മാസ്റ്റർ- 2 Like

ഞാന്‍ വാ പൊളിച്ചു. ഇന്നേവരെ ഞാന്‍ കൊല്ലം പോലും കണ്ടിട്ടില്ല. ബസിന്റെ ബോര്‍ഡീന്നും അങ്ങനൊരു സലം ഒള്ളതായി അറിഞ്ഞിട്ടൊണ്ട്‌. ആ എന്നോടാ അവള് അങ്ങ് ദൂരെ എങ്ങാണ്ട് പോന്ന കാര്യം പറേന്നത്! മാത്രവോ, എന്റെ തട്ടുകട; ഞാമ്പോയാ അതാര് നോക്കും.
“നീ തന്നെ പോ. എനിക്കെന്റെ തട്ടുകട നോക്കണം” ഞാമ്പറഞ്ഞു.

“ഉണ്ട. ഒരു ചവിട്ടു തരും ഞാന്‍. മനുഷ്യാ നിങ്ങള് ലോകമൊക്കെ ഒന്ന് കാണ്. ഒരു തട്ടുകടേം ഒലക്കേടെ മൂടും. മര്യാദയ്ക്ക് വന്നില്ലേല്‍ ഞാന്‍ അച്ഛനോട് പറേം”

ഞാഞ്ഞെട്ടി. പണ്ടെന്റെ ചന്തിക്ക് പുളിമരക്കമ്പ് കൊണ്ട് അങ്ങേരു പെടച്ച പെട ആയുസ്സൊള്ള കാലം മറക്കാന്‍ ഒക്കുവോ?

“അപ്പം എന്റെ കട” ഞാമ്പരുങ്ങി.

“പിന്നെ വല്യ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ അല്ലെ നിങ്ങള് നടത്തുന്നെ. മര്യാദയ്ക്ക് നാളെ റെഡി ആയിക്കോണം. കേട്ടല്ലോ?”

“നാളെയോ”

“നാളെ” അവളു കണ്ണുരുട്ടി. ആ മൊഹഫാവം കണ്ട് പ്വേടിച്ച് ഞാന്‍ സമ്മതിച്ചു. അപ്പഴാ എനിക്ക് വേറൊരു കാര്യം ഓര്‍മ്മ വന്നെ.

“എടീ എന്തരായാലും എന്റെ കട അടച്ചുപൂട്ടും. അവിടെ നീ കത എഴുതുന്ന സമയത്ത് ഞാന്‍ വല്ല ചൊമട് ചൊമക്കാനും പോയാലോ?”

“ദേ ഞാന്‍ ചേട്ടനാന്നൊന്നും നോക്കൂല്ല കേട്ടോ”

തള്ളേ അവളെന്നെ കൊന്നില്ലന്നെ ഒള്ളു.

“ശരി ശരി. എടീ അതു പോട്ടെ, അവിടെ ഷാപ്പ് ഒണ്ടോ?” ഞാന്‍ ചോദിച്ചു.

“അയ്യോ ഒണ്ട്. ഇവിടുത്തെപ്പോലെ ഗുളിക കലക്കിയല്ല, നല്ല ഒന്നാന്തരം തെങ്ങിന്‍ കള്ളും പനങ്കള്ളും പോരാഞ്ഞ് നല്ല പ്യുവര്‍ വാറ്റ് ചാരായവും ഒക്കെ കിട്ടും. പക്ഷെ ചേട്ടാ മറ്റേ സാധനം വേണം. എന്നാലെ എഴുത്ത് നടക്കൂ” അവള്‍ പറഞ്ഞു.

“മറ്റേ സാധനവോ?” എനിക്ക് മനസിലായില്ല.

“ങാ, നമ്മളെ ആരും കാണാതിരിക്കാന്‍ പുരട്ടുന്ന ആ വാനിഷിംഗ് ക്രീം ഇല്ലേ? അത്”

“അതോ? അതിനീ ആ മന്ത്രവാദിയെ കണ്ട് മേടിക്കണം. വാളത്തല കറി വച്ചത് കൊടുത്താലേ അങ്ങേരത് തരൂ”

“എന്ത് പണ്ടാരമെങ്കിലും കൊടുത്ത് വാങ്ങ്. പക്ഷെ സംഗതി നടക്കുവല്ലോ അല്ലെ?”

“എടീ ഈ ഫൂമീല്‍ എനിക്ക് മാത്രവേ അങ്ങേര് ആ മരുന്ന് തരൂ. എന്താ കാര്യം? ഞാനൊണ്ടായ സമയത്തിന്റെ കൊണം. എന്റെ തള്ള കൂറ ആണേലും നല്ലനേരം നോക്കിയാ അവരെന്നെ എറക്കി വിട്ടേ. എനിക്കല്ലാതെ ഈ ലോകത്ത് വേറെ ആര്‍ക്കും ആ മരുന്ന് പിടിക്കത്തില്ല. എനിക്കും ഞാന്‍ കൊടുക്കുന്ന ഒരാക്കും മാത്രം. പഷേ അതൊണ്ടാക്കുന്ന വിദ്യ വാളത്തല കിട്ടാന്‍ വേണ്ടി അങ്ങേരു പറഞ്ഞു തരത്തും ഇല്ല. എന്തരായാലും ഞാമ്പോയി ഏതേലും ഷാപ്പീന്ന് വാളത്തല കിട്ടുവോന്നു നോക്കട്ടെ’

“വേഗം പോ. അതുണ്ടെങ്കിലെ നമുക്ക് കോളജിലും ഹോസ്റ്റലിലും ഒക്കെ സുഖമായി കേറിയെറങ്ങാന്‍ പറ്റൂ”
അങ്ങനെ ഞായ് മന്ത്രവാദിക്ക് വാളത്തല വാങ്ങാന്‍ പോയി.

ഇപ്പം നിങ്ങക്ക് കാര്യത്തിന്റെ കെടപ്പ് മനസിലായല്ലോ? അങ്ങനെ എവളും ഞാനുംകൂടി ഇപ്പറഞ്ഞ സലത്ത് എത്തി. മന്ത്രവാദി തന്ന കൊഴമ്പ് നെറ്റീ പൊരട്ടിയാ പിന്നെ എന്നേം അവളേം ആര്‍ക്കും കാണാന്‍ ഒക്കത്തില്ല. ഞങ്ങക്ക് എവടെ വേണേലും കേറിച്ചെന്ന് എന്തോ വേണേലും കാണാം, കേക്കാം അവര് മനസീ ആലോചിക്കുന്ന കാര്യം വരെ അറീവേം ചെയ്യാം. എന്റെ കൈയീന്ന് ആ മരുന്ന് കിട്ടാനക്കൊണ്ട് തന്നാ അവളെന്നെ കൂടെ കൂട്ടിയേന്ന് എനിക്കൊരു സംശയം ഒണ്ട് കേട്ടാ.

അപ്പം മേദിനിപ്പുരീ ചെന്ന് കൊഴമ്പും പൊരട്ടി അവള് ക്വാളജീ പോയപ്പോ ഞായ് നേരെ ചാരായം തപ്പി എറങ്ങി. പ്വാന്‍ നേരം അവളിങ്ങനെ പറഞ്ഞിട്ടാ പോയെ:

“ദേ ചേട്ടാ, ഞാന്‍ ചുറ്റിക്കറങ്ങി ശകലം എഴുതും. ബാക്കി ചേട്ടന്‍ എഴുതിക്കോണം. ഇവിടുന്ന് തിരികെ പോകുന്നേന് മുന്നേ ഞാന്‍ ചേട്ടനെ ഒരു നല്ല എഴുത്തുകാരനാക്കും; അതുകൊണ്ട് മൂക്കുമുട്ടെ കുടിച്ച് റോഡില്‍ കിടന്നേക്കരുത്, കേട്ടല്ലോ?” എങ്ങനേലും എവളൊന്നു പോയിക്കിട്ടിയാ മതീന്നോര്‍ത്തോണ്ട് ഞാന്തലയാട്ടി. അവള് പോയ ഒടന്‍തന്നെ ഞായ് സലം വിടുവേം ചെയ്തു.

അവിടുന്ന് കൊറേ ദൂരം ചെന്നപ്പോ ഞാനത് കണ്ടു. പിന്നെ വെക്കം ഒരു പാച്ചിലാരുന്നു. ഒള്ള കാര്യം പറയാവല്ല്, അവള് പറഞ്ഞപോലെ നല്ല സൊയമ്പന്‍ സാതനവാരുന്നു അവിടത്തെ ചാരായം. നമ്പട നാട്ടിലെപ്പോലെ ആക്രാന്തം പിടിച്ച കുടിക്കാരാരുവില്ല, ഞാനൊഴിച്ച്. എന്റെ കുടി കണ്ടിട്ടാവും, പത്തറുപത് വയസൊള്ള ഒരു കാര്‍ന്നോര് എന്റടുക്കേല്‍ വന്നിരുന്ന് കാര്യങ്ങളൊക്കെ തെരക്കി. ഞാന്‍ ഒള്ളത് ഒള്ളപോലെ അങ്ങേരോട് പറഞ്ഞുകൊടുത്തു. കൊഴമ്പു പൊരട്ടി കാണാതാവുന്ന സൂത്രം മാത്രം പഷേ പറഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *