനൊന്നും മിണ്ടിയില്ല.

ടാ ഞാനൊരു കാര്യം ചോദിക്കട്ടെ????

ഉം…??? ഞാൻ എന്താണെന്ന അർഥത്തിൽ ശിവേട്ടന്റെ മുഖത്തുനോക്കി.

ടാ അവൾക്കെന്നാടാ പറ്റിയെ??? നിനക്ക്… നിനക്കെ അതറിയാൻ പറ്റൂ… പറ…

ചോദ്യം മനസ്സിലായെങ്കിലും പെട്ടന്നൊരു ഉത്തരം എനിക്ക് കിട്ടിയില്ല. എന്ത് പറയും???

എനിക്കറിയില്ല ശിവേട്ടാ… സത്യായിട്ടും എനിക്കറിയില്ല… ഒരാഴ്ചയായി ചേച്ചിയിങ്ങനെ…. മനസ്സിൽ ഒരായിരം ക്ഷമ ചോദിച്ചുകൊണ്ട് ഞാൻ നട്ടാൽ പൊട്ടാത്ത നുണയൊരെണ്ണം കാച്ചി.

ഉം… ശിവേട്ടൻ ഒന്നമർത്തി മൂളി.

ആ നീ വാ… ശിവേട്ടൻ പുറത്തേക്കിറങ്ങി. ഞാൻ കേട്ടത് വിശ്വാസമാകാതെ ആ ബെഡിലേക്ക് തന്നെയിരുന്നു.

ടാ അവള് വിളിച്ചോ നിന്നെ??? ആ കൊച്??? ശിവേട്ടൻ പെട്ടന്നൊർത്തത് പോലെ തിരിച്ചു വന്നു ചോദിച്ചു.

ഇല്ല….

ഉം… ദീർഘമായ ഒരു നിശ്വാസത്തോടെ ശിവേട്ടൻ പിന്തിരിഞ്ഞു നടന്നു.
പെട്ടെന്ന് റോസിനെക്കുറിച്ചു കേട്ടപ്പോൾ എവിടെയോ ഒരു പിടച്ചിൽ…. ഒന്നു വിളിക്കണമെന്ന് തോന്നി… പിന്നത് വേണ്ടാന്നും… എങ്ങനെ സംസാരിക്കുമെന്നറിയാത്ത ഒരവസ്ഥ…..

വിളി തൽക്കാലം വേണ്ടാന്നു വെച്ചു ഞാനൊന്നു കുളിച്ചു. ഉള്ളിലെ വിഷമങ്ങളും ചെയ്ത പാപങ്ങളുമെല്ലാം ആ കുളിയോടെ ആ തണുത്ത വെള്ളത്തിൽ ഒഴുകിയൊഴുകി പോയപോലെ. ഡ്രെസ്സുമിട്ടു ഇറങ്ങിയപ്പോൾ വീണ്ടുമൊരു സങ്കോചം. എന്തോ ഒരു മടിപോലെ.

കട്ടിലിൽ തന്നെയിരുന്നു. അന്നത്തെ സംഭവങ്ങൾ മനസ്സിലിട്ടു ഒന്നോടിച്ചു നോക്കി. റ്റ്ശ്രീയുടെ വാക്കുകളോർത്തപ്പോൾ ഉള്ളിലൊരു കിടുക്കം… റോസ്‌നേക്കുറിച്ചോർക്കുമ്പോൾ ഒരു നീറ്റൽ. അവളെ വഞ്ചിക്കുകയായിരുന്നുവെന്നു മനസാക്ഷി വീണ്ടും വീണ്ടും കുറ്റപ്പെടുത്തുന്ന പോലെ. കണ്ണടച്ചിരുന്ന് മനസ്സിൽ ഒരായിരം മാപ്പ് പറഞ്ഞത്‌ അറിഞ്ഞത് പോലെ അല്ലെങ്കിൽ അവളുടെ സാന്ത്വനം പോലെ രണ്ടുതുള്ളി കണ്ണീർ കവിളിലൂടെ ഒലിച്ചിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *