ഭും!
ഒരു വെടിയൊച്ചയോടു കൂടി ആ പുകക്കുഴലിനുള്ളില്‍ നിന്നും കുറെ കരിയും പുകയും പുറത്തേക്ക് തെറിച്ചു.
ഈ വെടിയൊച്ചയും പുകയും കണ്ടു ഭയന്ന ലക്ഷ്മി ചാടി വെളിയില്‍ ഇറങ്ങി നോക്കുമ്പോള്‍ ആകെ കരിയും പൊടിയും ആയി നില്‍ക്കുന്ന എന്നെയാണ്. ഞാന്‍ അവര്‍ക്ക് നേരെ ആ സഞ്ചി ഉയര്‍ത്തി കാണിച്ചു.
പെട്ടെന്ന് തന്നെ ക്ലിനിക്ക് തുറന്നു ഞങ്ങള്‍ അകത്തു കയറി. ഞാന്‍ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല അവര്‍. ആ സഞ്ചി തുറന്നു നോക്കുക കൂടി ചെയ്യാതെ കുറെ വെള്ളവും തുണിയും എടുത്തു കൊണ്ട് വന്നു എന്‍റെ മുഖവും മറ്റും തുടച്ചു തന്നു. അവരുടെ മുഖത്ത് വല്ലാത്ത വാത്സല്യം ആയിരുന്നു അപ്പോള്‍.
പിന്നെ ഞങ്ങള്‍ ആ സഞ്ചിയില്‍ നിന്നും ഡയമണ്ട്സ് ആ പാത്രത്തിലെ വെള്ളത്തിലേക്കിട്ടു.മൊത്തം മുപ്പതു ഡയമണ്ട്സ്.
“ലക്ഷ്മീ. ഇതിപ്പോ മുപ്പതല്ലേ ഉള്ളു?”
“ഞാന്‍ നേരത്തെ പറഞ്ഞില്ലേ. അത്രെയേ കാണുള്ളൂ എന്ന്.”
“പക്ഷെ എന്‍റെ ഊഹം ശരിയാകണമെങ്കില്‍ ഒരു നൂറെണ്ണം കൂടി കാണണം.”
“മണ്ണാങ്കട്ട. ഇത് മുപ്പതു. എന്‍റെ കയ്യില്‍ ആറെണ്ണം. മൊത്തം മുപ്പത്തിയാറ്. “
“അതല്ലല്ലോ. നിങ്ങളുടെ ഭാഗ്യ നമ്പര്‍ പ്രകാരം നൂറ്റി മുപ്പത്തിയാറെണ്ണം കാണണം അല്ലോ.”
ഞാന്‍ ആലോചിച്ചു കൊണ്ട് ആ റൂമില്‍ തേരാ പാരാ നടന്നു. രത്തന്‍ റായിയുടെ പഴയ കണ്‍സള്‍ട്ടേഷന്‍ റ്റ്മുറി ആണ്. അത് പഴയത് പോലെ തന്നെ സൂക്ഷിച്ചിട്ടുണ്ട്. പെട്ടെന്ന് നോക്കുകയാണെങ്കില്‍ അവിടെ ഇപ്പോഴും ചികിത്സ നടക്കുന്നുണ്ടെന്ന് തോന്നും. ഞാന്‍ ആ കസേരയില്‍ ഇരുന്നും ടേബിളില്‍ കിടന്നും ഒക്കെ ചുവരിലെ പെയിന്റിങ്ങുകളില്‍ നോക്കി. എന്തെങ്കിലും തെളിഞ്ഞു വരുന്നുണ്ടോന്നു.
ഇത് കണ്ട ലക്ഷ്മിക്ക് ചിരി പൊട്ടി. എന്നാ ഈ സംശയ രോഗിയെ ഞാന്‍ ഒന്ന് പരിശോധിച്ച് കളയാം എന്ന് പറഞ്ഞു ആ ടേബിളില്‍ ഇരുന്ന സ്റ്റെതസ്കൊപ് എടുത്തു അവര്‍ എന്‍റെ മടിയില്‍ കയറി ഇരുന്നു. ആ സ്റ്റെതസ്കൊപ് എന്‍റെ നെഞ്ചോട് ചേര്‍ത്ത് വച്ച് പരിശോധിച്ചു.
“എന്തേ? വല്ലോം കേള്‍ക്കുന്നുണ്ടോ?”
“അയ്യോ. ഇത് വര്‍ക്ക് ചെയ്യുന്നില്ല.” ലക്ഷ്മി പറഞ്ഞു കൊണ്ട് അതിന്‍റെ തല ഭാഗം അഴിച്ചു നോക്കി.
ആ മൂടി തുറന്നപ്പോള്‍ ഉള്ളില്‍ നിന്നും ഒരു പേപ്പര്‍ കഷണം പുറത്തേക്കു വീണു. അവര്‍ അതെടുത്തു തുറന്നു നോക്കി. പിന്നെ എന്നെ കാണിച്ചു.
അതില്‍ ഒരു ഹിന്ദി കവിത ആയിരുന്നു.
“ഹസ്സാരോം താരെയാം ചമക്നെ ലഗീ.
സൈകടോം പുരുഷു ഖടെ ഹോ ഗയെ
ചാന്ദ്നീ കോ ദേഖ്തെ ദേഖ്തെ
ബുധ് ഹസനെ ലഗാ”
(ആയിരം താരകങ്ങള്‍ തിളങ്ങാന്‍ തുടങ്ങി
നൂറു കണക്കിനാളുകള്‍ നിരന്നു നിന്നു
പൌര്‍ണമിയെ നോക്കി നോക്കി
ബുധന്‍ ചിരിക്കാന്‍ തുടങ്ങി)
“ഇതിന്‍റെ അര്‍ഥം എന്താ?” ഞാന്‍ ചോദിച്ചു.
“അറിയില്ല. പക്ഷെ ഇത് അച്ഛന്‍റെ കൈയ്യക്ഷരം ആണ്.”
“ലക്ഷ്മീ. അച്ഛന് കവിത എഴുതുന്ന സ്വഭാവം ഉണ്ടായിരുന്നോ?”
“എന്‍റെ അറിവില്‍ ഇല്ല.”
“അപ്പോള്‍ ഇത് ഒരു ക്ലൂ ആണ്.”
“ക്ലൂവോ? എന്തിന്‍റെ?”
“നമ്മള്‍ തേടി വന്നത് നൂറു രത്നങ്ങള്‍ക്കായി അല്ലേ?”
“നൂറോ? ഞാന്‍ ആകെ ഇത്രയേ പ്രതീക്ഷിച്ചുള്ളൂ”
“എന്നാ ഞാന്‍ തേടി വന്നത് നൂറു രത്നങ്ങളെയാണ്. പക്ഷെ ഈ ക്ലൂ വിരല്‍ ചൂണ്ടുന്നത് ആയിരം രത്നങ്ങളിലേക്കാണ്.”
“ആയിരമോ?” അവരുടെ മുഖത്ത് അദ്ഭുതം.
“അതെ. ആയിരം താരകങ്ങള്‍ തിളങ്ങുന്നു എന്നത് ഒരു നിധി കൂമ്പാരത്തെ പറ്റിയുള്ള സൂചന ആണെന്ന് തോന്നുന്നുന്നു. അതിലേക്കു എത്താന്‍ നൂറു പേര്‍ നിര നിരയായി നില്‍ക്കണം എന്നാണു പറഞ്ഞിരിക്കുന്നത്. പക്ഷെ അവസാന രണ്ടു വരിയുടെ അര്‍ഥം. അതറിയണമെങ്കില്‍ ഈ കടലാസ്സിന്റെ ബാക്കി കിട്ടണം.”
“ബാക്കിയോ?”
“അതെ ബാക്കി തന്നെ.” ഞാന്‍ ആ പേപ്പറിന്‍റെ അരിക് കാണിച്ചു കൊടുത്തു. അതില്‍ നിന്നും പകുതിയോളം ഭാഗം കീറി മാറ്റിയിരിക്കുന്നു.
“ഇനിയിപ്പോ അതെവിടെ പോയി തപ്പും എന്‍റെ ഈശ്വരാ..” ലക്ഷ്മി കഴുത്തില്‍ കിടന്ന മാലയിലെ ലോക്കറ്റില്‍ പിടിച്ചു കൊണ്ട് പറഞ്ഞു.
അപ്പോഴാണ് എനിക്ക് ശില്പയുടെ അച്ഛന്‍ അന്ന് പറഞ്ഞ കാര്യം ഓര്‍മ്മ വന്നത്. ശില്പയുടെ കഴുത്തില്‍ നോക്കി മാല എവിടെ എന്ന് ചോദിച്ച കാര്യം. അപ്പോള്‍ കാര്യങ്ങള്‍ പിടി കിട്ടി.
