നീലക്കൊടുവേലി – 5 6

” ഹ്മ്മ്… എന്താടാ..? ”

സിദ്ധു അവന്റെ മുഖവുരയിൽ സംശയിച്ചു ചോദിച്ചു..

” അന്ന് നീ കള്ള് കുടിച്ചു തിരികെ ഇങ്ങോട്ട് വരാതെ എവിടേക്കാണ് പോയതെന്ന് താര അന്വേഷിച്ചിരുന്നു…

പാടത്തുള്ള കളപ്പുരയിൽ ആണെന്ന് പറഞ്ഞപ്പോൾ അത്രക്കങ്ങട് വിശ്വാസമായിട്ടില്ല… കള്ളും കുടിച്ചു വല്ല പെണ്ണുങ്ങടെ പിന്നാലെയും പോവുന്നുണ്ടോ എന്നൊക്കെ ഒരു സംശയം അവൾക്കുണ്ട്.. ”

ചിന്നന്റെ സംസാരം കേട്ടു സിദ്ധു ചിരിയോടെ നിന്നു..

” അവൾ നിന്നെ പറ്റി നന്നായി തന്നെ മനസിലാക്കിതുടങ്ങിയിട്ടുണ്ട് സിദ്ധപ്പാ… നീ സൂക്ഷിച്ചോ..”

തമാശയിൽ മുന്നറിയിപ്പ് കൊടുത്തുകൊണ്ട് ചിന്നൻ അവന്റെ പുറത്ത് തട്ടി..

” ഇതൊന്നും അവളോട് പോയി ചോദിക്കണ്ട ട്ടോ…
നിനക്ക് പണി തരനൊന്നും വേണ്ടി ചോദിച്ചതല്ലെന്നു മനസിലായതുകൊണ്ടാണ് ഞാൻ അങ്ങനേലും മറുപടി കൊടുത്തത്…

പിന്നെ നീ കരുതണ പോലെയൊന്നും അല്ല, അവർക്കൊക്കെ നിന്നോട് ഒരുപാട് സ്നേഹമുണ്ട്..

നീ തല്ലു കൊണ്ട് വീണ അന്ന് ഞാനത് നേരിട്ട് കണ്ടവനാ… ലക്ഷ്മിയമ്മയുടേം ശങ്കരേട്ടന്റേം ആ കുട്ടികളുടേം ഒക്കെ മുഖം നീ അന്ന് കാണണമായിരുന്നു…

നീ അവരോടു കാണിക്കുന്നതിനേക്കാൾ ആത്മാർത്ഥത അവർ നിന്നോട് കാണിക്കുന്നുണ്ട്… ആരും ഇല്ലെന്നു എപ്പോളും പറഞ്ഞു നടക്കുന്നതുകൊണ്ട് നീ അതൊന്നും ശ്രദ്ധിക്കാത്തതാണ് ..”

എല്ലാം മനസിലായെന്നു സിദ്ധു അവന്റെ തോളിൽ തട്ടി സമാധാനിപ്പിച്ചു..

ചിന്നൻ സൈക്കിൾ തിരിച്ചു പോകുന്നത് കണ്ടുകൊണ്ട് അവൻ തിരികെ വീട്ടിലേക്കു പോന്നു…

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഇതിനെപ്പറ്റി താരയോട് ഒന്ന് സംസാരിക്കണമെന്ന് സിദ്ധു മനസ്സിൽ കരുതി.. അതിനുള്ള ഒരു അവസരം കിട്ടിയത് നാലു ദിവസത്തിന് ശേഷം ഒരു വൈകുന്നേരമാണ്..

കിഴക്ക് വശത്തെ തൊടിയിലെ ചെമ്പക മരത്തിൽ ചാരിയിരുന്നു ഏതോ പുസ്തകം വായിക്കുകയായിരുന്ന സിതാരയെ പാടത്തു നിന്നും പറിച്ചെടുത്ത പച്ചക്കറിയുമായി കയറി വരുമ്പോളാണ് സിദ്ധു കണ്ടത്…നീതു കൂടെ ഇല്ലെന്നു കണ്ടതോടെ സംസാരിക്കാനുള്ള അവസരം തുറന്നു കിട്ടിയതായി അവന് തോന്നി..

അവന്റെ വരവ് അറിഞ്ഞെങ്കിലും അവൾ ഒരു നോട്ടത്തിന് ശേഷം തിരികെ പുസ്തകത്തിലേക്ക് തന്നെ മിഴികൾ മാറ്റി…

സിദ്ധു കയ്യിലുണ്ടായിരുന്ന പച്ചക്കറികൾ താഴെ ഒരു വാഴയിലയിലേക്ക് വെച്ച ശേഷം അവൾക്കരികിൽ ഇരുന്നു.. അത് കണ്ട സിതാര നീട്ടിവെച്ച തന്റെ കാലുകൾ മടക്കി ചമ്രം പടിഞ്ഞിരുന്നു വായന തുടർന്നു..

” സിത്തൂ.. ”

സിദ്ധുവിന്റെ വിളി കേട്ട സിതാര കയ്യിലെ ബുക്ക്‌ മടക്കി അവനെ നോക്കി സംശയത്തോടെ പുരികമുയർത്തി എന്താ എന്ന അർത്ഥത്തിൽ ചോദിച്ചു..

” എനിക്ക് നിന്നെ ശെരിക്കങ്ങോട് മനസിലാവണില്ലല്ലോ.. ”

സിദ്ധു എന്താണ് പറഞ്ഞുവരുന്നതെന്നു മനസിലാവാതെ സിതാര മുഖം ചുളിച്ചു…

” ചെലപ്പോ തോന്നും നിനക്കെന്നോട് എന്തൊക്കെയോ ഉണ്ടെന്നു, ചെലപ്പോ അറിയ പോലും ഇല്ലാ…

വളരെ അർദ്രമായി സിദ്ധു പറഞ്ഞു..
താൻ പറയുന്നത് നോക്കി ഇരിക്കുന്ന അവളുടെ പാതി തുറന്ന ചൊടികളിൽ ഒരു ചെറിയ പുഞ്ചിരി മിന്നിമാഞ്ഞത് സിദ്ധുവിന്റെ കണ്ണുകൾ ശ്രദ്ധയോടെ പിടിച്ചെടുത്തു..അതിന്റെ ധൈര്യത്തിൽ ഇത്തിരി മുന്നോട്ട് പോവാൻ അവൻ തീരുമാനിച്ചു..

” ഞാൻ കള്ള് കുടിക്കുന്നുണ്ടോ പെണ്ണുപിടിക്കുന്നുണ്ടോ എന്നൊക്കെ എന്നോട് നേരിട്ട് ചോദിച്ചാൽ പോരെ..?

നീ ചോദിച്ചാൽ പറയാതിരിക്കാൻ നിന്നെ എനിക്ക് പേടിയാണെന്നു നീ കരുതുന്നുണ്ടോ..? ”

അതുവരെ ഉണ്ടായിരുന്ന ശബ്ദത്തിൽ നിന്നൊരു വ്യതിയാനം വന്നപ്പോൾ അവൾ തെല്ലൊന്നു അമ്പരന്നു..പിന്നെ അവനെ ശ്രദ്ധിക്കാതെ ബുക്കിലേക്ക് ശ്രദ്ധിച്ചു..

ആ അവഗണന കണ്ടു സിദ്ധുവിന്റെ കുരു പൊട്ടി..ആരെങ്കിലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ചുറ്റിനും ശ്രദ്ധിച്ചു സിദ്ധു അവളിലേക്ക് കുറച്ചു കൂടി അടുത്തിരുന്നു…

പെട്ടെന്നുള്ള അവന്റെ നീക്കത്തിൽ പരിഭ്രാന്തയായെങ്കിലും ഒന്നുമില്ലെന്ന് സ്വയം ആശ്വസിച്ചുകൊണ്ട് ഒതുങ്ങിക്കൂടി..

” അല്ലെങ്കിൽ നീ പറ , നിനക്ക് പ്രണയമാണോ എന്നോട്..? ”

അവളുടെ നിശ്വാസം കിട്ടുന്നത്ര അകലത്തിൽ നിന്നുകൊണ്ട് അവളുടെ കണ്ണിൽ നോക്കികൊണ്ടാണ് സിദ്ധു കുറച്ചു നാടകീയമായി ചോദിച്ചത്…

” അല്ല….”

അവന്റെ കണ്ണിൽ നോക്കികൊണ്ട് തന്നെയാണ് അവൾ പെട്ടെന്ന് മറുപടി കൊടുത്തത്.. ആ ഉത്തരം മുൻപേ പ്രതീക്ഷിച്ചത് കൊണ്ട് സിദ്ധു കുലുങ്ങിയില്ല..

” ശെരി, അങ്ങാനാവട്ടെ…അപ്പൊ ഞാൻ കള്ള് കുടിച്ചാലും, പെണ്ണ് പിടിച്ചാലും, കഞ്ചാവ് വലിച്ചാലും നിനക്കെന്താ പ്രശ്നം ..? അതെല്ലാം എന്റെ ഇഷ്ടങ്ങളാണെന്നു കരുതണ്ടേ..? ഇനി എന്റെ പിന്നാലെ ഡീറ്റെക്റ്റീവ് കളിച്ചെങ്ങാനും വന്നാൽ നിന്റെ ചന്തി ഞാൻ അടിച്ച് പൊളിക്കും, കേട്ടല്ലോ..? ”

അവസാന വാചകം കുറച്ചു ദ്വായാർത്ഥം വെച്ച് പറഞ്ഞ ശേഷം സിദ്ധു പച്ചക്കറികളുമെടുത്തു നടന്നു…

അതിനു അടുത്ത ആഴ്ച മുതൽ സിദ്ധു കോളേജിൽ പോക്ക് വീണ്ടും ആരംഭിച്ചു.. ആദ്യ ദിവസങ്ങളിൽ എന്ത് പറ്റിയതാണ് എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു അവന് മടുത്തു…. ക്ലാസിൽ വലിയ കൂട്ടുകെട്ട് ഇല്ലാതിരുന്നിട്ടും ഈ കാര്യത്തിന്റെ മുകളിൽ പലരും അവനോട് ഒന്നു കൂടി അടുത്തു…

പക്ഷെ അവൻ എങ്ങനെ പറ്റിയെന്നതിൽ ചെറിയ മാറ്റം വരുത്തിയാണ് പറഞ്ഞത്….

ഒരു പെൺകുട്ടിയെ ഉപദ്രവിച്ച ഒരുത്തനെ പിടിച്ചെന്നും അവൻ രക്ഷപ്പെടാൻ വേണ്ടി ഇങ്ങനെ ചെയ്‌തെന്നുമാണ് എല്ലാവരോടും കഥയിറക്കിയത്..

ഗവണ്മെന്റ് കോളേജ് ആയിരുന്നതുകൊണ്ട് വിദ്യാർത്ഥി സംഘടനകളും ഒരുപാട് ഉണ്ടായിരുന്നു.. രാഷ്ട്രീയത്തിൽ താൽപ്പര്യം ഇല്ലാത്തതുകൊണ്ട് എല്ലാത്തിൽ നിന്നു ഒഴിഞ്ഞു നടക്കാനാണ് അവൻ ഇഷ്ടപ്പെട്ടത്…പലപ്പോളും ഈ സംഘടനകളുടെ പേരിൽ അവിടെ അടിപിടികളും ബഹളങ്ങളും ഒന്നിടവിട്ട് നടന്നിരുന്നത് വെറുപ്പോടെയാണ് സിദ്ധു കണ്ടിരുന്നത്..

പല പ്രമുഖ രാഷ്ട്രീയപ്പാർട്ടികളുടെയും കുട്ടി പതിപ്പുകൾ അവിടെ വിലസുന്നുണ്ട്… പല പേരിൽ ഉള്ള അത്തരം സംഘടനകൾ വിദ്യാർത്ഥികളുടെ പ്രശ്നപരിഹാരത്തിനോ,അവകാശ ലംഘനങ്ങൾക്കെതിരെ പ്രതികരിക്കാനോ പോവുന്നത് അവൻ കണ്ടിട്ടുണ്ടായിരുന്നില്ല, പകരം പൊതു രാഷ്ട്രീയത്തിൽ നടന്നുകൊണ്ടിരിക്കുന്ന തമ്മിൽ തല്ലിന്റെ ബാക്കിപ്പത്രമാണ് മിക്കപ്പോളും അരങ്ങേറിയിരുന്നത്…

പല സംഘടനകളും പേരിൽ മാത്രമേ വിദ്യാർത്ഥി എന്നുണ്ടായിരുന്നുള്ളൂ, അതിൽ ബഹളമുണ്ടാക്കിയവർ പുറത്ത് നിന്നും വന്നവരോ, പ്രായമായിട്ടും പഠിച്ചുകൊണ്ടിരിക്കുന്നവരൊക്കെ ആണെന്ന് അവൻ മനസിലാക്കി..വിദ്യാർത്ഥികൾക്ക് വേണ്ടി സംസാരിക്കുന്നതിന് പകരം രാഷ്ട്രീയമായ ഇടപെടലുകൾ നടത്തിക്കൊണ്ടാണ് അവരെല്ലാം മുന്നോട്ടു പോയിരുന്നത്… അതിനെല്ലാം കോളേജ് ഒരു തട്ടകമാക്കി എന്ന് മാത്രം..

Leave a Reply

Your email address will not be published. Required fields are marked *