നീലക്കൊടുവേലി – 8 7

” അത് ഞാൻ ആലോചിക്കട്ടെ, വഴിയുണ്ടാക്കാം…. നീ അങ്ങനെ ഒരു മണ്ടനാണെന്നു അവൾ കരുതിയെങ്കിൽ അതിനുള്ള ഒരു ചെറു പണി കൊടുക്കണ്ടേ..?? ”

സിദ്ധു ചിന്നന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു ചോദിച്ചു….അവന്റെ ഉള്ളിലിരുപ്പ് അറിയാത്തതിനാൽ ചിന്നൻ വേണമെന്ന അർത്ഥത്തിൽ തലയാട്ടി…

സിദ്ധു രാത്രി എത്തിയപ്പോൾ അവർ നാലു പേരും ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു… അവനെ കണ്ടപ്പോൾ സിതാരയും നീതുവും എഴുന്നേറ്റ് പടിയിലേക്ക് മാറിയിരുന്നു…

അവരോടൊപ്പം അര മണിക്കൂറോളം സംസാരിച്ചിരുന്നതിനു ശേഷം ഭക്ഷണം കൂടി കഴിഞ്ഞതിനു ശേഷമാണ് സിദ്ധു മുകളിലേക്കു പോയത്… വിശപ്പ് ഉണ്ടായത് കൊണ്ടല്ല തനിക് വേണ്ടി എടുത്തുവെച്ച ഭക്ഷണം വേസ്റ്റ് ആക്കുന്നതിനോട് ഉള്ള താൽപ്പര്യക്കുറവ് ആണ്…

സിതാര ആ സമയം വരെയുള്ള സംസാരത്തിനിടക്ക് പല തവണ അവനെ നോക്കുന്നത് അറിഞ്ഞെങ്കിലും സിദ്ധു അവൾക്ക് നേരിട്ടൊരു ദൃഷ്ടി കൊടുത്തില്ല, അത് തനിക്കൊരു ക്ഷീണം ആയിരിക്കുമെന്ന് അവന് അറിയാമായിരുന്നു…

സംഭവബഹുലമായ ദിവസമായത് കൊണ്ട് തന്നെ രാത്രി കിടന്നതും ഉറങ്ങിയതും അവൻ അറിഞ്ഞില്ല, അത്ര മാത്രം ക്ഷീണം ഉണ്ടായിരുന്നു…

പിറ്റേന്ന് രാവിലെ ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ ലക്ഷ്മിയമ്മ സിദ്ധുവിനരികിൽ വന്നു..

” മോനെ ഇന്ന് ആ പെണ്ണ് വരില്ലെന്ന് പറഞ്ഞിരുന്നോ..? ”

സിദ്ധു ചോദ്യം പെട്ടെന്ന് മനസിലാകാതെ അവരുടെ മുഖത്തേക്ക് നോക്കി..

“ഇന്നലെ നെൽപുര വൃത്തിയാക്കാൻ വന്ന കുട്ടിയില്ലേ …..അവൾ പറഞ്ഞിരുന്നോ..? ”

ലക്ഷ്മിയമ്മ വ്യക്തമാക്കി ചോദിച്ചപ്പോളാണ് സിദ്ധുവിന് പെട്ടെന്ന് ഓർമ വന്നത്…

” ആ ആ കുട്ടിയോ… അതിന് ഇന്നലെ അത് കഴിഞ്ഞപ്പോളേക്കും ഒരു പനിക്കോളുണ്ടായിരുന്നു, ഞാനാണ് ഇന്ന് വരണ്ടാന്നു പറഞ്ഞത്… ലക്ഷ്മിയമ്മോട് പറയാൻ വിട്ടുപോയി.. ”

സ്വയം തലയിൽ കൊട്ടിക്കൊണ്ട് സിദ്ധു പറഞ്ഞു..

” ആണോ….? ഇന്ന് ആ കുരുമുളകൊക്കെ തോണ്ടി കളഞ്ഞു ചാക്കിൽ കെട്ടി വെയ്ക്കാന്നു പറഞ്ഞേരുന്നു അവൾ…. ഇന്നലെ നിങ്ങൾ ഒപ്പം ഉണ്ടായിരുന്നോണ്ട് വല്ലോം പറഞ്ഞോ എന്നറിയാൻ വേണ്ടി ചോയ്ച്ചതാ.. ”

ലക്ഷ്മിയമ്മ അവനുള്ള ഭക്ഷണം വിളമ്പികൊണ്ട് പറഞ്ഞു….

“പോട്ടെ ലക്ഷ്മിയമ്മേ , നാളെ ചെയ്തോളും….. വയ്യാന്നു പറയുമ്പോ വേറെന്തു ചെയ്യാൻ….? ”

സിദ്ധു മുഖത്ത് വിരിഞ്ഞ നിസ്സഹായതയോടെ പറഞ്ഞു….

” എയ്….അത് പ്രശ്നമല്ല…. ഞാൻ ചുമ്മാ അറിയാൻ ചോയ്ച്ചതാ… ”

ലക്ഷ്മി അമ്മ അവന്റെ തലമുടിയിൽ സ്നേഹത്തോടെ തഴുകികൊണ്ട് പറഞ്ഞു…

സിദ്ധു ഭക്ഷണം കഴിക്കുമ്പോളെല്ലാം ചിന്തയിലാണ്ടു പോയി..ധന്യ വരാത്തത് കൊണ്ട് ന്തേലും തരത്തിലുള്ള സംസാരം ഇവിടെ ഉണ്ടായോ എന്നായിരുന്നു അവന്റെ സംശയം.. കുഞ്ഞി പാര വെക്കാനുള്ള ചാൻസ് കൂടുതലാണല്ലോ..

സിതാരയുടെ അടുത്തെങ്ങാനും ഇതിന്റെ പാരയുമായി ചെല്ലുമോ എന്തോ… അവർക്കൊക്കെ എന്തെങ്കിലും കിട്ടിയാൽ പിന്നെ അത് മതി സ്വൈര്യം പോവാൻ..

ഭക്ഷണം കഴിഞ്ഞു സിദ്ധു പുറത്തോട്ടിറങ്ങി.. അവൻ തഞ്ചത്തിൽ കുഞ്ഞിയെ നിരീക്ഷിച്ചു… കണ്ടാൽ എന്തൊരു പാവം.. നിൽപ്പിലും നടപ്പിലും ചെയ്തികളിലും എല്ലാം ഒരു പക്വത തോന്നിക്കും, പക്ഷെ ഉള്ളിൽ ഉള്ളത് വിഷമാണ്…

ആ വിഷത്തിനുള്ള മറു മരുന്ന് കയ്യിലുണ്ട് മോളെ, ആവശ്യ സമയത്ത് തന്നേക്കാം…. സിദ്ധു മനസ്സിൽ കണക്കുകൾ കൂട്ടി..

അന്ന് ഉച്ചയോടു ചേർന്നു അവൻ പറഞ്ഞ കണക്കിന് ഒരു ജീപ്പുമായി രണ്ടുപേർ എത്തി, അവന്റെ ബോക്സിങ് ആശാന്റെ പരിചയക്കാരായിരുന്നു, സിദ്ധുവിന്റെ താൽപ്പര്യത്തിന് ചേർന്ന വണ്ടി കിട്ടാൻ വന്ന താമസം അവനെ അവർ ബോധിപ്പിച്ചു…

വണ്ടി സിദ്ദുവിനു ഇഷ്ടമായി, ഓഫ്‌റോഡ് സംവിധാനമുള്ള കട്ട്‌ ചെയ്‌സ് ജീപ്പ്, അവൻ മനസ്സിൽ കണ്ട രീതിക്കുള്ള ഒരു മുതൽ ആയിരുന്നു..

 

അവന്റെ നാട്ടിലെ ഇന്ധന സംവിധാനം കുറവായതിനാൽ ഫുൾ ടാങ്ക് അടിച്ചു ഒരു ബാരലിൽ സ്റ്റോർ ചെയ്യുകയും ചെയ്താണ് അവർ വന്നത്…വണ്ടിയെ കുറിച്ചുള്ള ധാരണ കൊടുക്കുമ്പോൾ തന്നെ അവൻ ആശാനോട് ഈ കാര്യം കൂടി സൂചിപ്പിച്ചിരുന്നു…എല്ലാം കൊണ്ടും സംഗതി ജോറായി..

അതുകൊണ്ട് തന്നെ പറഞ്ഞതിനേക്കാൾ വില കൊടുത്ത്, ഉച്ച ഭക്ഷണവും കൊടുത്ത് അവരെ സന്തോഷത്തോടെ അവ യാത്രയയച്ചു…

ആദ്യത്തെ ഓട്ടം രണ്ടര കിലോമീറ്റർ അപ്പുറമുള്ള ബസ്റ്റോപ്പിലേക്ക് ആയിരുന്നു, അവിടെ നിന്നും അവരെ ബസ്‌ കയറ്റി അയച്ചതിനു ശേഷമാണ് തിരികെ പോന്നത്…

ഡ്രൈവിംഗ് പഠിച്ച ശേഷം ഇടക്ക് കിട്ടുന്ന വണ്ടികൾ ഓടിച്ചു സിദ്ധു ഡ്രൈവിംഗ് ഒന്ന് കൂടി വശമാക്കിയിരുന്നു… സ്വന്തം വണ്ടി എന്നൊരു ധൈര്യം കൂടി വന്നപ്പോൾ കുറച്ചു പരുക്കനായ തന്റെ സാരഥിയെ കുറച്ചു നേരത്തെ ഓട്ടത്തിലൂടെ അവൻ മെരുക്കിയെടുത്തു..

സിദ്ധു ഓടിക്കുന്നതിനോട് ആദ്യമൊക്കെ പേടിയുണ്ടായിരുന്നെങ്കിലും ലക്ഷ്മിയമ്മക്കും ശങ്കരനും ഒരുപാട് സന്തോഷം തോന്നി… പിച്ച വെച്ച നാൾ തൊട്ടു നോക്കിവളർത്തിയ പയ്യൻ വലിയൊരു ആളായി മാറുന്നത് അവർ ആത്മസംതൃപ്തിയോടെ മനസിലാക്കി… നീതു സന്തോഷത്തോടെ വണ്ടിക്ക്‌ വട്ടമിട്ടു തുള്ളിചാടുമ്പോൾ സിതാര മനസ് നിറഞ്ഞ പുഞ്ചിരിയോടെ പടിയിൽ ഇരുന്നു

തിരക്കെല്ലാം തീർന്ന ശേഷം അവർ നാലുപേരെയും കൊണ്ട് സിദ്ധു ഒന്ന് കറങ്ങി വന്നു..

വണ്ടി വാങ്ങിയത് കാണാൻ ജോലിക്കാർ എല്ലാവരും വന്നു, സിദ്ധു എങ്ങോട്ടോ പോകുന്നു എന്നൊരു വാർത്ത മുന്നേ തന്നെ പരന്നിരുന്നതിനാൽ വണ്ടി കൂടി വന്നതോടെ സിദ്ധു ഉടനെ പോകാൻ സാധ്യതയുണ്ടെന്നു അവർ മനസിലാക്കി..

വൈകീട്ട് കുളത്തിൽ പോയെങ്കിലും നീന്താൻ അവന് തോന്നിയില്ല.. കുളത്തിന്റെ അവസാന പടിയിൽ ഇരുന്നു വെള്ളത്തിലേക്ക്‌ കാൽ ഇട്ട്
മീനുകൾക്ക് അവൻ ചെറിയൊരു പണി കൊടുത്തു… അവ കാലിൽ ഇക്കിളി ഇടുന്നത് ആസ്വദിച്ചു ഒരു മൂളിപ്പാട്ടും പാടി അവൻ തൊട്ടു മുകളിലെ പടിയിലേക്ക് കണ്ണടച്ച് ചാഞ്ഞു..

വണ്ടി വന്ന സ്ഥിതിക്ക് ഇനി പോവാനുള്ള കാര്യങ്ങൾ നോക്കണം, പോവുന്നതിനു പറ്റി ചിന്തിക്കുമ്പോൾ എന്തോ ഒരു മിസ്സിംഗ്‌ ഉണ്ട്.. ഇവിടം വല്ലാണ്ട് ഇഷ്ടപ്പെട്ട് വരികയായിരുന്നു…എത്ര ആയാലും സ്വന്തം നാട് തരുന്ന ഫീൽ വേറെയാണ്… പിന്നെ ഈ പോക്ക് എന്തിലേക്കുള്ളതാണെന്നു പിടി ഇല്ലാത്തതുകൊണ്ട് ഉള്ളൊരു തരിപ്പ് വേറെ..

തിരിച്ചു വരുമായിരിക്കും എന്നേ ഇക്കാര്യത്തിൽ അറിയൂ , പക്ഷെ ഒരു കാര്യം അവന് ഉറപ്പായിരുന്നു, അഥവാ ഒരു തിരിച്ചു വരവുണ്ടെങ്കിൽ അത് ഒരു സാധാരണ സിദ്ധുവായിട്ടായിരിക്കില്ല എന്നത്..

അരികിൽ ഒരു കൊലുസിന്റെ ശബ്ദം പതിയെ അടുത്ത് വരുന്നത് കണ്ണുകൾ തുറക്കാതെ തന്നെ സിദ്ധു അറിഞ്ഞു… ഓരോ പടിയും ഇറങ്ങി ആ ശബ്ദം താൻ തല വെച്ച് കിടക്കുന്ന പടിയിൽ നിന്നപ്പോളും അവൻ കണ്ണുകൾ തുറന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *