നാലുമണിപ്പൂക്കൾ – 1 2

“അംജദ് അലി!” അവൾ തലകുനിച്ച് പതിഞ്ഞ സ്വരത്തിൽ പറഞ്ഞൊപ്പിച്ചു.

സംഗീതയ്ക്കത് കേട്ട് പരിഭ്രമമായി. അവൾ ദേഷ്യം പിടിച്ച് ഷാനിബയെ നോക്കി.
“ഹ്ം ഇന്നൊന്നും കിട്ടില്ല്യ അയ്ന്, ആ ചെക്കനേ മ്മടെ സംവൃതട്ടീച്ചറേയ്റ്റ് എന്തൊക്കേണ്ട് യ്യി കേട്ട്ല്ല്യേ?” സംഗീതയ്ക്ക് താൻ കൊതിച്ച മധുരക്കനി ഷാനിബ മോഹിക്കുന്നതറിഞ്ഞ് സഹിച്ചില്ല.
അല്ല, ഷാനിബയല്ല ഈ സ്കൂളിലെ മിക്ക പെൺകുട്ടികളും അംജദിനെ നോക്കുന്നത് താൻ കണ്ടിട്ടുണ്ട്. അവരെ കുറ്റം പറയാൻ പറ്റില്ല ആരായാലും കണ്ണുവെച്ചുപോവും.’ “ടീ അതൊന്നും ഇണ്ടാവില്ല ഓൻ അങ്ങത്തെ ചെക്കനൊന്നല്ല” ഷാനിബ സംഗീതയുടെ കൈയിൽ മുറിക്കിപ്പിടിച്ച് കരച്ചിൽ പൊട്ടാറായി പറഞ്ഞു. സംഗീത ആരോടെങ്കിലും പറയുമോ എന്നായിരുന്നില്ല അവളുടെ പേടി, അവളിതേറ്റെടുത്തില്ലെങ്കിൽ വിശ്വാസത്തോടെ വേറെയാരോടും പറയാനില്ലാത്തത് കൊണ്ടായിരുന്നു വിഷമം. സംഗീതയവളുടെ കൈ കുടഞ്ഞ് വേർപ്പെടുത്തി.

“ഉം ഞാൻ പറയാം..ഒരൊറ്റ പ്രാവശ്യം പിന്നെ ഇന്നെ കിട്ടൂല്ലേ’
ഷാനിബയുടെ വിങ്ങുന്ന മനസ്സിനെ ഒന്ന് സമാശ്വസിപ്പിക്കാനായി വെറുതെ പറഞ്ഞതാണെങ്കിലും പൊക്കിപ്പറയാമെന്നല്ലേ പറഞ്ഞിട്ടുള്ളൂ എന്നാശ്വസിച്ചു.

“ഉം..ശരി” പിന്നെ ഷാനിബയ്ക്ക് സ്വസ്ഥതയില്ലായിരുന്നു. സംഗീതയിത് പറഞ്ഞ് അവനെന്താണ് മറുപടി പറയുക എന്നറിയാനുള്ള വല്ലാത്തൊരാശ.!!!

സംഗീത ഉച്ചയൂണും കഴിഞ്ഞ് ആൺകുട്ടികളുടെ ഇടയിൽ അംജദ്അലിയെ തിരക്കി. അവൻ സംവൃത ടീച്ചർ കൊടുത്ത ഇമ്പോസിഷൻ എഴുതുകയായിരുന്നു. അതറിയാവുന്ന സംഗീതയ്ക്കും ഉള്ളിൽ നീറ്റലായിരുന്നു. ‘ടീച്ചർക്ക് ഭർത്താവ് ഗൾഫിലായേന്റെ കേടാവും അല്ലാണ്ട്പ്പോ എന്താതിനൊക്കെ പറ്യാ?’ ഹ്ം ന്നാലും ന്റെ ചെക്കനെപ്പറ്റി ഷാന്യോട് നുണ പറയേണ്ടാർന്നു. ഓനെ കിട്ട്യാലും കിട്ടീലേലും ആരും വെറ്ക്ക്ണത്ക്കിഷ്ടല്ലാ.’ അവൾ അങ്ങുമിങ്ങും നോക്കി ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തി ഹാളിന്റ് പുറകുവശം വഴി ജനലിനടുത്തെത്തി ഒന്ന് മൂളി.

“ടാ ചെക്കാ ഒര് കാര്യം പറയാന്ണ്ട് ഇങ്ങ്ട്ട് വന്നേ”
അവൻ സംഗീതച്ചേച്ചിയായത് കൊണ്ട് പ്രത്യേകിച്ചൊരു പതർച്ചയുമില്ലാതെ ജനലിനടുത്തെത്തി.

“എന്തേയ് ചേച്ചീ?”

“അതേയ് ഇയ്യാരോടും പറയര്ത് ഈ സ്കൂളിൽ ഒര് സുന്ദരിത്താത്ത അന്നെപ്പറ്റി എപ്പൊളും പറയും. അയ്നന്നെ വല്ല്യ കാര്യാ”

“ആര് എന്തിനാ ഇന്നെപ്പറ്റി പറയ്ണത്?”

“ഇന്നോട് പറയാൻ പറഞ്ഞീന്ന് മാത്രം ഇയ്യി ചോയ്ച്ചോക്ക്,ഷാനിബേണ് ആള്.” അവൾ പലതും കണക്ക് കൂട്ടി.
“ഇക്കൊന്നും വെയ്യ പോയ് പണ്യോക്ക്”
അവൻ മുരണ്ടു.
അവൻ വല്ലതെ ദേഷ്യം പിടിക്കുന്നില്ലെന്ന് കണ്ട് അവൾ കത്തിക്കയറി അതുവരെ ഉള്ളിലൊതുക്കിയ എല്ലാം പുറത്ത് ചാടാൻ തുടങ്ങി.

“അംജദ് അല്യേ അനക്കറിയോ… അന്നേക്കാള് മൂത്തതാണ് ഞങ്ങളൊക്കെ. ന്നാലും ഷാനി പറ്യേണയ്ന്റെ മുന്നെ അന്നോട് ഇക്ക് എന്താന്നറീല. ഒര് ഇഷ്ടണ്ട്. ഇപ്പോ ഷാനി ഇത് പറഞ്ഞപ്പളേങ്കിലും ഇന്റെ ഇഷ്ടം പറഞ്ഞിലേങ്കി വേറെ ആരെയെങ്കിലും ഷാനി പറഞ്ഞയക്കും അയ്ന്റെ മുന്നെ അനക്കിന്നോട് അങ്ങനെന്തേലും ഇണ്ടാന്നറ്യാനാ‌ ഞാൻ വന്നേ.” അവൾ ഒറ്റശ്വാസത്തിൽ പറഞ്ഞ് പുറം തിരിഞ്ഞുനിന്ന് കാതോർത്തു. ഇത് കേട്ട് ഒരു നിമിഷം അവൻ സ്തബ്ദനായി നിന്നു.

അവൻ പതിയെ സംഗീതയ്ക്കരികിലെത്തി വളരെ സ്നേഹത്തിൽ മൊഴിഞ്ഞു.

“സഗീതേച്ച്യേ ഒന്നാമത് ഞമ്മള് വേറെ ജാതി.. രണ്ടാമത് ഇന്നെക്കാളും മൂത്തോര്. അത് സാരല്ലാന്ന് വെക്കാ…വേറെ ജാത്യല്ലേ? ക്ക് പേട്യാ. അല്ലെങ്കി എന്തായാലും സംഗീതേച്ചിനെ ഇഷ്ടല്ലാന്ന് പറഞ്ഞീര്ന്നിലാ.സംഗീതേച്ചിനെ ആര്ക്കും ഇഷ്ടപ്പെടും”
ഇത് കേട്ട് സംഗീത ഒന്നും മിണ്ടാതെ നിസ്സഹായ ഭാവത്തിലവനെയൊന്ന് നോക്കി വേണ്ടെന്ന ഭാവത്തിൽ തിരിഞ്ഞു നടന്നു. വേദന കടിച്ചമർത്തി സംഗീത നടക്കുന്നതിനിടയിൽ തുറന്നു കിടന്ന ജനൽപാളിയുടെ കോണിൽ തലയിടിച്ചു. “ഹൂ..” അവൾക്ക് നന്നായി വേദനിച്ച് അറിയാതെ ശബ്ദമുയർന്നു. അവളുടെ അലർച്ച കേട്ട് സംവൃതയും കുറച്ചുകുട്ടികളും ഓടിയെത്തി. “ചെറുതായി പൊട്ടിയിട്ടുണ്ട്. കുട്ടി വാ” ടീച്ചർ അവളെ കൂട്ടി ഓഫീസ് മുറിയിലേയ്ക്ക് പോയി നെറ്റിയിൽ മരുന്ന് കെട്ടുന്നതും നോക്കി ഷാനിബ മറ്റ് കുട്ടികൾക്കൊപ്പം വേദനയോടെ നോക്കി നിന്നു. ഇന്റെ കാരണല്ലേ ഇതൊക്കെ പ്പോണ്ടായത്? ന്നാലും അലിയെന്താണ് പറഞ്ഞതെന്നറിയാനുള്ള ആകാംക്ഷയും ഉണ്ടായിരുന്നവൾക്ക്.
“ആൺകുട്ടികൾടെ ക്ലാസിന് പിന്നിൽ കുട്ടിക്കെന്തായിരുന്നു പണി?” സംവൃതയുടെ ചോദ്യത്തിനു മുന്നിൽ വാ പൊളിച്ച് നിൽക്കാനേ സംഗീതയ്ക്കായുള്ളൂ.
“ചോദിച്ചത് കേട്ടില്ലേ? എന്തായിരുന്നു അവിടെ പണീന്ന്?”

Leave a Reply

Your email address will not be published. Required fields are marked *