മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം – 4

“എല്ലാ ആഘോഷങ്ങള്‍ക്കും വൈനോ ഷാമ്പയ്നോ വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല…”

താന്‍ പറഞ്ഞു.

“പിന്നെ എങ്ങനെയാ സെലബ്രേറ്റ് ചെയ്യണ്ടേ?”

“എഴുന്നേല്‍ക്ക്…നമുക്ക് ഡാന്‍സ് ചെയ്യാം…”

താന്‍ എഴുന്നേറ്റ് നിന്നുകൊണ്ട് അവന്‍റെ കയ്യില്‍ പിടിച്ചു വലിച്ചു.

“ഡാന്‍സ്?”

തന്‍റെ കൈ വിടുവിച്ചുകൊണ്ട് അവന്‍ പറഞ്ഞു.

“എനിക്കെങ്ങും അറിയില്ല, ഡാന്‍സ് ചെയ്യാന്‍…”

“ഞാന്‍ പഠിപ്പിക്കാം…”

“താന്‍ വീണ്ടും അവന്‍റെ കൈയ്യില്‍ പിടിച്ചു.

“നിന്‍റെ പപ്പാ എന്‍റെ ഡാന്‍സിന്റെ വലിയ ആരാധകന്‍ ആയിരുന്നു..എന്‍റെ ഡാന്‍സ് കണ്ടിട്ടാണ് കക്ഷി എന്നെ ഇഷ്ട്ടപ്പെട്ടത് തന്നെ എന്ന് പിന്നീട് പറഞ്ഞിട്ടുണ്ട്…”

അത് കേട്ടപ്പോള്‍ അവന്‍റെ മുഖമിരുണ്ടു.

“എന്താടാ?”

താന്‍ ചോദിച്ചു.

“എങ്കില്‍ ഞാന്‍ ഒരിക്കലും ഡാന്‍സ് ചെയ്യില്ല, ഒരിക്കലും അത് പഠിക്കുകയുമില്ല…”

കാതറിന്‍ ഓര്‍മ്മയില്‍ നിന്നുണര്‍ന്നു ചുറ്റുപാടും നോക്കി. ബ്രിട്ടാനിക്ക ഷെല്‍ഫിന്റെ അടുത്ത് ഇരിക്കുന്നയാള്‍ ഇപ്പോള്‍ തന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ട്. ഒരു പുഞ്ചിരിയല്ലേ? തിരിച്ച് ഒന്ന് കൊടുത്താലും കുഴപ്പമൊന്നുമില്ല. പക്ഷെ അത് കഴിഞ്ഞ് നേരെ വന്നു പ്രൊപ്പോസ് ചെയ്താല്‍?

മുന്‍കാലങ്ങളിലേ അനുഭവമോര്‍ത്ത് തിരികെ പുഞ്ചിരിക്കണോ വേണ്ടയോ എന്ന് കാതറിന്‍ സംശയിച്ചു.

മുമ്പിലെ ഗ്ലാസ് വിന്‍ഡോയിലൂടെ നോക്കിയപ്പോള്‍ ജസ്റ്റിന്‍ റേയ്ഗന്‍റെ ഫോര്‍ഡ് കാര്‍ ലൈബ്രറി കോമ്പൌണ്ടിലേക്ക് പ്രവേശിക്കുന്നത് അവള്‍ കണ്ടു. തന്‍റെ ഏറ്റവുമടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍. ജസ്റ്റിന്‍ ആണ് തന്നെക്കൊണ്ട് സ്റ്റീഫനെ വിവാഹം കഴിപ്പിച്ചത് എന്നും വേണമെങ്കില്‍ പറയാം. അത്രയ്ക്ക് അടുപ്പമാണ് തങ്ങള്‍ക്കിരുവര്‍ക്കും അയാളോട്. സ്റ്റീഫന്‍ തന്നെ ഡിവോഴ്സ് ചെയ്തതിനു ശേഷം ജസ്റ്റിന്‍ പക്ഷെ അയാളോടുള്ള അടുപ്പം കുറച്ചു.

“നിന്നെപ്പോലെ ഒരു പെണ്ണിനെ, എന്തിന്‍റെ പേരിലായാലും ഉപേക്ഷിച്ച അവനോട് അത്ര അടുപ്പം വേണ്ട എന്നാണു എന്‍റെ തീരുമാനം…”

ഒരിക്കല്‍ താന്‍ ചോദിച്ചപ്പോള്‍ അയാളില്‍ നിന്നും കിട്ടിയ ഉത്തരം അതായിരുന്നു.

നെവിലിന്റെ സ്കൂളിന്‍റെ ഡീന്‍ ആണ് ജസ്റ്റിന്‍ റെയ്ഗന്‍ എന്ന ആഫ്രോ അമേരിക്കന്‍.

കോമ്പൌണ്ടില്‍, സര്‍ ജോണ്‍ മാക്‌ഡോണാള്‍ഡിന്‍റെ പ്രതിമയ്ക്ക് സമീപം കാര്‍ നിര്‍ത്തി അയാള്‍ ലോബിയിലേക്ക് തിടുക്കത്തില്‍ പ്രവേശിക്കുന്നത് കാതറിന്‍ കണ്ടു.

അയാളുടെ മുഖത്ത് പരിഭ്രാന്തിയും വിഷാദവും നിറഞ്ഞിരിക്കുന്നത് കാതറിന്‍ വ്യക്തമായി കണ്ടു.

മോണ്‍ട്രിയോളിലെ ഏറ്റവും പ്രസിദ്ധരായ വ്യക്തികളിലൊരാള്‍ തങ്ങളുടെ ലൈബ്രറിയിലെക്ക് പ്രവേശിക്കുന്നത് കണ്ടു പലരും ബഹുമാനത്തോടെ എഴുന്നേറ്റു വണങ്ങുന്നത് കാതറിന്‍ ശ്രദ്ധിച്ചു.

അവള്‍ ഇരിപ്പിടത്തില്‍ നിന്നുമെഴുന്നേറ്റ് ലോബിയിലേക്ക് ചെന്നു.

“എന്താണ് മിസ്റ്റര്‍ പ്രിന്‍സിപ്പാള്‍, എന്‍റെ പാവം ലൈബ്രറിയിലേക്ക്?”

കാതറിന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

“നീ വാ…”

അയാള്‍ അവളുടെ കൈയ്യില്‍ പിടിച്ചു വലിച്ചുകൊണ്ട് താന്‍ കാര്‍ പാര്‍ക്ക് ചെയ്ത ഇടത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി.

“പറ ജസ്റ്റിന്‍…”

അയാളുടെ മുഖത്തെ ഭാവങ്ങളിലേക്ക് നോക്കി അല്‍പ്പം പരിഭ്രമത്തോടെ കാതറിന്‍ ചോദിച്ചു.

“ഒരു ചെറിയ പ്രശ്നമുണ്ട്…”

കാറിനടുത്ത് എത്തിക്കഴിഞ്ഞ് നെറ്റിയിലെ വിയര്‍പ്പ് തുടച്ചുകൊണ്ട് ജസ്റ്റിന്‍ അവളോട്‌ പറഞ്ഞു.

കാതറിന്റെ മുഖത്തെ ഭയം ഒന്നുകൂടി വളര്‍ന്നു.
[തുടരും]

Leave a Reply

Your email address will not be published. Required fields are marked *