അപ്പോഴാണ് ഒരു ദിവസം കോടതിയിൽ നിന്നും ഒരു നോട്ടിസ് ശോഭനക്ക് കിട്ടുന്നത്…
തോപ്പിൽ മൈക്കിൾ എന്ന ആളുടെ പേരിലുള്ള വീടും സ്ഥലവും കൈയ്യേറി അനധികൃതമായി താമസിക്കുന്ന ശോഭനയും മക്കളും ഈ നോട്ടീസ് കിട്ടി പതിനഞ്ചു ദിവസത്തിനുള്ളിൽ വീടും സ്ഥലവും അവകാശികളയ ടിയാന്റെ സഹോദരങ്ങൾക്ക് ഒഴിഞ്ഞു കൊടുക്കേണ്ടതാണ്.. ഇതിന് വീഴ്ച വരുത്തിയാൽ ക്രിമിനലായും സിവിലായും നടപടി എടുത്ത് മേൽ പറഞ്ഞവരെ ഒഴിപ്പിക്കാൻ അവകാശികൾക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്…
നോട്ടീസ് വായിച്ച് ശോഭന ആകെ ഭയന്നുപോയി.. താൻ ഈ രണ്ടു പെൺകുട്ടികളെയും കൊണ്ട് എവിടെ പോകും…
മൈക്കിളിന്റെ അമ്മച്ചി ഉണ്ടായിരുന്നു എങ്കിൽ ഇതിന് സമ്മതിക്കില്ലായിരുന്നു.. മൈക്കിൾ മരിക്കുന്നതിന് മുൻപ് തന്നെ അമ്മച്ചിയും മരിച്ചുപോയി…
എന്തു ചെയ്യണമെന്ന് അറിയാതെ നട്ടം തിരിഞ്ഞ ശോഭനയോട് അയൽക്കാരി ആയ ഒരു സ്ത്രീയാണ് പഞ്ചായത്ത് മെമ്പറെ ഒന്ന് കണ്ടു പറയാൻ ഉപദേശിച്ചത്…
ലുയിസിന്റെയും അന്റോയുടെയും അടുപ്പക്കാരനായ മെമ്പർക്ക് ഇവരോട് സഹതാപം ഉണ്ടങ്കിലും ഇക്കാര്യത്തിൽ ഇടപെടാൻ താല്പര്യം ഉണ്ടായിരുന്നില്ല…
അയാൾ ഒരു വക്കീലിന്റെ പേര് പറഞ്ഞു കൊടുത്തു.. വക്കീൽ എന്തെങ്കിലും വഴിയുണ്ടങ്കിൽ പറഞ്ഞു തരും എന്നും പറഞ്ഞു…
അഡ്വക്കെറ്റിനെ കാണാൻ പിറ്റേ ദിവസം തന്നെ ശോഭന സോഫിയെയും കൂട്ടി പോയി…
വിവരങ്ങൾ എല്ലാം ചോദിച്ചറിഞ്ഞശേഷം വക്കീൽ പറഞ്ഞു.. നിങ്ങൾ മൈക്കിളുമായുള്ള വിവാഹം നടന്നതായി ഒരു രേഖയുമില്ല.. പള്ളിയിലോ അമ്പലത്തിലോ രജിസ്റ്റർ ഓഫീസിലോ അങ്ങിനെ ഒരിടത്തും…
പിന്നെ എങ്ങിനെ അയാളുടെ സ്വത്തുക്കൾക്ക് നിങ്ങൾ അവകാശി യാണെന്ന് വാദിക്കാൻ പറ്റും…
എനിക്ക് വേണ്ട സാർ.. എന്റെ മക്കൾ അദ്ദേഹത്തിനു ഉണ്ടായതാണ്…
ഇതൊക്കെ ശരിയാണ്.. പക്ഷേ കോടതിയിൽ തെളിയിക്കേണ്ടേ…
ഞാൻ ഒരു കാര്യം ചെയ്യാം.. നടക്കുമെന്ന് ഉറപ്പൊന്നും ഇല്ല.. കോടതിയിൽ നിങ്ങളുടെ ദയനീയ അവസ്ഥ അറിയിച്ചു കൊണ്ട് വീടും സ്ഥലവും ഒഴിഞ്ഞു കൊടുക്കാനുള്ള വിധിക്ക് ഒരു സ്റ്റേ വാങ്ങാമോ എന്ന് നോക്കട്ടെ…
വക്കീൽ പറഞ്ഞത് പോലെ വീട് ഒഴിയാനുള്ള വിധിക്ക് സ്റ്റേ കിട്ടി…
കേസ്സ് വിധി ആകുന്നത് വരെ പുരയിടത്തിൽ ആധായം എടുക്കുന്നതും കൃഷിയോ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതോ രണ്ടു കക്ഷികളും ചെയ്യാൻ പാടില്ലെന്നും വിധിച്ചു…
വക്കീൽ ഫീസ് കൊടുക്കാൻ പശുവിനെ വിൽക്കേണ്ടി വന്നെങ്കിലും ശോഭനക്ക് വീട്ടിൽ താമസിക്കാനുള്ള അനുമതി കിട്ടിയത് വലിയ ആശ്വാസമായി…
പിന്നെയും നാളുകൾ ഓടിപോയ്കൊണ്ടിരുന്നു…
ഇടക്ക് പല തവണ അന്റോയും ലൂയിസും ശോഭനയെ ഭീക്ഷണിപ്പെടുത്തി…
ഒരു ദിവസം ലുയിസ് വന്നു പറഞ്ഞു.. നീ ഇപ്പോഴും നല്ല ചരക്കാണ്.. എനിക്ക് പണ്ട് മുതലേ നിന്നെ നോട്ടമുണ്ടായിരുന്നു.. ഇടയ്ക്കിടയ്ക്ക് ഞാൻ ഇവിടെ വന്നുപോകാൻ അനുവദിച്ചാൽ ഒരു ശല്യവും ഇല്ലാതെ നിനക്ക് ഇവിടെ കഴിയാം.. ആരും അറിയില്ല..ചിലവും ഞാൻ നോക്കിക്കൊള്ളാം….
ഛീ.. നിന്റെ ജേഷ്ഠന്റെ ഭാര്യയാണ് ഞാൻ.. അദ്ദേഹത്തിന്റെ രണ്ട് മക്കളെ പ്രസവിച്ചവൾ.. എന്നോട് ഇങ്ങനെ പറയാൻ നിനക്ക് എങ്ങിനെ നാവ് പൊങ്ങി…
ങ്ങുഹും.. ഭാര്യ… അങ്ങേര് കുറേകാലം നിന്നെ വെച്ചോണ്ടിരുന്നു.. അല്ലാതെ നിന്നെയൊക്കെ ഭാര്യ ആയി ആരാ അംഗീകരിക്കുന്നത്… വേണമെങ്കിൽ വെപ്പാട്ടി എന്ന് പറയാം.. പിന്നെ രണ്ടു മക്കൾ, അത് അവന്റെ ആണോയെന്ന് ആർക്കറിയാം.. നീ പറയുന്നതല്ലേ…
ലുയിസിന്റെ വാക്കുകൾ അവളെ ആകെ തളർത്തി കളഞ്ഞു…
ഭർത്താവിന്റെ അനുജന്മാർ തന്റെ ശരീരം നോട്ടമിടുന്നുണ്ട് എന്ന അറിവ് ശോഭനയെ ഭയചികിതയാക്കി… പ്രത്യേകിച്ച് സോഫിയയെ ഓർത്ത്…
തീർച്ചയായും ചേട്ടന്റെ മകൾ എന്ന പരിഗണനയൊന്നും അവർ അവൾക്ക് കോടുക്കില്ല…
പിന്നെയും മണിമലയാറ്റിൽ കൂടി വെള്ളം കുറേ ഏറെ ഒഴുകി പോയി..
ആകെയുള്ള വരുമാന മാർഗമായിരുന്ന പശുവിനെ കൂടി വിറ്റതോടെ പട്ടിണി അവരെ പൊതിഞ്ഞു…
ഉച്ചക്ക് മുറ്റത്തു നിന്ന ഒരു പപ്പായ മരത്തിൽ നിന്നും പച്ച പപ്പായ കുത്തിയിട്ട് ചെത്തി മക്കൾ രണ്ടുപേരും കൂടി തിന്നുന്നത് കണ്ടതോടെ ശോഭന ഒരു തീരുമാനം എടുത്തു…
