നീലക്കൊടുവേലി – 5 6

 

ആദ്യത്തെ 3 കളി ജയിച്ചതോടെ സിദ്ധു സെമി എത്തി..സെമിയിൽ കുറച്ചു ശൈലി മാറ്റിയാണ് അവൻ കളിച്ചത്.. അത് ശ്രദ്ധിച്ചു നിന്നിരുന്ന സോണിയെ ഒന്ന് ചുറ്റിക്കാൻ സ്റ്റാമിന കുറയുന്നത് പോലെ കാണിച്ചു, ഓരോ അറ്റാക്കിലുള്ള വർക്കിന് ശേഷവും ഗ്ലൗ താഴ്ത്തി ക്ഷീണം ഭാവിച്ചു, എന്നാൽ തിരിച്ചുള്ള അറ്റാക്കിൽ പോയിന്റ് വരാതിരിക്കാൻ നോക്കുകയും ചെയ്തു..

സോണിക്കു സിദ്ധുവിന്റെ സ്റ്റാമിന കുറഞ്ഞതായി തോന്നി, പഞ്ചിനും കിക്ക്‌നും ക്വാളിറ്റി ഉണ്ടെങ്കിലും ക്ഷീണിതനായി കളിക്കുന്ന സിദ്ധുവിനെ സോണി സമാധാനത്തോടെ നോക്കി..

ഓരോ ഇടവേളയിലും അവന്റെ ട്രൈനെർ വേണ്ട നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ടിരുന്നു..അവൻ അത് റിങ്ങിനുള്ളിൽ ഫലവത്താക്കി…

നാലാം റൗണ്ടിൽ സിദ്ധു സെമി ജയിച്ചു..

3 മിനിറ്റിന്റെ നാലു റൗണ്ട് ആയിരുന്നു ഫൈനൽ.. അതിലെ ആദ്യ റൗണ്ട് സിദ്ധു സോണിയെ അഴിച്ചുവിട്ടു… അവനെ പഠിക്കാൻ വേണ്ടിയായിരുന്നു ആ പരിപാടി..

അവന്റെ വേഗത പക്ഷെ സിദ്ധുവിനെ പലപ്പോളും അമ്പരപ്പിച്ചു.. അതുവരെ കണ്ട സോണി ആയിരുന്നില്ല ഫൈനലിൽ…. ഗാർഡ് വെക്കുന്നതിനു മുൻപ് കിട്ടുന്നുണ്ടെങ്കിലും ശക്തമായ അറ്റാക്ക് അല്ലായിരുന്നു, അവന് പോയിന്റ് കേറുന്നുണ്ട് എന്ന് മാത്രം..

അവന്റെ കൂടെയുള്ളവരുടെ കളിയാക്കലും ശബ്ദകോലാഹലങ്ങളും സോണിയോട് മത്സരിക്കുന്നവർക്ക് വലിയൊരു പരീക്ഷണം തന്നെ ആയിരുന്നു..

സിദ്ദുവിന്റെയും മനസാനിധ്യവും ഏകാഗ്രതയും അവിടെ പരീക്ഷിക്കപ്പെട്ടു.. ആദ്യ റൗണ്ടിലെ തോൽവി കഴിഞ്ഞുള്ള ഇടവേളയിൽ സോണിയുടെ മൂവുകൾ അവൻ മനസിലൂടെ ഓർത്ത് നോക്കി, അതിനുള്ള മറുമരുന്നുകൾ ട്രെയിനറുമായി ചർച്ച ചെയ്തു…

ലോങ്ങ്‌ റേഞ്ചിൽ ഉള്ള സിദ്ധുവിന്റെ അറ്റാക്ക് തടയാൻ ക്ലോസ് ആയിട്ടാണ് സോണി കളിച്ചിരുന്നത്, അതും അവന്റെ വേഗത കൂടി ചേരുമ്പോൾ പോയിന്റ് കിട്ടുന്നുണ്ട്..

രണ്ടാം റൗണ്ട് മുതൽ സിദ്ധു
കളിയിലേക്ക് വന്നു… ചുറ്റുമുള്ള ശബ്ദം കോലാഹലങ്ങളെ അവൻ അവഗണിച്ചു സോണിയിലേക്ക് മാത്രം ശ്രദ്ധിച്ചു…

സോണിയുടെ മിന്നൽ നീക്കങ്ങളെ ഗാർഡ് വെച്ച് തടഞ്ഞു തുടങ്ങി, അറ്റാക്ക് ചെയ്യുന്നതിന് പകരം ഫേക്ക് മൂവുകളിലൂടെ സോണിയെ അവൻ കബളിപ്പിച്ചു…

ഒരു അറ്റാക്ക് പ്രതീക്ഷിക്കുന്ന സോണി പെട്ടെന്ന് പ്രതിരോധിക്കുമ്പോൾ ചിരിയോടെ അടുത്ത ഫേക്ക് അറ്റാക്കിനു ശ്രമിക്കുന്ന സിദ്ധുവിനെ കണ്ടു പ്രകോപിതനായി..

ഇടക്ക് കയറി വന്നു ഒരു കിക്ക് മുഖത്തേക്ക് വന്നപ്പോൾ വെട്ടിയൊഴിഞ്ഞ സിദ്ധു തിരിഞ്ഞു നിന്നു കൊടുത്ത ഹുക്കിൽ സോണിയുടെ കിളി പോയി..

ഗംഭീര ഗ്രൗണ്ട് സപ്പോർട്ട് ഉണ്ടായിരുന്ന സോണിക്കു ആ അടിയിൽ കാണികൾ നിശബ്ദരായി…. വീണ്ടും അറ്റാക്ക് ചെയ്തു കേറി വന്ന സോണിയെ സിദ്ധു പലരീതിയിൽ പ്രകോപിച്ചു..പോയിന്റ് നില തുല്യമാക്കാൻ ആ റൗണ്ടിൽ സിദ്ധുവിന് സാധിച്ചു..

മൂന്നാം റൗണ്ടിൽ സിദ്ധു പുതിയ തന്ത്രമായിരുന്നു..ക്ലോസ് റേഞ്ചിൽ കയറി വന്ന സോണിയെ വേഗത്തിൽ മൂന്നുനാലു എൽബോ സ്ട്രൈക്ക് കൊടുത്തു മുഖം പഞ്ചറാക്കി വിട്ടു, പ്രതീക്ഷിക്കാതെ കിട്ടിയ അറ്റാക്കിൽ സോണിയുടെ മുഖത്ത് ചോര പൊടിഞ്ഞു..

നാലാം റൗണ്ടിൽ സിദ്ധു സ്വന്തം സ്‌ട്രെങ്ത്തിലേക്ക് തിരികെ വന്നു, ലോങ്ങ്‌ റേഞ്ചിൽ നിന്നു നല്ല ഊക്കൻ ഇടികളും ഒന്ന് രണ്ട് കിക്കും… സോണി നിലത്തു വീണു, റെഫെറീ വിസിൽ അടിച്ചു, കളി കഴിഞ്ഞു…

തുടക്കത്തിൽ സപ്പോർട്ടേഴ്‌സ് ഇല്ലാതിരുന്ന സിദ്ധുവിന് അതോടെ കരഘോഷങ്ങൾ കൊണ്ട് പ്രവാഹമായിരുന്നു…

ക്ലാസിലെ പിള്ളേർ പൊതിഞ്ഞു, ട്രൈനെർ സന്തോഷത്തോടെ ചേർത്തുപ്പിടിച്ചു… സോണിയെ അവന്റെ കൂടെയുള്ളവർ എടുത്തു കൊണ്ടുപോയി…

സിദ്ധുവിനും അല്ലറ ചില്ലറ പരിക്കുകൾ ഉണ്ടായിരുന്നു, മൂക്കിന് കിട്ടിയ ഇടിയിൽ ചോര വരുന്നുണ്ട്, കണ്ണിനു ചുറ്റും നീര് വെക്കാൻ തുടങ്ങിയിട്ടുണ്ട്… അവിടെയെല്ലാം ഐസ് വെച്ച് കൊണ്ട് അവൻ വിശ്രമിച്ചു…

അങ്ങനെ കോളേജിന്റെ പുതിയ ബോക്സിങ് ചാമ്പ്യൻ ആയി സിദ്ധു മാറി, ഇതുവരെ ചാമ്പ്യൻ ആയി നിന്നിരുന്ന സോണി ഇതെങ്ങനെ ഉൾക്കൊള്ളും എന്നതായിരുന്നു സിദ്ധുവിന്റെ ചിന്ത.. ഒറ്റക്കല്ലല്ലോ, കൂടെയുള്ള ആളുകൾ കൂടി തോൽവി അംഗീകരിച്ചില്ലെങ്കിൽ ഏതെങ്കിലും തരത്തിൽ ഒരു പണി വന്നേക്കാം.. ഒന്ന് തയാറായി ഇരിക്കണമെന്ന ചിന്ത മനസ്സിൽ ഓടി….

അന്ന് ഹോസ്റ്റലിൽ വന്നു കിടന്ന ശേഷം വീട്ടിലേക്ക് പോയി വരാമെന്നു ഒരു തോന്നൽ അവനുണ്ടായി..മൂന്ന് മാസത്തോളം വീട്ടിൽ നിന്നും വിട്ടുനിന്നതല്ലേ..!! ഇതിനിടയിൽ പറയാൻ വിട്ടു പോയത് സിദ്ധുവിന് ലൈസെൻസ് കിട്ടിയതായിരുന്നു… ഇരുചക്രവും നാലു ചക്രവും ഓടിക്കാൻ അവന് ഔദ്യോദിക അനുമതി കിട്ടി.. അത് കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് കോളേജിൽ പരിപാടി ഉണ്ടാവുന്നതൊക്കെ..

ചാമ്പ്യൻഷിപ് വഴി കിട്ടിയ പരിക്കുകൾ ഒരു വിധം ഭേദമായതിനു ശേഷം വീട്ടിലേക്ക് പോവുന്നതിനു നല്ലതെന്നു സുഹൃത്തുക്കളുടെ അഭിപ്രായം മാനിച്ചു സിദ്ധു അടുത്ത ആഴ്ചയാണ് വീട്ടിലേക്ക് പോയത്…

കോളേജിലെ അവന്റെ പരിവേഷം മാറിയിരുന്നു… മുന്പ് പല രീതിയിൽ വെറുപ്പിച്ചിരുന്ന പാർട്ടിക്കാർ അവരിലേക്ക് ചേരാനായി സിദ്ധുവിനെ സമീപിച്ചു… സിദ്ധുവിനെ പോലെ ഒരാളുണ്ടെങ്കിൽ അവർക്കതൊരു മുതൽക്കൂട്ടാകുമെന്ന് അവർ ചിന്തിച്ചു.. പല ആളുകളുടെ വക്കാലത്തു കൊണ്ട് ഇത് നടത്താൻ നോക്കിയെങ്കിലും സിദ്ധു ഒന്നിനും വഴങ്ങിയില്ല.. അവൻ ആദ്യത്തേത് പോലെ ഒതുങ്ങി ജീവിച്ചു പോന്നു..പഴയതു പോലെ അവനെ തോണ്ടാനും പിടിക്കാനും ആരും നിന്നതുമില്ല..

അങ്ങനെ അടുത്ത ആഴ്ചയിൽ സിദ്ധു ചിറക്കലേക്കു തിരിച്ചു.. മാസങ്ങൾക്കു ശേഷം ആദ്യ യാത്ര.. അവിടെ എത്തിയപ്പോൾ സിതാരയും നീതുവും ക്ലാസ് കഴിഞ്ഞ് വന്നിട്ടുണ്ടായിരുന്നില്ല… വന്നപാടെ ലക്ഷ്മിയമ്മയോട് വിശേഷങ്ങൾ തിരക്കിയപ്പോൾ ശേഷം പാടത്തേക്കും തൊടിയിലേക്കുമായി ഇറങ്ങി.. കുറെ സമയം ശങ്കരനോടൊപ്പം അങ്ങിങ്ങായി ചിലവഴിച്ചു സന്ധ്യയായപ്പോളാണ് കുളത്തിലൊന്നു നീന്തി കുളിച് കേറാൻ തോന്നലുണ്ടായത്..

ശങ്കരൻ കയ്യിലുള്ള തോർത്ത്‌ അവന് കൊടുത്തു.. അവൻ അതുമായി കുളത്തിലേക്ക് ചെന്നു… ആ പടിക്കെട്ടിറങ്ങുമ്പോൾ മനസ്സിൽ പെട്ടെന്ന് സിതാരയുടെ ഓർമ മിന്നി.. മുൻപ് അവിടെ നിന്നാണല്ലോ ഓർമ്മിക്കാൻ മധുരമുള്ള ചില കാര്യങ്ങൾ ഉണ്ടായത്..

ആ ദൃശ്യത്തിന്റെ ഓർമയിൽ ചുണ്ടിലൊരു മൂളിപ്പാട്ടുമായി ചെന്നു ഇറങ്ങുമ്പോൾ ഓർത്തുക്കൊണ്ടിരിക്കുന്ന ആൾ അതാ കുളത്തിൽ… എന്നാൽ ഇത്തവണ അർദ്ധ നഗ്‌നതയിലല്ല, ചുരിദാറിലാണെന്നു മാത്രം..

സിദ്ധു ഒരുനിമിഷം ഇറങ്ങണോ വേണ്ടേ എന്നുള്ള സംശയത്തിൽ നിന്നു… ഒന്ന് മുങ്ങി നിവർന്നു നോക്കുമ്പോളാണ് സിതാര സിദ്ധുവിനെ കണ്ടത്…അവൻ വന്നത് അവൾ അറിഞ്ഞിരുന്നില്ല, അതുകൊണ്ട് തന്നെ അവളും കണ്ട മാത്രയിൽ നിശ്ചലയായി..

Leave a Reply

Your email address will not be published. Required fields are marked *