മഴനീർത്തുളളികൾ Like

”അച്ചൂട്ടാ…. ഞാൻ പറയുന്നത് ഒരിക്കലും മോൻ തെറ്റായി എടുക്കരുത്… അതോർത്ത് മോൻ വിഷമിക്കുകയും ചെയ്യരുത് കേട്ടോ…”

”ഇല്ല… ആന്റി കാര്യം പറ…”

”അത് മോനെ ഇനി നിങ്ങൾ തമ്മിൽ പഴയ പോലുള്ള അടുപ്പം വേണ്ട മോനെ… അത് അവളുടെ ഭാവിയെ ദോഷമായി ബാധിക്കും… പിൽക്കാലത്ത് മോന്റെയും. എന്നു വെച്ച് കൂട്ട് കൂടരുത് എന്നല്ല ഞാൻ ഉദ്ദേശിച്ചത്… എല്ലാത്തിനും ഒരു നിയന്ത്രണം അത്ര മാത്രം.ഞാൻ അവളോടും പറഞ്ഞിട്ടുണ്ട്…. നിങ്ങൾക്ക് വിഷമം ആകുമെന്ന് അറിയാം… എന്നാലും മോൻ ഈ അമ്മ പറയുന്നത് കേൾക്കണം.മോൻ പറ കേൾക്കില്ലേ??”

അവർക്ക് എന്ത് മറുപടി കൊടുക്കണമെന്ന് എനിക്കറിയില്ലായിരുന്നു. ഒരു ഭാഗത്ത് സ്വന്തം ജീവനായി സ്നേഹിച്ച എന്റെ മാത്രമാണെന്ന് വിശ്വസിച്ച ഒരു പെണ്ണ്… മറുഭാഗത്ത് ആ പെണ്ണിന്റെ നല്ല ഭാവിക്ക് വേണ്ടി കേഴുന്ന അവളുടെ അമ്മ. ഇതിൽ ആർക്കു മുൻതൂക്കം കൊടുക്കും?? അവൾക്ക് കൊടുക്കാം എന്ന് കരുതിയാൽ അവൾക്ക് എന്റെ സ്നേഹം അറിക കൂടി ഇല്ല…

”പറ മോനെ നിനക്ക് ഞാൻ പറയുന്നത് കേൾക്കാൻ കഴിയില്ലേ??”

അവരുടെ ശബ്ദം എന്നെ ചിന്തയിൽ നിന്നും ഉണർത്തി.

”ആന്റി വിഷമിക്കണ്ട…. ഇനി ഞങ്ങൾ ശ്രെദ്ധിച്ചോളാം”

അത്രയും പറഞ്ഞു ഞാനാ പടികളിറങ്ങി നടന്നു. എന്റെ ശരീരത്തിനോ മനസിനോ ഒരു വികാരവും അപ്പോൾ ഇല്ലായിരുന്നു. ആകെ ഒരു മരവിച്ച അവസ്ഥ.ഹൃദയത്തിന് തുടിപ്പുണ്ടോ എന്ന് പോലും സംശയം….
അതിൽ പിന്നെ അവളെ കാണാനോ അവളുടെ വീട്ടിൽ പോകനോ ഞാൻ ശ്രമിച്ചില്ല.എന്നാൽ ഏതെങ്കിലും സാഹചര്യങ്ങളിൽ അവളെ കാണുമ്പോൾ സംസാരിക്കുവാൻ
ഞാൻ നോക്കി.എന്നാൽ എന്നും എന്നോട് വാ തോരാതെ സംസാരിച്ചിരുന്ന അവൾ ഞാൻ ചോദിക്കുന്നതിനു മാത്രം മറുപടി നൽകി…. അതും ഒന്നോ രണ്ടോ വാക്കുകളിൽ മാത്രം.
അത് എന്നെ തളർത്തിയത് തെല്ലൊന്നും ആയിരുന്നില്ല.പിന്നെ പിന്നെ കാണുമ്പോൾ മുഖം കുനിച്ചു പോകും. ഒരു മിണ്ടാട്ടവുമില്ല. എന്നാൽ അത് എന്നോട് മാത്രം ആയിരുന്നില്ല. എല്ലാരോടും

ഇന്ന് രാവിലെ എല്ലാപേരും കൂടി ഏതോ അടുത്ത ബന്ധുവിനെ വിവാഹനിശ്ചയം ക്ഷണിക്കാൻ പോയി.ഞാനും നീതുവും മാത്രം. ഞാനും അവളും തനിച്ചായ ആ സാഹചര്യത്തിൽ ഞാൻ അവളുടെ അടുത്തായി ഇരുന്നു.എത്രയോ നാളുകൾക്ക് ശേഷമാണ് ഞങ്ങൾ അങ്ങനെ അടുത്തിരുന്നത്.

”നീതു…” ഞാൻ പതിയെ വിളിച്ചു.

മറുപടി ഇല്ല. ഒടുവിൽ സഹികെട്ട് ഞാൻ ചോദിച്ചു.
”നീതു…. നീ എന്തിനാ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നേ… ഞാൻ നിന്നോട് എന്ത് തെറ്റ് ചെയ്തിട്ടാ… നീ ഇപ്പോൾ പഴേ പോലെ എന്നോട് മിണ്ടുന്നില്ല… അത് പോട്ടെ എന്ന് വെക്കാം… കാരണം നിന്റെ കല്യാണം ഉറപ്പിച്ചത് കൊണ്ടല്ലേ… പക്ഷേ കാണുമ്പോൾ എന്തേലും ഒന്ന് മിണ്ടുകെ ചിരിക്കുകെ ചെയ്യാല്ലോ… കല്യാണത്തിന് മുന്നേ ഇതാണ് സ്ഥിതി എങ്കിൽ കല്യാണം കഴിഞ്ഞാൽ പിന്നെ നീ എന്നെ കാണുമ്പോൾ കണ്ട ഭാവം നടിക്കോ?? ”

എന്നാൽ എന്റെ വാക്കുകൾ കേൾക്കുന്നതായി പോലും അവൾ നടിച്ചില്ല.എനിക്ക് ഇരച്ചു കയറി വന്ന ദേഷ്യം പിടിച്ചടക്കാനായില്ല.

”നീതു!!! ഞാൻ നിന്നോടല്ലേ ഈ ചോദിക്കുന്നെ… നിനക്ക് എന്നെ അത്രക്ക് വെറുപ്പായോ?? പക്ഷെ അതിനു മാത്രം ഞാൻ എന്നാ ചെയ്തേ…?? എനിക്കറിയണം ഞാൻ എന്ത് തെറ്റാണ് നിന്നോട് ചെയ്തതെന്ന്…. എനിക്കത് അറിഞ്ഞേ പറ്റു…. നീയത് പറഞ്ഞേ പറ്റു…”
അതും പറഞ്ഞു ഞാൻ അവളുടെ കയ്യിൽ പിടിച്ച് വലിച്ചു.

”അർജ്ജുൻ!!! എന്റെ ദേഹത്തുന്ന് കയ്യെടുക്ക്”

എന്റെ കൈ ഞാൻ പോലും അറിയാതെ പിൻവലിഞ്ഞു.പക്ഷെ എന്നെ ഏറ്റവും വേദനിപ്പിച്ചത് അച്ചു എന്ന് മാത്രം വിളിച്ചു കൂടെ നടന്നിരുന്ന അവൾ, സ്കൂളിൽ ചെല്ലപ്പേര് വിളിക്കരുത് എന്ന്,ടീച്ചർ വിലക്കിയിട്ടു പോലും അർജ്ജുൻ എന്ന് വിളിക്കാൻ വിസമ്മതിച്ചിരുന്ന അവൾ ഇന്ന്… ഇപ്പോൾ അർജ്ജുൻ എന്ന് അഭിസംബോധന ചെയ്തപ്പോൾ…. അറിയില്ല മനസ്സ് നീറിപുകയുന്ന പോലെ.

” നീ ചോദിച്ചതെന്താ?? നീ എന്നോട് ചെയ്ത തെറ്റ് എന്താണെന്നോ?? എന്നാൽ ഞാൻ പറയാം… പക്ഷെ നീയല്ല തെറ്റ് ചെയ്തത് ഞാനാ..”‘

ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി നിന്നു.അവൾ തുടർന്നു…
”ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് നിനക്കറിയോ?? ഞാൻ ഒരുത്തനെ സ്നേഹിച്ചു….എന്റെ ജീവന് തുല്യം…
അല്ല… ജീവനേക്കാൾ ഏറെ… എന്നിട്ട് അവന്… അവന് എന്റെ മനസ്സ് കാണാൻ കഴിഞ്ഞില്ല. ”
അവൾ പൊട്ടി കരയാൻ തുടങ്ങി.

”നീതു…. നീ ആരുടെ കാര്യമാ ഈ പറയുന്നേ??”

”അച്ചൂ … സത്യം പറേടാ… എന്നെ നിനക്ക് ഇഷ്ടമല്ലേ…….??”

അവൾ എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു.
ഞാൻ സ്തബ്ധനായി നിന്നു പോയി.
എന്റെ ഈശ്വരാ…. ഞാനിവൾക്ക് എന്ത് മറുപടിയാ നൽകേണ്ടത്…. ഞാനിവളെ
സ്നേഹിച്ചിരുന്നെന്നോ??

”എടാ… പറേടാ… ഇഷ്ടമല്ലേന്നു…. എനിക്കറിയാം നിനക്ക് എന്നെ ഇഷ്ടമാണെന്ന്… ഒന്നു പറയടാ….

”നീതു… നീ എന്തൊക്കയാ ഈ പറയണെ?? ഞാൻ നിന്നെ അങ്ങനെയൊന്നും കണ്ടിട്ടില്ല…” അവളുടെ അമ്മയോട് പറഞ്ഞ വാക്കയിരിക്കും ഒരു പക്ഷെ എന്നെ കൊണ്ട് അങ്ങനെ പറയിച്ചത്.
”ഇല്ല…നീ ചുമ്മാ പറേണതാ… നിനക്ക് എന്നെ ഇഷ്ടമാ,പിന്നെ നീ എന്തിനാ ഇപ്പോൾ കള്ളം പറയണെ…. അച്ചൂ… പറയടാ…”
അവൾ എന്റെ കോളറിലെ പിടുത്തം മുറുക്കി.
”ഇല്ല നീതു…നീ എന്റെ ബെസ്റ്റ് ഫ്രണ്ട്… അതിൽ കൂടുതൽ ആയി എനിക്ക് നിന്നെ കാണാൻ കഴിയില്ല മോളെ… പിന്നെ ഇപ്പോൾ നീ ഇങ്ങനെ ഒന്നും ചിന്തിക്കാനേ പാടില്ല. നീ കല്യാണം ഉറച്ചിരിക്കുന്ന പെണ്ണാ… മോള് നല്ല കുട്ടിയായി നാളത്തെ ചടങ്ങിന് തയ്യാറാകൂട്ടോ….” ഞാൻ എന്റെ മനസിലെ വിങ്ങൽ ഒതുക്കി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

”അപ്പോൾ… അപ്പോൾ… നീ എന്നെ ചതിക്കുവാരുന്നാല്ലേ??

നിനക്കറിയാമോ… കുട്ടിക്കാലം മുതൽക്കേ ഒന്നിച്ച് കളിച്ചു ചിരിച്ചു നടക്കുമ്പോഴും നീ എന്റോടെ പിണങ്ങി നടക്കുമ്പോഴും എല്ലാം എന്റെ മനസ്സിൽ നീ മാത്രമേ ഉണ്ടായിരുന്നുള്ളൂ… അന്ന് നിനക്ക് ദിവ്യയെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ ഞാൻ എന്ത് മാത്രം സങ്കടപെട്ടെന്നോ… എന്നിട്ടും അന്ന് ഞാനതിനെ എതിർക്കാതിരുന്നത് നീ വേദനിക്കും എന്ന് കരുതിയാ… അന്ന് എന്നെ കാണാൻ ആളു വന്നപ്പോൾ നിന്നെ അറിയിക്കേണ്ട എന്ന് പറഞ്ഞത് ഞാനാ… കാരണം എന്താണെന്ന് നിനക്കാറിയോ?? നിന്റെ സാന്നിധ്യത്തിൽ മറ്റൊരാണിന്റെ മുഖത്ത് നോക്കാൻ എനിക്ക് കഴിയില്ല… അന്ന് എന്റെ അമ്മ നിന്നോട് അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ നിന്റെ കണ്ണ് നിറയണ ഞാൻ കണ്ടു.അതു കൊണ്ടാ ഞാൻ പിന്നീട് നിന്നോട് മിണ്ടാൻ പോലും നിൽക്കാഞ്ഞേ…. എന്റെ ഹൃദയം നുറുങ്ങുന്ന വേദനയും കടിച്ചു പിടിച്ചാ ഞാൻ അപ്പോഴെല്ലാം ഒഴിഞ്ഞു മാറിയേ…. പക്ഷേ എനിക്ക് കഴിയുന്നില്ല അച്ചൂട്ടാ… നിന്നെ അല്ലാതെ മറ്റാരേം എനിക്ക് ആ കണ്ണിൽ കാണാൻ കഴിയില്ല. ”

Leave a Reply

Your email address will not be published. Required fields are marked *