“അയ്യോ..എന്റെ മോളെവിടെ ചേട്ടാ..എനിക്കവളെ കാണണം..അയ്യയ്യോ എന്നെ രക്ഷിക്കാന്‍ എന്റെ കുഞ്ഞു സ്വയം ബലി കൊടുത്തല്ലോ ദൈവമേ…എന്റെ ഭഗവാനെ എന്റെ കുഞ്ഞിനൊരു ആപത്തും വരുത്തല്ലേ…..”
രുക്മിണി അലമുറയിട്ടു കരഞ്ഞു. കൂടെ നിന്ന പെണ്ണുങ്ങളും അവളുടെ വിഷമം കണ്ടു കരയുന്നുണ്ടായിരുന്നു. എല്ലാവര്‍ക്കും അറിയാമായിരുന്നു ഒരുപാട് നേര്‍ച്ചകള്‍ കഴിച്ച ശേഷം ഉണ്ടായ മകളാണ് ദിവ്യ എന്ന്. ശങ്കരന്‍ വന്നു കഠിനമായ ദുഖത്തോടെ രുക്മിണിയുടെ അരികിലായി വരാന്തയില്‍ കുന്തിച്ചിരുന്നു. അയാളുടെ ദേഹം മൊത്തം നനഞ്ഞു കുതിര്‍ന്നിരുന്നു. അലമുറയിട്ടു കരയുന്ന ഭാര്യയെ നോക്കി നിസ്സഹായനായി അയാളിരുന്നു.
“ഞങ്ങള്‍ എല്ലായിടത്തും തിരഞ്ഞു..അവളെ അവന്മാര്‍ പിടിച്ചുകൊണ്ടു പോയിക്കാണും.. എന്റെ പൊന്നുമോളോട് അല്പം പോലും സ്നേഹമില്ലാതെ പെരുമാറിയ എനിക്ക് ഇങ്ങനൊരു ശിക്ഷ ദൈവം തന്നല്ലോ..എന്റെ മോളെ ഈ അച്ഛനോട് ക്ഷമിക്കടി..നിന്റെ അമ്മയുടെ മാനം കാക്കാന്‍ നീ സ്വയം ബലി കൊടുത്തല്ലോ എന്റെ കുഞ്ഞേ..അയ്യോ ഞാനെന്തൊരു മഹാപാപിയാണ്..എന്റെ മോളെ ഒരു പുഴുവിനെപോലെയല്ലേ ഞാന്‍ കണ്ടിരുന്നത്..അവളിത്ര വലിയവള്‍ ആണെന്ന് ഞാനറിഞ്ഞില്ലല്ലോ എന്റെ ഭഗവാനെ..” ശങ്കരന്‍ നിയന്ത്രണം തെറ്റി അലമുറയിട്ടു. അയാളുടെയും രുക്മിണിയുടെയും നിലവിളി പക്ഷെ മഴയുടെ ആരവം മുക്കിക്കളഞ്ഞിരുന്നു.
“ശങ്കരാ..കരയാതെ..ഇങ്ങനെ വിഷമിച്ചാല്‍ എങ്ങനാ..അവള്‍ക്ക് ഒന്നും പറ്റിക്കാണില്ല..നീ ഇരിക്ക്..ഞങ്ങള്‍ ഒന്നുകൂടി നോക്കിയിട്ട് വരാം…”
നാട്ടുകാരില്‍ ഒരാള്‍ അവരുടെ സങ്കടപ്പെട്ടുള്ള നിലവിളി സഹിക്കാനാകാതെ മുന്‍പോട്ടു വന്നു പറഞ്ഞു.
“അയ്യോ..എന്റെ മോളെ എനിക്ക് നഷ്ടമായെ..ആ മൃഗങ്ങള്‍ അവളെ പിച്ചി ചീന്തിക്കാണും.. ഈ രാത്രിയില്‍ അവള്‍ എങ്ങനെ രക്ഷപെടാനാണ് ദൈവമേ…അയ്യയ്യോ……” ശങ്കരന് ദുഃഖം താങ്ങാനെ സാധിച്ചില്ല. കുറെ നാളുകളായി താന്‍ അവളോട് സംസാരിക്കുന്നത് പോലും ഒഴിവാക്കിയിരുന്നല്ലോ എന്ന ദുഖമാണ് അയാളെ ഏറെ വേദനിപ്പിച്ചത്.
“വാടാ..നമുക്ക് ഒന്ന് കൂടി കറങ്ങിയിട്ട് വരാം”
ശങ്കരനോട് സംസാരിച്ച ആള്‍ മറ്റുള്ളവരോട് പറഞ്ഞു. അവര്‍ വീണ്ടും മഴയത്തേക്ക് ഇറങ്ങി. അവര്‍ റോഡിലേക്ക് ഇറങ്ങാന്‍ നേരമാണ് ഓടിയണച്ച് ദിവ്യ അവിടെത്തിയത്.
“ങേ..ദേ ദിവ്യ മോള്‍..മോളെ..നീ രക്ഷപെട്ടോ..ഭഗവാനെ നീ ഞങ്ങളുടെ കൊച്ചിനെ രക്ഷിച്ചല്ലോ..ശങ്കരാ ദാ മോളെത്തി..”
തിരയാന്‍ ഇറങ്ങിയവരുടെ നേതാവ് നിറ കണ്ണുകളോടെ വര്‍ദ്ധിച്ച സന്തോഷത്തോടെ വിളിച്ചുകൂവി. ഓടിത്തളര്‍ന്ന ദിവ്യ കുഴഞ്ഞു വീഴാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ അവളെ കൈകളില്‍ താങ്ങി വീട്ടിലേക്ക് കൊണ്ടുപോയി.
ശങ്കരനും രുക്മിണിക്കും തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാന്‍ സാധിച്ചില്ല. നഷ്ടപ്പെട്ടു എന്ന് വിധിയെഴുതിയ തങ്ങളുടെ പൊന്നോമന വാടിയ ചേമ്പില പോലെ അയാളുടെ കൈകളില്‍ തൂങ്ങിക്കിടക്കുന്നത് കണ്ടപ്പോള്‍ അവര്‍ ഇറങ്ങിയോടി.
“മോളെ..പൊന്നുമോളെ..” ശങ്കരന്‍ ഓടിച്ചെന്നു അവളെ വാരിയെടുത്ത് തെരുതെരെ ചുംബിച്ചു. രുക്മിണി അലമുറയിട്ടുകൊണ്ട് മകളെ വാരിപ്പുണര്‍ന്നു. കൂടി നിന്ന പെണ്ണുങ്ങള്‍ എല്ലാവരും ഉറക്കെ കരഞ്ഞുപോയി ആ കാഴ്ച കണ്ട്. ആണുങ്ങളും വികാരം നിയന്ത്രിക്കാന്‍ പെടാപ്പെട് പെടുകയായിരുന്നു.
ശങ്കരന്‍ അവളെ വീടിനുള്ളിലേക്ക് കൊണ്ടുപോയി ഒരു കസേരയില്‍ ഇരുത്തി. ഉള്ളിലേക്ക് ഓടിയ രുക്മിണി ഒരു തോര്‍ത്തെടുത്ത് കൊണ്ടുവന്ന് അവളുടെ തലയും മുഖവും തോര്‍ത്തി. ബോധം നഷ്ടപ്പെട്ട ദിവ്യ തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു.
“എടി സുമേ..നീ കേറി ശകലം കുരുമുളക് കാപ്പി ഇട്.. കൊച്ചിന് പനിപിടിക്കാതെ ശരീരം ഒന്ന് ചൂടാകട്ടെ..” പ്രായമായ ഒരു സ്ത്രീ ഒരു ചെറുപ്പക്കാരിയോടു പറഞ്ഞു. അവര്‍ വേഗം ഉള്ളിലേക്ക് പോയി.
രുക്മിണി എങ്ങലടിച്ചുകൊണ്ട് ദിവ്യയുടെ തലമുടി തോര്‍ത്തി മുഖം തുടച്ചു.
“മോളെ..മോളെ കണ്ണ് തുറക്ക്..മോള്‍ടെ അമ്മേം അച്ഛനുമാ..കണ്ണ് തുറക്ക് മുത്തെ..” രുക്മിണി അവളെ തെരുതെരെ ചുംബിച്ചുകൊണ്ട് വിലപിച്ചു. ശങ്കരന്‍ മകളുടെ മുഖം കൈകളില്‍ എടുത്ത് സഹിക്കാനാകാതെ കരഞ്ഞു. ഒരാള്‍ വന്നു ശങ്കരനെ പിടിച്ച് എഴുന്നേല്‍പ്പിച്ചു.
