നീലക്കൊടുവേലി – 9 20

” ദാ….. ”

കണ്ണ് തുറക്കുമ്പോൾ ഒരു ഗ്ലാസ് ചായയുമായി സിതാര…അവളുടെ കയ്യിലും ഉണ്ടായിരുന്നു മറ്റൊരു ഗ്ലാസ്..

അവളെ നോക്കുമ്പോൾ അവനെ ശ്രദ്ധിക്കാതെ ഗ്ലാസ് കൊടുത്ത ശേഷം അവൾ പടിയിൽ ഇരുന്നു ചായ ഊതിക്കുടിച്ചു…

” ന്താണ് ഇത് പരിപാടി…? മഴയത്തു റൊമാൻസാണോ..?? ”

സിതാരയെ നോക്കി ഇരിക്കുന്ന സിദ്ധുവിന് തോളിൽ ഒരു തട്ട് കൊടുത്തു കൊണ്ട് നീതു ചോദിച്ചു…

” ഉവ്വ….! ബെസ്റ്റ് ആളിനെയാണ് റൊമാൻസ് അടിക്കുന്നത്….”

സിദ്ധുവിന്റെ പിറുപിറുക്കൽ കേട്ടെങ്കിലും സിതാര ചുണ്ടിന്റെ കോണിൽ ഒളിപ്പിച്ച ചിരിയോടെ മഴയിലേക്ക് നോക്കിയിരുന്നു..

” ന്താ പറഞ്ഞേ..? ബെസ്റ്റ്…?? ”

നീതു മുഴുവൻ കേൾക്കാത്തത് കൊണ്ട് വീണ്ടും ചോദിച്ചു…

” ഒന്നൂല്ല്യ…..”

സിദ്ധു പറഞ്ഞത് ഒരിക്കൽ കൂടി പറയാൻ തയ്യാറായില്ല..

അവന്റെ കെറുവിച്ച മുഖഭാവം കണ്ടു നീതു ചിരിച് കൊണ്ട് സിതാരക്കരികിൽ ഇരുന്ന് അവളുടെ ചായ എടുത്ത് മൊത്തി…

” അല്ല, സിദ്ധുവേട്ടൻ എന്നാ പോണത്..?? ”

നീതു ചായ സിതാരക്ക് തിരികെ കൊടുത്ത് കൊണ്ട് ചോദിച്ചു… സിദ്ധു ആലോചനയോടെ ഇരുന്നു..

” ഏറിയാൽ ഒരാഴ്ച… അതിന് മുൻപ് പോണം, ചെയ്ത് തീർക്കാനുള്ളതൊക്കെ ഏറെക്കുറെ തീർന്ന പോലെയാണ് … ”

അവന്റെ മറുപടി കേട്ട് സിതാര ഒരു നൊടി അവനെ നോക്കി തിരിഞ്ഞു..

പെട്ടെന്നുള്ള ഓർമയിൽ സിദ്ധു എഴുന്നേറ്റ് വടക്കേ ഭാഗത്തു നിർത്തിയിട്ട ജീപ്പ് കാണുന്ന ഉമ്മറ ഭാഗത്തു നിന്നുകൊണ്ട് ചായ ഊതിക്കുടിച്ചു….. അതിനുവേണ്ടി താൽക്കാലികമായി ഒരു ഷെഡ് ശങ്കരൻമാമ ഉണ്ടാക്കിയിരുന്നു, അത് ഉപകാരപ്പെട്ടു…

പോവാനുള്ള ഡ്രെസ്സുകളും മറ്റും റെഡിയാക്കി വെക്കാനുണ്ട്, അതൊക്കെ ബാഗിൽ കുത്തി നിറക്കണം, കൊണ്ടുപോയിട്ട് കാര്യമുണ്ടോ എന്നറിയില്ല എന്നാലും ഇരിക്കട്ടെ…

മഴ തകർത്തു പെയ്തുക്കൊണ്ടിരിക്കുകയാണ് … കാറ്റിൽ മുറ്റം നിറയെ പല മരത്തിൽ നിന്നും ഇലകൾ വീണുകൊണ്ടിരുന്നു…. കാർമേഘം മൂടിയത് കൊണ്ട് സമയം എത്രയാണെന്ന് ഒരു പിടിയും ഇല്ല..

കുറച്ചു സമയം കഴിഞ്ഞപ്പളേക്കും ലക്ഷ്മിയമ്മയും ശങ്കരനും അവരുടെ സാധാരണ ഇരുത്തത്തിനായി ഉമ്മറത്തേക്ക് വന്നു, നീതു വിളക്ക്കൊളുത്തി വെച്ച് അവർ പ്രാർത്ഥിച്ച ശേഷം പതിവ് പരിപാടികളിലേക്ക് കടന്നു…

സിദ്ധു കുറച്ചു സമയം അവരുടെ കൂടെ ചിലവഴിച്ച ശേഷം മുകളിലേക്ക് തന്നെ പോയി.. അവന്റെ കട്ടിലിൽ കയറി ഇരുന്നു..

ഇനി ഒരു കാര്യം കൂടി ബാക്കിയുണ്ട്… അത് കുഞ്ഞിയുടെ കാര്യമാണ്… അതൊരു വലിയ വിഷയമാക്കണ്ട കാര്യമില്ലാത്തതാണ്… പക്ഷെ ഇത് ഒരു അവസരമായി കാണണം, വല്ലാത്ത ഒരു ഉരുപ്പടി ആണ് അത്.. തിന്നാൻ കൊറേ ഉള്ള നല്ല മുഴുത്ത ഇര…

അവൾക്കുള്ള ഒരു എലികെണി ഉടൻ വെക്കണം… പോവുന്നതിനു മുൻപ് ഐശ്വര്യമായിട്ട് ആ കർമം കൂടി നടത്തിയിട്ടു വേണം പോവാൻ.. അതിനുള്ള പ്ലാൻ അടുത്തത് തയ്യാറാവണം…

അതിലുള്ള വെല്ലുവിളി ചിന്നനാണ്, അവൻ അവന്റെ ആത്മാർത്ഥ സ്നേഹം കാരണം ചിലപ്പോൾ ഇത് തടയാനുള്ള വഴിയുണ്ട്… അത് കൊണ്ട് അവനറിയാതെ വേണം പരിപാടി…

തനിക്ക്‌ അവളൊരു പണി തന്നു താൻ തിരിച്ചു ഒരു പണി അവൾക്ക് കൊടുക്കുന്നു.. അത്രേള്ളൂ കാര്യം. എങ്ങനെ, എപ്പോ, എന്ന്…? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണം…

നോക്കാം, അതിനുള്ള അവസരം കിട്ടും….

സിദ്ധു അവന്റെ കോളേജ് കാര്യങ്ങൾ എല്ലാം എടുത്ത് സൂക്ഷിച് വെച്ചു… തിരികെ വരുകയാണെങ്കിൽ എന്നെങ്കിലും ആവശ്യം വന്നാൽ ഉപയോഗിക്കാമല്ലോ..

അത് ഒരുപാട് സമയമെടുത്ത് ചെയ്ത് ഭക്ഷണം കഴിഞ്ഞ് അവൻ ചിന്തകൾക്ക് അവധി കൊടുത്ത് നേരത്തെ കിടന്നു…

പിറ്റേന്ന് പ്രഭാത കൃത്യങ്ങളെല്ലാം കഴിഞ്ഞു ഡ്രെസ്സുകൾ എല്ലാം ബാഗിലേക്ക് നിറക്കുമ്പോളാണ് താഴെ നിന്നും ലക്ഷ്മിയമ്മയുടെ വിളി കേട്ടത്…

പതിവില്ലാത്ത വിളി കേട്ട് താഴേക്ക് ചെന്ന സിദ്ധുവിനോട് ലക്ഷ്മിയമ്മ ചിന്നൻ വിളിക്കാൻ പറഞ്ഞെന്നു പറഞ്ഞു…

സിദ്ധു പുറത്തിറങ്ങി നോക്കിയപ്പോൾ അടുക്കള ഭാഗത്തു കുഞ്ഞിയോട് സംസാരിച്ചു നിൽക്കുന്ന ചിന്നനെ കണ്ടു… സിദ്ധു ഉമ്മറത്തു തന്നെ അവന് വേണ്ടി കാത്തിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *