അങ്ങിനെയാണ് ഇപ്പോൾ ശോഭനയും മക്കളും താമസിക്കുന്ന മൂന്നര ഏക്കർ സ്ഥലം മൈക്കിളിനു കുടുംബ വീതമായി ലഭിച്ചത്…
മൈക്കിൾ അവിടെയൊരു മനോഹരമായ വീടും വെച്ചു…
കിട്ടിയ സ്ഥലത്ത് അധ്വാനിച്ചു സ്വർഗം പോലെ ആക്കി മൈക്കിൾ.. രണ്ടു പെൺകുട്ടികൾ ജനിച്ചു.. സോഫിയും പിന്നെ നാലു വർഷം കഴിഞ്ഞ് ലില്ലിയും…
മക്കളെ മമ്മോദീസ മുക്കാനോ ശോഭനയെ മതം മാറ്റാനോ മൈക്കിൾ ശ്രമിച്ചില്ല..
പള്ളിയിൽ പോക്കും ചടങ്ങുകളിൽ പങ്കെടുക്കലും ഇല്ലങ്കിലും മൈക്കിൾ വിശ്വാസം കൈവിട്ടിരുന്നില്ല..
വീട്ടിലെ രൂപ കൂട്ടിൽ ക്രിസ്തു വിന്റെ ക്രൂശിത രൂപത്തിന്റെ മുൻപിൽ നിന്ന് അയാൾ പ്രാർത്ഥിച്ചു…
അനുജന്മാർ ശത്രുവിനെ പോലെ കണ്ടിരുന്നു എങ്കിലും മൈക്കിളിനു അവരോട് അനുജന്മാർ എന്ന നിലവിലുള്ള സ്നേഹവും വാത്സല്ല്യവും എപ്പോഴും ഉണ്ടായിരുന്നു…
ഒരു ദിവസം ടൗണിൽ പോയിട്ടു വന്ന മൈക്കിലിനൊപ്പം കറുത്ത് മെലിഞ്ഞ പാത്തോ പന്ത്രണ്ടോ വയസു തോന്നിക്കുന്ന ഒരാൺകുട്ടി കൂടിയുണ്ടായിരുന്നു…
ടൗണിൽ വെച്ച് തന്നോട് വിശക്കുന്നു എന്ന് പറഞ്ഞു കൈ നീട്ടിയെന്നും താൻ ഭക്ഷണം വാങ്ങി കൊടുത്തു എന്നും മൈക്കിൾ ശോഭനയോട് പറഞ്ഞു…
പാവം.. എനിക്ക് വിട്ടിട്ടു പോരാൻ തോന്നിയില്ല.. ഇവിടെ നിൽക്കട്ടെ.. ഒരു മനുഷ്യ കുഞ്ഞല്ലേ.. എന്തെങ്കിലും ഭക്ഷണം കൊടുത്താൽ മതി.. നിനക്കും ഒരു കൂട്ടാവും….
ശ്ശേ.. എന്തിനാ അച്ചായാ ഇതിനെയൊക്കെ ഇങ്ങോട്ട് കൊണ്ടുവന്നത്.. വല്ലതും വാങ്ങി കൊടുത്തിട്ട് പറഞ്ഞു വിട്ടാൽ പോരായിരുന്നോ…
അവൻ ഒരു ആൺ കുട്ടിയല്ലേ.. പട്ടിണിക്കൊണ്ടാ ഇങ്ങനെ കോലം തിരിഞ്ഞിരിക്കുന്നത്.. ഭക്ഷണമൊക്കെ കഴിച്ചു കഴിയുമ്പോൾ മിടുക്കനായിക്കൊള്ളും.. നമ്മൾ കഴിച്ച ശേഷം എന്തോരം ചോറ് ബാക്കിവരാറുണ്ട്.. അതിൽ കുറച്ചു മതി അവനും…
ശോഭനക്ക് അവനെ ഒട്ടും ഇഷ്ടമായില്ലെങ്കിലും മൈക്കിളിനോട് എതിർത്തു പറയാൻ കഴിയാത്തത് കൊണ്ട് അവൾ പിന്നെ ഒന്നും മിണ്ടിയില്ല…
അവന്റെ പേര് നാട് ഒന്നും മൈക്കിൾ അന്യഷിച്ചില്ല.. അതൊന്നും അവന് ശരിക്ക് പറഞ്ഞു കൊടുക്കാനും അറിയില്ലായിരുന്നു..
പിറ്റേ ദിവസം മൈക്കിൾ മണിമലയാറ്റിലെ തന്റെ വീടിനോട് ചേർന്നുള്ള കടവിൽ ഇറക്കി അവനെ നന്നായി കുളിപ്പിച്ചു.. വിയർപ്പും ചെളിയും കലർന്ന ഒരു വാട ഉണ്ടായിരുന്നു അവന്റെ ശരീരത്തിന്..
രണ്ടു ജോഡി ട്രൗസറും ഷർട്ടും പുതിയത് വാങ്ങി.. ഇപ്പോൾ തന്നെ മനുഷ്യ കോലമായി..
അന്ന് വൈകിട്ട് ശോഭനയുടെയും മക്കളുടെയും മുൻപിൽ വെച്ച് മൈക്കിൾ അവനൊരു പേരിട്ടു…
റോയി….
കുട്ടികൾ രണ്ടു പേരും അത് കൈ അടിച്ചു പാസാക്കി…
ശോഭനക്ക് മാത്രം അത്ര സന്തോഷമൊന്നും തോന്നിയില്ല.. കാരണം ലില്ലിയെ ഗർഭിണി ആയിരിക്കുമ്പോൾ ജനിക്കുന്നത് ആൺകുട്ടിയാണങ്കിൽ അവന് നമ്മൾക്ക് റോയി എന്ന് പേരിടണമെന്ന് മൈക്കിൾ പറഞ്ഞത് അവൾ ഓർത്തു…
സ്വന്തം കുഞ്ഞിന് ഇടാൻ വേണ്ടി കരുതിയ പേര് എവിടുന്നോ കിട്ടിയ ഒരു തെണ്ടി ചെറുക്കന് ഇട്ടതിന്റെ പരിഭവം ആയിരുന്നു അവൾക്ക്…
വീട്ടിലെ ചെറിയ ജോലികൾ ചെയ്തും പശുവിനെ തീറ്റിയുമൊക്കെ റോയി അവിടെ കഴിഞ്ഞു…
ഒരു ദിവസം നാലാം ക്‌ളാസിൽ പഠിക്കുന്ന സോഫിയയുടെ പാഠപുസ്തകങ്ങൾ റോയി മറിച്ചു നോക്കുന്നത് മൈക്കിൾ കണ്ടു…
അവന് അച്ഛനും അമ്മയും ഉണ്ടായിരുന്നു എങ്കിൽ ഈ പ്രായത്തിൽ സ്കൂളിൽ വിടുമായിരുന്നല്ലോ എന്ന് അയാൾ ഓർത്തു…
നിനക്ക് പഠിക്കാൻ ഇഷ്ടമാണോ..
ആഹ്.. എനിക്ക് വായിക്കാൻ അറിയാമല്ലോ.. ഇത് ഇ..ഇത് റ.. ഇത് എ.. അക്ഷരങ്ങൾ ചൂണ്ടികൊണ്ട് അവൻ തന്റെ പഠിപ്പ് വെളിപ്പെടുത്തി..
നീ എങ്ങിനെ ഇതൊക്കെ പഠിച്ചു..
സോഫിയ പഠിപ്പിച്ചതാണ്…
പിറ്റേ ദിവസം അടുത്തുള്ള up സ്കൂളിലെ ഹെഡ് മാസ്റ്ററിനോട് മൈക്കിൾ റോയിയെപ്പറ്റി സംസാരിച്ചു..
ഒരു അനാഥനെ പഠിപ്പിക്കാൻ തയ്യാറായ മൈക്കിളിനോട് മാഷിന് ബഹുമാനം തോന്നി… അഞ്ചാം ക്‌ളാസ് വരെ ടിസി നിർബന്ധമില്ല.. നാളെ തന്നെ അവനെ അഞ്ചിൽ ചേർത്തു കൊള്ളൂ..നാലുവരെ പഠിക്കാത്തതിന്റെ കുറവുകൾ ഞങ്ങൾ തീർത്തു കൊള്ളാം എന്ന് ഹെഡ് മാഷ് പറഞ്ഞതോടെ റോയി ഒരു വിദ്യാർദ്ധിയായി…
