പുറത്ത് ഒരു ഓട്ടോ വന്നു നില്‍ക്കുന്നത് കണ്ടു രുക്മിണി ജനലിലൂടെ നോക്കി. ശങ്കരനും കൂടെപ്പോയവരും ഇറങ്ങി വരുന്നത് കണ്ട് അവള്‍ എഴുന്നേറ്റു.
“എസ് ഐ എന്ത് പറഞ്ഞു ചേട്ടാ?” രുക്മിണി ചോദിച്ചു.
“അദ്ദേഹം അറിഞ്ഞില്ലടി ഇതൊന്നും. സ്റ്റേഷനില്‍ ഇന്നലെ രാത്രി ചാര്‍ജ്ജ് ഉണ്ടായിരുന്നത് രവീന്ദ്രനാണ്..അയാള്‍ മനപൂര്‍വ്വം ഇങ്ങോട്ട് വരാതിരുന്നതാണ്..എന്തായാലും എസ് ഐ ഉടന്‍ ഇവിടെത്തും..നടന്നത് അതുപോലെ അദ്ദേഹത്തോട് പറഞ്ഞു കൊടുക്കണം കേട്ടോ” ശങ്കരന്‍ ചെന്നു ദിവ്യയുടെ അരികില്‍ ഇരുന്നു.
“മോളെ..മോള്‍ അച്ഛനോട് ക്ഷമിക്കണം… എന്റെ പൊന്നുമോളെ ഞാന്‍ ഒരുപാട് വിഷമിപ്പിച്ചു..ഇനി ഒരിക്കലും അച്ഛന്‍ മോളെ വിഷമിപ്പിക്കില്ല..ഒരിക്കലും..” വാത്സല്യത്തോടെ അവളുടെ ശിരസ്സില്‍ തഴുകിക്കൊണ്ട് അയാള്‍ പറഞ്ഞു.
“സാരമില്ല അച്ഛാ..ദൈവം നമുക്ക് തുണയുണ്ട്…ഇല്ലായിരുന്നെങ്കില്‍ ഞാനിപ്പോള്‍..” അവള്‍ പറഞ്ഞത് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വിതുമ്പി.
പുറത്ത് ഒരു സ്കൂട്ടറില്‍ രവീന്ദ്രന്‍ വന്നത് ശങ്കരന്‍ കണ്ടു. അയാളുടെ മുഖത്ത് നല്ല ഭയമുണ്ടായിരുന്നു. ശങ്കരന്‍ എഴുന്നേറ്റപ്പോള്‍ പോലീസ് വാഹനത്തിന്റെ ഇരമ്പല്‍ അയാള്‍ കേട്ടു. പൌലോസും മൂന്നാല് പോലീസുകാരും അവിടെത്തി വണ്ടിയില്‍ നിന്നും ഇറങ്ങി.
രവീന്ദ്രന്‍ എസ് ഐയെ കണ്ടപ്പോള്‍ സല്യൂട്ട് നല്‍കി. പൌലോസ് അയാളെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം ശങ്കരന്റെ വീട്ടുവരാന്തയിലേക്ക് കയറി. ശങ്കരന്‍ വേഗം കസേര കൊണ്ടുവന്ന് ഇട്ടു. പൌലോസ് ഇരുന്നു.
“ഇരിക്ക് ശങ്കരാ…എടൊ..താനിവിടെ വാ” പൌലോസ് രവീന്ദ്രനെ വിളിപ്പിച്ചു.
“റൈറ്റര്‍..പേനയും കടലാസും ഇയാള്‍ക്ക് കൊടുക്ക്…ശങ്കരാ..നടന്ന സംഭവങ്ങള്‍ പറ…ഇയാള്‍ എഴുതും….” പൌലോസ് പറഞ്ഞു.
ശങ്കരന്‍ നടന്ന സംഭവങ്ങള്‍ അതേപടി പറഞ്ഞു. രവീന്ദ്രന്‍ വിറയലോടെ എല്ലാം എഴുതിയെടുക്കുന്നുണ്ടയിരുന്നു.
“മകള്‍ക്ക് എങ്ങനെയുണ്ട്?” ശങ്കരന്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ പൌലോസ് ചോദിച്ചു.
“കുഴപ്പമില്ല സര്‍”
“കമോണ്‍.എനിക്ക് കുട്ടിയെ ഒന്ന് കാണണം” പൌലോസ് പറഞ്ഞു.
ശങ്കരന്‍ അയാളുടെ കൂടെ ഉള്ളിലേക്ക് കയറി. എസ് ഐയെ കണ്ടപ്പോള്‍ ദിവ്യ വേഗം എഴുന്നേറ്റിരുന്നു.
“എങ്ങനുണ്ട് മോളെ? ആര്‍ യു ഓള്‍ റൈറ്റ്?” പൌലോസ് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഉവ്വ് സര്‍”
പൌലോസ് ഒരു കസേര വലിച്ച് അവളുടെ അരികില്‍ ഇരുന്നു. ശങ്കരനും രുക്മിണിയും അവിടെ നിന്നതേയുള്ളൂ.
“മോളെ..നിന്നെ ആദ്യമേ ഞാന്‍ അഭിനന്ദിക്കുന്നു.. നിന്റെ അസാമാന്യമായ മനസാന്നിധ്യം കൊണ്ടാണ് നിന്റെ അമ്മയുടെ മാനം നഷ്ടമാകാതെ ഇരുന്നത്..നിന്റെ ധൈര്യമാണ് നിന്നെ അവരുടെ കൈയില്‍ നിന്നും രക്ഷിച്ചത്…ഈ മനസാന്നിധ്യം ജീവിതത്തില്‍ ഒരിക്കലും നഷ്ടപ്പെടുത്തരുത്….കേട്ടോ”
ദിവ്യ തലയാട്ടി.
“ഇന്നലെ ഇവിടെ അതിക്രമിച്ചു കയറിയവരെ കണ്ടാല്‍ നിനക്ക് തിരിച്ചറിയാന്‍ പറ്റുമോ…?”
“അവര്‍ മുഖം മൂടിയിരുന്നു സര്‍..പക്ഷെ അവരുടെ ശരീരഘടന എനിക്ക് ഓര്‍മ്മ ഉണ്ട്..പിന്നെ സര്‍..ഞാന്‍ അവരുടെ കുറെ ഫോട്ടോകളും എടുത്തിരുന്നു..എന്റെ മൊബൈലില്‍..”
പൌലോസിന്റെ കണ്ണുകള്‍ വിടര്‍ന്നു.
“മിടുക്കി..സബാഷ്..ആ ചിത്രങ്ങള്‍ നിന്റെ മൊബൈലില്‍ ഉണ്ടോ?”
“ഉണ്ട് സര്‍..ദാ നോക്ക്..” അവള്‍ മൊബൈല്‍ അയാളുടെ നേരെ നീട്ടി. പൌലോസ് വാങ്ങി ചിത്രങ്ങള്‍ പരിശോധിച്ചു.
“വെരി ഗുഡ്…ഈ ചിത്രങ്ങള്‍ നീ എനിക്ക് വാട്ട്സ്അപ്പ് ചെയ്യണം.. എന്റെ മൊബൈല്‍ നമ്പര്‍ ഫീഡ് ചെയ്തോ..” അയാള്‍ തന്റെ നമ്പര്‍ അവള്‍ക്ക് നല്‍കി. ഉടന്‍ തന്നെ ദിവ്യ അത് അയാള്‍ക്ക് അയച്ചുകൊടുത്തു.
“ഒകെ മോളെ.. നീ വളരെ മിടുക്കിയാണ്..ബുദ്ധിയും ശക്തിയും മനസാന്നിധ്യവും ഉള്ളവള്‍…ടേക്ക് റസ്റ്റ്.. നൌ..ശങ്കരാ..കം വിത്ത് മി”
പൌലോസ് പുറത്തിറങ്ങി വീണ്ടും വരാന്തയില്‍ എത്തി.
“ഇന്നലെ രാത്രി ഈ വീട്ടുകാര്‍ അപകടത്തില്‍പെട്ട വിവരം ഇയാള്‍ പറഞ്ഞ് കേട്ടത് താന്‍ തന്നെ എഴുതിയെടുത്തല്ലോ? പോലീസ് സഹായം ആവശ്യപ്പെട്ട് ഇവിടെ നിന്നും സ്റ്റെഷനിലേക്ക് വന്ന എല്ലാ കാളുകളും ഞാന്‍ വെരിഫൈ ചെയ്യും. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന താന്‍ മനപൂര്‍വ്വം ഇങ്ങോട്ട് വരാതെ അക്രമികളെ സഹായിച്ചു എന്ന് ഞാന്‍ തെളിയിക്കും. തന്റെ പോലീസുദ്യോഗം തനിക്ക് ഇനി മറക്കാം. വളരെ വലിയ ആപത്തില്‍ നിന്നും തലനാരിഴയ്ക്കാണ് ഈ കുടുംബം ഇന്നലെ രക്ഷപെട്ടത്…എന്റെ സ്റ്റേഷന്‍ പരിധിയില്‍ ഞാന്‍ ചാര്‍ജ്ജില്‍ ഇരിക്കുമ്പോള്‍ ഒരു പരാതി വന്നാല്‍ അതിന്മേല്‍ നടപടി എടുക്കാതെ അവര്‍ക്ക് പ്രശ്നം ഉണ്ടാകുന്നത് ഒരിക്കലും ക്ഷമിക്കപ്പെടാന്‍ പാടില്ലാത്ത കുറ്റമാണ്…തനിക്കെതിരെ ഉള്ള റിപ്പോര്‍ട്ട്, തെളിവുകള്‍ സഹിതം ഇന്നുതന്നെ ഞാന്‍ എസ് പിയ്ക്ക് നേരിട്ട് അയയ്ക്കും. പക്ഷെ അതിനു മുന്‍പ് തന്റെ നിരുത്തരവാദപരമായ പ്രവൃത്തിക്ക്, ഇതെങ്കിലും തന്നില്ലെങ്കില്‍ എനിക്ക് സമാധാനം കിട്ടില്ല…”
