മാസ്റ്റർ- 2

ഈ സൈറ്റിലെ എല്ലാ എഴുത്തുകാരോടും വായനക്കാരോടും എനിക്ക് വളരെയേറെ സ്നേഹമുണ്ട്. സുനില്‍, ലൂസിഫര്‍ മുതല്‍ സാഗര്‍ കോട്ടപ്പുറം, ഹര്‍ഷന്‍ വരെ എത്തി നില്‍ക്കുന്ന പ്രതിഭകളെ അത്ഭുതത്തോടെ നോക്കി നില്‍ക്കാറുള്ള ഞാന്‍, വായനയില്‍ വളരെ മടിയനായതുകൊണ്ട് മിക്ക എഴുത്തുകാരുടെയും കഥകള്‍ക്ക് താഴെ അഭിപ്രായം എഴുതാനാകാതെ പോകുന്നുണ്ട്. വായന ഇല്ലാതെ എങ്ങനെ അഭിപ്രായം പറയും? അതുകൊണ്ടാണ് എന്റെ വരികള്‍ കഥകളുടെ ചുവടെ കാണാത്തത് എന്നറിയിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു.

ഞാന്‍ പറഞ്ഞല്ലോ എനിക്കിവിടെ എല്ലാവരോടും സ്നേഹമുണ്ട് എന്ന്; പക്ഷെ സ്നേഹത്തോടൊപ്പം ഞാനിവിടെ ഭയക്കുകയും അതെ സമയം വളരെയേറെ ആദരിക്കുകയും ചെയ്യുന്ന വ്യക്തിത്വം ഒന്നുമാത്രമേ ഉള്ളൂ; അത് എന്റെ ഒപ്പം ഒരു കുഞ്ഞ് കഥ എഴുതാന്‍ വിശാലമനസ്കത കാട്ടിയ സ്മിതയാണ്. സ്മിതയെ നോക്കി ഞാന്‍ അത്ഭുതപ്പെടുക മാത്രമല്ല, ഇങ്ങനെയൊക്കെ എഴുതാന്‍ ഒരു പത്തു ജന്മമെടുത്താലെങ്കിലും എനിക്ക് സാധിക്കുമോ എന്നോര്‍ത്ത് നിരാശപ്പെട്ടിട്ടുമുണ്ട് എന്നതാണ് സത്യം. ഇത്രയേറെ ഭാഷാ പാണ്ഡിത്യമുള്ള, വിനയമുള്ള, പ്രോത്സാഹനം മാത്രം മറ്റുള്ളവര്‍ക്ക് നല്‍കുന്ന മഹതിയായ ഈ വൈഡൂര്യത്തെ നമുക്കിവിടെ ലഭിച്ചത് ആരുടെയോ മുജ്ജന്മ സുകൃതം എന്നേ പറയാന്‍ പറ്റൂ. എനിക്ക് ലഭിച്ച ഈ അസുലഭവും സൌഭാഗ്യകരവുമായ അവസരത്തിന് സര്‍വ്വേശ്വരന് നന്ദി അര്‍പ്പിച്ചുകൊണ്ട് കഥയുടെ തുടര്‍ഭാഗം ഇതാ കുളമാക്കാന്‍ പോകുന്നു!

അധ്യായം – 2

ആമുഹം:

ലവന്‍ കുന്നിന്റെ മോളീ എന്തരക്കയോ ചെയ്യാന്‍ പോയി കെടക്കുന്ന കാര്യം വരെയാണല്ലോ എന്റെ ഫ്രോഡ് പെങ്ങള് എഴുതി വച്ചത്. അതിന്റെ ബാക്കി പറേണതിന് മുന്നേ, വേറെ ചെല കാര്യങ്ങള് നിങ്ങളപ്പികള്‍ അറിയണം. എന്റെ പ്വേര് ഇപ്പപ്പറയാന്‍ സൌകര്യമില്ല. ഈ കത എഴുതിയവള് ഒണ്ടല്ലോ, അവട പ്വേര് സ്മിതേന്നൊന്നും അല്ല. ഉടായിപ്പ് പേരിട്ടാണ്‌ എവളിവിടെ കത എഴുതുന്നത്. ചേട്ടാ ദൈവത്തെ ഓര്‍ത്ത് എന്റെ ഒറിജിനല് പ്വേര് പറേല്ലേന്നെന്റെ കാലുപിടിച്ചവള് പറഞ്ഞോണ്ട് ഞാമ്പറേന്നില്ല.

അപ്പം ആമുഹം കഴിഞ്ഞിട്ട് നമ്പക്ക് ആ രവി അവിടെ എന്താരെടുക്കാന്‍ പോയതാന്ന് നോക്കാം; അതിനു മുന്നേ എനിക്ക് ചെലത് പറഞ്ഞെ ഒക്കൂ. അപ്പികള് മാപ്പാക്കണം.

എന്തരാന്നു ചോയ്ച്ചാ, ഞാനും എന്റെയീ ഫ്രോഡ് പെങ്ങളും തെരുവന്തോരത്തുകാരാ; എന്നുപറഞ്ഞാ നമ്മടെ തലസ്സാനം. പാറശ്ശാലക്കും നകരത്തിനും എടയ്ക്കായിട്ട് വരും എവള്‍ടേം എന്റേം വീട്. എനിക്ക് പെങ്ങമ്മാരില്ല. ഒള്ളത് രണ്ടു ചേട്ടമ്മാര്; ഒരാക്ക് ചൂളപ്പണി, മറ്റേ ആള് ഓട്ടാ ആടിക്കുന്നു. ഞങ്ങട തന്തപ്പടിക്ക് ഷാപ്പീ കറിവക്കലാ പണി.
കറി വച്ചിട്ട് അങ്ങേരു വരുമ്പം ഇഷ്ടംപോലെ കള്ളും കറീം കൊണ്ടവരും. തന്തപ്പടീടെ കൊണംകൊണ്ട് തള്ള കൊറേ നാള് മുന്‍പേ ഒരു മീന്‍കാരന്റെ കൂടെ പൊറുക്കാന്‍ പോയി. അങ്ങനെ തന്തേം ഞങ്ങള് മൂന്നു മക്കളുവാ വീട്ടീ. ഈ സ്മിതേന്നു പേരൊള്ള (കള്ളപ്പേര്) എന്റെ വകേലെ പെങ്ങള് കൊറേ മാറിയാ താമസം. അവട തന്തപ്പടി വല്യ ഒരു ആപ്പീസറാ. അമ്മ സാറും. എന്നെ പള്ളിക്കൂടത്തീ അയച്ചേ അദ്ദേഹം എന്റെ തന്തപ്പടിയോട് നിര്‍ബന്ധിച്ചേന്റെ പേരിലാ; അല്ലേ അങ്ങേരെന്നെ പള്ളിക്കൂടത്തിന്റെ പടി കാണിക്കത്തില്ലാരുന്നു.

അപ്പം ഞാന്‍ വെക്കം കാര്യങ്ങള് പറയാം; എവളും ഞാനും ഒരേ പള്ളിക്കൂടത്തിലാ പഠിച്ചത്. ഞങ്ങളെ ഒരുമിച്ചാണ് കൊണ്ട ചേര്‍ത്തതും. അവക്കന്ന് ആറും എനിക്കൊമ്പതുമാ പ്രായം. ഞാമ്പറഞ്ഞല്ലോ, എന്നെ ഷാപ്പീ കറി വക്കാന്‍ വിടാനാരുന്നു എന്റെ തന്തേടെ പത്തതി. പഷേ അവട തന്തപ്പടി എടപെട്ട് എന്നേം പടിപ്പിക്കാന്‍ വിട്ടു. അങ്ങനെ ഞാനും എവളും കൂടി ഒരുമിച്ച് പടിക്കാന്‍ പോക്ക് തൊടങ്ങി. അവള് പത്താം ക്ലാസ് മുട്ടന്‍ റാങ്ക് വാങ്ങി പാസായപ്പം ഞായ് ആറാം ക്ലാസില്‍ രണ്ടാം കൊല്ലം ആയതേ ഒള്ളാരുന്നു. എനിക്കീ സാറമ്മാര് പറേന്ന ഒരു കുന്തോം മണ്ടേലോട്ട് കേറൂല്ലാന്ന്. ഇനി പടിക്കാന്‍ ഞാമ്പോണില്ല എന്നൊരിക്ക എന്റെ കഷ്ടകാലത്തിന് എവളോട് ഞാനൊന്ന് പറഞ്ഞു. എന്റെ പോന്നെ അവട തന്തപ്പടി വൈയിട്ടു വീട്ടീ വന്ന് ഒരു മുട്ടന്‍ വടിയെടുത്ത് എന്റെ ചന്തിയടിച്ചു പൊളന്നുകളഞ്ഞു! അതീപ്പിന്നെ അങ്ങനൊരു സമ്പവം ഞാന്‍ ആലോചിച്ചിട്ടില്ല.

ചുരുക്കിപ്പറഞ്ഞാ, എവള്‍ ആള് പുലിയാരുന്നു കേട്ടാ. വെറും പുലിയല്ല, വല്യ മുട്ടന്‍ പുലി. എവള് പത്തു പാസായത് മൊത്തം തെരുവന്തോരത്തുകാരേം ഞെട്ടിച്ചോണ്ടാ. എവക്കാരുന്നു അക്കൊല്ലം ജില്ലേല്‍ ഒന്നാം റാങ്കുകള്. സംസാനത്ത് എവക്ക് ഏഴോ എട്ടോ എങ്ങാണ്ട് ഒണ്ടാരുന്നു. ഞായ് പടിച്ചുപടിച്ച് ഒരു വിതത്തീ പത്തിലെത്തിയപ്പം ഇവള് വേറെങ്ങാണ്ടക്ക പോയി പടിച്ച് ഡോക്ടര്‍ ആയെന്നോ ഒക്കെ പറേന്ന കേട്ടു. അങ്ങനൊരു ദേവസി ഒടുക്കത്തെ തലവേദനേം കൊണ്ട് ഞായ് ഇവള്‍ടെ അടുക്കെ പോയി. പടിച്ചു ഷീണിച്ച് പത്തീ രണ്ടുതവണ തൊപ്പി ഇട്ടു പടിത്തം നിര്‍ത്തി ഞാന്‍ തട്ടുകട തൊടങ്ങിയ സമയവാരുന്നു അത്. വൈകിട്ടെ ഒള്ളു കച്ചോടം. പകല് ആനമയക്കി കുടിച്ച് അങ്ങനെ കെടക്കും. ഞാന്‍ ചെന്നപ്പം എവളെന്നെ ആക്കിയൊരു ചിരി. എന്നിട്ട് ചോദിക്കുവാ: “പത്തില്‍ റാങ്ക് വാങ്ങിയപ്പം കിട്ടിയ സമ്മാനം എവിടാന്ന്?”. എനിക്കെന്റെ കൊണം വന്നതാ, പഷേ മുടിഞ്ഞ തലവേദന. ഞാമ്പറഞ്ഞു നീ വല്യ ഡോക്ടര്‍ ഒക്കെ ആയല്ലോ. എനിക്കൊരു ഗുളിക താ, ഒടുക്കത്തെ തലവേദന എടുക്കുന്നൂന്ന്. അപ്പം അവള് മൂക്കത്തു വെരല് വച്ച് എന്നെയൊരു നോട്ടം.

“എടീ ഗുളിക താടി” ഞാമ്പിന്നേം പറഞ്ഞു.

അവള് കെടന്നു ചിരി തൊടങ്ങി. ചിരിച്ച് ചിരിച്ച് പണ്ടാരവടങ്ങി ഒടുവീ അവളിങ്ങനെ പറഞ്ഞു:

“ചേട്ടന്റെ തലയ്ക്ക് ഓളം ഒണ്ടോ? ഞാന്‍ മെഡിക്കല്‍ ഡോക്ടര്‍ അല്ല മനുഷ്യാ, മറ്റേ ഡോക്ടര്‍ ആണ്”

“മറ്റേ ഡോക്ടറോ? അതെന്തര്?”
“ഡോക്ടറേറ്റ്; സാഹിത്യത്തില്‍”

“അപ്പം നിന്റെ പ്വേരിന്റെ കൂടെ ഡോക്ടര്‍ എന്ന് എഴുതി വച്ചേക്കുന്നതോ?”

“അതെ, ഞാനും ഡോക്ടറാ. പക്ഷെ ഇതൊരു സ്ഥാനമാണ്, അല്ലാതെ തൊഴിലല്ല”

എനിക്കെന്റെ കൊണം വന്നു. പണ്ടൊക്കെ ഒരൊറ്റ ഡോക്ടറെ ഒള്ളാരുന്നു. മരുന്നും കുത്തിവപ്പും ഒക്കെ ചെയ്യുന്ന ഡോക്ടര്‍. ഇതിപ്പം വേറെ ഏതാണ്ട് ഉടായിപ്പ് പരിപാടി നടത്തി അവള് ഡോക്ടര്‍ ആയേക്കുന്നു; എന്തരോ എന്തോ. എന്തരായാലും അവള്‍ടെ വീട്ടീ അനാസിന്‍ ഒണ്ടാരുന്നു. അതേല്‍ രണ്ടെണ്ണം തിന്നപ്പം എനിക്കൊരു സമാതാനം തോന്നി. അപ്പഴാ അവളെന്നോട് ഒരു കാര്യം പറഞ്ഞത്.

“അതെ ചേട്ടാ, ചേട്ടന് ഒരു കഥ എഴുതിക്കൂടെ?”

എന്റെ വായീ പുഴുത്ത തെറി വന്നതാ. പഷേ എവളോട് മാത്രവെനിക്ക് തെറി പറയാന്‍ ഒക്കൂല്ല. എന്റെ എളേ പെങ്ങളല്ലേ. പെങ്ങളാണേലും ഞങ്ങള് തമ്മീ കൂട്ടുകാരെപ്പോലാ കേട്ടാ. അവക്ക് വല്യ പടിത്തക്കാരീടെ പത്രാസൊന്നും ഇല്ല. എന്നെ ഇപ്പഴും ചേട്ടാന്നു തന്നാ വിളീം. ചെലപ്പോ പടിത്തക്കാരീടെ രൂവത്തീന്നു മാറി തനി തറ വര്‍ത്താനോം പറേം. എന്റെ നെലവാരത്തിലോട്ട് എറങ്ങി എന്നെ സന്തോഷിപ്പിക്കുന്നതാ അവളെന്ന് എനിക്കറിയാം. അതോണ്ടെന്താ, തന്തപ്പടി ഷാപ്പീന്ന് നല്ല മീനോ എറച്ചിയോ കൊണ്ടുവന്നാ ഞാനത് മോട്ടിച്ച് എവക്ക് കൊണ്ടക്കൊടുക്കും. ഷാപ്പിലെ കറിക്ക് ഭയങ്കര രുചിയാന്നാ ഇവള് പറേന്നെ. പഷേ എവക്ക് കള്ളുകുടിക്കുന്ന പരിപാടി ഇല്ല. അപ്പം അവളോട്‌ ദേഷ്യപ്പെടാന്‍ ഒക്കാത്തോണ്ട് ഞാന്‍ പാന്‍ തൊടങ്ങി. അന്നേരം അവളോടി എന്റെ മുമ്പീ വന്നു വട്ടമൊരു നിപ്പക്കം.

Leave a Reply

Your email address will not be published. Required fields are marked *