അവനെ നേരിട്ട് കാണണം, സംസാരിക്കണം. എന്നിട്ട് എത്രത്തോളം ഇഷ്ടമായിരുന്നെന്ന് തുറന്ന് പറയണം. നെയ്ത സ്വപ്നങ്ങളൊക്കെ ചൊല്ലണം. മനസ്സിൽ നിന്നെല്ലാം ഇറക്കി വെയ്ക്കണം.
സ്കൂൾ വിട്ട് തിരക്കിനിടയിൽ റോഡിലിറങ്ങിയ അവർ സംവൃത അവിടെയെങ്ങുമില്ലെന്നുറപ്പു വരുത്തി അംജദിന്റടുത്തേയ്ക്കോടി. സംഗീതയ്ക്ക് അൽപ്പം പിറകിലായിരുന്നു ഷാനിബ നടന്നത്. എന്തോ ഒരു പ്രത്യേക അകൽച്ചയുണ്ടായിരുന്നവൾക്ക് അംജദ്അലിയോട്. ദേഷ്യം കൊണ്ടല്ല അത്…അത് എങ്ങെന്യാ പറയുകാ? ഇഷ്ടം കൂട്യേതോണ്ട് ഒരു നെഞ്ചിടിപ്പ്. ചെക്കൻ അടുത്ത്ക്കൂടെ പോയാൽത്തന്നെ ശ്വാസം നിലയ്ക്കും. അവന്റെയോരോ ചെറുചലനവും ഹൃദയത്തിൽ മിടിപ്പ് കൂട്ടി.
“ടാ ടീച്ചറെന്തേലും ചോദിച്ചാ?” സംഗീത അവനൽപ്പം പിന്നിൽ നിന്നാണത് ചോദിച്ചത്.
“ഉം.. ചോദിച്ചു, ഞാന്ള്ള സത്യൊക്കെ പറഞ്ഞു”
“ഹീശ്വരാാ..ഇയ്യെന്ത് പണ്യാ കാണിച്ചേ” സംഗീതയ്ക്ക് തലചുറ്റുന്നത് പോലെ തോന്നി. ആദ്യമായിട്ടവനോടൽപ്പം ദേഷ്യം തോന്നിയവൾക്ക്. ഷാനിബാനജ്മത്ത് തരിച്ചുപോയി. ശരീരഭാരം കുറയുന്നത് പോലെ തോന്നിയവൾക്ക്. ടീച്ചറെന്തെങ്കിലും വീട്ടിൽ പറഞ്ഞാൽ തീർന്നു. രണ്ടുപേർക്കും അതായിരുന്നു ആശങ്ക.
“ഇല്ലെങ്കിൽ ഇന്റെ വീട്ടീ പറയൂന്ന് പറഞ്ഞ് മെരട്ടീ.” അവൻ നിസ്സഹായനായി.
“ന്നിട്ട് ഇയ്യെന്താ തീര്മാനിച്ചേ?” സംഗീത അവനഭിമുഖമായി ചെരിഞ്ഞ് നടന്ന് ചോദിച്ചു. കൂട്ടികളെല്ലാവരും അവരെ ശ്രദ്ധിക്കുന്നതൊന്നും സംഗീത കാര്യമാക്കിയില്ല.
“എന്ത്?”
“ഇവൾടെ കാര്യത്തിൽ” സംഗീത ഷാനിബയെ ചൂണ്ടി ചോദിച്ചു. നടന്നടുത്തിരുന്ന ഷാനിബയ്ക്ക് നെഞ്ചിടിപ്പ് കൂടി.
“അതൊന്നും ശര്യാവുല്ല” ഇതൊക്കെ പറയുമ്പോഴും അവന്റെ കണ്ണുകൾ അറിയാതെ പാളി ഷാനിയുടെ കണ്ണിൽ തറച്ചു. അവനറിയാതെ തിരിഞ്ഞു നോക്കാൻ തുടങ്ങി. ശരിക്കും ശ്രദ്ധിച്ചിട്ടില്ലാത്ത മുഖം ശരിക്ക് മനസ്സിലാക്കാൻ ഇടം കണ്ണിട്ട് നോക്കുമ്പോളൊക്കെ അവൾ തന്നെ നോക്കുന്നതറിഞ്ഞ് അവന്റെ മനസ്സിലെവിടെയോ ഒരു സുഖം തോന്നി. അവൾ നടന്നടുക്കാനായി അവന്റെ നടത്തം സാവധാനത്തിലായത് കണ്ട് സംഗീതയവളെ കണ്ണിറുക്കിക്കാണിച്ച് എല്ലാം ശരിയാവുമെന്നൊരു സൂചന നൽകി.
കുട്ടികളെല്ലാം സൈക്കിളിലും ബസ്സിലും കയറിപ്പോയി. അടുത്തുള്ള കുട്ടികൾ അവരെ കടന്ന് പോയിക്കൊണ്ടിരുന്നു. പ്രധാന നിരത്ത് വിട്ട് ആലിൻചുവട്ടിലൂടെ ഇടവഴിയിലേയ്ക്ക് കടന്ന മൂവരും നടത്തം സാവധാനത്തിലാക്കി.
“ന്നാ ശരിട്ടാ നാളെക്കാണാ” സംഗീതയോടാണിതൊക്കെ പറഞ്ഞതെങ്കിലും ശരീരഭാഷയിൽ അവനോടും യാത്ര പറഞ്ഞ് ഷാനിബ തന്റെ കൊട്ടാരസമാനമായ വീട്ടിലേയ്ക്ക് നടന്ന് കയറുമ്പോൾ സംഗീതയെയൊന്നുകൂടി നോക്കി സന്ധിചെയ്ത് യാത്രയാക്കി.
“ന്റെ വീടെത്താനായി ഇങ്ങ്ട്ടൊന്ന് വന്നേ ഒര് കാര്യം പറയാന്ണ്ട്” അവൾ പാടത്തേയ്ക്കുള്ള ഇടുങ്ങിയ വഴിയിലേയ്ക്ക് നടന്നവനെ ക്ഷണിച്ചു.
അവൻ മടിച്ചാണെങ്കിലും അവൾക്കെന്താണ് പറയാനുള്ളതെന്ന ആകാംക്ഷയിൽ ഇറങ്ങിച്ചെന്നു.
അവനടുത്തതും അവൾ ബാഗ് ഊരി താഴെയിട്ടു.
“എന്താച്ചാ പറയ്” ഷാനിബയെക്കുറിച്ചെന്തെങ്കിലും കേൾക്കാനുള്ള കൊതിയിൽ അവൻ കാതോർത്തു.
“അനക്കറിയോ ഞാനെത്ര ഇഷ്ടപ്പെട്ടൂന്ന്?” അവളുടെ കണ്ണുകൾ നിറഞ്ഞു..
‘അനക്കറിയോടാ നിക്കെത്ര വേദനണ്ട്ന്ന്?” അവളുടെ ചുണ്ടുതുളുമ്പി…
“പിന്നനക്ക് വെറ്പ്പില്ലാന്ന് പറഞ്ഞോണ്ട് ഒന്നുങ്കൂടി ചോയ്ക്ക്യാ അതൊന്നും നോക്കണ്ടടാ…സ്നേഹത്തേക്കാൾ വല്ത് മതാണെങ്കി അത് നമ്മ്ക്ക് വേണ്ടടാ…വലിച്ചെറിയാടാ.” അവളവന്റെ കോളറിൽ പിടിച്ചുവലിച്ച് വിങ്ങിപ്പൊട്ടി.
“സംഗീതേച്ച്യേ അതോണ്ടൊന്ന്വല്ല..ഉപ്പാനെ ഇക്ക് പേട്യാ..ചേച്ചിനെയ്റ്റ് എന്തെങ്കിലും ഇണ്ട്ന്നർഞ്ഞാ ഇന്നെ കൊല്ലും…പിന്നെ..”
അവൻ പൂർത്തിയാക്കാതെ നിർത്തി. അവൾക്ക് അത്രയും കേട്ടപ്പോൾ തന്നെ വല്ലാത്തൊരാശ്വാസം തോന്നി.
ഞാനിത്രൊക്കെ ഇഷ്ടപ്പെട്ടതല്ലേ, ഇതാരും അറിയണ്ട… ഇത് ഇന്റൊര് അവകാശാന്ന് കൂട്ടിക്കോ… അതും പറഞ്ഞവൾ കയറിയവന്റെ തലയിൽ കയറിപ്പിടിച്ച് മൊഞ്ചുള്ള പഞ്ചാരച്ചുണ്ടമർത്തിച്ചുംബിച്ചു. അവനൊരു നിമിഷം സ്തബ്ധനായി. പെട്ടെന്നുണ്ടായ ഉണർവിൽ അവളെ വിടുവിക്കാൻ ശ്രമിച്ചെങ്കിലും. അവൾ കൂടുതൽ കരുത്താർജ്ജിച്ച് കഴുത്തിൽ ചുറ്റിപ്പിടിച്ച് ചുണ്ടിൽ വീണ്ടും മുത്തി.
