“ലക്ഷ്മീ. ലക്ഷ്മിയുടെ കയ്യില്‍ ഏതെങ്കിലും പഴയ ലോക്കറ്റ് ഉണ്ടായിരുന്നോ? ഒരു പക്ഷെ അച്ഛന്‍ തന്നത്.”
അവര്‍ കുറച്ചു നേരം ആലോചിച്ചു നിന്നു. “അതെ ഒരു ലോക്കറ്റ് മാല അച്ഛന്‍ എനിക്ക് തന്നിരുന്നു. പക്ഷെ അതിപ്പോള്‍ എന്‍റെ കയ്യില്‍ ഇല്ല. ഞാന്‍ അത്.”
“ശില്‍പയ്ക്ക് കൊടുത്തു അല്ലേ?”
“അതെ. അതെങ്ങനെ അനിക്ക്….”
“ഞാന്‍ ഊഹിച്ചതാ. അതെപ്പോഴാ നിങ്ങള്‍ അവള്‍ക്കു കൊടുത്തെ?”
“അത് അന്ന് ട്രെയിനില്‍ വച്ച് നിന്നെ മിസ്സ് ചെയ്തപ്പോള്‍ അവള്‍ വിഷമിച്ചിരിക്കുന്നത് കണ്ടു ഞാന്‍ കൊടുത്തതാ. അത് കിട്ടിയപ്പോളാ അവള്‍ ഒന്ന് ചിരിച്ചത് തന്നെ.”
“ഹം.. അവള്‍ അത് കഴുത്തില്‍ ഇട്ടോ?”
“അതെ. ഞാനാ അവളുടെ കഴുത്തില്‍ അതിട്ടു കൊടുത്തെ. എന്‍റെ ബാഗില്‍ വെറുതെ കിടന്നിരുന്നതാ. “
“ഹം. ലക്ഷ്മീ. അതിനു ശേഷം അല്ലേ മേനോന്‍ അങ്കിള്‍ വയലന്റ് ആയെ?”
“അതെ. എന്താ?”
“ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തം ആയില്ലേ? ആ ലോക്കറ്റിനെ പറ്റി മേനോന്‍ അങ്കിളിനു നേരത്തെ അറിയാം. ഒരു പക്ഷെ അതിനുള്ളില്‍ എന്താണെന്നും. അത് നിങ്ങളോട് പറയാന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ ആണ് അദ്ദേഹം വയലന്റ് ആയതു.”
“ഈശ്വരാ. സത്യമാണോ അനീ നീ ഈ പറയുന്നത്. അന്നേരം ഇതൊന്നും എന്‍റെ തലയില്‍ തോന്നിയില്ലല്ലോ.”
“ലക്ഷ്മീ. ഈശ്വരന്‍ ഓരോന്നും നിശ്ചയിച്ചിട്ടുണ്ട്. ഒരു പക്ഷെ എന്‍റെ നിയോഗം ആയിരിക്കാം നിങ്ങളോട് ഇതൊക്കെ വെളിപ്പെടുത്തുക എന്നത്. എന്‍റെ ഓര്‍മ്മകളിലെ കണ്ണികള്‍ ഇങ്ങനെ നിങ്ങളുടെ പ്രശ്നങ്ങളുമായി ഈശ്വരന്‍ ബന്ധിപ്പിച്ചു വിട്ടതാകാം.”
“ഹം.. അനീ.. ഞാന്‍.”
“ലക്ഷ്മീ. നമുക്ക് എത്രയും വേഗം ബാബയുടെ അടുത്ത് പോകാം. ആ ലോക്കറ്റ് ശില്പയുടെ കയ്യില്‍ തന്നെ കാണും. നമുക്ക് അത് എടുക്കാം. ഒപ്പം ഈ രത്നങ്ങളും മേനോന്‍ അങ്കിളിനെ കാണിക്കാം. ഒരു പക്ഷെ അദ്ദേഹത്തിന്‍റെ അസുഖം ഭേദം ആയാലോ?”
“ശരിയാ അനീ. നമുക്ക് പോകാം.”
ഞങ്ങള്‍ ആ രത്നങ്ങള്‍ ഭദ്രമായി പൊതിഞ്ഞെടുത്തു. യാതൊന്നും സംഭവിക്കാത്ത മട്ടില്‍ അവിടെ നിന്നും യാത്ര തിരിച്ചു.
ഞങ്ങള്‍ തിരികെ എത്തുമ്പോള്‍ നേരം വൈകിയിരുന്നു. വഴിയില്‍ നിന്നും ഭക്ഷണം ഒക്കെ കഴിച്ചു തികച്ചും സ്വാഭാവികമായിട്ടായിരുന്നു ഞങ്ങളുടെ യാത്ര. പിന്തുടരുന്ന ശത്രുവിന്‍റെ കണ്ണില്‍ പൊടിയിടാനുള്ള ഒരു തന്ത്രം ആയിരുന്നു അത്. അങ്ങനെ ഒരു ശത്രു ഉണ്ടോ എന്ന് പോലും ഞങ്ങള്‍ക്ക് പിന്നീട് തോന്നി. കാരണം പ്രതീക്ഷിച്ച പോലെ ഒരു ആക്രമണമോ ആരെങ്കിലും പിന്തുടരുകയോ ഒന്നും ചെയ്തില്ല. സന്ധ്യ ആയതോടെ ഞങ്ങള്‍ തിരികെ ബാബയുടെ അടുത്തെത്തി.
ലക്ഷ്മിയെ കുറെയേറെ നാളുകള്‍ക്കു ശേഷം കണ്ടതിനാലാകണം ബാബയുടെ കണ്ണുകള്‍ വല്ലാതെ നിറഞ്ഞു. അവര്‍ തമ്മിലുള്ള സ്നേഹ പ്രകടനങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ശില്പയുടെ അച്ഛന്‍റെ അടുക്കലേക്കു പോയി. ആ മുറിയില്‍ അപ്പോള്‍ അച്ഛനും അമ്മയും ഇരിപ്പുണ്ടായിരുന്നു. അകത്തു കയറിയ ഉടനെ തന്നെ ലക്ഷ്മി ശില്പയെ വിളിച്ചു മാറ്റി നിര്‍ത്തിയിട്ടു ലോക്കറ്റിനെ പറ്റി ചോദിക്കുന്നത് ഞാന്‍ കണ്ടു. ആ മുറിയുടെ കതകു അടച്ചു കുറ്റിയിട്ടു ഞാന്‍ അവിടെ ഇരുന്നു. ബാബ എന്താ അനീ എന്ന് ചോദിച്ചു എനിക്കരികില്‍ വന്നിരുന്നു.
ഇതിനിടയില്‍ ശില്‍പ കട്ടിലിനടിയില്‍ നിന്നും ഒരു പഴയ ബാഗ് വലിച്ചെടുത്തു അതില്‍ പരതി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കിട്ടി എന്നും പറഞ്ഞു ലക്ഷ്മിയുടെ അടുത്ത് ചെന്നു.
ലക്ഷ്മി അത് വാങ്ങി തിരിച്ചും മറിച്ചും നോക്കിയിട്ട് എനിക്ക് നേരെ നീട്ടി. ഞാന്‍ അത് ശില്പയുടെ കഴുത്തില്‍ അണിയിപ്പിച്ചു മേനോന്‍ അങ്കിളിന്റെ മുന്‍പില്‍ നിര്‍ത്തി.
എന്നാല്‍ അദ്ദേഹം അപ്പോഴും അതെ ആലോചനയില്‍ തന്നെ. പ്രത്യേകിച്ചു ഭാവ മാറ്റം ഒന്നും ഇല്ല.
ഞാന്‍ ഒരു പാത്രം എടുത്തു അദ്ദേഹത്തിന് മുന്നില്‍ വച്ചു. എന്നിട്ട് ലക്ഷ്മിയെ നോക്കി. കാര്യം പിടി കിട്ടിയ അവര്‍ അദ്ദേഹത്തിന് അരികില്‍ വന്നിരുന്നു. ഒരു അപരിചിതയെപ്പോലെ അവരെ മേനോന്‍ അങ്കിള്‍ നോക്കി. ലക്ഷ്മി പതുക്കെ ഒളിപ്പിച്ചു വച്ചിരുന്ന രത്നങ്ങള്‍ ആ പാത്രത്തിലേക്കിട്ടു. ഒന്നൊന്നായി. അതിന്‍റെ തിളക്കം കണ്ടു എല്ലാവരുടെയും വായില്‍ നിന്നും ഹാ എന്നൊരു ശബ്ദം പുറത്തു വന്നു. എന്നാല്‍ മേനോന്‍ അങ്കിള്‍ മാത്രം ഒന്നും മിണ്ടാതെ അതില്‍ തന്നെ നോക്കിയിരുന്നു. അദേഹത്തിന്റെ കണ്ണുകളില്‍ ആ വജ്രത്തിന്‍റെ തിളക്കം പ്രതിഫലിക്കുന്നത് ഞാന്‍ കണ്ടു. പെട്ടെന്ന് അദ്ദേഹം വജ്രങ്ങളെ ഓരോന്നായി കയ്യിലെടുത്തു എണ്ണി നോക്കി. ലക്ഷ്മിയെ നോക്കി തേര്‍ട്ടി തേര്‍ട്ടി എന്നൊക്കെ പറഞ്ഞു.
