മൃഗം – 10

രവീന്ദ്രന്‍ എസ് ഐയെ കണ്ടപ്പോള്‍ സല്യൂട്ട് നല്‍കി. പൌലോസ് അയാളെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം ശങ്കരന്റെ വീട്ടുവരാന്തയിലേക്ക് കയറി. ശങ്കരന്‍ വേഗം കസേര കൊണ്ടുവന്ന് ഇട്ടു. പൌലോസ് ഇരുന്നു.

“ഇരിക്ക് ശങ്കരാ…എടൊ..താനിവിടെ വാ” പൌലോസ് രവീന്ദ്രനെ വിളിപ്പിച്ചു.

“റൈറ്റര്‍..പേനയും കടലാസും ഇയാള്‍ക്ക് കൊടുക്ക്…ശങ്കരാ..നടന്ന സംഭവങ്ങള്‍ പറ…ഇയാള്‍ എഴുതും….” പൌലോസ് പറഞ്ഞു.

ശങ്കരന്‍ നടന്ന സംഭവങ്ങള്‍ അതേപടി പറഞ്ഞു. രവീന്ദ്രന്‍ വിറയലോടെ എല്ലാം എഴുതിയെടുക്കുന്നുണ്ടയിരുന്നു.

“മകള്‍ക്ക് എങ്ങനെയുണ്ട്?” ശങ്കരന്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ പൌലോസ് ചോദിച്ചു.

“കുഴപ്പമില്ല സര്‍”

“കമോണ്‍.എനിക്ക് കുട്ടിയെ ഒന്ന് കാണണം” പൌലോസ് പറഞ്ഞു.

ശങ്കരന്‍ അയാളുടെ കൂടെ ഉള്ളിലേക്ക് കയറി. എസ് ഐയെ കണ്ടപ്പോള്‍ ദിവ്യ വേഗം എഴുന്നേറ്റിരുന്നു.

“എങ്ങനുണ്ട് മോളെ? ആര്‍ യു ഓള്‍ റൈറ്റ്?” പൌലോസ് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഉവ്വ് സര്‍”

പൌലോസ് ഒരു കസേര വലിച്ച് അവളുടെ അരികില്‍ ഇരുന്നു. ശങ്കരനും രുക്മിണിയും അവിടെ നിന്നതേയുള്ളൂ.

“മോളെ..നിന്നെ ആദ്യമേ ഞാന്‍ അഭിനന്ദിക്കുന്നു.. നിന്റെ അസാമാന്യമായ മനസാന്നിധ്യം കൊണ്ടാണ് നിന്റെ അമ്മയുടെ മാനം നഷ്ടമാകാതെ ഇരുന്നത്..നിന്റെ ധൈര്യമാണ് നിന്നെ അവരുടെ കൈയില്‍ നിന്നും രക്ഷിച്ചത്…ഈ മനസാന്നിധ്യം ജീവിതത്തില്‍ ഒരിക്കലും നഷ്ടപ്പെടുത്തരുത്….കേട്ടോ”

ദിവ്യ തലയാട്ടി.

“ഇന്നലെ ഇവിടെ അതിക്രമിച്ചു കയറിയവരെ കണ്ടാല്‍ നിനക്ക് തിരിച്ചറിയാന്‍ പറ്റുമോ…?”
“അവര്‍ മുഖം മൂടിയിരുന്നു സര്‍..പക്ഷെ അവരുടെ ശരീരഘടന എനിക്ക് ഓര്‍മ്മ ഉണ്ട്..പിന്നെ സര്‍..ഞാന്‍ അവരുടെ കുറെ ഫോട്ടോകളും എടുത്തിരുന്നു..എന്റെ മൊബൈലില്‍..”

പൌലോസിന്റെ കണ്ണുകള്‍ വിടര്‍ന്നു.

“മിടുക്കി..സബാഷ്..ആ ചിത്രങ്ങള്‍ നിന്റെ മൊബൈലില്‍ ഉണ്ടോ?”

“ഉണ്ട് സര്‍..ദാ നോക്ക്..” അവള്‍ മൊബൈല്‍ അയാളുടെ നേരെ നീട്ടി. പൌലോസ് വാങ്ങി ചിത്രങ്ങള്‍ പരിശോധിച്ചു.

“വെരി ഗുഡ്…ഈ ചിത്രങ്ങള്‍ നീ എനിക്ക് വാട്ട്സ്അപ്പ് ചെയ്യണം.. എന്റെ മൊബൈല്‍ നമ്പര്‍ ഫീഡ് ചെയ്തോ..” അയാള്‍ തന്റെ നമ്പര്‍ അവള്‍ക്ക് നല്‍കി. ഉടന്‍ തന്നെ ദിവ്യ അത് അയാള്‍ക്ക് അയച്ചുകൊടുത്തു.

“ഒകെ മോളെ.. നീ വളരെ മിടുക്കിയാണ്..ബുദ്ധിയും ശക്തിയും മനസാന്നിധ്യവും ഉള്ളവള്‍…ടേക്ക് റസ്റ്റ്‌.. നൌ..ശങ്കരാ..കം വിത്ത് മി”

പൌലോസ് പുറത്തിറങ്ങി വീണ്ടും വരാന്തയില്‍ എത്തി.

“ഇന്നലെ രാത്രി ഈ വീട്ടുകാര്‍ അപകടത്തില്‍പെട്ട വിവരം ഇയാള്‍ പറഞ്ഞ് കേട്ടത് താന്‍ തന്നെ എഴുതിയെടുത്തല്ലോ? പോലീസ് സഹായം ആവശ്യപ്പെട്ട് ഇവിടെ നിന്നും സ്റ്റെഷനിലേക്ക് വന്ന എല്ലാ കാളുകളും ഞാന്‍ വെരിഫൈ ചെയ്യും. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന താന്‍ മനപൂര്‍വ്വം ഇങ്ങോട്ട് വരാതെ അക്രമികളെ സഹായിച്ചു എന്ന് ഞാന്‍ തെളിയിക്കും. തന്റെ പോലീസുദ്യോഗം തനിക്ക് ഇനി മറക്കാം. വളരെ വലിയ ആപത്തില്‍ നിന്നും തലനാരിഴയ്ക്കാണ് ഈ കുടുംബം ഇന്നലെ രക്ഷപെട്ടത്…എന്റെ സ്റ്റേഷന്‍ പരിധിയില്‍ ഞാന്‍ ചാര്‍ജ്ജില്‍ ഇരിക്കുമ്പോള്‍ ഒരു പരാതി വന്നാല്‍ അതിന്മേല്‍ നടപടി എടുക്കാതെ അവര്‍ക്ക് പ്രശ്നം ഉണ്ടാകുന്നത് ഒരിക്കലും ക്ഷമിക്കപ്പെടാന്‍ പാടില്ലാത്ത കുറ്റമാണ്…തനിക്കെതിരെ ഉള്ള റിപ്പോര്‍ട്ട്, തെളിവുകള്‍ സഹിതം ഇന്നുതന്നെ ഞാന്‍ എസ് പിയ്ക്ക് നേരിട്ട് അയയ്ക്കും. പക്ഷെ അതിനു മുന്‍പ് തന്റെ നിരുത്തരവാദപരമായ പ്രവൃത്തിക്ക്, ഇതെങ്കിലും തന്നില്ലെങ്കില്‍ എനിക്ക് സമാധാനം കിട്ടില്ല…”

പറഞ്ഞതും പൌലോസിന്റെ ഇടതുകൈ രവീന്ദ്രന്റെ കരണത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു. അയാള്‍ ഒരു നിലവിളിയോടെ നിലത്തേക്ക് വീണു.

“ഇവിടെ അതിക്രമിച്ചു കയറിയവര്‍ ആരാണ് എന്ന് തനിക്കറിയാം..ഇയാളെ തൂക്കിയെടുത്ത് വണ്ടിയിലിട്..എനിക്കിവനെ വിശദമായി ഒന്ന് ചോദ്യം ചെയ്യണം..” പൌലോസ് കൂടെ ഉണ്ടായിരുന്ന പോലീസുകാരോട് ആജ്ഞാപിച്ചു. അവര്‍ രവീന്ദ്രനെ പിടിച്ചു വണ്ടിയില്‍ കയറ്റി.
“എടൊ…ഇവന്റെ സ്കൂട്ടര്‍ ആരെങ്കിലും സ്റ്റെഷനിലേക്ക് കൊണ്ടുപോ…..ങാ..ശങ്കരാ..നിങ്ങള്‍ പേടിക്കണ്ട..പ്രതികളെ ഞാന്‍ എത്രയും വേഗം കണ്ടെത്തും..എന്റെ മൊബൈല്‍ നമ്പര്‍ മകളുടെ പക്കലുണ്ട്..എന്തെങ്കിലും ആവശ്യം നേരിട്ടാല്‍ എന്നെ വിളിക്കുക”

“ശരി സര്‍..വളരെ നന്ദിയുണ്ട് സര്‍..ഇന്നലെ അങ്ങയെ വിളിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഒരു കുഴപ്പവും ഉണ്ടാകില്ലായിരുന്നു…” ശങ്കരന്‍ കൈകള്‍ കൂപ്പി പറഞ്ഞു.

“കുഴപ്പം ഇപ്പോഴും ഉണ്ടായിട്ടില്ലല്ലോ..രാത്രി ആര് വന്നു മുട്ടിയാലും കതക് തുറക്കരുത്..കുറെയൊക്കെ നിങ്ങളുടെ ഭാഗത്തുമുണ്ട് വീഴ്ച..ശരി..കാണാം”

പൌലോസ് ചെന്നു വണ്ടിയില്‍ കയറി. അത് മുന്‍പോട്ടു കുതിച്ചു.

“എത്ര നല്ല മനുഷ്യന്‍..” ശങ്കരന്‍ പിറുപിറുത്തു.

പോലീസ് പോയിക്കഴിഞ്ഞ് ശങ്കരന്‍ വീട്ടിലേക്ക് കയറാന്‍ തുടങ്ങുന്ന സമയത്താണ് മറ്റൊരു ഓട്ടോ വാതില്‍ക്കല്‍ എത്തി നിന്നത്. ആരാണ് വന്നതെന്നറിയാന്‍ ശങ്കരന്‍ തിരിഞ്ഞു നോക്കി.

“നീ ഇവിടെത്തന്നെ നില്‍ക്ക്..ഞാനുടനെ വരാം..”

വണ്ടിയില്‍ നിന്നും ഇറങ്ങിയ ഫാദര്‍ ഗീവര്‍ഗീസ് ഓട്ടോക്കാരനോട് പറഞ്ഞു. അയാള്‍ തലയാട്ടിയ ശേഷം വണ്ടി തിരിച്ചിട്ടു.

“അമ്മെ..ദാ ഒരു അച്ചന്‍ വരുന്നു…”

ജനലിലൂടെ പുറത്തേക്ക് നോക്കിയ ദിവ്യ അമ്മയോട് പറഞ്ഞു. രുക്മിണി എന്തിനാണ് അച്ചന്‍ വരുന്നത് എന്നാലോചിച്ചുകൊണ്ട് പുറത്തേക്കിറങ്ങി. ശങ്കരനും തെല്ലു കൌതുകത്തോടെ അച്ചനെ നോക്കി. അവനു പരിചയമുണ്ടായിരുന്നില്ല ഫാദര്‍ ഗീവര്‍ഗ്ഗീസിനെ.

“നമസ്കാരം..വാസുവിന്റെ വീടല്ലേ?” പുഞ്ചിരിയോടെ അച്ചന്‍ ചോദിച്ചു.

“അതെ അച്ചോ..അങ്ങ്?” ശങ്കരന്‍ ഭവ്യതയോടെ ചോദിച്ചു.

“പറയാം..എനിക്ക് അങ്ങോട്ട്‌ ഇരിക്കാമല്ലോ അല്ലെ?” അച്ചന്‍ ചോദിച്ചു.

“അയ്യോ എന്ത് ചോദ്യമാ അത്..വന്നാട്ടെ..രുക്മിണി വേഗം ചായ ഉണ്ടാക്ക്..”

ശങ്കരന്‍ തിടുക്കത്തില്‍ കസേര നീക്കി അത് തുടച്ചിട്ട് ഭവ്യതയോടെ നിന്നു. അച്ചന്‍ കയറി ഇരുന്നു. രുക്മിണി വേഗം അടുക്കളയിലേക്ക് ചെന്നു. ദിവ്യയും താല്‍പര്യത്തോടെ വന്നു കതകിന്റെ മറവില്‍ നിന്നു.

“ശങ്കരന്‍..അല്ലെ?” അച്ചന്‍ ചോദിച്ചു.

“അതെ..”

“ഇരിക്ക്..വാസു എന്നോട് നിങ്ങളുടെ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്..മോളെവിടെ?”

“അകത്തുണ്ട് അച്ചോ..”
“ശങ്കരന്‍ ഇരിക്ക്..”

ശങ്കരന്‍ ഒരു കസേര നീക്കിയിട്ടിരുന്നു.

“എന്റെ പേര് ഫാദര്‍ ഗീവര്‍ഗീസ്..ഞാന്‍ വാസുവിന്റെ ഒരു സുഹൃത്താണ്..” അച്ചന്‍ പുഞ്ചിരിയോടെ സ്വയം പരിചയപ്പെടുത്തി. ശങ്കരന്റെ മുഖത്ത് മാത്രമല്ല ദിവ്യയുടെ മുഖത്തും അത് കേട്ടപ്പോള്‍ ഞെട്ടലുണ്ടായി. ഒരു പുരോഹിതന്‍ വാസുവേട്ടന്റെ സുഹൃത്താണത്രേ.

Leave a Reply

Your email address will not be published. Required fields are marked *