മാസ്റ്റർ- 2

“ചേട്ടാ ഞാന്‍ കളി പറഞ്ഞതല്ല. നമുക്ക് രണ്ടാള്‍ക്കും കൂടെ ഒരു കഥ എഴുതാം. എനിക്കിപ്പം എഴുത്താണ് പണി”

മീന്‍കാരന്റെ കൂടെ ഓടിപ്പോയ എന്റെ തള്ളയാണെ എനിക്ക് ചൊറിഞ്ഞു കേറിയതാ. പത്തീ രണ്ടു തവണ പരൂഷ എഴുതി മൊത്തം അമ്പത് മാര്‍ക്ക് വാങ്ങിക്കാത്ത ഞാന്‍ കത എഴുതാന്‍!

“ആളെ ഊശിയാക്കാതെ പോടീ” ഞാമ്പറഞ്ഞു.

“ചേട്ടന് പറ്റും. ചേട്ടനെക്കൊണ്ട് ഞാന്‍ എഴുതിപ്പിച്ചോളാം; അതുവിട്‌. എനിക്ക് ചേട്ടന്റെ ഒരു സഹായം വേണം”

“എന്തരു സഹായം?”

“എന്റെ കൂടെ മേദിനിപ്പുരീ വരെ ഒന്ന് വരണം; മറ്റേ സാധനോം വേണം”

“മേദിനിപ്പുരിയോ? അതെവിടെ? ആറ്റിങ്ങലിന് അടുത്തെങ്ങാനം ആന്നോ?”

“ഹോ, എന്റെ മനുഷ്യാ ഈ തിരുവനന്തപുരത്തിനും അപ്പുറത്തും ഉണ്ട് ലോകം. ഞാനീ പറഞ്ഞ സ്ഥലം അങ്ങ് വടക്കാ. മംഗലാപുരത്ത്. അവിടെ ഞാന്‍ പഠിച്ച കോളജില്‍ എനിക്കൊന്നു പോണം. എന്നിട്ട് അവിടുത്തെ പുതിയ ജനറേഷന്റെ ചില കാര്യങ്ങള്‍ നേരില്‍ കണ്ട് കടലാസില്‍ പകര്‍ത്തണം”

ഞാന്‍ വാ പൊളിച്ചു. ഇന്നേവരെ ഞാന്‍ കൊല്ലം പോലും കണ്ടിട്ടില്ല. ബസിന്റെ ബോര്‍ഡീന്നും അങ്ങനൊരു സലം ഒള്ളതായി അറിഞ്ഞിട്ടൊണ്ട്‌. ആ എന്നോടാ അവള് അങ്ങ് ദൂരെ എങ്ങാണ്ട് പോന്ന കാര്യം പറേന്നത്! മാത്രവോ, എന്റെ തട്ടുകട; ഞാമ്പോയാ അതാര് നോക്കും.
“നീ തന്നെ പോ. എനിക്കെന്റെ തട്ടുകട നോക്കണം” ഞാമ്പറഞ്ഞു.

“ഉണ്ട. ഒരു ചവിട്ടു തരും ഞാന്‍. മനുഷ്യാ നിങ്ങള് ലോകമൊക്കെ ഒന്ന് കാണ്. ഒരു തട്ടുകടേം ഒലക്കേടെ മൂടും. മര്യാദയ്ക്ക് വന്നില്ലേല്‍ ഞാന്‍ അച്ഛനോട് പറേം”

ഞാഞ്ഞെട്ടി. പണ്ടെന്റെ ചന്തിക്ക് പുളിമരക്കമ്പ് കൊണ്ട് അങ്ങേരു പെടച്ച പെട ആയുസ്സൊള്ള കാലം മറക്കാന്‍ ഒക്കുവോ?

“അപ്പം എന്റെ കട” ഞാമ്പരുങ്ങി.

“പിന്നെ വല്യ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ അല്ലെ നിങ്ങള് നടത്തുന്നെ. മര്യാദയ്ക്ക് നാളെ റെഡി ആയിക്കോണം. കേട്ടല്ലോ?”

“നാളെയോ”

“നാളെ” അവളു കണ്ണുരുട്ടി. ആ മൊഹഫാവം കണ്ട് പ്വേടിച്ച് ഞാന്‍ സമ്മതിച്ചു. അപ്പഴാ എനിക്ക് വേറൊരു കാര്യം ഓര്‍മ്മ വന്നെ.

“എടീ എന്തരായാലും എന്റെ കട അടച്ചുപൂട്ടും. അവിടെ നീ കത എഴുതുന്ന സമയത്ത് ഞാന്‍ വല്ല ചൊമട് ചൊമക്കാനും പോയാലോ?”

“ദേ ഞാന്‍ ചേട്ടനാന്നൊന്നും നോക്കൂല്ല കേട്ടോ”

തള്ളേ അവളെന്നെ കൊന്നില്ലന്നെ ഒള്ളു.

“ശരി ശരി. എടീ അതു പോട്ടെ, അവിടെ ഷാപ്പ് ഒണ്ടോ?” ഞാന്‍ ചോദിച്ചു.

“അയ്യോ ഒണ്ട്. ഇവിടുത്തെപ്പോലെ ഗുളിക കലക്കിയല്ല, നല്ല ഒന്നാന്തരം തെങ്ങിന്‍ കള്ളും പനങ്കള്ളും പോരാഞ്ഞ് നല്ല പ്യുവര്‍ വാറ്റ് ചാരായവും ഒക്കെ കിട്ടും. പക്ഷെ ചേട്ടാ മറ്റേ സാധനം വേണം. എന്നാലെ എഴുത്ത് നടക്കൂ” അവള്‍ പറഞ്ഞു.

“മറ്റേ സാധനവോ?” എനിക്ക് മനസിലായില്ല.

“ങാ, നമ്മളെ ആരും കാണാതിരിക്കാന്‍ പുരട്ടുന്ന ആ വാനിഷിംഗ് ക്രീം ഇല്ലേ? അത്”

“അതോ? അതിനീ ആ മന്ത്രവാദിയെ കണ്ട് മേടിക്കണം. വാളത്തല കറി വച്ചത് കൊടുത്താലേ അങ്ങേരത് തരൂ”

“എന്ത് പണ്ടാരമെങ്കിലും കൊടുത്ത് വാങ്ങ്. പക്ഷെ സംഗതി നടക്കുവല്ലോ അല്ലെ?”

“എടീ ഈ ഫൂമീല്‍ എനിക്ക് മാത്രവേ അങ്ങേര് ആ മരുന്ന് തരൂ. എന്താ കാര്യം? ഞാനൊണ്ടായ സമയത്തിന്റെ കൊണം. എന്റെ തള്ള കൂറ ആണേലും നല്ലനേരം നോക്കിയാ അവരെന്നെ എറക്കി വിട്ടേ. എനിക്കല്ലാതെ ഈ ലോകത്ത് വേറെ ആര്‍ക്കും ആ മരുന്ന് പിടിക്കത്തില്ല. എനിക്കും ഞാന്‍ കൊടുക്കുന്ന ഒരാക്കും മാത്രം. പഷേ അതൊണ്ടാക്കുന്ന വിദ്യ വാളത്തല കിട്ടാന്‍ വേണ്ടി അങ്ങേരു പറഞ്ഞു തരത്തും ഇല്ല. എന്തരായാലും ഞാമ്പോയി ഏതേലും ഷാപ്പീന്ന് വാളത്തല കിട്ടുവോന്നു നോക്കട്ടെ’

“വേഗം പോ. അതുണ്ടെങ്കിലെ നമുക്ക് കോളജിലും ഹോസ്റ്റലിലും ഒക്കെ സുഖമായി കേറിയെറങ്ങാന്‍ പറ്റൂ”
അങ്ങനെ ഞായ് മന്ത്രവാദിക്ക് വാളത്തല വാങ്ങാന്‍ പോയി.

ഇപ്പം നിങ്ങക്ക് കാര്യത്തിന്റെ കെടപ്പ് മനസിലായല്ലോ? അങ്ങനെ എവളും ഞാനുംകൂടി ഇപ്പറഞ്ഞ സലത്ത് എത്തി. മന്ത്രവാദി തന്ന കൊഴമ്പ് നെറ്റീ പൊരട്ടിയാ പിന്നെ എന്നേം അവളേം ആര്‍ക്കും കാണാന്‍ ഒക്കത്തില്ല. ഞങ്ങക്ക് എവടെ വേണേലും കേറിച്ചെന്ന് എന്തോ വേണേലും കാണാം, കേക്കാം അവര് മനസീ ആലോചിക്കുന്ന കാര്യം വരെ അറീവേം ചെയ്യാം. എന്റെ കൈയീന്ന് ആ മരുന്ന് കിട്ടാനക്കൊണ്ട് തന്നാ അവളെന്നെ കൂടെ കൂട്ടിയേന്ന് എനിക്കൊരു സംശയം ഒണ്ട് കേട്ടാ.

അപ്പം മേദിനിപ്പുരീ ചെന്ന് കൊഴമ്പും പൊരട്ടി അവള് ക്വാളജീ പോയപ്പോ ഞായ് നേരെ ചാരായം തപ്പി എറങ്ങി. പ്വാന്‍ നേരം അവളിങ്ങനെ പറഞ്ഞിട്ടാ പോയെ:

“ദേ ചേട്ടാ, ഞാന്‍ ചുറ്റിക്കറങ്ങി ശകലം എഴുതും. ബാക്കി ചേട്ടന്‍ എഴുതിക്കോണം. ഇവിടുന്ന് തിരികെ പോകുന്നേന് മുന്നേ ഞാന്‍ ചേട്ടനെ ഒരു നല്ല എഴുത്തുകാരനാക്കും; അതുകൊണ്ട് മൂക്കുമുട്ടെ കുടിച്ച് റോഡില്‍ കിടന്നേക്കരുത്, കേട്ടല്ലോ?” എങ്ങനേലും എവളൊന്നു പോയിക്കിട്ടിയാ മതീന്നോര്‍ത്തോണ്ട് ഞാന്തലയാട്ടി. അവള് പോയ ഒടന്‍തന്നെ ഞായ് സലം വിടുവേം ചെയ്തു.

അവിടുന്ന് കൊറേ ദൂരം ചെന്നപ്പോ ഞാനത് കണ്ടു. പിന്നെ വെക്കം ഒരു പാച്ചിലാരുന്നു. ഒള്ള കാര്യം പറയാവല്ല്, അവള് പറഞ്ഞപോലെ നല്ല സൊയമ്പന്‍ സാതനവാരുന്നു അവിടത്തെ ചാരായം. നമ്പട നാട്ടിലെപ്പോലെ ആക്രാന്തം പിടിച്ച കുടിക്കാരാരുവില്ല, ഞാനൊഴിച്ച്. എന്റെ കുടി കണ്ടിട്ടാവും, പത്തറുപത് വയസൊള്ള ഒരു കാര്‍ന്നോര് എന്റടുക്കേല്‍ വന്നിരുന്ന് കാര്യങ്ങളൊക്കെ തെരക്കി. ഞാന്‍ ഒള്ളത് ഒള്ളപോലെ അങ്ങേരോട് പറഞ്ഞുകൊടുത്തു. കൊഴമ്പു പൊരട്ടി കാണാതാവുന്ന സൂത്രം മാത്രം പഷേ പറഞ്ഞില്ല.

“അപ്പൊ ഒരു എഴുത്തുകാരിക്ക് കൂട്ടിന് വന്നേക്കുവാ മോന്‍, അല്ലെ?”

ഞാന്തലയാട്ടി.

“പുള്ളിക്കാരി മോനെ ഒരു എഴുത്തുകാരനാക്കാനും ആശിക്കുന്നു; നല്ലത്”

എന്തര് നല്ലത്? അവട തലയ്ക്ക് പ്രാന്ത്, അതന്നോ കാര്‍ന്നോരെ നല്ലത്?

“മോനെ, ഞാനൊരു മലയാളം വാധ്യാരാ. ഇപ്പം പെന്‍ഷനായി. വീട്ടില്‍ ഞാനും ഭാര്യേം മാത്രമേ ഉള്ളു. മക്കളെല്ലാം വിവാഹിതരായി ഓരോരോ സ്ഥലങ്ങളിലാ. എനിക്കുമുണ്ട് അല്ലറ ചില്ലറ എഴുത്ത്. പക്ഷെ മോനെക്കൊണ്ട് എഴുത്ത് നടക്കുമെന്ന് തോന്നുന്നില്ല. അങ്ങനെ ആര്‍ക്കും സാധിക്കുന്ന ഒന്നല്ല എഴുത്ത്. അതിനൊരു വാസന വേണം”

ഞാനെന്റെ കൈ അങ്ങേരടെ മോന്തയ്ക്കോട്ടു നീട്ടി ഇങ്ങനെ ചോദിച്ചു:

“ഈ വാസന മതിയോന്ന്‌ നോക്കിക്കേ അണ്ണാ”

അയാള് കിണിയോടു കിണി.

“എടാ മണ്ടാ ഈ വാസനയല്ല, സാഹിത്യവാസന. നിന്റെയൊരു കാര്യം” അയാള്‍ കുണുകുണാ പിന്നേം കിണിച്ചു. പ്രായമൊള്ള ആളായോണ്ട് മാത്രം ഞാനൊന്നും പറഞ്ഞില്ല. വാസന വേണവെന്ന് പറഞ്ഞിട്ട് ഇപ്പം അയ്യാടെ കൊണവതിയാരം കേട്ടില്ലേ?
“നീയൊരു കാര്യം ചെയ്യ്‌. പുള്ളിക്കാരി എഴുതുന്നത് വായിച്ചിട്ട് നീ അവിടെ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഗതി നിരീക്ഷിക്ക്. എന്നിട്ട് എന്നെ വന്നു കാണ്. നിന്നെ ഞാന്‍ എഴുതാന്‍ പരിശീലിപ്പിക്കാം. നീ വന്നു പറയുന്ന കാര്യങ്ങള്‍ ഞാന്‍ ഒരുമാതിരി വായിക്കാന്‍ പറ്റുന്ന പരുവത്തിലാക്കാനുള്ള പണി; എന്താ?”

Leave a Reply

Your email address will not be published. Required fields are marked *