നീലക്കൊടുവേലി – 8 9

” എന്താ ഈ കാണിക്കണേ ..? ”

ദേഷ്യത്തിൽ ചോദിച്ചു കൊണ്ട് അവൾ നിന്നു പല്ലിറുമ്മി…

” എപ്പളും ഇങ്ങനെ ദേഷ്യപ്പെടാതെ ഇത്തിരി സ്നേഹം കാണിക്കേടോ….ഇതൊക്കെ എനിക്കുള്ളത് തന്നെ അല്ലേ..!!”

അവളുടെ കവിളിൽ കൊഞ്ചലോടെ നുള്ളി പറഞ്ഞു കൊണ്ട് സിദ്ധു തിരിഞ്ഞു കോണിപ്പടി ഓടിക്കയറി…

ഒന്ന് രണ്ട് പടി കയറി അവളെ തിരിഞ്ഞു നോക്കുമ്പോൾ കുട്ടിക്കലം പോലെ വീർപ്പിച്ച കവിളും ദേഷ്യം കൊണ്ട് വില്ല് പോലെ നിൽക്കുന്ന പുരികവുമായി അവനെ നോക്കി നിൽക്കുന്നുണ്ട്, കണ്ണടിച്ചു കൊണ്ട് അവൻ ബാക്കി കൂടി കയറി മുകളിൽ പോയി… കയ്യിൽ കിട്ടിയാൽ ചെലപ്പോ കൊന്നേനെ പിശാശ്…!!

സന്ധ്യക്ക്‌ ഊഞ്ഞാലിൽ കിടന്നു വിശ്രമിക്കുമ്പോളാണ് ചിന്നന്റെ വരവ്… സിദ്ധു ആടുന്നതും നോക്കി ചിരിയോടെ വന്ന ചിന്നനോട് അടുത്തുള്ള മരക്കുറ്റിയിൽ ഇരിക്കാൻ സിദ്ധു ആംഗ്യം കാണിച്ചു…

” ചിന്നാ….. നീയും കുഞ്ഞിയും ഇഷ്ടത്തിലായിട്ട് ഒത്തിരി നാളായോ..?? ”

മുഖവുരയില്ലാതെ സിദ്ധുവിന്റെ ചോദ്യം കേട്ട് ചിന്നൻ അവന്റെ മുഖത്തേക്ക് നോക്കി…

” ഒരു കൊല്ലമൊക്കെ ആയിക്കാണും… എന്തേ..? ”

അവൻ സിദ്ധുവിന്റെ ചോദ്യത്തിലെ ഗൗരവം തിരിച്ചറിഞ്ഞു…

” അവൾ നമ്മുടെ ധന്യയുടെ പിന്നാലെ നടക്കുന്ന അപ്പുണ്ണിയുമായി കൂട്ടാണോ…?? ”

സിദ്ധു സംശയത്തോടെ ചോദിച്ചപ്പോൾ ചിന്നൻ ആലോചനയോടെ ഒരു നിമിഷം നിന്നു…

” ഇല്ലല്ലോ….അവർ ഒരേ കോളനിയിൽ ഒക്കെയാണ്, പക്ഷെ അവൻ പണ്ട് വേണ്ടാത്തതെന്തോ പറഞ്ഞെന്നും പറഞ്ഞു മിണ്ടാറില്ലെന്നാണ് പറയാറ്…നീ കാര്യം പറ.. ”

ചിന്നൻ അക്ഷമനായി…
സിദ്ധു ആലോചനയോടെ കണ്ണുകൾ അടച്ചു…നേരത്തെ തോന്നിയ തോന്നൽ ശരിയായത് പോലെ…

ഇനി ഇവനോട് എവിടുന്നു പറഞ്ഞു തുടങ്ങണമെന്നാണതാണ് അടുത്ത പ്രശ്നം.. ധന്യ പ്രധാന കഥാപാത്രമാകുമല്ലോ.. അവൾക്ക് ഭാവിയിൽ വലിയ പ്രശ്നങ്ങളില്ലാത്ത രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയണം..

” സിദ്ധപ്പാ…… നീ കാര്യം പറ.. ”

അപ്പുണ്ണി സിദ്ധുവിന്റെ തുടയിൽ ഒരു അടി കൊടുത്ത് കൊണ്ട് പറഞ്ഞു… സിദ്ധു വേദനയിൽ മുഖം ചുളിച്ചു..

” പറയാം… നീ ശാന്തമായിട്ട് ഇരുന്നു കേൾക്കണം… ”

സിദ്ധു ഊഞ്ഞാലിൽ എണീറ്റു ഇരുന്നുകൊണ്ട് പറഞ്ഞു…

ചിന്നൻ സിദ്ധു പറയാൻ പോവുന്നതിലേക്ക് പൂർണമായും ശ്രദ്ധ കൊടുത്തു കൊണ്ട് ഇരുന്നു..

സിദ്ധു രാവിലെ മുതൽ സംഭവിച്ച കാര്യങ്ങൾ ഓരോന്നായി ചിന്നനോട് വെളിപ്പെടുത്തി, ധന്യയെ മോശമായി ചിത്രീകരിക്കാതെയാണ് ഓരോന്നും വിശദീകരിച്ചത്.. അപ്പുണ്ണി വന്നതും ഷോ ഉണ്ടാക്കിയതും, അവനെ പെരുമാറി വിട്ടതും എല്ലാം അവൻ പറഞ്ഞു…

” അല്ല അവനെങ്ങനെ അറിഞ്ഞു നിങ്ങൾ അവിടെ ഉള്ളത്..?? ”

സിദ്ധു മുഴുവനാക്കുന്നതിനു മുൻപ് തന്നെ ചിന്നൻ ഇടയിൽ കേറി ചോദിച്ചു..

” ആ…അത് തന്നെയാണ് ഞാൻ പറഞ്ഞു വരുന്നത്.. ”

സിദ്ധു പറയാം എന്ന അർത്ഥത്തിൽ കൈ കൊണ്ട് കാണിച്ചു പറഞ്ഞു..

” അവിടെയാണ് കുഞ്ഞിക്കുള്ള റോൾ.. അവളാണ് പറഞ്ഞതെന്നാ അവൻ പറഞ്ഞത്… ”

സിദ്ധു പറഞ്ഞപ്പോൾ അത് അംഗീകരിക്കാനാവാതെ ചിന്നൻ ആലോചനയോടെ തല കുലുക്കി..

” അതിനുള്ള വഴിയില്ല സിദ്ധപ്പാ.. പറഞ്ഞു കേട്ടിടത്തോളം അവനോട് അവൾ മിണ്ടാൻ പോലും സാധ്യതയില്ല, അതിന് മാത്രം വെറുപ്പിച്ചിട്ടുണ്ടെന്നാ എന്റെ അറിവ്… ”

ചിന്നൻ അവനറിയാവുന്ന കാര്യം തീർത്തു പറഞ്ഞു…സിദ്ധു ഇതിലെ വൈരുദ്ധ്യം കണ്ടുപിടിക്കാൻ ആവാതെ കുഴങ്ങി… അപ്പുണ്ണി പറയുന്നത് പോലെ ആണെങ്കിൽ കുഞ്ഞി നുണ പറയുന്നു പക്ഷെ എന്തിന്…??? ഇനി അപ്പുണ്ണി വെറുതെ ഒരു പേര് പറയുന്നതാണെങ്കിൽ തന്നെ ഒറ്റിയത് ആര്…??

അങ്ങനെ കുഞ്ഞിയെ മുന്നിലേക്കിട്ട് അവൻ ആരെയാണ് രക്ഷിക്കാൻ നോക്കുന്നത് എന്ന് അറിയണം..

അതിനേക്കാളും വലിയൊരു തലവേദന കുഞ്ഞി ചിന്നനെ വലിപ്പിക്കുന്നുണ്ടോ എന്നതാണ്… അവർ തമ്മിൽ ബന്ധമുണ്ടെങ്കിൽ അത് ചിന്നൻ അറിയാതിരിക്കാനായി നുണ പറയുന്നതും ആവാമല്ലോ…

അങ്ങനെ ആണെങ്കിൽ അവൾക്കൊരു അവാർഡ് കൊടുക്കേണ്ടി വരും… അത് സിദ്ധു മനസിലുറപ്പിച്ചു… അതിനു മുൻപ് ഇതിന്റെ കാര്യം കണ്ടുപിടിക്കണം…

Leave a Reply

Your email address will not be published. Required fields are marked *