“ഹോ..ഇത്രയധികം ഭക്ഷണം ഞാന്‍ ഈ അടുത്ത കാലത്തൊന്നും കഴിച്ചിട്ടില്ല..രുചി കാരണം യാതൊരു അളവുമില്ലതാണ് തട്ടിവിട്ടത്..ഇങ്ങനെ പത്തു ദിവസം കഴിച്ചാല്‍ ഞാന്‍ ഗുണ്ടുമണി പോലെ ആകും”
ആഹാരം കഴിച്ചു കൈകഴുകിയ ശേഷം ഡോണ പോകാന്‍ തയാറെടുത്തു കൊണ്ട് പറഞ്ഞു.
“മോള്‍ അത്രയൊന്നും കഴിച്ചില്ല..കുറച്ചുകൂടി കഴിക്കാമായിരുന്നു” രുക്മിണി പുഞ്ചിരിയോടെ പറഞ്ഞു.
“യ്യോ..എന്റമ്മേ..മതി..വയറു പൊട്ടാറായി..ഇതേപോലെ രുചികരമായ ആഹാരം മുന്‍പ് ഞാനെന്റെ മുംതാസിന്റെ വീട്ടില്‍ നിന്നും മാത്രമാണ് കഴിച്ചിട്ടുള്ളത്…” അത് പറയുമ്പോള്‍ ഡോണയുടെ മുഖത്ത് ദുഃഖം വന്നു മൂടിയിരുന്നു.
“എന്നാല്‍ ഞങ്ങള്‍ ഇറങ്ങട്ടെ അമ്മെ..ദിവ്യയോട് സൂക്ഷിക്കാന്‍ പറയണം..പുറത്ത് പോകുമ്പോള്‍ നല്ല കരുതല്‍ വേണം..എസ് ഐയെ കണ്ട ശേഷം ചില തീരുമാനങ്ങള്‍ എടുക്കാനുണ്ട്..എന്നിട്ട് ഞാന്‍ വിളിക്കാം.. എന്ത് പ്രശ്നം ഉണ്ടായാലും എന്റെ മൊബൈലില്‍ വിളിച്ചു വിവരം അറിയിക്കണം” വാസു പറഞ്ഞു.
“ശരി മോനെ..നീ ഇടയ്ക്കിടെ വന്നാല്‍ അത് ഞങ്ങള്‍ക്ക് വലിയ ആശ്വാസമായിരിക്കും” രുക്മിണി പറഞ്ഞു.
“അതെ..നീ വല്ലപ്പോഴും ഇങ്ങോട്ട് വരണം…” ശങ്കരനും രുക്മിണിയുടെ അഭിപ്രായമായിരുന്നു.
“ശ്രമിക്കാം..എന്നാല്‍ പോട്ടെ അച്ഛാ..അമ്മെ”
ബൈക്കില്‍ ഇരുന്നുകൊണ്ട് വാസു പറഞ്ഞു. ഡോണയും അവന്റെ പിന്നില്‍ കയറിയിരുന്നു. തന്റെ മുറിയില്‍ നിന്നും തകര്‍ന്ന മനസോടെ ദിവ്യ അവര്‍ ബൈക്കില്‍ ഇരിക്കുന്നത് കാണുന്നുണ്ടായിരുന്നു. അവളുടെ മനസ്സില്‍ വലിയൊരു അഗ്നികുണ്ഡം കത്തിയെരിയുകയായിരുന്നു. തന്റെ എല്ലാ സ്വപ്നങ്ങളും ജീവിത ലക്‌ഷ്യം തന്നെയും തകര്‍ത്തുകൊണ്ട് വാസുവിന്റെ ബൈക്ക് പടികടന്നു പോകുന്നത് നോക്കി പൊട്ടിക്കരഞ്ഞുകൊണ്ട് അവള്‍ കട്ടിലിലേക്ക് വീണു.
“ഭ കഴുവര്‍ട മോനെ..പെണ്ണുങ്ങളെ തല്ലിയാണോടാ ആണത്തം കാണിക്കുന്നത്? അതും നിനക്ക് ജന്മം നല്‍കിയ സ്വന്തം അമ്മയെ?”
പൌലോസിന്റെ ഗര്‍ജ്ജനത്തിനൊപ്പം പടക്കം പൊട്ടുന്നത് പോലെയുള്ള അടിയുടെ ശബ്ദവും ചേര്‍ന്നാണ് സ്റ്റേഷനിലേക്ക് ചെന്ന വാസുവിനെയും ഡോണയെയും എതിരേറ്റത്. ആരോ നിലവിളിച്ചുകൊണ്ട് വീഴുന്ന ശബ്ദവും അവര്‍ കേട്ടു. ഡോണ അങ്കലാപ്പോടെ വാസുവിനെ നോക്കി.
“അയ്യോ സാറെ തല്ലല്ലേ..ഇനി മേലാല്‍ ഞാന്‍ അങ്ങനെ ചെയ്യില്ല..എന്നെ കൊല്ലല്ലേ” ആരുടെയോ ദൈന്യത കലര്‍ന്ന നിലവിളി അവരുടെ കാതിലേക്ക് എത്തി.
“ഇനി അവനെ തല്ലണ്ട സാറേ..അവന്‍ ചത്തുപോകും” ഏതോ ദുര്‍ബ്ബലമായ സ്ത്രീശബ്ദം.
“കണ്ടോടാ..ഇതാണ് ഒരമ്മയുടെ മനസ്..നീ ചെറ്റത്തരം കാണിച്ചിട്ടും നിന്റെ ദേഹം നോവുമ്പോള്‍ അവരുടെ മനസാണ് നോവുന്നത്..പട്ടിക്കഴുവര്‍ട മോനെ ഇനി ഈ അമ്മയുടെ കണ്ണില്‍ നിന്നും ഒരുതുള്ളി കണ്ണീര്‍ വീഴാന്‍ നീ കാരണമായാല്‍..നിന്റെ ശവക്കുഴി വെട്ടി വച്ചിട്ടെ നീ അതിനു തുനിയാവൂ..ഇറങ്ങിപ്പോടാ..”
നല്ല കരുത്തനായ ഒരു യുവാവ് വായില്‍ നിന്നും ചോര ഒലിപ്പിച്ചുകൊണ്ട് ഇറങ്ങി വരുന്നത് വാസുവും ഡോണയും കണ്ടു. അവന്‍ കരയുന്നുണ്ടായിരുന്നു.
“ഉം..അമ്മ പൊക്കോ..ഇനി അവന്‍ കുഴപ്പം ഉണ്ടാക്കത്തില്ല..ചെല്ല്….”
“ശരി സാറേ..സ്വന്തം വീട്ടില്‍ പേടിക്കാതെ ജീവിക്കണം എന്നെ എനിക്കുള്ളൂ സാറേ..അതിനും ഞാന്‍ വയറ്റില്‍ ചുമന്നു പ്രസവിച്ച മോന്‍ സമ്മതിക്കത്തില്ലെന്നു വന്നാല്‍ എന്ത് ചെയ്യും…”
“എന്ത് ചെയ്യാം..ചില ജന്മങ്ങള്‍ ഇങ്ങനെയൊക്കെ ആണ്..എന്തായാലും ഇനി അമ്മ പേടിക്കണ്ട..എന്തെങ്കിലും പ്രശ്നമുണ്ട് എങ്കില്‍ അപ്പോള്‍ത്തന്നെ എന്നെ വിവരം അറിയിക്കണം..അതോടെ അവന്റെ സുഖം പൂര്‍ണ്ണമായി ഞാന്‍ മാറ്റിത്തരാം..പൊക്കോ”
“നന്ദി സാറേ..വളരെ നന്ദി”
മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീരൂപം എസ് ഐയുടെ മുറിയില്‍ നിന്നും ഇറങ്ങി വരുന്നത് ഡോണ കണ്ടു. ആ പോയവന്റെ തള്ള ആണ്. പാവം. അവന്റെ കൂടെ ആ അമ്മ ഓട്ടോയില്‍ കയറി പോകുന്നത് അവള്‍ നോക്കിനിന്നു.
“സര്‍..രണ്ടു പേര്‍ കാണാന്‍ വന്നിട്ടുണ്ട്”
ഒരു പോലീസുകാരന്‍ ഉള്ളിലേക്ക് വന്നു പൌലോസിനോട് പറഞ്ഞു.
“ആരാടോ?”
“ഒരു പെണ്ണും ചെറുക്കനും ആണ്വാസു എന്നാണ് അവന്‍ പേര് പറഞ്ഞത്..പെണ്ണ് ഏതോ പത്രക്കാരി ആണ്”
“ഉം..വരാന്‍ പറ”
അയാള്‍ പുറത്തേക്ക് പോയി വാസുവിനെയും ഡോണയെയും ഉള്ളിലേക്ക് വിട്ടു.
“ഓഹോ നീ ആയിരുന്നോ? നീയാ ശങ്കരന്റെ മോനല്ലേ?” വാസുവിന്റെ മുഖം ഓര്‍ത്തെടുത്ത് പൌലോസ് ചോദിച്ചു.
“അതെ സര്‍”
“ഇവള്‍ ഏതാടാ?”
“സര്‍..ഇത് ഡോണ”
“പേരല്ല..നിന്റെ ആരാണ് ഇവള്‍ എന്നാണ് ചോദിച്ചത്”
“ആരുമല്ല..വി ആര്‍ ഫ്രണ്ട്സ്ഞങ്ങള്‍ സാറിനെ കണ്ടൊന്നു സംസാരിക്കാന്‍ വന്നതാണ്”
ഡോണയാണ് പൌലോസിന്റെ ചോദ്യത്തിന് മറുപടി നല്‍കിയത്. പൌലോസ് അവളെ അടിമുടി ഒന്ന് നോക്കി.
“നീ പത്രക്കാരി ആണോ?” പൌലോസ് മയമില്ലാതെ ചോദിച്ചു.
“സര്‍..അല്പം കൂടി മാന്യമായി സംസാരിക്കാം..പോലീസ് എന്നാല്‍ നാട്ടുകാരെ എന്തും വിളിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ലൈസന്‍സ് ഒന്നുമല്ല”
ഡോണ അല്പം പോലും കൂസാതെയാണ് അത് പറഞ്ഞത്. പൌലോസിന്റെ മുഖത്തേക്ക് കോപം ഇരച്ചുകയറി.
