മഴത്തുള്ളിക്കിലുക്കം Like

ഇടക്ക് എന്നെ തൊട്ടടുത്ത് കാണുമ്പോഴെല്ലാം അവൾ വല്ലാതെ വിറച്ചിരുന്നു….സംസാരിക്കുമ്പോൾ അവളുടെ മേല്ചുണ്ടിൽ വിയർപ്പ് പൊടിഞ്ഞിരുന്നു. ശ്വാസഗതി ക്രമാതീതമായി ഉയർന്നിരുന്നു…. എന്നിട്ടും ഞാൻ മനസ്സിലാക്കിയില്ല….അല്ല ചോദിച്ചില്ല എന്റെ മാത്രം പെണ്ണാകാമോ എന്ന്…!!!

പ്ലസ് റ്റൂ ജീവിതം പാതിയിൽ ഉപേക്ഷിച്ചു വീട്ടിലെ കാലികളെ മേയ്ക്കാനായി പോയപ്പോഴും ചോദിക്കാൻ മറന്നു ഈ ക്രിഷ്ണന്റെ രാധയാകാൻ ഇഷ്ടമാണോ എന്ന്.!!

കാലികൾ കൂടുംതോറും മനസ്സും അവക്കൊപ്പം കൂടി കൂടി വന്നു. ഒരുമിച്ച് പത്തെണ്ണം വാങ്ങാനായി മിൽമയുടെ ലോണ് കിട്ടുമെന്നറിഞ്ഞു അതിന്റെ അപേക്ഷ കൊടുക്കാനായി ക്യൂവിൽ നിന്നപ്പോളാണ് അന്നവൾ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നത്. എത്ര ശ്രമിച്ചിട്ടും കണ്ണുകൾ അവളത്തന്നെ പിന്തുടരുന്നത് കണ്ടിട്ടാവാം ആ കണ്ണുകൾ എന്റെ മുഖത്തുടക്കിയത്. ഒന്നടുത്തേക്ക് വരുമോ എന്നൊരു അപേക്ഷ ഉണ്ടായിരുന്നോ ആ കണ്ണുകളിൽ അന്ന്???? അറിയില്ല. പാവടക്കാരിയിൽ നിന്നവൾ ധാവണിയിലെക്കും ഇപ്പോൾ സാരിയിലേക്കും ഇത്ര വേഗം വളർന്നുവോ???? കാലങ്ങൾ പോകുന്നത് വളരെ പെട്ടന്നാണെന്നു ഇപ്പോഴാണ് മനസ്സിലാകുന്നത്.
ശെരിയാണ് പൊടിമീശക്കാരൻ അപ്പോഴൊരു മീശക്കാരൻ ആയിരുന്നു. അതികം നേരം നോക്കി നിൽക്കാൻ കഴിയുമായിരുന്നില്ല…അടുത്തേക്ക് ചെന്നു. അല്ല ആ കണ്ണുകൾ അങ്ങോട്ട്‌ വലിച്ചടുപ്പിച്ചു എന്നതാവാം ശെരി. അപ്പോഴും മനസ്സ് പറഞ്ഞു “പറയടാ പറ…..”

കേട്ടില്ല. കള്ളിമുണ്ടുടുത്തു ചെളിയിലും മണ്ണിലും പണിയുന്നവനെ അക്ഷരങ്ങളെക്കൊണ്ടു അമ്മാനമാടുന്നവൾ ഇഷ്ടപ്പെടില്ല എന്ന തിരിച്ചറിവ് വീണ്ടും നാവിന് വിലങ്ങിട്ടു.

“ഞായറാഴ്ച എന്റെ വിവാഹമാണ്. വരണം…..” അവൾ എന്നോട് പറഞ്ഞ അവസാന വാക്കുകൾ. സുഖമാണോ എന്നുപോലും ചോദിച്ചില്ല. എനിക്ക് ചോദിക്കാൻ നിന്നുമില്ല. ഞാൻ അടുത്തേക്ക് ചെന്നതും ഇത്ര മാത്രം പറഞ്ഞിട്ട് എന്നെ മാത്രം കാത്തുനിന്നപോലെ അവൾ പെട്ടെന്ന് തിരിഞ്ഞു നടന്നു. സാരിതുമ്പാൽ അവളാ കണ്ണുകൾ ഒന്ന് തുടച്ചോ???? അറിയില്ല. അപ്പോഴും ഞാനൊരു ഞെട്ടലിൽ ആയിരുന്നു… കണ്ണിൽ ഉരുണ്ടുകൂടിയ കണ്ണീർമുത്തുകൾ അവളെ മറച്ചപ്പോൾ അത് ജീവിതത്തിൽ നിന്നുള്ള മറവ് ആണെന്നറിഞ്ഞു കരൾ ഒന്ന് നൊന്തു….

പോകണ്ട എന്നാണ് ചിന്തിച്ചതെങ്കിലും അന്നാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഞാനും പോയിരുന്നു. കണ്ണിലെ കൃഷ്ണമണി പോലെ കണ്ടിരുന്നവളെ മറ്റൊരുവൻ താലി ചാർത്തുന്നത് ആൾക്കൂട്ടത്തിൽ ഒരുവനായി നിന്നു ഞാനും കണ്ടുനിന്നു. ആ താലി വീണതും അവളൊന്നു കണ്ണീരൊഴുക്കിയത് വീണത് എന്റെ നെഞ്ചിലായിരുന്നു. ആനന്ദാശ്രുക്കൽ ആയിരിക്കുമെന്ന് കരുതി സമാധാനിച്ചു. അല്ല മനസ്സിനെ സമാധാനിപ്പിച്ചു. അപ്പോൾ മാത്രം അന്നാദ്യമായി മനസ്സ് പറഞ്ഞു. ആ താലി വീഴുന്ന നേരത്തെങ്കിലും നീയൊന്നു വിളിച്ചിരുന്നെങ്കിൽ അവൾ നിന്റേതായേനെ എന്ന്. വിജയിക്കാൻ മാത്രം ഇഷ്ടപ്പെട്ടവൻ മനപ്പൂർവം തോൽക്കാൻ തുടങ്ങിയത് അന്ന് മുതലാവണം.!!!
ആ ഓർമയിൽ നിന്നുണ്ടായ വാശിയിൽ കാലിവളർത്തൽ മാത്രം വിജയിച്ചു….തൊഴുത്ത് എന്ന വാക്ക് ഡയറി ഫം എന്ന പദത്തിലേക്ക് വളർന്നു. പക്ഷേ ആ താലികെട്ട് മുതലുള്ള ജീവിതം മനപ്പൂർവം തോൽവികൾ ഏറ്റുവാങ്ങുന്നതായിരുന്നു. ഇനിയൊരു പെണ്ണ് ജീവിതത്തിലില്ല എന്ന വാശി വീട്ടുകാരുടെ കണ്ണീരിനു മുന്നിൽ തോറ്റു. സ്ത്രീധനം വാങ്ങില്ലന്ന മനസ്സ് അമ്മാവന്മാരുടെ ധാർഷ്ട്യത്തിനും പെണ്‌വീട്ടുകാരുടെ ഉദാരതക്കും മുന്നിൽ തോറ്റു. അല്ലെങ്കിലും നാട്ടിലെ പ്രസിദ്ധനായ ഫാം മുതലാളിക്ക് ഇത്തിരി പൊന്നും പണ്ടൊം കൊടുത്താൽ എന്താണ് പ്രശ്നം???? പക്ഷെ അന്ന് മൂടിക്കെട്ടിയത് മനസായിരുന്നില്ല. വാ ആയിരുന്നു. പിന്നെ നാവുയർത്തി ആരോടും ഒന്നും പറഞ്ഞിട്ടില്ല. ചോദിക്കുന്നതിന് മാത്രം ഉത്തരം നൽകി ഞാൻ എന്റെത് മാത്രമായ ദുഃഖങ്ങളിലേക്ക് ഊളിയിട്ടു.

മറക്കാൻ ആ വിവാഹം കൊണ്ടു കഴിഞ്ഞോ???? ഇല്ല എന്നുവേണം പറയാൻ. “അനുസ് ഫാം” എന്ന പേര് മാത്രം മതിയായിരുന്നു നെഞ്ചിലൊരു നെരിപ്പോട് എരിയിക്കാൻ….അന്ന് പേരിടുമ്പോൾ ഇടാൻ മറ്റൊന്നും മനസ്സിലില്ലായിരുന്നു. ഇപ്പോൾ മാറ്റാൻ ചിന്തിക്കുമ്പോൾ ആ നെരിപ്പോട് ആളിക്കത്തുന്ന പോലെ….എങ്കിലും പരമാവധി അഡ്ജസ്റ്റ് ചെയ്തു, മനസ്സിലും ജീവിതത്തിലും….!!!

Leave a Reply

Your email address will not be published. Required fields are marked *