”ഹേ… അച്ചൂട്ടനും ട്രോഫി കിട്ടിയോ??”
അവളുടെ അമ്മ എന്റെ കൈയിൽ ഇരുന്ന ട്രോഫി കണ്ട് ചോദിച്ചു.
ഞാൻ വലിയ ഗമയിൽ ട്രോഫി പൊക്കി കാണിച്ചു.
”എന്റെ ആന്റി… ഇവന് ട്രോഫി കൊടുക്കാൻ അവർക്കൊക്കെ എന്താ ഭ്രാന്ത് ഉണ്ടോ??… അച്ചൂ… സത്യം പറ ആരുടെന്നാ ഇത് മോഷ്ടിച്ചെ??
എന്റെ ചേച്ചി ആരാ മോള്,അവള് വിടോ??
”അല്ല… ഇത് സത്യയിട്ടും എന്റെയാ..”
”നീതു… മോളെ ഈ ട്രോഫി അവൻറെ ആണോ??”
”ഹും… അതെ ചേച്ചി”
”അതെന്താ മോളെ അനുമോദനവും പ്രോഗ്രാംസും എല്ലാം നിനക്കല്ലായിരുന്നോ…പിന്നെ ഈ ട്രോഫി എങ്ങനെ ഇവന് കിട്ടി??”
”ട്രോഫിയും എനിക്ക് കിട്ടിയതാ, പക്ഷെ അവൻ അവന്റെ കഴിവ് തെളിയിച്ചു അത് എന്നിൽ നിന്നും സ്വന്തമാക്കി”
അതും പറഞ്ഞു അവൾ നിന്ന് ചിരിച്ചു.ഞാനും….
അങ്ങനെ കോളേജിലെ തന്നെ ടോപ്പർ ആയി അവൾ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ, പരമാവധി ക്ലാസും കട്ട് ചെയ്ത് പരമാവധി സിനിമയും കണ്ട് പരമാവധി വായും നോക്കി ഞാനും എത്തി മൂന്നാം വർഷത്തിലേക്ക്. ക്ലാസ്സിൽ കയറിയാൽ ടീച്ചറുടെ വക, കേറിയില്ലെങ്കിൽ പ്രിൻസി യുടെ വക, കോളേജിൽ പോയില്ലെങ്കിൽ വീട്ടുകാരുടെ വക, ഇവിടെ ഒന്നില്ലെങ്കിൽ നീതുവിന്റെ വക… ചീത്തവിളി ആർജ്ജുനെവിടെ?? ആർജ്ജുനെവിടെ ?? എന്ന് തിരഞ്ഞു പിടിച്ചു വരുന്ന പോലെ ആയിരുന്നു. അതിനിടയിൽ വെള്ളം കാളയുമ്പോൾ കിട്ടുന്ന ഒരാശ്വാസം….എന്റെ സാറേ….
അങ്ങനെയിരിക്കെ ഫ്രഷേഴ്‌സ് ഡേ ആയി.കുറച്ച് സൗന്ദര്യം ഉളളതിനാലാകും, ഒരുത്തി വലയിലായി. അതിന് മുന്നേ കുറെ എണ്ണത്തിനെ കൊത്തിയതാ… പക്ഷെ നീതു അവൾ നോട്ടീസ് ബോർഡിൽ കോഴികളുടെ ലിസ്റ്റ് ഇടുമെന്നും അതിൽ ആദ്യത്തെ പേര് ഈയുളളവന്റെ ആകുമെന്നും പറഞ്ഞു ഭീഷണിപെടുത്തിയിരുന്നു.അങ്ങനെ അല്ലറ ചില്ലറ വായി നോട്ടവുമായി നടക്കുമ്പോഴാണ് ഇങ്ങോട്ട് വന്നൊരുത്തി… ഇഷ്ടമാണെന്നു പറയുന്നത്.
”അർജ്ജുനും പെണ്ണോ??”
കോളേജിൽ മൊത്തം സംസാര വിഷയം…
അതോടെ കോളേജിലെ സ്റ്റാർ ”അർജ്ജുൻ ദേവചന്ദ്രൻ”
അന്ന് വൈകിട്ട് വീട്ടിലേക്ക് പോകുമ്പോൾ ഞാൻ നീതുവിനോട് ചോദിച്ചു
”നീതു… എന്താ നിനക്ക് എന്നെ കുറിച്ചുള്ള അഭിപ്രായം??”
”നല്ല അഭിപ്രായം”
”ശെരിക്കും??”
”ഹാ… അങ്ങനെ പറഞ്ഞില്ലെങ്കിൽ നീ എന്നെ അടിക്കും”
”ഹാ.. ഹാ.. ഹാ.. നല്ല തമാശ… ഇനിയും ഇതു പോലെ ഉണ്ടെങ്കിൽ ഇറക്ക് കേൾക്കട്ടെ…”
”ദേ.. ചെറുക്കാ… നീ എൻറോടെ ചിലക്കാതെ വണ്ടി നോക്കി ഓടിക്ക്…”
”ഹെലോ… എന്താ മേഡത്തിനൊരു മൂഡ് ഓഫ്…. ടീച്ചർ വഴക്ക് പറഞ്ഞോ??”
”കിണുങ്ങാതെ വണ്ടി ഓടിക്ക് ചെറുക്കാ…”
”പറേടാ… എന്താ പറ്റിയെ??”
”ഒന്നും ഇല്ലെന്ന് പറഞ്ഞില്ലേ”
അവൾ അതും പറഞ്ഞു കണ്ണ് തുടക്കുന്നത് ഞാൻ ഗ്ലാസിലൂടെ കണ്ടു.അപ്പോൾ മനസിലായി സംഗതി കോൺട്രയാ…
”നീതു നീ കരയാതെ കാര്യം പറ..
എനിക്ക് ദേഷ്യം വരുന്നുണ്ട്.”
ഞാൻ വണ്ടി ഒതുക്കി.
”ഇനി ഇപ്പോൾ എന്നോട് എന്തും ആകാലോ… നിനക്ക് കൊഞ്ചാനും കുഴയാനും കൂടെ കൊണ്ട് നടക്കാനും ഒക്കെ പുതിയ ആളെ കിട്ടിയല്ലോ…. ഇനി ഞാനെന്തിനാ??”
”എടി പെണ്ണെ… അത് നിന്നെ പോലെ ആണോ …. വെറും ടൈം പാസ്സ്”
”ഹാ… അപ്പോൾ സത്യമണല്ലേ…. ഫൈസൽ പറഞ്ഞപ്പോൾ ഞാൻ കരുതി ചുമ്മാതെ ആണെന്ന്….പോടാ.. എനിക്ക് നിന്നെ കാണണ്ട പൊയ്ക്കോ”
അപ്പോൾ അവനാണല്ലേ ഒറ്റിയത്…. വീട്ടിൽ അറിഞ്ഞാലും സാരമില്ല ഇവളാണ് വിഷയം എന്നറിയാകുന്നവനാ..
”നായിന്റെ മോൻ”
”ഹേ… അപ്പോൾ നീ എന്നെ തെറി വിളിക്കാനും തുടങ്ങി അല്ലേ… അവൾ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ തന്നെ ഇങ്ങനെ ആണെങ്കിൽ….”
”എടീ… ഒന്നു നിർത്തിയെ… നായിന്റെ മോൾ എന്നല്ല…. മോൻ…മോൻ…”
”ഹും”
”പിന്നെ നിനക്ക് ഇഷ്ടമല്ലെങ്കിൽ ഞാൻ ആരെയും പ്രേമിക്കില്ല പോരേ??”
”ഓഹ്…. ഞാൻ കാരണം ഇനി ഇപ്പോൾ ആരുടെയും പ്രേമം പൊളിയണ്ട …. നീ വരുന്നില്ലേ ചെക്കാ…. വീട്ടിൽ പോകാം.”
”വാ കേറ്”
പിറ്റേന്ന് രാവിലെ കുളിച്ചിറങ്ങുമ്പോൾ അതാ റൂമിൽ അവൾ നില്ക്കുന്നു.
”എന്നതാടി… ആണുങ്ങളുടെ റൂമിലൊരു ചുറ്റികളി..വല്ല ദുരുദ്ദേശവും ഉണ്ടോ?? എന്താ വല്ലോം കട്ടോണ്ടു പോകാനാണോ??”
