മഴത്തുള്ളിക്കിലുക്കം

പത്തിൽ അവൾ ഉന്നത മാർക്കോടെയും ഞാൻ ഫസ്റ്റ് ക്ലാസോടെയും പാസായപ്പോളും മനസ്സ് പറഞ്ഞു. പോടാ പോയി പറ…. ആ നീല മിഴികളിൽ വിരിയുന്ന അക്ഷരങ്ങൾ അതെനിക്ക് വായിക്കാനുള്ളതാണെന്നു. എന്റെ പിള്ളേരോട് നിങ്ങളുടെ അമ്മ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയിരുന്നു എന്ന് എനിക്ക് പറയണം എന്ന്.

പറഞ്ഞില്ല….അപകർഷതാബോധം വീണ്ടും മനസ്സിനെ വിലക്കി. പാടില്ല….ഇപ്പോളവൾ സ്കൂളിലെ പൊന്നോമനയാണ്. സൗന്ദര്യവും അറിവും ഒത്തു ചേർന്നവൾ. ഒരിക്കലും നിന്നെയവൾ ഇഷ്ടപ്പെടില്ല.

ഉപേക്ഷിക്കാൻ മനസ്സില്ലങ്കിലും ആ വാക്കിൽ ഞാൻ വീണ്ടും പരാജിതനായി….മനസ്സ് വികാരങ്ങളെ കീഴ്പ്പെടുത്തുന്നു….അവളെ മനസ്സിൽ കുഴിച്ചുമൂടി ഞാൻ ദിവസങ്ങൾ തള്ളിനീക്കി. പ്രീഡിഗ്രിക്ക് അവൾ സയൻസും ഞാൻ കൊമേഴ്സും ആയപ്പോൾ കണ്ണകന്നു… ഒപ്പം മനസ്സും…അവളോട് പറയാൻ ഒന്നും ബാക്കിയില്ല എന്നൊരു തോന്നൽ. ഉള്ളത് പറയാനുള്ളതല്ല എന്ന ബോധ്യം. അവൾ പോക്ക് വണ്ടിക്ക് ആക്കിയതോടെ വേലിക്കരുകിലെ പ്രണയവും നിന്നു.
പക്ഷേ അവൾക്കപ്പൊഴും എന്നോടയിരുന്നോ താൽപ്പര്യം???? സയൻസിന്റെ പെണ്കുട്ടി കൊമേഴ്സിനെ ഇഷ്ടപ്പെട്ടത് അതുകൊണ്ടാവുമോ???? എല്ലാ ഇന്റർവല്ലിനും കോമേഴ്സിലെ കൂട്ടുകാരികളെ കാണാൻ അവൾ മുടങ്ങാതെ വന്നിരുന്നു…. ആ കണ്ണുകൾ എന്നെ കൊത്തിവലിച്ചിരുന്നു. ആ ഇളം നീല മിഴികൾ എന്നെ മാത്രം എപ്പോഴും പരതിയിരുന്നു. വിശ്രമമില്ലാതെ…..

ഇടക്ക് എന്നെ തൊട്ടടുത്ത് കാണുമ്പോഴെല്ലാം അവൾ വല്ലാതെ വിറച്ചിരുന്നു….സംസാരിക്കുമ്പോൾ അവളുടെ മേല്ചുണ്ടിൽ വിയർപ്പ് പൊടിഞ്ഞിരുന്നു. ശ്വാസഗതി ക്രമാതീതമായി ഉയർന്നിരുന്നു…. എന്നിട്ടും ഞാൻ മനസ്സിലാക്കിയില്ല….അല്ല ചോദിച്ചില്ല എന്റെ മാത്രം പെണ്ണാകാമോ എന്ന്…!!!

പ്ലസ് റ്റൂ ജീവിതം പാതിയിൽ ഉപേക്ഷിച്ചു വീട്ടിലെ കാലികളെ മേയ്ക്കാനായി പോയപ്പോഴും ചോദിക്കാൻ മറന്നു ഈ ക്രിഷ്ണന്റെ രാധയാകാൻ ഇഷ്ടമാണോ എന്ന്.!!

കാലികൾ കൂടുംതോറും മനസ്സും അവക്കൊപ്പം കൂടി കൂടി വന്നു. ഒരുമിച്ച് പത്തെണ്ണം വാങ്ങാനായി മിൽമയുടെ ലോണ് കിട്ടുമെന്നറിഞ്ഞു അതിന്റെ അപേക്ഷ കൊടുക്കാനായി ക്യൂവിൽ നിന്നപ്പോളാണ് അന്നവൾ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നത്. എത്ര ശ്രമിച്ചിട്ടും കണ്ണുകൾ അവളത്തന്നെ പിന്തുടരുന്നത് കണ്ടിട്ടാവാം ആ കണ്ണുകൾ എന്റെ മുഖത്തുടക്കിയത്. ഒന്നടുത്തേക്ക് വരുമോ എന്നൊരു അപേക്ഷ ഉണ്ടായിരുന്നോ ആ കണ്ണുകളിൽ അന്ന്???? അറിയില്ല. പാവടക്കാരിയിൽ നിന്നവൾ ധാവണിയിലെക്കും ഇപ്പോൾ സാരിയിലേക്കും ഇത്ര വേഗം വളർന്നുവോ???? കാലങ്ങൾ പോകുന്നത് വളരെ പെട്ടന്നാണെന്നു ഇപ്പോഴാണ് മനസ്സിലാകുന്നത്.
ശെരിയാണ് പൊടിമീശക്കാരൻ അപ്പോഴൊരു മീശക്കാരൻ ആയിരുന്നു. അതികം നേരം നോക്കി നിൽക്കാൻ കഴിയുമായിരുന്നില്ല…അടുത്തേക്ക് ചെന്നു. അല്ല ആ കണ്ണുകൾ അങ്ങോട്ട്‌ വലിച്ചടുപ്പിച്ചു എന്നതാവാം ശെരി. അപ്പോഴും മനസ്സ് പറഞ്ഞു “പറയടാ പറ…..”

കേട്ടില്ല. കള്ളിമുണ്ടുടുത്തു ചെളിയിലും മണ്ണിലും പണിയുന്നവനെ അക്ഷരങ്ങളെക്കൊണ്ടു അമ്മാനമാടുന്നവൾ ഇഷ്ടപ്പെടില്ല എന്ന തിരിച്ചറിവ് വീണ്ടും നാവിന് വിലങ്ങിട്ടു.

“ഞായറാഴ്ച എന്റെ വിവാഹമാണ്. വരണം…..” അവൾ എന്നോട് പറഞ്ഞ അവസാന വാക്കുകൾ. സുഖമാണോ എന്നുപോലും ചോദിച്ചില്ല. എനിക്ക് ചോദിക്കാൻ നിന്നുമില്ല. ഞാൻ അടുത്തേക്ക് ചെന്നതും ഇത്ര മാത്രം പറഞ്ഞിട്ട് എന്നെ മാത്രം കാത്തുനിന്നപോലെ അവൾ പെട്ടെന്ന് തിരിഞ്ഞു നടന്നു. സാരിതുമ്പാൽ അവളാ കണ്ണുകൾ ഒന്ന് തുടച്ചോ???? അറിയില്ല. അപ്പോഴും ഞാനൊരു ഞെട്ടലിൽ ആയിരുന്നു… കണ്ണിൽ ഉരുണ്ടുകൂടിയ കണ്ണീർമുത്തുകൾ അവളെ മറച്ചപ്പോൾ അത് ജീവിതത്തിൽ നിന്നുള്ള മറവ് ആണെന്നറിഞ്ഞു കരൾ ഒന്ന് നൊന്തു….

പോകണ്ട എന്നാണ് ചിന്തിച്ചതെങ്കിലും അന്നാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഞാനും പോയിരുന്നു. കണ്ണിലെ കൃഷ്ണമണി പോലെ കണ്ടിരുന്നവളെ മറ്റൊരുവൻ താലി ചാർത്തുന്നത് ആൾക്കൂട്ടത്തിൽ ഒരുവനായി നിന്നു ഞാനും കണ്ടുനിന്നു. ആ താലി വീണതും അവളൊന്നു കണ്ണീരൊഴുക്കിയത് വീണത് എന്റെ നെഞ്ചിലായിരുന്നു. ആനന്ദാശ്രുക്കൽ ആയിരിക്കുമെന്ന് കരുതി സമാധാനിച്ചു. അല്ല മനസ്സിനെ സമാധാനിപ്പിച്ചു. അപ്പോൾ മാത്രം അന്നാദ്യമായി മനസ്സ് പറഞ്ഞു. ആ താലി വീഴുന്ന നേരത്തെങ്കിലും നീയൊന്നു വിളിച്ചിരുന്നെങ്കിൽ അവൾ നിന്റേതായേനെ എന്ന്. വിജയിക്കാൻ മാത്രം ഇഷ്ടപ്പെട്ടവൻ മനപ്പൂർവം തോൽക്കാൻ തുടങ്ങിയത് അന്ന് മുതലാവണം.!!!
ആ ഓർമയിൽ നിന്നുണ്ടായ വാശിയിൽ കാലിവളർത്തൽ മാത്രം വിജയിച്ചു….തൊഴുത്ത് എന്ന വാക്ക് ഡയറി ഫം എന്ന പദത്തിലേക്ക് വളർന്നു. പക്ഷേ ആ താലികെട്ട് മുതലുള്ള ജീവിതം മനപ്പൂർവം തോൽവികൾ ഏറ്റുവാങ്ങുന്നതായിരുന്നു. ഇനിയൊരു പെണ്ണ് ജീവിതത്തിലില്ല എന്ന വാശി വീട്ടുകാരുടെ കണ്ണീരിനു മുന്നിൽ തോറ്റു. സ്ത്രീധനം വാങ്ങില്ലന്ന മനസ്സ് അമ്മാവന്മാരുടെ ധാർഷ്ട്യത്തിനും പെണ്‌വീട്ടുകാരുടെ ഉദാരതക്കും മുന്നിൽ തോറ്റു. അല്ലെങ്കിലും നാട്ടിലെ പ്രസിദ്ധനായ ഫാം മുതലാളിക്ക് ഇത്തിരി പൊന്നും പണ്ടൊം കൊടുത്താൽ എന്താണ് പ്രശ്നം???? പക്ഷെ അന്ന് മൂടിക്കെട്ടിയത് മനസായിരുന്നില്ല. വാ ആയിരുന്നു. പിന്നെ നാവുയർത്തി ആരോടും ഒന്നും പറഞ്ഞിട്ടില്ല. ചോദിക്കുന്നതിന് മാത്രം ഉത്തരം നൽകി ഞാൻ എന്റെത് മാത്രമായ ദുഃഖങ്ങളിലേക്ക് ഊളിയിട്ടു.

മറക്കാൻ ആ വിവാഹം കൊണ്ടു കഴിഞ്ഞോ???? ഇല്ല എന്നുവേണം പറയാൻ. “അനുസ് ഫാം” എന്ന പേര് മാത്രം മതിയായിരുന്നു നെഞ്ചിലൊരു നെരിപ്പോട് എരിയിക്കാൻ….അന്ന് പേരിടുമ്പോൾ ഇടാൻ മറ്റൊന്നും മനസ്സിലില്ലായിരുന്നു. ഇപ്പോൾ മാറ്റാൻ ചിന്തിക്കുമ്പോൾ ആ നെരിപ്പോട് ആളിക്കത്തുന്ന പോലെ….എങ്കിലും പരമാവധി അഡ്ജസ്റ്റ് ചെയ്തു, മനസ്സിലും ജീവിതത്തിലും….!!!

പക്ഷേ അവിടെയും പരാജയം ആയിരുന്നു ഫലം. വരവ് നോക്കാതെ ചിലവ് ചെയ്യുന്ന ഭാര്യ. ഒരു രൂപ പോലും എടുത്തിട്ടില്ലങ്കിലും എന്റെ അച്ഛൻ തന്ന സ്വത്ത് കൊണ്ടല്ലേ നിങ്ങള് മൊയ്ലാളി ആയത് എന്ന വന്നതിന്റെ പിറ്റേ മാസത്തിൽ തുടങ്ങിയ പരിഹാസം എന്നുമൊരു വിങ്ങലായിരുന്നു. കുട്ടികൾ ആയപ്പോഴെങ്കിലും മാറ്റം വരുമെന്ന് കരുതി. ഒന്നുമുണ്ടായില്ല. കുട്ടികൾ വളർന്നപ്പോൾ അവരും കൂടി അമ്മക്കൊപ്പം. അച്ഛന് ഫാം ആണെന്ന് പറയാൻ മക്കൾക്ക് പുച്ഛം.!!! അതിന്റെ പേരിനോട് പുച്ഛം..!!! വന്നവഴി ആർക്കും അറിയണ്ടല്ലോ….
ഭാവിയിലെ ഡോക്ടർക്കും സോഫ്റ്റ്‌വെയർ എന്ജിനീയർക്കും ഇപ്പോൾ അച്ഛന്റെ ചെയ്തികളോട് പുച്ഛം. കള്ളിമുണ്ടുടുത്തു വീട്ടിൽ നടക്കുന്ന അച്ഛൻ അവർക്കൊരു അപമാനം പോലെ. ഫാമിന്റെ പേര് മാറ്റണമെന്ന ആവശ്യം നിർദക്ഷിണ്യം തള്ളിയതോടെ അനു എന്നത് അവരേറ്റവും വെറുക്കുന്ന പേരുകളിൽ ഒന്നായി. ആരെന്ന് അറിയില്ലെങ്കിലും അവൾ അച്ഛൻ പിഴപ്പിച്ച പെണ്ണുങ്ങളിൽ ഒന്ന് എന്നുവരെ ആയപ്പോൾ അന്നാദ്യമായി ഞാൻ പൊട്ടിത്തെറിച്ചു. പെട്ടെന്നുണ്ടായ ഭാവമാറ്റം കണ്ട് അവർ ഭയന്നത് സ്വാഭാവികം. പ്രാന്തയെന്ന്‌ കരുതിക്കാണും. എന്തായാലും അന്നത്തോടെ ഒന്നുണ്ടായി. വീട്ടിൽ നിന്നുള്ള പരാതി മാത്രമല്ല സംസാരം കൂടി നിന്നു. ഭക്ഷണം കിട്ടില്ല എന്നായതോടെ അത് ഹോട്ടലിൽ നിന്നായി. എല്ലാരും കിടന്നു കഴിഞ്ഞുള്ള വരവും എഴുന്നേൽക്കുന്നതിന് മുമ്പുള്ള പോക്കും സ്ഥിരമായി. അല്ല ശീലമായി…!!!

Leave a Reply

Your email address will not be published. Required fields are marked *