സിദ്ധു ചിന്നന്റെ സംസാരം ചിരിയോടെ കേട്ടു നിന്നു..അവൾ ഇവനെ നന്നായി പേടിപ്പിച്ചിട്ടുണ്ടെന്നു സിദ്ധുവിന് മനസിലായി..
” അല്ല സിദ്ധപ്പാ…. നീ അവളോട് ചോദിച്ചില്ലേ പിന്നേം തൊടങ്ങിയോന്നു.. അത് എന്താ സംഗതി …?”
അവൻ എന്തോ ഓർത്തെടുത്തെന്നപ്പോൾ ചോദിച്ചു…..
” ഓഹ് അതോ….. അവൾ പണ്ട് മുതൽക്ക് ഇതുപോലെ ഓരോ ഇടം കോലിട്ട് വരും, ഇന്നാളു ഒരൂസം ഞാനൊരു ഡോസ് കൊടുത്തപ്പോ കുറഞ്ഞിരുന്നു.. അത് ചോദിച്ചതാടാ…. ”
സിദ്ധു ഒരു നിമിഷം ആലോചിച്ച ശേഷമാണ് ഇങ്ങനൊരു മറുപടി കൊടുത്തത്…
“ആാ… ഞാൻ വിശ്വസിച്ചു..!!
അവൻ തലകുലുക്കി സിദ്ധുവിനോട് പറഞ്ഞു.. സിദ്ധു മറുപടിയൊന്നും പറഞ്ഞില്ല…
” നേരത്തെ ഞാൻ തന്ന സാധനം സൂക്ഷിച്ച് വെച്ചോ… അല്ലെങ്കിൽ ഇതിലൊന്നും നിക്കില്ല.. ”
അവൻ മുന്നറിയിപ്പ് തന്നുകൊണ്ട് പോവാനൊരുങ്ങി…
” ആ…പിന്നേയ്…. ”
പോവാൻ തിരിഞ്ഞ ചിന്നൻ വീണ്ടും സിദ്ധുവിനു നേർക്ക് തിരിഞ്ഞു..
” ഹ്മ്മ്… എന്താടാ..? ”
സിദ്ധു അവന്റെ മുഖവുരയിൽ സംശയിച്ചു ചോദിച്ചു..
” അന്ന് നീ കള്ള് കുടിച്ചു തിരികെ ഇങ്ങോട്ട് വരാതെ എവിടേക്കാണ് പോയതെന്ന് താര അന്വേഷിച്ചിരുന്നു…
പാടത്തുള്ള കളപ്പുരയിൽ ആണെന്ന് പറഞ്ഞപ്പോൾ അത്രക്കങ്ങട് വിശ്വാസമായിട്ടില്ല… കള്ളും കുടിച്ചു വല്ല പെണ്ണുങ്ങടെ പിന്നാലെയും പോവുന്നുണ്ടോ എന്നൊക്കെ ഒരു സംശയം അവൾക്കുണ്ട്.. ”
ചിന്നന്റെ സംസാരം കേട്ടു സിദ്ധു ചിരിയോടെ നിന്നു..
” അവൾ നിന്നെ പറ്റി നന്നായി തന്നെ മനസിലാക്കിതുടങ്ങിയിട്ടുണ്ട് സിദ്ധപ്പാ… നീ സൂക്ഷിച്ചോ..”
തമാശയിൽ മുന്നറിയിപ്പ് കൊടുത്തുകൊണ്ട് ചിന്നൻ അവന്റെ പുറത്ത് തട്ടി..
” ഇതൊന്നും അവളോട് പോയി ചോദിക്കണ്ട ട്ടോ…
നിനക്ക് പണി തരനൊന്നും വേണ്ടി ചോദിച്ചതല്ലെന്നു മനസിലായതുകൊണ്ടാണ് ഞാൻ അങ്ങനേലും മറുപടി കൊടുത്തത്…
പിന്നെ നീ കരുതണ പോലെയൊന്നും അല്ല, അവർക്കൊക്കെ നിന്നോട് ഒരുപാട് സ്നേഹമുണ്ട്..
നീ തല്ലു കൊണ്ട് വീണ അന്ന് ഞാനത് നേരിട്ട് കണ്ടവനാ… ലക്ഷ്മിയമ്മയുടേം ശങ്കരേട്ടന്റേം ആ കുട്ടികളുടേം ഒക്കെ മുഖം നീ അന്ന് കാണണമായിരുന്നു…
നീ അവരോടു കാണിക്കുന്നതിനേക്കാൾ ആത്മാർത്ഥത അവർ നിന്നോട് കാണിക്കുന്നുണ്ട്… ആരും ഇല്ലെന്നു എപ്പോളും പറഞ്ഞു നടക്കുന്നതുകൊണ്ട് നീ അതൊന്നും ശ്രദ്ധിക്കാത്തതാണ് ..”
എല്ലാം മനസിലായെന്നു സിദ്ധു അവന്റെ തോളിൽ തട്ടി സമാധാനിപ്പിച്ചു..
ചിന്നൻ സൈക്കിൾ തിരിച്ചു പോകുന്നത് കണ്ടുകൊണ്ട് അവൻ തിരികെ വീട്ടിലേക്കു പോന്നു…
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഇതിനെപ്പറ്റി താരയോട് ഒന്ന് സംസാരിക്കണമെന്ന് സിദ്ധു മനസ്സിൽ കരുതി.. അതിനുള്ള ഒരു അവസരം കിട്ടിയത് നാലു ദിവസത്തിന് ശേഷം ഒരു വൈകുന്നേരമാണ്..
കിഴക്ക് വശത്തെ തൊടിയിലെ ചെമ്പക മരത്തിൽ ചാരിയിരുന്നു ഏതോ പുസ്തകം വായിക്കുകയായിരുന്ന സിതാരയെ പാടത്തു നിന്നും പറിച്ചെടുത്ത പച്ചക്കറിയുമായി കയറി വരുമ്പോളാണ് സിദ്ധു കണ്ടത്…നീതു കൂടെ ഇല്ലെന്നു കണ്ടതോടെ സംസാരിക്കാനുള്ള അവസരം തുറന്നു കിട്ടിയതായി അവന് തോന്നി..
അവന്റെ വരവ് അറിഞ്ഞെങ്കിലും അവൾ ഒരു നോട്ടത്തിന് ശേഷം തിരികെ പുസ്തകത്തിലേക്ക് തന്നെ മിഴികൾ മാറ്റി…
സിദ്ധു കയ്യിലുണ്ടായിരുന്ന പച്ചക്കറികൾ താഴെ ഒരു വാഴയിലയിലേക്ക് വെച്ച ശേഷം അവൾക്കരികിൽ ഇരുന്നു.. അത് കണ്ട സിതാര നീട്ടിവെച്ച തന്റെ കാലുകൾ മടക്കി ചമ്രം പടിഞ്ഞിരുന്നു വായന തുടർന്നു..
” സിത്തൂ.. ”
സിദ്ധുവിന്റെ വിളി കേട്ട സിതാര കയ്യിലെ ബുക്ക് മടക്കി അവനെ നോക്കി സംശയത്തോടെ പുരികമുയർത്തി എന്താ എന്ന അർത്ഥത്തിൽ ചോദിച്ചു..
” എനിക്ക് നിന്നെ ശെരിക്കങ്ങോട് മനസിലാവണില്ലല്ലോ.. ”
സിദ്ധു എന്താണ് പറഞ്ഞുവരുന്നതെന്നു മനസിലാവാതെ സിതാര മുഖം ചുളിച്ചു…
” ചെലപ്പോ തോന്നും നിനക്കെന്നോട് എന്തൊക്കെയോ ഉണ്ടെന്നു, ചെലപ്പോ അറിയ പോലും ഇല്ലാ…
വളരെ അർദ്രമായി സിദ്ധു പറഞ്ഞു..
താൻ പറയുന്നത് നോക്കി ഇരിക്കുന്ന അവളുടെ പാതി തുറന്ന ചൊടികളിൽ ഒരു ചെറിയ പുഞ്ചിരി മിന്നിമാഞ്ഞത് സിദ്ധുവിന്റെ കണ്ണുകൾ ശ്രദ്ധയോടെ പിടിച്ചെടുത്തു..അതിന്റെ ധൈര്യത്തിൽ ഇത്തിരി മുന്നോട്ട് പോവാൻ അവൻ തീരുമാനിച്ചു..
