കാലിൽ നിന്നും ഒരു ചെറിയ തരിപ്പ് അരിച്ചു കയറുന്നു. അവൾ എന്തൊക്കെയോ ഞാനും ആര്യചേച്ചിയുമായുള്ള ബന്ധത്തെക്കുറിച്ച് മനസിലാക്കിയിരിക്കുന്നു. അതല്ലേ ആ ചോദ്യത്തിന്റെ അർത്ഥം?
“എന്താണെന്ന് പറയ്”
“എനിക്കെല്ലാം മനസിലാകുന്നുണ്ട് ശ്യാമേ”
“എന്ത് കാര്യം?”
“ഞാനത് പറയില്ല, പറഞ്ഞാൽ അത് എത്തേണ്ടിടത്ത് എത്തും.”
“എവിടെ?”
“അത് എവിടാണെന്നും നിനക്കറിയാം”
ഞാനൊന്നും മിണ്ടിയില്ല, ഇവൾക്ക് എന്തൊക്കെയറിയാം?
ആ ഉടയതമ്പുരാനറിയാം.
“അതൊക്കെ പോട്ടെ, നീ എന്നോട് പിണങ്ങരുത്. ആര്യചേച്ചിക്കും അത് സങ്കടമാണ്”
“ആര്യചേച്ചിക്കോ?”
“ആം”
“അത് കൊള്ളാമല്ലോ?”
“ചേച്ചി കൂടി പറഞ്ഞിട്ടാണ് ഞാൻ നിന്റെ അടുത്ത് വന്നത്?”
“എന്തിന്?”
“ക്ഷമ പറയാൻ”
അർച്ചന പരിഹാസരൂപേണ ഒരു ചിരിചിരിച്ചു.
“അത് അതിലും ഭംഗിയായി”
“നീ ഇങ്ങിനെ അച്ചടി ഭാഷയിൽ സംസാരിക്കാതെ”
“ഞാൻ ഒരു പൊട്ടിയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ?”
“ഇല്ല”
“നിന്റെ പെരുമാറ്റം കാണുമ്പോൾ അങ്ങിനൊരു സംശയം എനിക്ക് തോന്നുന്നു.”
“എന്നെ മാത്രമാണോ ഉദ്ദേശിച്ചത്, അഥവാ ചേച്ചിയേയും ഉണ്ടോ”
“”
“അതേ എന്നർത്ഥം അല്ലേ?”
“എടാ നിനക്കെന്നോട് എന്തുപോലുള്ള ഇഷ്ടം ആയിരുന്നു എന്നെനിക്കറിയില്ല, എങ്കിലും നമ്മൾ ഒരു പാട് എന്തൊക്കെയോ ആണ് എന്ന് എനിക്ക് തോന്നിയിരുന്നു.”
“ഞാൻ”
“നിനക്ക് കാര്യമായൊന്നും ന്യായീകരിക്കാൻ ഇല്ലാ എന്നെനിക്കറിയാം”
“ഇല്ലാ, അത് സത്യമാണ്, പക്ഷേ നമ്മുടെ ബന്ധത്തേയും ന്യായീകരിക്കാൻ നമ്മുക്കാകില്ല, ആരും ഇത് സമ്മതിച്ചു തരില്ല..”
“അപ്പോൾ കിട്ടിയതാകട്ടെ എന്നല്ലേ?”
“അങ്ങിനെ എങ്കിൽ അങ്ങിനെ, തർക്കിക്കാൻ ഞാനില്ല”
“നിനക്കെങ്ങിനെ ഇതിനൊക്കെ സാധിക്കുന്നു?”
“നീയുമായി കൂടുതൽ ഒന്നും നടക്കില്ലല്ലോ അർച്ചനേ? ഇന്നല്ലെങ്കിൽ നാളെ നമ്മൾ ഇരുവരും പിരിയേണ്ടിവരും”
“ഇപ്പോൾ അത് തന്നെയല്ലേ അവസ്ഥ?”
“എനിക്കങ്ങിനെ തോന്നിയിട്ടില്ല.”
“ഞാൻ തുണിയലക്കട്ടെ, നീ ചെല്ല് അല്ലെങ്കിൽ ആര്യചേച്ചി തെറ്റിദ്ധരിക്കും”
ഞാൻ മനസില്ലാമനസോടെ അവിടുന്ന് എഴുന്നേറ്റ് പോന്നു.
അടുത്ത വീട്ടിൽ ഒരു പോമറേനിയൻ പട്ടിയുണ്ടായിരുന്നു. ജാസ് എന്നായിരുന്നു അതിന്റെ പേര്. അവൻ ഇടയ്ക്കൊക്കെ ആര്യചേച്ചിയുടെ വീട് സന്ദർശിക്കാൻ വരും. ജാസ് ആളൊരു പൊടി ‘കോഴിയായിരുന്നു’. കക്ഷിക്ക് ഒരു ലൈൻ ഉണ്ട്. ആറിനക്കരെയാണ് ആ തരുണിയുടെ ഭവനം. ഏതോ വേനൽക്കാലത്ത് അവൻ കണ്ടു പിടിച്ചതായിരിക്കണം ആ വീട്! അതെങ്ങിനെ സാധിച്ചു എന്ന് ഇന്നും അത്ഭുതമാണ്. അതും പോമറേനിയൻ തന്നെ. ജാസിന്റെ വീട്ടിലെ ചേച്ചിയും ചേട്ടനും ജോലിക്കാരായിരുന്നു, അവർ രാവിലെ വീടും പൂട്ടിയിട്ട് പോകും.
മഴക്കാലം വന്നാൽ പിന്നെ ഇവന് ഒരു മാർഗ്ഗവും ഇല്ല അപ്പുറത്തുള്ള സെറ്റപ്പിന്റെ അടുത്ത് പോകുവാൻ. പക്ഷേ പയ്യെ പയ്യെ ആശാൻ എന്റെ കൂടെ ആറ്റിൽ ചാടി പേടി മാറി. എങ്ങിനെയോ വെള്ളമുള്ളപ്പോൾ നീന്തി അക്കരെ പറ്റി. അതോടെ ആ വീട്ടുകാർക്ക് പണിയായി. ഇവനെ ആഴ്ച്ചയിൽ ഒരിക്കൽ എന്ന പോലെ മിസിങ്ങാകാൻ തുടങ്ങി. അന്വേഷിച്ച് പിടിച്ച് ചെല്ലുമ്പോൾ ആള് ആ വീട്ടിലുണ്ട്.
ആര്യചേച്ചിയുടെ കടവിൽ നിന്നാണ് ഇവന്റെ സ്റ്റാർട്ടിങ്ങ് പോയിന്റ്. ചെന്നു നിൽക്കുന്നത് കാൽ കിലോമീറ്റർ താഴെയാണെന്നു മാത്രം. തിരിച്ച് ഇവനെ എത്തിക്കണമെങ്കിലും അതു പോലെ തന്നെ അക്കര ഭാഗത്ത് മുകളിലേയ്ക്ക് പോയിട്ട് പോരണം – നമ്മുടെ പോലെ കുറുകെ നീന്താനൊന്നും പറ്റില്ല പുള്ളിക്ക് – തന്നെയുമല്ല അങ്ങോട്ട് പോകുന്ന താൽപ്പര്യം തിരിച്ച് ഇങ്ങോട്ട് കാണുകയുമില്ല. മമ്മൂട്ടി ‘ജാഗ്രതയിൽ’ പറയുന്നതുപോലെ രണ്ടും തികച്ചും വ്യത്യസ്ഥമായ സിറ്റുവേഷൻസ് ആണല്ലോ?
അവനെ ഇക്കരെ എത്തിക്കുന്ന പണി എപ്പോഴും എന്റേതായി. ചുമന്നുകൊണ്ട് വരികയൊന്നും വേണ്ട, എങ്ങിനെങ്കിലും പിടിച്ചു വലിച്ച് ആറിന്റെ അടുത്തെത്തിച്ച് വെള്ളത്തിലോട്ട് എടുത്തിട്ടാൽ മതി; നമ്മുടെ ഒപ്പം നീന്തി ഇക്കരെ വന്നുകൊള്ളും.
പക്ഷേ ഈ അവിഹിതം പൊക്കുന്നതും, ആളെ കുടുംബത്തെത്തിക്കുന്നതും പെൺകുട്ടികളുടെ അടുത്ത് ഷഡാങ്കിന്റെ കാര്യം ഇൻഡയറക്റ്റായി സംസാരിക്കാൻ എനിക്കൊരു അവസരമായിരുന്നു.
