മൃഗം – 10 Like

പറഞ്ഞതും പൌലോസിന്റെ ഇടതുകൈ രവീന്ദ്രന്റെ കരണത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു. അയാള്‍ ഒരു നിലവിളിയോടെ നിലത്തേക്ക് വീണു.

“ഇവിടെ അതിക്രമിച്ചു കയറിയവര്‍ ആരാണ് എന്ന് തനിക്കറിയാം..ഇയാളെ തൂക്കിയെടുത്ത് വണ്ടിയിലിട്..എനിക്കിവനെ വിശദമായി ഒന്ന് ചോദ്യം ചെയ്യണം..” പൌലോസ് കൂടെ ഉണ്ടായിരുന്ന പോലീസുകാരോട് ആജ്ഞാപിച്ചു. അവര്‍ രവീന്ദ്രനെ പിടിച്ചു വണ്ടിയില്‍ കയറ്റി.
“എടൊ…ഇവന്റെ സ്കൂട്ടര്‍ ആരെങ്കിലും സ്റ്റെഷനിലേക്ക് കൊണ്ടുപോ…..ങാ..ശങ്കരാ..നിങ്ങള്‍ പേടിക്കണ്ട..പ്രതികളെ ഞാന്‍ എത്രയും വേഗം കണ്ടെത്തും..എന്റെ മൊബൈല്‍ നമ്പര്‍ മകളുടെ പക്കലുണ്ട്..എന്തെങ്കിലും ആവശ്യം നേരിട്ടാല്‍ എന്നെ വിളിക്കുക”

“ശരി സര്‍..വളരെ നന്ദിയുണ്ട് സര്‍..ഇന്നലെ അങ്ങയെ വിളിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഒരു കുഴപ്പവും ഉണ്ടാകില്ലായിരുന്നു…” ശങ്കരന്‍ കൈകള്‍ കൂപ്പി പറഞ്ഞു.

“കുഴപ്പം ഇപ്പോഴും ഉണ്ടായിട്ടില്ലല്ലോ..രാത്രി ആര് വന്നു മുട്ടിയാലും കതക് തുറക്കരുത്..കുറെയൊക്കെ നിങ്ങളുടെ ഭാഗത്തുമുണ്ട് വീഴ്ച..ശരി..കാണാം”

പൌലോസ് ചെന്നു വണ്ടിയില്‍ കയറി. അത് മുന്‍പോട്ടു കുതിച്ചു.

“എത്ര നല്ല മനുഷ്യന്‍..” ശങ്കരന്‍ പിറുപിറുത്തു.

പോലീസ് പോയിക്കഴിഞ്ഞ് ശങ്കരന്‍ വീട്ടിലേക്ക് കയറാന്‍ തുടങ്ങുന്ന സമയത്താണ് മറ്റൊരു ഓട്ടോ വാതില്‍ക്കല്‍ എത്തി നിന്നത്. ആരാണ് വന്നതെന്നറിയാന്‍ ശങ്കരന്‍ തിരിഞ്ഞു നോക്കി.

“നീ ഇവിടെത്തന്നെ നില്‍ക്ക്..ഞാനുടനെ വരാം..”

വണ്ടിയില്‍ നിന്നും ഇറങ്ങിയ ഫാദര്‍ ഗീവര്‍ഗീസ് ഓട്ടോക്കാരനോട് പറഞ്ഞു. അയാള്‍ തലയാട്ടിയ ശേഷം വണ്ടി തിരിച്ചിട്ടു.

“അമ്മെ..ദാ ഒരു അച്ചന്‍ വരുന്നു…”

ജനലിലൂടെ പുറത്തേക്ക് നോക്കിയ ദിവ്യ അമ്മയോട് പറഞ്ഞു. രുക്മിണി എന്തിനാണ് അച്ചന്‍ വരുന്നത് എന്നാലോചിച്ചുകൊണ്ട് പുറത്തേക്കിറങ്ങി. ശങ്കരനും തെല്ലു കൌതുകത്തോടെ അച്ചനെ നോക്കി. അവനു പരിചയമുണ്ടായിരുന്നില്ല ഫാദര്‍ ഗീവര്‍ഗ്ഗീസിനെ.

“നമസ്കാരം..വാസുവിന്റെ വീടല്ലേ?” പുഞ്ചിരിയോടെ അച്ചന്‍ ചോദിച്ചു.

“അതെ അച്ചോ..അങ്ങ്?” ശങ്കരന്‍ ഭവ്യതയോടെ ചോദിച്ചു.

“പറയാം..എനിക്ക് അങ്ങോട്ട്‌ ഇരിക്കാമല്ലോ അല്ലെ?” അച്ചന്‍ ചോദിച്ചു.

“അയ്യോ എന്ത് ചോദ്യമാ അത്..വന്നാട്ടെ..രുക്മിണി വേഗം ചായ ഉണ്ടാക്ക്..”

ശങ്കരന്‍ തിടുക്കത്തില്‍ കസേര നീക്കി അത് തുടച്ചിട്ട് ഭവ്യതയോടെ നിന്നു. അച്ചന്‍ കയറി ഇരുന്നു. രുക്മിണി വേഗം അടുക്കളയിലേക്ക് ചെന്നു. ദിവ്യയും താല്‍പര്യത്തോടെ വന്നു കതകിന്റെ മറവില്‍ നിന്നു.

“ശങ്കരന്‍..അല്ലെ?” അച്ചന്‍ ചോദിച്ചു.

“അതെ..”

“ഇരിക്ക്..വാസു എന്നോട് നിങ്ങളുടെ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്..മോളെവിടെ?”

“അകത്തുണ്ട് അച്ചോ..”
“ശങ്കരന്‍ ഇരിക്ക്..”

ശങ്കരന്‍ ഒരു കസേര നീക്കിയിട്ടിരുന്നു.

“എന്റെ പേര് ഫാദര്‍ ഗീവര്‍ഗീസ്..ഞാന്‍ വാസുവിന്റെ ഒരു സുഹൃത്താണ്..” അച്ചന്‍ പുഞ്ചിരിയോടെ സ്വയം പരിചയപ്പെടുത്തി. ശങ്കരന്റെ മുഖത്ത് മാത്രമല്ല ദിവ്യയുടെ മുഖത്തും അത് കേട്ടപ്പോള്‍ ഞെട്ടലുണ്ടായി. ഒരു പുരോഹിതന്‍ വാസുവേട്ടന്റെ സുഹൃത്താണത്രേ.

“ഞെട്ടണ്ട..സത്യമാണ്..വര്‍ഷങ്ങളായി എനിക്കവനെ അറിയാം. എനിക്ക് അവനോടുള്ളത് ഒരു മകനോടുള്ള വാത്സല്യമാണ്..അതെപ്പറ്റി പിന്നെ സംസാരിക്കാം…ഞാനിപ്പോള്‍ ഇങ്ങോട്ട് വന്നത് വാസു ഫോണ്‍ ചെയ്ത് പറഞ്ഞത് കൊണ്ടാണ്”

“അമ്മെ..ചായ ഞാന്‍ കൊടുക്കാം”

ചായയുമായി വന്ന രുക്മിണിയോട് ദിവ്യ പറഞ്ഞു. അവള്‍ ചായ മകളുടെ പക്കല്‍ കൊടുത്ത ശേഷം അവളുടെ കൂടെ പുറത്തിറങ്ങി.

“ചായ..” ദിവ്യ അച്ചന്റെ മുഖത്തേക്ക് കൌതുകത്തോടെ നോക്കിക്കൊണ്ട്‌ ചായ നല്‍കി.

“ദിവ്യ..അല്ലെ..” അച്ചന്‍ ചോദിച്ചു. അവള്‍ തലയാട്ടി.

“ഉം..അപ്പൊ ഞാന്‍ പറഞ്ഞു വന്നത്..ഇന്ന് രാവിലെ വാസു എന്നെ വിളിച്ചിരുന്നു..അതിരാവിലെയാണ് അവന്‍ വിളിച്ചത്….ഇന്നലെ രാത്രി നിങ്ങള്‍ക്ക് എന്തോ ആപത്ത് സംഭവിച്ചു എന്ന് അവന്‍ സ്വപ്നം കണ്ടത്രെ..ഈ അമ്മയെയും മോളെയും ആരോ കൊല്ലാനായി ഓടിക്കുന്നതായോ മറ്റോ ആണ് അവന്‍ കണ്ടത്..നിങ്ങള്‍ക്ക് സുഖമാണോ എന്നറിയാന്‍ കൊച്ചിയില്‍ നിന്നും രാവിലെ വരാന്‍ തുടങ്ങിയതാണ് അവന്‍..പക്ഷെ നിങ്ങള്‍ അവനെ ഇവിടെ നിന്നും ഇറക്കി വിട്ടതുകൊണ്ടും അവനെ വീട്ടിലേക്ക് കയറ്റില്ല എന്ന കാരണം കൊണ്ടും എന്നോട് പറ്റുമെങ്കില്‍ വന്നു വിവരം തിരക്കാന്‍ അവന്‍ പറഞ്ഞേല്‍പ്പിച്ചു..അങ്ങനെയാണ് ഞാനെത്തിയത്……” അച്ചന്‍ താന്‍ വന്നതിന്റെ കാരണം പറഞ്ഞുകൊണ്ട് മെല്ലെ ചായ ഊതിക്കുടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *