പക്ഷേ അവിടെയും പരാജയം ആയിരുന്നു ഫലം. വരവ് നോക്കാതെ ചിലവ് ചെയ്യുന്ന ഭാര്യ. ഒരു രൂപ പോലും എടുത്തിട്ടില്ലങ്കിലും എന്റെ അച്ഛൻ തന്ന സ്വത്ത് കൊണ്ടല്ലേ നിങ്ങള് മൊയ്ലാളി ആയത് എന്ന വന്നതിന്റെ പിറ്റേ മാസത്തിൽ തുടങ്ങിയ പരിഹാസം എന്നുമൊരു വിങ്ങലായിരുന്നു. കുട്ടികൾ ആയപ്പോഴെങ്കിലും മാറ്റം വരുമെന്ന് കരുതി. ഒന്നുമുണ്ടായില്ല. കുട്ടികൾ വളർന്നപ്പോൾ അവരും കൂടി അമ്മക്കൊപ്പം. അച്ഛന് ഫാം ആണെന്ന് പറയാൻ മക്കൾക്ക് പുച്ഛം.!!! അതിന്റെ പേരിനോട് പുച്ഛം..!!! വന്നവഴി ആർക്കും അറിയണ്ടല്ലോ….
ഭാവിയിലെ ഡോക്ടർക്കും സോഫ്റ്റ്‌വെയർ എന്ജിനീയർക്കും ഇപ്പോൾ അച്ഛന്റെ ചെയ്തികളോട് പുച്ഛം. കള്ളിമുണ്ടുടുത്തു വീട്ടിൽ നടക്കുന്ന അച്ഛൻ അവർക്കൊരു അപമാനം പോലെ. ഫാമിന്റെ പേര് മാറ്റണമെന്ന ആവശ്യം നിർദക്ഷിണ്യം തള്ളിയതോടെ അനു എന്നത് അവരേറ്റവും വെറുക്കുന്ന പേരുകളിൽ ഒന്നായി. ആരെന്ന് അറിയില്ലെങ്കിലും അവൾ അച്ഛൻ പിഴപ്പിച്ച പെണ്ണുങ്ങളിൽ ഒന്ന് എന്നുവരെ ആയപ്പോൾ അന്നാദ്യമായി ഞാൻ പൊട്ടിത്തെറിച്ചു. പെട്ടെന്നുണ്ടായ ഭാവമാറ്റം കണ്ട് അവർ ഭയന്നത് സ്വാഭാവികം. പ്രാന്തയെന്ന് കരുതിക്കാണും. എന്തായാലും അന്നത്തോടെ ഒന്നുണ്ടായി. വീട്ടിൽ നിന്നുള്ള പരാതി മാത്രമല്ല സംസാരം കൂടി നിന്നു. ഭക്ഷണം കിട്ടില്ല എന്നായതോടെ അത് ഹോട്ടലിൽ നിന്നായി. എല്ലാരും കിടന്നു കഴിഞ്ഞുള്ള വരവും എഴുന്നേൽക്കുന്നതിന് മുമ്പുള്ള പോക്കും സ്ഥിരമായി. അല്ല ശീലമായി…!!!
പൂർവ്വവിദ്യാർത്ഥിസംഗമം എന്നുള്ള കത്തു കയ്യിൽ കിട്ടിയപ്പോൾ മറ്റൊന്നുമോർക്കാതെ ചാടിപ്പുറപ്പെട്ടത് അവളെ കാണാൻ മാത്രമായിരുന്നു. അതിന്റെ പേരാണ് മനസ്സിൽ ഏറ്റവും സ്പർശിച്ചത്….”ഓർമ്മക്കായ്….”
ഓർമയിൽ നിന്നുണർന്നപ്പോഴും വണ്ടി ഒഴുകിക്കൊണ്ടിരിക്കുവാണ്. ആ ഓർമകളിൽ മുഴുകിയിരുന്നതിനാൽ ആ സമയത്ത് വണ്ടിയിടിച്ചു ചത്താലും ഞാൻ അറിയുമായിരുന്നില്ല എന്നെനിക്ക് ഉറപ്പായിരുന്നു. കാരണം മനസ്സിൽ മുഴുവനും അവളാണ്.
ഇന്നത്തെ പോക്ക് തന്നെ അവളെ കാണാൻ വേണ്ടി മാത്രമാണ്. SSLC ബാച്ചു മാത്രമെന്നതിനാൽ അധികമാരും കാണില്ല. അഥവാ ഉണ്ടെങ്കിലും എനിക്ക് ആരെയും കാണേണ്ടതില്ല. അവളെ മാത്രം കാണണം…ആ വിരലുകളിൽ കൈകോർത്തു ആ വരാന്തയിൽ കൂടി നടക്കണം. ചെറിയ നര വീണു കാണും. എന്നാലും ആ കുറച്ചു നിമിഷത്തേക്കെങ്കിലും എനിക്കാ പഴയ അഞ്ചാം ക്ലാസ്സുകാരനാവണം. ഒട്ടനവധി പ്രണയങ്ങൾ വിരിഞ്ഞ ആ കലാലയ മുറ്റത്തു വെച്ചേനിക്ക് പറയണം എനിക്ക് നിന്നെ ഇഷ്ടമായിരുന്നു എന്ന്. അവൾ ഞെട്ടിത്തരിച്ചു നിൽക്കുന്നത് എനിക്ക് കാണണം.
അവൾ പൊട്ടിച്ചിരിക്കുമ്പോൾ മനസ്സിൽ ആരും കാണാതെ ഒളിപ്പിച്ചു വെച്ച ആ കനൽ എനിക്ക് അവിടെവെച്ചു ഊതിക്കെടുത്തണം. അതിനു വേണ്ടി മാത്രമാണീ യാത്ര. ഒരു കാട്ടുതീ തടയാൻ. എന്നെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന ആ അർബുദം എനിക്കിന്ന് മുറിച്ചു മാറ്റണം. പറയാതെ പോയ പ്രണയം മനസ്സിന് എന്നുമൊരു കാൻസർ തന്നെയാണ്. ചികിത്സ ഇല്ലാത്ത കാൻസർ.
അവൾക്ക് മനസ്സിൽ ഒന്നുമുണ്ടായിരുന്നില്ല എങ്കിൽ അതൊരു തമാശയായി അവസാനിക്കും. അഥവാ അല്ലെങ്കിൽ???? അത്….അതെങ്ങനെ അവസാനിപ്പിക്കണം എന്നെനിക്ക് അറിയില്ല…. കാർ മുന്നോട്ടു ഒഴുകിക്കൊണ്ടിരുന്നു. പഴയ ഓർമ വെച്ചാണ് യാത്ര. പഴയ ഓർമകൾ മറക്കാനായാവും വിവാഹശേഷം ഈ വഴി വന്നിട്ടില്ല. മനപ്പൂർവ്വം ഒഴിവാക്കി എന്നുതന്നെ പറയണം. കാറിനുള്ളിൽ ഒഴുകിയെത്തുന്ന സോങ് എനിക്കായി എഴുതിയത് പോലെ…..”താനേ പൂവിട്ട മോഹം….”
പഴയ സ്ഥാനത്ത് തന്നെ വലിയൊരു കമാനത്തോട് കൂടിയ ആ കലാലയം എനിക്കൊരു അത്ഭുതമായിരുന്നു. ഓടിട്ട മുറികൾ മാറി കോണ്ക്രീറ്റ് മാളികകൾ ഉയർന്നു നിക്കുന്ന എന്റെ വിദ്യാലയം.
“ഓർമ്മക്കായ്…..” വലിയ അക്ഷരത്തിൽ എഴുതിയ ബോർഡ് കണ്ടതെ വണ്ടി നിർത്തി. ആ കലാലയ മുറ്റത്തുകൂടി വർഷങ്ങൾക്ക് ശേഷം നടന്നപ്പോൾ മനസ്സ് എന്തിനോ വേണ്ടി തുടിച്ചുകൊണ്ടിരുന്നു. മിക്കവരും എത്തിയിരുന്നു. എല്ലാവരും വന്നത് ഫാമിലിയുമൊത്താവണം. ഒരു നീണ്ട ജാഥക്കുള്ള ആളുണ്ട്. എല്ലാവരും പരസ്പരം വിശേഷങ്ങൾ പങ്കുവെയ്ക്കുകയാവണം.
