അതും പറഞ്ഞു ലച്ചു ചേച്ചി നടന്നു…
ആ കഥ കേൾക്കാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പിന്നെയൊരിക്കൽ പറയുമായിരിക്കും എന്ന പ്രതീക്ഷയോടെ ഞാനും പിന്നാലെ നടന്നു..
അല്ലാ ചേട്ടായിയാണോ കുക്ക് ചെയ്യുന്നേ… ചേച്ചി ചെയ്യത്തില്ലേ..
അടുക്കളയിൽ ചിക്കൻ കുക്ക് ചെയ്യുന്ന തിരക്കിലായിരുന്ന ചേട്ടനോട് ഞാൻ പറഞ്ഞതും ഇടയിൽ കേറിക്കൊണ്ട് ലച്ചു ചേച്ചി തുടർന്നു…
ഞാൻ ചെയ്യാന്നു പറഞ്ഞതാടാ ഇവൻ സമ്മതിക്കണ്ടേ…
എന്റെ പൊന്നു അനുക്കുട്ടി അവളെങ്ങാനും ഇത് ഉണ്ടാക്കിയാൽ പിന്നെ താൻ ഈ ഭാഗത്തേക്ക് വരത്തില്ല… അതോണ്ട് സ്പെഷ്യൽ ആയി എന്തെങ്കിലും ഉണ്ടാക്കാണെങ്കിൽ ഞാനാ ചെയ്യാറ്…
വെറുതെ പറയാ അനു… ഞാനിതൊക്കെ ചെയ്യും പക്ഷെ ഒന്ന് റെഡിയായി വരുന്നതേ ഉള്ളു….
അതിനു ഞാൻ ചെറുതായൊരു പുഞ്ചിരി മാത്രം നൽകിക്കൊണ്ട് നേരെ ഹാളിലോട്ട് നടന്നു…
സമയം ഒരുപാട് കടന്നുപോയി…
ലച്ചു നീ വാതിലടച്ചു കിടന്നോട്ടാ ഞാനിവളെ വണ്ടി കേറ്റി വീട്ടിട്ടേ വരൂ.. ഫുഡ്ഡ് കഴിച്ചു ഇറങ്ങാൻ നേരം ചേട്ടായി ചേച്ചിയോടായി പറഞ്ഞു…
ഹലോ അനുമോളെ എന്താ ആലോചിച്ചു നിൽക്കുന്നെ പോയാലോ…
ആഹ് ചേട്ടായി പോവാം…
അങ്ങനെ ഞങ്ങൾ അവിടുന്ന് വണ്ടി തിരിച്ചു നേരെ റെയിൽവേ സ്റ്റേഷനിലേക്ക്
വച്ചുപിടിച്ചു…
അനുമോളെ ചേച്ചീടെ നമ്പർ കയ്യിലില്ലേ..!! അവിടെത്തീട്ട് വിളിക്കീട്ടോ…!!
ആഹ് ചേട്ടായി… താങ്ക്സ് ട്ടോ…
എന്തിനാ മോളെ… അതിന്റെയൊന്നും ആവശ്യം ഇല്ല.. ആഹ് പിന്നെ ഹസ്ബൻഡുമായി വരുമ്പോൾ വിളിക്കണം ഞങ്ങളിവിടുണ്ടെങ്കിൽ കേറീട്ട് പോവാം ഓക്കേ…
ശെരി ചേട്ടായി… ഞാൻ വിളിക്കാവേ…
അങ്ങനെ വളരെ ചുരുക്കം സമയം കൊണ്ട് കിട്ടിയ ആ സുഹൃത്ത് അതിലുപരി ഒരു സഹോദരൻ എന്നുതന്നെ പറയാം.!!! അദ്ദേഹത്തോട് യാത്രയും പറഞ്ഞു ഞാൻ ട്രെയിൻ കേറി…
കുറച്ചു നിമിഷങ്ങൾ ആണെങ്കിലും നന്നായി സന്തോഷിച്ചതുകൊണ്ട് എന്തോ ട്രെയിൻ കേറിയതും ആകെയൊരു വിഷമം ഉള്ളിൽ കുടിയേറി.!! അതിലുപരി സ്വന്തം പെങ്ങളെ പോലെ കണ്ട ആളോട് നുണ പറഞ്ഞതിനുള്ള കുറ്റബോധവും മനസ്സ് നിറയെ തളംകെട്ടിയതോടെ ഞാൻ ബെർത്തിലേക്ക് മെല്ലെ ചാഞ്ഞു…
ഫ്ലാഷ് ബാക്ക്
നിശബ്ദധ നിറഞ്ഞ ക്ലാസ്സ്‌റൂമിൽ ചോക്കുകൊണ്ട് ടീച്ചർ ബോർഡിൽ എഴുതുന്ന ശബ്ദം മാത്രം തളംകെട്ടി നിൽക്കവേയാണ് പെട്ടന്ന് ടീച്ചർ കാണാതെ പിന്നിലെ ബെഞ്ചിൽ കിടന്നുറങ്ങിക്കൊണ്ടിരുന്ന പിള്ളേരെ ഞെട്ടിച്ചുകൊണ്ട് പിയൂണിന്റെ ആ ശബ്ദം ക്ലാസ്സ് റൂമിൽ അലയടിച്ചത്…
ടീച്ചറുമൊത്തുള്ള സ്വകാര്യ സംഭാഷണത്തിന് ശേഷം പിയൂൺ നടന്നകലവേ ഞാനടക്കമുള്ള സ്റ്റുഡന്റസ് പിയൂൺ പോവുന്നതും നോക്കി നിൽക്കവേയാണ് അടുത്തുള്ള റസിയ പറഞ്ഞത്…
അനു ഡീ…!! മിക്കവാറും ഇന്ന് നേരത്തെ കോളേജ് വിടാനുള്ള ചാൻസ് ഉണ്ടെന്നാ തോന്നുന്നേ..!! പിയൂൺ എന്തോ ടീച്ചറുടെ ചെവിയിൽ പറഞ്ഞിട്ട് പോയിട്ടുണ്ട്…
അനുശ്രീ…
പെട്ടന്ന് ടീച്ചർ എന്റെ പേര് വിളിച്ചതും ഞാനും റസിയയും ഒരുപോലെ ഞെട്ടി… ദൈവമേ ഇനി സംസാരിച്ചതിനെങ്ങാനും ആയിരിക്കോ റസിയയെ തുറിച്ചു നോക്കിക്കൊണ്ട് ഞാൻ എണീറ്റതും….
മോളൊന്ന് പ്രിൻസിപ്പലിന്റെ റൂംവരെ ചെന്നേ..!! മോളെ കാണാൻ ആരോ വന്നിട്ടുണ്ട്…
ഓക്കേ ടീച്ചർ..!!
ഹാവു ഇപ്പഴാ സമാധാനായെ ഞാൻ നെഞ്ചിൽ കൈവെച്ചുകൊണ്ട് റസിയേയും നോക്കി ചിരിച്ചുകൊണ്ട് നേരെ ഓഫീസ് റൂമിലേക്ക് നടന്നു…
ഒരു നിമിഷം ചെയറിൽ ഇരിക്കുന്ന ആളെക്കണ്ടു ഞാൻ സന്തോഷം കൊണ്ട് വിളിച്ചു…
അമ്മാവാ.!!!!
അനു..!!! മോളെ….
പെട്ടന്നെന്റെയടുത്തേക്ക് വന്നുകൊണ്ട് കെട്ടിപിടിച്ചു അമ്മാവനെന്നെ നോക്കിയതും…
എന്താ അമ്മാവാ ഇങ്ങോട്ട്… ഞങ്ങടെ വീട് ഇവിടല്ലാട്ടോ..
ചെറു ചിരിയോടെ ഞാനതു പറഞ്ഞതും…
മോളെ നമുക്കൊരു സ്ഥലം വരെ പോണം മോള് ബാഗും എടുത്തോണ്ട് വാ…
എങ്ങോട്ടാ അമ്മാവാ…!!!
അതൊക്കെ പറയാം…!!
അച്ഛനും അമ്മയും എവിടെ…
അവരവിടെ ഉണ്ട്..!! മോളെയും കൂട്ടി വേഗം വരാൻ പറഞ്ഞത് അവരാ..
മം.. ശെരി.!!! ഞാനിപ്പോ വരാ അമ്മാവാ…
അതും പറഞ്ഞു ഞാൻ നേരെ ക്ലാസ്സിലേക്ക് നടന്നു..!! ഈ സമയം പിരീഡ് കഴിഞ്ഞ് ടീച്ചർ ക്ലാസ്സ് കഴിഞ്ഞു പോയിരുന്നു..
