കോളേജിൽ കുറച്ചുകൂടി സൗഹൃദങ്ങൾ വന്നതോടെ യാണ് കോളേജ് ഫെസ്റ്റിനെക്കുറിച്ചൊക്കെ സിദ്ധു അറിയുന്നത്…
കോളേജ് ഫെസ്റ്റിനോട് അനുബന്ധിച്ചു കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ് ഉണ്ടെന്നറിഞ്ഞ സിദ്ധു അതിൽ പങ്കെടുക്കാൻ ആഗ്രഹിച്ചു… ആരോടും അതിനെപ്പറ്റി പറഞ്ഞില്ലെങ്കിലും മെല്ലെ മെല്ലെ അവന്റെ വീട്ടിലെ പ്രാക്റ്റീസ് തുടങ്ങിവെച്ചു…
അതിനോടൊപ്പം തന്നെ ഒരു ഡ്രൈവിംഗ് സ്കൂളിൽ ചേർന്നുകൊണ്ട് ഇരുചക്രവും കാറിനും ലൈസെൻസ് എടുക്കാനുള്ള ശ്രമവും ആരംഭിച്ചു…
കോളേജും ഡ്രൈവിങ്ങും വീട്ടിൽ വന്ന ശേഷമുള്ള പ്രാക്ടിസും എല്ലാമായപ്പോൾ സിദ്ധു നല്ല രീതിയിൽ തിരക്കിലായി… അതൊരു തരത്തിൽ അവന് ആശ്വാസമായി.. മറ്റു വഴിവിട്ട ചിന്തകളിലേക്ക് മനസ് മാറാനുള്ള സമയം അവന് ലഭിച്ചില്ല…
കോളേജിലെ ചാമ്പ്യൻഷിപ് ജയിച്ചാൽ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാമെന്നു മനസിലാക്കിയപ്പോൾ ഒറ്റക്കുള്ള പ്രാക്ടിസിനെക്കാൾ ഒരു അക്കാദമിയിൽ ചേരാൻ അവൻ തീരുമാനിച്ചു…അങ്ങനെ അന്വേഷണത്തിനോടുവിൽ കോളേജിൽ നിന്നും കുറച്ചു ദൂരെയുള്ള അക്കാഡമിയിൽ അവൻ ചേർന്നു..യാത്ര ഒരുപാട് ആയതോടെ കോളേജിനടുത്തൊരു ഹോസ്റ്റലിലേക്ക് അവൻ
ലക്ഷ്മിയമ്മയുടെയും ശങ്കരന്റെയും സമ്മതത്തോടെ താമസം മാറ്റി..
രാവിലെ ഡ്രൈവിങ് പഠനം, പിന്നെ കോളേജ്, ശേഷം കിക്ക് ബോക്സിങ്… നല്ലൊരു ട്രൈനെർ ആണ് അക്കാഡമിയിൽ ഉണ്ടായിരുന്നത്, കഴിവ് ഉണ്ടായിട്ടും പരിക്കു കാരണം ഇന്റർനാഷണൽ കളികളിൽ പങ്കെടുക്കാൻ പറ്റാതെ പോയ ഒരുത്തൻ…
സിദ്ധുവിന്റെ ടെക്നിക്കുകളും സ്റ്റാമിനയും ശ്രദ്ധയും മെല്ലെ മെല്ലെ ഉയർത്തികൊണ്ട് പുള്ളി കഴിവ് തെളിയിച്ചു… ഇതിനൊക്കെ പുറമെ ഓരോ കളിയിലും മൈൻഡ് ഗെയിം വെച്ച് എതിരാളിയെ നിയന്ത്രിക്കാനും സിദ്ധു പരിശീലിച്ചു… കഠിനമായ പ്രാക്റ്റീസ് സിദ്ധുവിനെ തളർത്തി, അതിനോട് ചേർന്നു നല്ല ഭക്ഷണവും കഴിച്ചു ശരീരത്തെ മൂർച്ച കൂട്ടി…
ഇടക്ക് ശങ്കരൻ വന്നു കണ്ടുകൊണ്ടിരുന്നു, ഒരു തവണ ലക്ഷ്മിയമ്മയും… നീതു ഇടക്ക് അച്ഛനോട് അവനെപ്പറ്റി ചോദിച്ചറിഞ്ഞു, സിതാര അതിനും മെനക്കെട്ടില്ല, സിദ്ധു വീട്ടിൽ വരാതെ ഇരിക്കുന്നതിനുള്ള ഒരു കാരണം താനാണെന്നു അവൾക്ക് പകൽ പോലെ വ്യക്തമായിരുന്നു..
ഇടക്ക് ഒഴിവ് ലഭിച്ചിരുന്നെങ്കിലും പ്രാക്റ്റീസ് പേര് പറഞ്ഞു സിദ്ധു വീട്ടിലേക്ക് പോയതേ ഇല്ല… ചില കാര്യങ്ങൾക്ക് ഒരു അകലം ആവശ്യമാണെന്ന് അവൻ മനസിലാക്കിയിരുന്നു… വീട്ടിലേക്ക് പോകാതിരുന്നതോടെ സിതാരയെ കുറിച്ചുള്ള ചിന്തകൾക്ക് ഒരു അവധി കിട്ടി, ഒരുതരത്തിൽ
സിതാരയോടുള്ള ഒരു മധുരപ്രതികാരം കൂടി ആയിരുന്നു അത്…
******* *********
മൂന്നു മാസങ്ങൾക്കു ശേഷം സിദ്ധുവിന്റെ
കോളേജ് ഫെസ്റ്റ് വന്നെത്തി…രണ്ടാം ദിവസമായിരുന്നു മാർഷ്യൽ ആർട്സ് ഒക്കെ ഉണ്ടായിരുന്നത്… കിക്ക് ബോക്സിങ് മത്സരത്തിന് അവന്റെ പേര് കണ്ടു ക്ലാസിലെ പലരും അമ്പരന്നു… ഉൾവലിഞ്ഞ പ്രകൃതവുമായിരിക്കുന്ന സിദ്ധുവിനെ പോലെ ഒരാളിൽ നിന്നു അങ്ങനൊരു കാര്യം അവർ പ്രതീക്ഷിച്ചിരുന്നില്ല..
അവൻ പഠിച്ചിരുന്ന അക്കാഡമി അടുത്തല്ലാത്തത് അവൻ ഇങ്ങനെ പഠിക്കുന്നതും ആർക്കും അറിയില്ലായിരുന്നു…
അവരുടെ കോളേജിലെ പ്രധാനപ്പെട്ട ഒരു ഐറ്റം ആയിരുന്നു കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പ് … കോളേജിലെ ഓഡിട്ടോറിയത്തിൽ പ്രത്യേകം സജീകരിച്ചാ റിങ്ങിലാണ് മത്സരം…നിലവിലെ ചാമ്പ്യൻ സോണി വർഗീസ് ഒരു പ്രമുഖ വിദ്യാർത്ഥി സംഘടനയിലെ അംഗം കൂടി ആണ്… അവൻ മാത്രമല്ല 12 പേരാണ് സിദ്ധുവടക്കം പങ്കെടുക്കാൻ ഉണ്ടായിരുന്നത്, അതിൽ 11 പേരും ഓരോ പാർട്ടിയിൽ ഉള്ളവരാണ്…
ഓരോ പാർട്ടിക്കാർ ഉൾപ്പെട്ടിരുന്നത് കൊണ്ട് ഈ മത്സരവും അവരുടെ അടിപിടികൾ നടത്താനുള്ള അവസരമാണ് അവർ കണ്ടിരുന്നത്, അതുകൊണ്ടുതന്നെ മത്സരങ്ങൾ ഓരോന്നും പൊടി പാറി…
പരസ്പരം പോർവിളി മുഴക്കിയും കളിയാക്കിയും തെറി വിളിച്ചും ഭീഷണി മുഴക്കിയും ഓരോ മത്സരവും മുറുകി മുറുകി വന്നു…
