അവളെ കെട്ടിപ്പിടിച്ചുകൊണ്ട് അനഘ കരയുമ്പോൾ സന്ധ്യയുടെ മുഖം മുഴുവൻ നിഖിലിനോടുള്ള അവഞ്ജ നിറഞ്ഞിരുന്നു.
അവളുടെ മുടിയിൽ തഴുകി സന്ധ്യ ആശ്വസിപ്പിച്ചു.
“പോയി നിനക്കെടുക്കാനുള്ളതൊക്കെ എടുത്തോ…എല്ലാം വേണം ഡ്രെസ്സും സെര്ടിഫിക്കറ്റും എല്ലാം…ഇനി നീ ഇങ്ങോട്ടു വരുന്നില്ല…”
അവളുടെ മൂളൽ അടങ്ങിയപ്പോൾ സന്ധ്യ പറഞ്ഞു.
അത് കേട്ട നിഖിൽ മുഖം ഉയർത്തിയെങ്കിലും സന്ധ്യ അത് കണ്ട ഭാവം നടിച്ചില്ല.
“പറഞ്ഞത് കേട്ടില്ലേ നീയ്…ചെല്ല് ചെന്നെടുക്ക്,… ഇനി വരുന്നില്ലെങ്കിൽ, ഇവന്റെ കൂടെ ഇതറിഞ്ഞും ജീവിക്കാനാ തീരുമാനം എങ്കിൽ, അവനെക്കാളും നാണമില്ലാത്ത ഒന്നായിപ്പോവും നീ….അതോണ്ട് കൊച്ചു ചെല്ല്…”
അവളെ അകറ്റി നിർത്തി കണ്ണുകൾ തുടച്ചു കൊടുത്തു സന്ധ്യ പറഞ്ഞപ്പോൾ നെഞ്ചിൽ ഉറച്ച തീരുമാനവുമായി അനഘ അകത്തേക്ക് നടന്നു.
“മാറി നിക്കെടാ…!!!..”
കുറുകെ നിന്ന നിഖിലിനെ നോക്കി സന്ധ്യ അലറി,
ഒന്ന് ഞെട്ടിയ നിഖിൽ സന്ധ്യക്ക് നേരെ ആഞ്ഞു.
“അടങ്ങി നിന്നോൾണം,… ഇവിടെ കുടികിടക്കാൻ വന്നതല്ല, എന്റെ മേലെ നിന്റെ കൈ വീണാൽ ഇപ്പോൾ കരഞോണ്ടു പോയവളെ പോലെ ആവില്ല ഞാൻ,…”
സന്ധ്യയുടെ കണ്ണിലെ തീയും വാക്കിലെ ഉറപ്പും കണ്ട നിഖിൽ പിന്നോട്ട് മാറി.
“പിന്നെ നിന്നോട് എനിക്ക് പറയാനുള്ളത്…”
പുറകിൽ മാറി തലകുനിച്ചു നിന്ന ശ്വേതയെ വെറുപ്പോടെ സന്ധ്യ നോക്കി.
“ഇവിടെ വീണ അവളുടെ കണ്ണീരിന്, സത്യമുണ്ടേൽ ഇന്നല്ലേൽ നാളെ നിനക്ക് അതിനുത്തരം കിട്ടും ഓർത്തോ…”
ബാഗിൽ കെട്ടിനിറച്ച കുറച്ചു സാധനങ്ങളുമായി അനഘ പുറത്തേക്ക് വന്നു.
“എല്ലാം എടുത്തില്ലെ…”
കവിളിലൂടെ ഒഴുകുന്ന കണ്ണീരിനെ തിരസ്കരിച്ചുകൊണ്ട് അവൾ തലയാട്ടി.
“എങ്കി വാ പോവാം….”
അവളുടെ കയ്യിൽ പിടിച്ചിറങ്ങുമ്പോൾ സന്ധ്യ നിഖിലിനെയും ശ്വേതയെയും നോക്കി അവളുടെ വേദന മുഴുവൻ അതിൽ നിറഞ്ഞിരുന്നു.
********************************
“കരഞ്ഞോ കരഞ്ഞു തീർത്തോ…ഇന്ന് കൂടി മാത്രം, പിന്നെ നീ ഇനി അവനെ ഓർത്തു കരയരുത്…..”
കാറിലെ സൈഡ് സീറ്റിൽ വിൻഡോയിൽ തല ചാരി ഏങ്ങിയേങ്ങി കരയുന്ന അനഖയെ കണ്ട സന്ധ്യ തന്റെ മിഴിയിലൂറിയ നനവൊളിപ്പിച്ചു അവളെ നോക്കി പറഞ്ഞു.
തന്റെ വാക്കുകൾ ഈ നിമിഷം അവളിൽ ഒരു മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ലെന്ന് സന്ധ്യയ്ക്ക് അറിയാമായിരുന്നു എങ്കിലും നെഞ്ചുപൊട്ടിയുള്ള അനുവിന്റെ കരച്ചിൽ അവൾക്ക് സഹിക്കാൻ കഴിയുന്നതിനും മേലെ ആയിരുന്നു.
സന്ധ്യയും കൂട്ടുകാരിയും ഷെയർ ഇൽ താമസിക്കുന്ന വീടിന്റെ മുന്നിൽ വണ്ടി നിർത്തി അനഖയെ തന്റെ മാറോടു ചേർത്തുപിടിച്ചുകൊണ്ട് സന്ധ്യ അകത്തേക്ക് കയറി,
മുറിയിലേക്ക് കയറിയതും തളർന്നൊടിഞ്ഞ താമരത്തണ്ട് പോലെ അനഘ ബെഡിലേക്ക് അലച്ചു തല്ലി വീണു, അവളുടെ ഏങ്ങലടികൾ മുറിക്കുള്ളിൽ മുഖരിതമായി,
ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ അവളുടെ തലമുടിയിൽ തലോടി സന്ധ്യ അരികിലിരുന്നു.
********************************
“അനഘാ…എഴുന്നേറ്റെ, ഇങ്ങനെ കിടന്നലെങ്ങനെയാ…”
വൈകിട്ട് സന്ധ്യയുടെ ഒപ്പം താമസിക്കുന്ന നിഷ എത്തിയിരുന്നു, സന്ധ്യ കാര്യം പറഞ്ഞിരുന്നത് കൊണ്ട് നിഷ കൂടുതലൊന്നും ചോദിക്കാതെ അവളെ ഒറ്റയ്ക്ക് വിട്ടു, രാത്രി ഇരുട്ടി എല്ലാവരും അത്താഴം കഴിക്കാൻ ഇരുന്നപ്പോഴാണ് അനഖയെ വിളിക്കാൻ നിഷ വന്നത്.
“ദേ പട്ടിണി കിടക്കാനൊന്നും ഇവിടെ പറ്റില്ലാട്ടോ…”
അനഖയുടെ മുടിയിൽ കയ്യോടിച്ചു കൊണ്ട് നിഷ പറഞ്ഞു.
“എന്താ നിഷേ… എന്ത് പറ്റി…?”
റൂമിലേക്ക് കയറി വന്ന സന്ധ്യ ചോദിച്ചു.
“അല്ല ഇങ്ങനെ പട്ടിണി കിടക്കാൻ ആണോ പരിപാടി എന്ന് ചോദിക്കുവായിരുന്നു.”
സന്ധ്യ അനഖയ്ക്ക് അരികിൽ ഇരുന്നു.
“അനു….ദേ നോക്കിയേ…”
മുഖം തലയിണയിൽ പൂഴ്ത്തി വെച്ചിരുന്ന അനഖയുടെ മുഖം സന്ധ്യ അല്പം
ബലപ്പെട്ടു തിരിച്ചു.
ബോധമറ്റ അനു തുണിക്കെട്ടു പോലെ സന്ധ്യയുടെ മടിയിലേക്ക് വീണു.
“മോളെ…മോളെ…അനു….ഈശ്വരാ….”
തന്റെ മടിയിലേക്ക് മലർന്ന അനുവിന്റെ വിളറി കരഞ്ഞു തളർന്ന മുഖവും കൂമ്പിയ കണ്ണും കണ്ട സന്ധ്യയുടെ നെഞ്ചോന്നു ആളി.
